05 February 2011

മാറിയ ക്ലാസുകൾ; മാറാത്തപരീക്ഷകൾ


ഇന്നത്തെ (4-1-11) മാതൃഭൂമി ദിനപത്രത്തിൽ ഉർജ്ജതന്ത്രം പരീക്ഷയുടെ ഒരു മോഡൽ ചോദ്യപേപ്പർ കണ്ടു. എസ്.എസ്.എൽ.സി.പരീക്ഷ അടുത്തതോടെ മിക്ക പത്രങ്ങളും പരീക്ഷാ സംബന്ധിയായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ. ധാരാളം മോഡൽ ചോദ്യങ്ങൾ തയ്യാറാക്കുന്നു; പ്രസിദ്ധീകരിക്കുന്നു.
എന്നാൽ ഇതിൽ ഭൂരിഭാഗവും ഇത്രയും കാലമായി പഠനത്തിലും ക്ലാസ്രൂം പ്രവർത്തനങ്ങളിലും വന്ന മാറ്റങ്ങൾ  പരിഗണിക്കുന്നേയില്ല എന്നു മനസ്സിലാവും. ചോദ്യപേപ്പാർ തയ്യാറാക്കുന്നവർ കുട്ടിയേയോ അധ്യാപകനേയോ പഠനപ്രവർത്തനങ്ങളേയോ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നാണൊ? അതോ ‘പഠിപ്പങ്ങനെ പരീക്ഷയിങ്ങനെ‘ എന്ന ശൈലി ഉണ്ടാക്കുകയാണോ?
പരീക്ഷ എങ്ങനെയാണൊ അതിനനുസരിച്ചാണ് പഠിപ്പ് ക്രമീകരിക്കേണ്ടത്. കാരണം പരീക്ഷയും റിസൽട്ടും വലിയ സാമൂഹ്യവിഷയങ്ങളാണ്. നല്ല വിജയം ഉണ്ടെങ്കിലേ നന്നായി പഠിപ്പിച്ചൂ എന്നു സമൂഹം കണക്കാക്കൂ. ഇതിനെ അസാധ്യമാക്കുന്ന രീതിയിൽ പരീക്ഷനടന്നാലോ?
പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

ശിശുകേന്ദ്രീകൃതം
പ്രവർത്തനാധിഷ്ടിതം
സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
ഭിന്നശേഷികൾ
ഭിന്ന നിലവാരക്കാരായ കുട്ടികൾ
സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം

പഠിപ്പ് ഇങ്ങനെയെങ്കിൽ പരീക്ഷയും ഇതുപോലൊക്കെയാവണം. ശിശുകേന്ദ്രീകൃതം ആവണം.  പ്രവർത്തനാധ്ഷ്ടിതം ആവണം. ഉത്തരം സ്വയം വിലയിരുത്താൻ കഴിയണം. ഭിന്ന നിലവാരക്കാർക്കെല്ലാം പ്രവേശനം- entry level- ലഭിക്കണം. കുട്ടി ജീവിക്കുന്ന സമൂഹപരിസരവുമായി ബന്ധപ്പെട്ടിരിക്കണം.
എന്നാൽ ഈ അംശങ്ങളൊക്കെ എല്ലാ ചോദ്യത്തിലും പൂർണ്ണരൂപത്തിൽ ഉണ്ടാവുകയെന്നതൊക്കെ അസാധ്യം തന്നെയാവാം. അതുകൊണ്ട് ഇതൊന്നും പാലിക്കപ്പെടാത്തതാണ് ഭൂരിപക്ഷം ചോദ്യങ്ങളും എന്നു വന്നാലോ?

ഇനി ഒരു ചോദ്യം പരിശോധിക്കാം.(ഏതു ചോദ്യവും മിക്കവാറും ഇതുപോലെ തന്നെ)

