30 January 2011

ആടിന്റെ ‘മേട്’-അകത്തും പുറത്തും.


പാത്തുമ്മയുടെ ആടിന്റെ ‘മേട്’ കൊള്ളാതിരിക്കണമെങ്കിൽ പരീക്ഷക്ക് നന്നായി തയ്യാറായിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.ഉപപാഠപുസ്തകം എന്ന നിലയിലാണെങ്കിലും ഭാഷാവിഷയങ്ങളിലെ പരീക്ഷ എന്ന രീതിയിൽ നോക്കുമ്പൊൾ നല്ല തയ്യാറെടുപ്പ്തന്നെ വേണ്ടിവരും.
8-10 ചോദ്യങ്ങൾ എഴുതാൻ ഒന്നരമണിക്കൂർ. ഓരോ ചോദ്യങ്ങൾക്കും 4-6-8-10 സ്കോർ. ഇതാണ് മിക്കവാറും ചോദ്യക്കടലാസിന്റെ ഘടന. പാഠപുസ്തക (നോവൽ) ബന്ധം നന്നായി നിലനിർത്തിയേ ഉത്തരമെഴുതാൻ പാടുള്ളൂ. നോവൽഉള്ളടക്കം, സമകാലിക സാമൂഹ്യസ്ഥിതികളുമായി ഉള്ളടക്കബന്ധം ഇതുതന്നെയാണ് പ്രധാന ഇനം. ഇതൊക്കെയും ഏതെങ്കിലും ഒരു വ്യവഹാരരൂപഘടന പാലിച്ചുകൊണ്ട് എഴുതിഫലിപ്പിക്കാനും കഴിയണം.

ഉള്ളടക്കസംബന്ധമായി
1.    കഥാഗതി, സംഭവങ്ങൾ, തുടർച്ച, ബന്ധം
വളരെക്കാലമായി പലയിടത്തും അലഞ്ഞുനടന്ന് അൽ‌പ്പം വിശ്രമത്തിന്നായി
സ്വന്തം വീട്ടിൽ വന്നു കയറുന്ന കഥാനായകൻ അവിടെ അനുഭവിക്കുന്ന സ്വൈരക്കേടുകളാണ് കഥാ വസ്തു.പരസ്പരം വ്യക്തമായ ബന്ധമുള്ളതും പരോക്ഷമായ ബന്ധമുള്ളതും ആയ സംഭവപരമ്പരകളാണ് കഥ മുഴുവൻ. സ്വൈരക്കേടുകൾക്ക് നടുക്ക് കഥാനായകൻ കുറേദിവസം കഴിഞ്ഞുകൂടുന്നു. കഥാവസാനത്തിൽ വീണ്ടും യാത്രയാവുകയും ചെയ്യുന്നു.

2.    കഥാകഥ രീതി, സംഭവ വിവരണങ്ങൾ, കഥാപാത്ര ചിത്രീകരണങ്ങൾ, ചിന്ത

ചെറിയചെറിയ സംഭവങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ്  കഥ പറയുന്നത്.കഥാനായകന്റെ കുടുംബ വിശേഷങ്ങളാണിതെല്ലാം. ഓരോ വിശേഷങ്ങളും എവിടെയും സംഭവങ്ങളാണ്. സംഭവങ്ങൾ രസകരമായി വിവരിച്ച ശേഷം എഴുത്തുകാരൻ തത്വചിന്താപരമായി പ്രതികരിക്കുന്നു. മനുഷ്യനിലുള്ള വിശ്വാസവും സ്നേഹവും തത്വചിന്തക്ക് ആധാരമാവുന്നു. സർവം മംഗളം ശുഭം എന്ന രീതി. സ്വൈരക്കേടുകളാണെല്ലാം. സ്വൈരക്കേടുകൾ ‘പ്രാക്കു‘ (ശാപം)കളായാണ് എവിടെയും പര്യവസാനിക്കുക എന്നതിന്ന് വിപരീതമായി മഗളാശംസകളോടെ ബഷീർ അവസാനിപ്പിക്കുന്നു എന്നത് ബഷീറിന്റെ മാനവികമായ മഹത്വമാണ് കുറിക്കുന്നത്.

