(ഭാഷാപഠനപ്രവർത്തനങ്ങൾക്കുമാത്രം)
പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ, നോട്ടീസ്സ് എന്നവ തയ്യാറാക്കൽ ഒരു ഭാഷാശേഷിയാകുന്നു. ഇതു ഭാഷാക്ലാസുകളിൽ ഒരു പ്രവർത്തനം തന്നെ. കുട്ടികൾ ഭാവനാസമ്പന്നരായതുകൊണ്ട് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുമുണ്ട്.
മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ ഒരു പക്ഷെ മലയാളത്തെ പിന്നിലാക്കാൻ അധുനികകാലത്തു ഇംഗ്ലീഷ്ഭാഷക്കു കഴിയുമായിരിക്കും. എന്നാൽ നമ്മുടെ പഴയകാലം മനസ്സിലുള്ളവർക്ക് മുദ്രാവാക്യ രാജാക്കന്മാർ നമ്മൾ മലയാളികളാണെന്നു കാണാം. രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് എത്രയെത്ര മുദ്രാവാക്യങ്ങൾ/ ഗീതങ്ങൾ ഉണ്ടായിട്ടുണ്ടെന്നോ. പഴമക്കാരോടു ചോദിച്ചു നോക്കൂ.
മുദ്രാവാക്യങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്? ലാളിത്യം, ഒഴുക്ക്, ദാർഢ്യം, അർഥ സമ്പുഷ്ടത, കുറിക്കുകൊള്ളിക്കൽ, രാഷ്ട്രീയമായ വിശദീകരണം, നിരീക്ഷണപാടവം എന്നിങ്ങനെ പലതാണ്. ഒരു ഭാഷാ വിദ്യാർഥിക്ക് ഇവ വിലപ്പെട്ട പഠനോപകരണങ്ങളാണ്. ഇതിലെ തത് കാലിക സൂചനകൾ നമ്മുടെ കുറിക്കപ്പെടാത്ത ചരിത്രവുംകൂടിയല്ലേ?