രാജീവ് 240 V  എ.സി.സപ്ലൈ 6 V സപ്ലൈ ആക്കി മാറ്റുന്നതിന്ന് ഒരു ട്രാൻസ്ഫോർമർ  നിർമ്മിക്കാൻ തീരുമാനിച്ചു. A)  അതിന്റെ പ്രൈമറിയിലാണോ സെക്കണ്ടറിയിലാണോ കൂടുതൽ ചുറ്റുകൾ  വേണ്ടത്? B) അതിന്റെ പ്രൈമറിയിൽ 4800 ചുറ്റുകൾ ഉപയോഗിക്കുന്നു എങ്കിൽ സെക്കണ്ടറിയിൽ എത്ര ചുറ്റുകൾ വേണം?
A ക്ക് 1 സ്കോർ B ക്ക് 2 സ്കോർ
‘രാജീവ്’ എന്ന ഒരു നാമപദം ചോദ്യപാഠത്തിൽ പ്രയോഗിച്ചിരിക്കുന്നത് ചോദ്യം ശിശുകേന്ദ്രീകൃതം ആക്കാൻ വേണ്ടിയാണ് എന്നു മനസ്സിലാക്കാം. എന്നാൽ ഇതാണോ ശിശുകേന്ദ്രീകൃതം. ‘240 V  എ.സി.സപ്ലൈ 6 V സപ്ലൈ ആക്കി മാറ്റുന്നതിന്ന് ഒരു ട്രാൻസ്ഫോർമർ  നിർമ്മിക്കാൻ‘ എന്നേ ഉള്ളൂവെങ്കിലും ചോദ്യം ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. അപ്പോൾ കൃത്രിമായി ‘രാജീവ്’ എന്നും ‘തീരുമാനിച്ചു’ എന്നും ചേർത്തതിൽ എന്തു പ്രയോജനം? ചോദ്യപാഠങ്ങളുടെ സ്വഭാവം- സംക്ഷിപ്തം, സമഗ്രം, സംവേദനക്ഷമം, വ്യക്തംതുടങ്ങിയ അംശങ്ങൾ ഇല്ലാതാക്കുക എന്നല്ലാതെ?
പ്രവർത്തനാധിഷ്ടിതം- എന്ന ഘടകം പരിഗണിക്കപ്പെട്ടിട്ടുണ്ടോ?‘ ചുറ്റുക’ എന്ന ക്രിയപോലും പ്രവർത്തനാധിഷ്ടിതമായി ചേർക്കാൻ ശ്രമിച്ചിട്ടില്ല. ഉത്തരമെഴുതുക എന്ന ‘പ്രവർത്തനം’ മാത്രം ഉണ്ട്. ‘രാജീവ് തീരുമാനിച്ചു’ എന്ന ഭാഗം പരീക്ഷയെഴുതുന്ന കുട്ടിക്ക് തീരുമാനിക്കാൻ ഒന്നും നൽകുന്നില്ല. ചോദ്യം ‘നിങ്ങൾക്ക്  240 V  എ.സി.സപ്ലൈ 6 V സപ്ലൈ ആക്കി മാറ്റുന്നതിന്ന് ഒരു സംവിധാനം ഉണ്ടാക്കണമെന്നിരിക്കട്ടെ.’ എന്നായിരുന്നെങ്കിലൊ? അപ്പോൾ കുട്ടിക്ക് കുറേകൂടി സ്വയം ആലോചിക്കാനും പ്രവർത്തിക്കാനും ഉള്ള സാഹചര്യം ഉണ്ടാവുകയില്ലേ? ‘ഒരു സംവിധാനം’ എന്ന ചോദ്യഭാഗം ഉത്തരം ട്രാൻസ്ഫോർമർ തന്നെ ആവണമെന്നുമില്ല. കുട്ടിയുടെ ആലോചനാശേഷിയും സർഗ്ഗപരമായ ശാസ്ത്രബോധവും ആർജ്ജിതജ്ഞാനവും ഉപയോഗിച്ചു ട്രാൻസ്ഫോർമറിനേക്കാൾ മികച്ച ഒന്നു പോലും സങ്കൽ‌പ്പിക്കാനും എഴുതാനും കഴിയില്ലേ?ഇതൊന്നുമില്ലെകിൽ പാഠത്തിൽ പഠിച്ച ട്രാൻഫോർമറെങ്കിലും എഴുതാനാവില്ലേ?  അപ്പോഴല്ലേ ചോദ്യം ‘പ്രവർത്തനമാകുക? ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിക്കുന്നതാവുക. ഉയർന്ന നിലവാരക്കാരെ കണ്ടെത്താനാവുന്നതാകുക.
ഇനി ഈ മോഡൽ ചോദ്യപേപ്പറിൽ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി ഇതിനെ കാണാനാവുമോ? ക്ലാസിൽ ചർച്ചചെയ്ത സാമൂഹ്യപ്രശ്നങ്ങൾ ഇതൊക്കെയായിരുന്നല്ലോ.
1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചും ഉള്ള ധാരണാക്കുറവ്
4.പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള  പരിഗണനയില്ലായ്മ
5.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ.
6.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്മെന്റിന്റെ അഭാവം.
7.ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യവസായവത്കരണത്തിന്റേയും നഗരവത്കരണത്തിന്റേയും  
   അഭാവം
(അവ: കെ.സി.എഫ്.രേഖ 2007-2008)
ഈ പ്രധാനപ്രശ്നങ്ങളും ഇവയുടെ ഉപപ്രശ്നങ്ങളും ഒക്കെ കൂടി ഒരു പാട് സാധ്യതകളിൽ ഏതിനെയാണ് ഈ ചോദ്യം അഭിമുഖീകരിക്കുന്നത്? മറ്റു ചോദ്യങ്ങളിൽ ഏതുണ്ട് ഉദാഹരിക്കാൻ? ശാസ്ത്രവിഷയങ്ങളിൽ ഇതൊന്നും ചെയ്യാനാവില്ല എന്ന സ്ഥിരം ചർച്ചയാണെങ്കിൽ പിന്നെ ക്ലാസ്‌മുറിയിൽ ഇതിനൊക്കെ സമയം ചെലവഴിച്ചതെന്തിനാ? ഇതൊക്കെ കുട്ടികളെങ്കിലും പരസ്പരം ചോദിക്കില്ലേ?
ഈ വിശകലനം നീട്ടുന്നില്ല. പഠനത്തിന്റെ തുടർച്ചയും അധികപഠനവുമാകണം പരീക്ഷ. അതു ചെയ്യനാവും എന്നതിന്ന് നമ്മുടെ സി.ഇ പ്രവർത്തനവും ക്ലാസ്പരീക്ഷകളും ഉദാഹരിക്കുന്നു. അപ്പോൾ തീർച്ചയായും വാർഷികപ്പരീക്ഷയും അതിനനുസൃതമാകണം. പുതിയ ചോദ്യങ്ങപാഠങ്ങളും പുതിയ രീതികളും പരീക്ഷയിൽ ഉണ്ടാവണം. അല്ലതുള്ളവ കുട്ടിയെ പരിഹസിക്കലാണ്. അവളെ ചെറുതായിക്കാണലാണ്.
(Published in PHYSICS@BLOG on 4-1-11)




1 comment:

ഒരില വെറുതെ said...

ഈ മാഷമ്മാരെ ആരു പഠിപ്പിക്കും.