കഥയാരംഭിക്കുന്നത് ഒരു യാത്രയുടെ അവസാനത്തിലാണ്. യാത്രാക്ഷീണം മാറാൻ വേണ്ട വിശ്രമം ലക്ഷ്യം. അതും സ്വന്തം വീട്ടിൽ.വിശ്രമം വെറും വിശ്രമമല്ല. കർമ്മൊന്മുഖനാണ്. പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹാരനിർദ്ദേശങ്ങൾ നൽകുന്നവനുമായി വിശ്രമം ചെയ്യുന്നു കഥാനായകൻ. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാകുന്നില്ലെങ്കിലും അതിന്നായി കർമ്മങ്ങൾ ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രശ്നങ്ങൾ ഉണ്ടെന്നും അതെന്തെന്നും ഉള്ള തിരിച്ചറിവാണ്. അതു സാധിക്കുന്നു-വിശ്രമത്തിന്നിടയിലും.ഈ അറിവുകൾ നിരവധി നോവലിൽ കാണാം- കുടുംബത്തിന്നകത്ത് സ്ത്രീകൾ വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ല എന്നതുപോലുള്ള വലിയ അറിവുകൾ.ആടിന്റെ പ്രസവം പോലുള്ള മഹാപ്രതിഭാസങ്ങൾ. നെബുലകളെകുറിച്ചുള്ള അറിവിനേക്കാൾ മൂല്യം ആടിന്റെ പ്രസവം തന്നെ!
കഥ അവസാനിക്കുന്നത് അടുത്ത യാത്രയുടെ ആരംഭത്തിലാണ്. സാധാരണ കഥകൾ വെച്ചുപുലർത്തുന്ന ഒരു രീതിയിൽ നിന്നും വ്യത്യസ്തമാണ് ബഷീറിയൻ ശൈലി. തുഞ്ചത്തെഴുത്തഛൻ ഇതു മനസ്സിലാക്കിയിട്ടുണ്ട്. ഭൂമിയിലെ മനുഷ്യജീവിതം എന്നത് – ‘പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ’ എന്നാണ്  ആചാര്യൻ പറഞ്ഞത്. ആചാര്യ വഴിയെ ആണ് ബഷീർ. ജീവിതം നയിക്കലും മനസ്സിലാക്കലും സ്നേഹിക്കലും തന്നെയാണ് ആത്യന്തികമായി കുടുംബം.പെരുവഴിയമ്പലം. ഇവിടെ യാത്രകൾക്കിടയിലെ വിശ്രമം. വിശ്രമം ഒരു തരം ശ്രമംകൂടിയാണ്. ജീവിത ശ്രമം.
സംഭവ വിവരണങ്ങളുടെ തുടർച്ചയിലാണ് നോവൽ വികസിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും നടന്നുകഴിഞ്ഞ സംഭവങ്ങളും ഉണ്ട്. പാത്തുമ്മയുടെ ഗൃഹനിർമ്മാണം പോലുള്ള  ഭാവികാലത്തിൽ നിൽക്കുന്നവയും. കരച്ചിലിന്റേയും ചിരിയുടേയും ഭാഷയിലാണെഴുത്തു മുഴുവൻ. പുറം ചിരിയും അകം കരച്ചിലും. കഥയിലെ വർത്തമാനകാല ജീവിതവും അതിൽ കഴിഞ്ഞുകൂടലുമാണീ ഭിന്ന ഭാവങ്ങൾ. തികച്ചും കേരളീയമായ ഒരു ജീവിത സംസ്കാരമാണിത്. അകത്ത് എത്ര ദു:ഖമുണ്ടെങ്കിലും അതു പുറത്തുകാ‍ട്ടാതിരിക്കുക എന്നത് തികച്ചും കേരളീയം. ഇതു ഒരു തരത്തിലും ആത്മവഞ്ചനയല്ല (ഹിപ്പോക്രസി); മറിച്ച് ദാർശനിക ദീപ്തിയാണ്. ഇതാണ് ജീവിത സത്യം എന്നൊക്കെ പറയുകയാണ്. ജീവിത സത്യം അറിയുന്നതിന്റെ ഭാഷാപരമായ തെളിവ്!
സംഭവവിവരണം സമാപിക്കുന്നത് ദാർശനികമായ ഒരു തലത്തിലെത്തിയാണ്.ഉമ്മയുടെ  ചാമ്പങ്ങ വിൽ‌പ്പനയും അതിന്റെ പരിണാമവും ഉദാഹരണം. ആ സംഭവം അവസാനിക്കുന്നത് ‘ചാമ്പങ്ങയുടെ ഉടമസ്ഥൻ ആർ’ എന്ന ദാർശനികമായ ചോദ്യത്തിലാണ്. അൽ‌പ്പജ്ഞാനികളായ മനുഷ്യർ ‘ഈ ചാമ്പങ്ങ‘ തങ്ങളുടെതെന്ന് കരുതുന്നു. ‘ ഈ ചാമ്പമരത്തിന്റെ കൊമ്പുകൾ ഇങ്ങനെ ഉയർത്തിനിർത്തിയതാരെ‘ ന്ന ആടിന്റെ പരിഭവം കൂടി ചേർത്തുപരിശോധിക്കുമ്പോൾ ഇതു നമുക്ക് ബോധ്യപ്പെടും.


3.    കഥ പറയുന്ന ഭാഷ, ഭാഷാപരമായ സവിശേഷതകൾ, നിരർഥക പദങ്ങളുടെ പ്രയോഗം

വള്ളുവനാടൻ മാപ്പിളഭാഷ എന്നൊക്കെ പറയാവുന്ന തനിമയിലാണ് എഴുത്തുമുഴുവൻ.ചെറിയ ചെറിയ വാക്യങ്ങൾ. അപൂർണ്ണ വാക്യങ്ങൾ. വ്യാകരണം അറിയില്ല എന്നു സഹോദരന്റെ നിരീക്ഷണം. അതിൽ കുപിതനാവുന്ന നോവലിസ്റ്റ്. ഈ കോപം, വ്യാകരണം തന്റേത് മാത്രമായ വ്യാകരണം എന്ന സത്യസന്ധത. നിരർഥകം എന്നു തോന്നുമ്പോഴും ധ്വനിമാനങ്ങളുള്ള പദാവലി.
കഥയിലെ ഭാവം- പ്രധാന ഭാവം, ഉപഭാവങ്ങൾ എല്ലാം പൊലിപ്പിച്ചെടുക്കുന്ന ഭാഷാരൂപം. ഒഴുക്ക്. വേഗതയാർന്ന കഥാഗതിയും അതിന്നുതകുന്ന വാഖ്യ ഘടനയും. വികാരനിർഭരതക്ക് പകരം ഹാസ്യം-ഫലിതം. എന്നാൽ ഈ ഹാസ്യ ഫലിതങ്ങൾക്കടിയിൽ മാനവികതയുടെ- മനുഷ്യസ്നേഹത്തിന്റെ കണ്ണീരും ജീവന്റെ ഉപ്പും.

4.    കഥാകഥനത്തിൽ ഉൾപ്പെട്ട ശൈലികൾ, പഴഞ്ചൊല്ലുകൾ, നാട്ടുകൂട്ടങ്ങൾ
‘അങ്ങാടിയിൽ തോറ്റാൽ അമ്മയോട്’ ഇതൊരു നാടൻ ശൈലി. സ്നേഹബഹുമാനങ്ങളൊക്കെയുണ്ടെങ്കിലും ഉമ്മയോട് മെക്കിട്ടുകയറുന്ന സന്ദർഭങ്ങൾ നിരവധിയുണ്ടല്ലോ ‘ആടിൽ’. കഥാകഥനത്തിൽ ഇത്രയധികം ശൈലികൾ-പഴമൊഴികൾ, നാട്ടുകൂട്ടങ്ങൾ പ്രയോഗിച്ച മറ്റൊരു കഥാകാരൻ നമുക്കില്ല; ബഷീറല്ലാതെ. നെയ്യുമോഷണം, സ്കൂൾകുട്ടികളുടെ സന്ദർശനം, പോസ്റ്റുമാനുമായുള്ള രംഗം.ഇവിടെയൊക്കെത്തന്നെ സംഭവങ്ങളുടെ വിശദീകരണങ്ങൾക്ക് ആധാരമായി കിടക്കുന്ന ഒരു ശൈലിയോ ചൊല്ലോ ഉണ്ട്. മറ്റൊരുവിധത്തിൽ ആലോചിച്ചാൽ നാടൻ യുക്തിബോധമാണ് ഇതിലൂടെ പ്രകടമാവുന്നത്. സ്വന്തം ഭാര്യാമക്കളുടെ ഉടുപ്പുകൾ തുന്നുന്നതിന്ന് കൂലി സഹോദരന്റെ കയ്യിൽ നിന്നു വാങ്ങിക്കുന്ന സാമർഥ്യം ഈ യുക്തിവെച്ചാണ്. ‘എമ്പ്രാന്റെ വിളക്കത്ത് വാര്യേന്റെ അത്താഴം’. അല്ലാതെന്താ? പേജുകളുടെ എണ്ണം കുറവാണെങ്കിലും ഉള്ളടക്കപരമായ സമ്പന്നത സൃഷ്ടിക്കുന്നതിലെ ബഷീറിയൻ രീതി ഇങ്ങനെയാണ്.
ഇനിയും ശ്രദ്ധിക്കേണ്ടവ.
5.    കഥാകൃത്തിനെ സംബന്ധിച്ച വിശദാംശങ്ങൾ
6.    കഥാകൃത്തിന്റെ മറ്റു കൃതികൾ, പ്രശസ്തികൾ, ബിരുദങ്ങൾ
7.    സമകാലികരായ കഥാകൃത്തുകൾ, അവരുടെ രചനകളെ സംബന്ധിച്ച സാമാന്യ അറിവ്
8.    സമകാലിക സാമൂഹ്യപ്രശ്നങ്ങൾ കഥയിൽ ഉള്ളടങ്ങിയവ, അവയെ കുറിച്ച് നിങ്ങളുടെ പ്രതികരണം, പ്രവർത്തനങ്ങൾ
9.    മേൽക്കാര്യങ്ങളെ സംബ്നധിച്ച നിങ്ങളുടെ മൌലികമായ നിരീക്ഷണങ്ങൾ, വിലയിരുത്തലുകൾ
വ്യവഹാരരൂപ സംബന്ധമായി
1.    ഉത്തരത്തിൽ പ്രതീക്ഷിക്കുന്ന വ്യവഹാരം

ഉപന്യാസം, കത്ത്, റിപ്പോർട്ട്, വാർത്ത, നിരീക്ഷണക്കുറിപ്പ്, വിശകലനക്കുറിപ്പ്, പരസ്യവാചകം, ആസ്വാദനക്കുറിപ്പ്, പ്രതികരണക്കുറിപ്പ്, പ്രഭാഷണം തുടങ്ങിയ ഭാഷാ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിതന്നെയാണ് പരീക്ഷയിലെ മറ്റൊരു പ്രധാന ഘടകം. ഇതു സാധ്യമാക്കനുള്ള ചോദ്യപാഠങ്ങളാണ് മുഴുവനും ഉണ്ടാവുക.

2.    വ്യവഹാര ഘടന- സംബ്രദായങ്ങൾ
അതുകൊണ്ടുതന്നെ ഓരോ വ്യവഹാരരൂപത്തിന്റേയും ഘടന തീർച്ചയായും അറിഞ്ഞിരിക്കണം. ഉപന്യാസം, പരസ്യവാചകം, കത്ത് എന്നിവക്കെല്ലാം തന്നെ തനത് രൂപഘടനയുണ്ട്.ആമുഖം, പ്രധാനപോയിന്റുകൾ, ഉപസംഹാരം എന്നിങ്ങനെ ഓരോന്നിനും അനുയോജ്യമായ സംഗതികൾ മനസ്സിലുണ്ടാവണം. പ്രധാനപ്പെട്ട പോയിന്റുകൾ അടുക്കിയൊതുക്കി ചെയ്യാനാവണം. ഖണ്ഡികാകരണം, പ്രഭാഷണം പോലുള്ളവക്ക് വേണ്ട സംബോധനകൾ , കത്ത് തുടങ്ങിയവയിലെ വൈകാരിക സൂചനകൾ എന്നിവയും പ്രധാനമാണ്.

3.    വ്യവഹാരശിൽ‌പ്പത്തിൽ നിങ്ങളുടെ മൌലികമായ നവീനതകൾ ചേർക്കൽ

ഉള്ളടക്കത്തിലും വ്യവഹാരഘടനയിലും പുതുചിന്തകൾ തുന്നിച്ചേർക്കാൻ കഴിയുക എന്നതുതന്നെയാണ് മൌലികത. ഉത്തരപരിശോധനാ സമയത്ത് ഈ ഘടകത്തിന്ന്- കുട്ടിയുടെ മൌലികതക്ക് അധിക സ്കോർ ഉണ്ട്. ക്ലാസ്‌മുറിയിലും സ്വയവും ചെയ്യുന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കൈവരുന്ന നിരീക്ഷണങ്ങളും ചിന്തകളുമാണിതിന്നടിസ്ഥാനം. വർഷാരംഭം മുതൽ കണക്കെടുത്താൽ പലവട്ടം നമ്മ്ല് ഈ നോവലിലൂടെ കടന്നു പോയിട്ടുണ്ടല്ലോ. ഓരോ വായനയും എന്തെകിലും സവിശേഷ ആവശ്യങ്ങൾക്കായിരുന്നെങ്കിലും (ബഷീറിന്റെ ഭാഷ നോവലിന്ന് എത്രമാത്രം യോജിച്ചതാണ്/  കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ എന്തു മികവുകളാണ് നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നത്/ നെയ്യുമോഷണ സന്ദർഭം വാർത്ത തയ്യാറാക്കുക/ തുടങ്ങി നിരവധി പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ) അപ്പോഴൊക്കെ ഈ ആവശ്യത്തിന്നുപരിയായി ചില കണ്ടെത്തലുകൾ ഉണ്ടാവും. ഇതാണ് നമ്മുറ്റെ തനതായ കണ്ടെത്തൽ എന്നൊക്കെ പരയാവുന്ന സംഗതികൾ. ഈ അംശം തികക്കും മൌലിവുമായിരിക്കും. ഇത് പരീക്ഷാപേപ്പറിൽ നന്നായി പ്രയോജനപ്പെടുത്തണം.

നവ വ്യവഹാരങ്ങൾ

വ്യവഹാരരൂപങ്ങളിൽ താരത‌മ്യേന ആധുനികവും നിരന്തരം നവീനതകൾ കൂടിച്ചേരുന്നതുമാണ് പരസ്യം, നോട്ടീസ്, പോസ്റ്റർ തുടങ്ങിയവ.കുറേകൂടി നവീനതയുള്ള എസ്.എം.എസ്, ഇ-മെയിൽ, പരസ്യചിത്രങ്ങൾ (ആഡ്-ഫിലിം), സ്ലൈഡുകൾ (പ്രസന്റേഷൻ-അനിമേഷൻ) എന്നിവയും ശ്രദ്ധിക്കണം.

പരസ്യം

പരസ്യങ്ങളിലെ ഏറ്റവും പുതിയ രീതികൾ നമ്മുടെ പത്രമാസികകളിൽ നിറഞ്ഞുകിടക്കുകയാണല്ലോ. ഏറ്റവും കുറഞ്ഞസമയമെടുത്ത് ഏറ്റവുമധികം ആളുകളിൽ ആശയമെത്തിക്കുന്നതിനാണ് പരസ്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
ആകർഷകത
സംക്ഷിപ്തത
അർഥ-ആശയ സാന്ദ്രത
സ്ഥല-കാല സൂക്ഷ്മത
ഉപഭോക്തൃ മന:ശ്ശാസ്ത്രം
എന്നിവയാണ് പരസ്യങ്ങളിലെ ബീജകേന്ദ്രങ്ങൾ. ഭാഷാശേഷിയിൽ ഏറ്റവും കൂടുതൽ ഊന്നുന്നത് പരസ്യങ്ങൾ, നോട്ടീസുകൾ, പോസ്റ്ററുകൾ എന്നിവതന്നെ. പരീക്ഷാസന്ദർഭത്തിൽ ഈ ഭാഷാശേഷിതന്നെയാണ് അളക്കുന്നത്. അതിൽ അടങ്ങിയിരിക്കുന്ന അർഥ-ആശയ സാന്ദ്രതയാണ് ഒരു പരസ്യത്തെ, പോസ്റ്ററിനെ മൌലികവും ഗംഭീരവുമാക്കുന്നത്.
പോസ്റ്ററിലും പരസ്യത്തിലും ഭാഷാ ഘടകം പരസ്യവാചകം ആകുന്നു. ഏറ്റവും നല്ല പരസ്യവാചകം ഉണ്ടാക്കാൻ കഴിയലാണ് ഭാഷാശേഷിയുടെ മികവ് എന്നു പറയാം.‘മ്ബീടെ ഒരു കൈച്ചു കാലണ-മറ്റേകൈച്ചും ഒന്നിനും കൊടെ വേറൊരു കാലണ’  എന്ന പരസ്യവാചകം നോക്കൂ. കുട്ടികൾ- അബിയും പാത്തുക്കുട്ടിയും ചതയിൽ ചാമ്പങ്ങ വിൽക്കുന്ന ഒരു സന്ദർഭം ബഷീർ വിവരിക്കുകയാണ് നോവലിൽ.
ചാമ്പങ്ങയുടെ വില മാത്രമല്ല വിൽ‌പ്പനക്കാരായ കുട്ടികളുടെ ‘തനത് അളവും’ തനത് നാണയ വ്യവസ്ഥയും ഒക്കെ ഈ പരസ്യവാക്യത്തിൽ പ്രവർത്തിക്കുന്നു. വിൽ‌പ്പന തന്ത്രമെന്ന നിലയിൽ ഇന്ന് സർവസാധാരണ ‘ഡിസ്കൌണ്ട്’  (‘ഒന്നിനും കൊടെ‘ )എന്ന ഘടകം കൂടി എത്ര സമർഥമായി പിഞ്ചുകുട്ടികൾ ചന്തയിൽ പ്രയോഗിക്കുന്നു എന്നു നോക്കുക.  ഏറ്റവും ലാഭകരമെന്നു വാങ്ങുന്നവന്ന് ബോധ്യമുള്ള ചരക്ക്പരമായ (ചാമ്പങ്ങ) സൌജന്യമാണ് പ്രഖ്യാപിക്കുന്നത്. ആധുനികകാലത്ത് ഡിസ്കൌണ്ട് സാധനരൂപത്തിലല്ലാതേയും ഉണ്ടല്ലോ. ഒരു വർഷ ഗാരണ്ടി, അഞ്ചു വർഷ വാരന്റി, ഉൽ‌പ്പന്നം വീട്ടിലെത്തിച്ചു കൊടുക്കും, ഓൻസൈറ്റ് റിപ്പയർ, സ്ക്രാച്ച് ആൻഡ് വിൻ, കസ്റ്റമർ കൂപ്പണുകൾ, വിദേശയാത്രാ ടിക്കറ്റുകൾ-ഓഫറുകൾ എന്നിങ്ങനെ. ഇതിലേറ്റവും ഓൺസ്പ്പോട്ട് സൌജന്യം എന്നത് സാധനം (ചാമ്പങ്ങ) തന്നെയാണെന്ന ഉപഭോക്തൃ മന:ശ്ശാസ്ത്രം തന്നെയാണ് നോവലിൽ പ്രയോജനപ്പെടുത്തുന്നത്. ചലനാത്മകവും ആസന്നവർത്തമാനകാലത്തുമാത്രം നിലനിൽ‌പ്പുള്ളതുമായ ഒരു സാമൂഹ്യ സംവിധാനമാണ് ‘ച്ന്ത’. ഈ തത്വം ശരിക്കറിഞ്ഞു പ്രയോഗിക്കുന്ന ഏറ്റവും സക്തമായ പരസ്യമാണ് അബി പ്രയോജനപ്പെടുത്തുന്നത് എന്നത് ബഷീറിയൻ പരസ്യമികവിന്റെ ഉദാഹരണമല്ലാതെ മറ്റെന്താണ്?

No comments: