26 January 2011

പരീക്ഷകളിലെ നിറവ്

ഒരിക്കൽ പ്രൊ.എം.എൻ.വിജയൻ മാഷ് പറഞ്ഞു: പഠിക്കലും പയറ്റും വെവ്വേറെയല്ല; ആദ്യം പഠിക്കുക പിന്നെ പയറ്റുക എന്നല്ല പഠിപ്പും പയറ്റും ഒരേകാലത്താണ്. പഠിപ്പ് പയറ്റലും പയറ്റൽ പഠിപ്പുമാണ്.

കുട്ടിക്ക്പയറ്റ്പരീക്ഷയാണല്ലോ. പരീക്ഷയും പഠനമാണെന്നറിയുന്നതോടെ പരീക്ഷക്കുള്ള ഒരുക്കം കുറേകൂടി ആയാസരഹിതവും പഠനം രസകരവും ആവും. പരീക്ഷയിലും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകതന്നെയാണ്. എസ്.എസ്.എൽ.സി മലയാളം ഒന്നാം പേപ്പർ പരീക്ഷക്കുള്ള ഒരുക്കം പുതിയ പാഠങ്ങൾ
പഠിച്ചുകൊണ്ടുതന്നെയാവട്ടെ.

പരീക്ഷക്ക് ഒരുങ്ങുന്നത് രണ്ട് കാര്യങ്ങൾ ഉറപ്പിച്ചുകൊണ്ടാകണം.
1.    പാഠങ്ങളിലെ ഉള്ളടക്കം
2.    ഉത്തരമെഴുതേണ്ട ഫോർമാറ്റ്

ഉള്ളടക്കത്തിൽ എന്തൊക്കെയുണ്ട് എന്നറിയണം
1.    പാഠങ്ങളിലെ പ്രതിപാദ്യ വസ്തുതകൾ
2.    ഈ വസ്തുതകൾക്ക് നമ്മുടെ സാമൂഹ്യാവസ്ഥയുമായിയുള്ള ബന്ധം
3.    ഒരു പാഠത്തിന്ന് മറ്റു പാഠങ്ങളുമായുള്ള ബന്ധം
4.    പ്രതിപാദ്യത്തിലെ വസ്തുതകളുടെ വിലയിരുത്തൽ


പ്രതിപാദ്യത്തിലെ വസ്തുതകൾ
എട്ടു യൂണിറ്റുകളിലായി 24 പാഠങ്ങൾ പഠിക്കാനുണ്ട്. ഓരോ പാഠത്തിലും എന്തൊക്കെയാണ് ഉള്ളടക്കം?
ഗദ്യഭാഗങ്ങളിലെ ഉള്ളടക്കം ആദ്യം മനസ്സിലാക്കാം
ഉള്ളടക്കം 1. പാഠവസ്തുതകൾ എല്ലാർക്കുമറിയാമെന്നതുകൊണ്ട് ഇവിടെ വിവരിക്കേണ്ടതില്ലല്ലോ
ഉള്ളടക്കം 2.  ഈ വസ്തുതകൾ ഉപന്യാസം, യാത്രാവിവരണം, ആത്മകഥ, ഓർമ്മക്കുറിപ്പ്, അനുഭവവിവരണം, നാടകം, കഥ എന്നിങ്ങനെയുള്ള വ്യവഹാരരൂപങ്ങളിൽ ചെയ്തിരിക്കുന്നു
ഉള്ളടക്കം 3. രചനകൾ എല്ലാം തന്നെ -
·         ഒരു കവിയെ പരിചയപ്പെടുത്തുക-വിലയിരുത്തുക(അനശ്വരനായ കവി; കാലാതീതമായ കവിത)
·         സാഹിത്യാസ്വാദനവും (കാളിദാസകൃതികൾ, ആശാൻ കവിതകൾ), സാംസ്കാരിക-ചരിത്ര പഠനവും (വിന്ധ്യഹിമാലയങ്ങൾക്കിടയിൽ)
·         താൻ കടന്നുപോന്ന ജീവിതത്തേയും സമൂഹത്തേയും ചരിത്രഗതികളേയും വിലയിരുത്തൽ (പിൻനിലാവിൽ)
·         നാടകാനുഭവങ്ങൾ പങ്കുവെക്കൽ (അന്നത്തെ നാടകം)
·         സ്വന്തം കാവ്യരചനാനുഭവം പങ്കുവെക്കൽ (തുടികൊട്ടും ചിലമ്പൊലിയും)
·         സമൂഹ്യവിമർശനം (മൂന്നു പണ്ഡിതന്മാരും..)
·         സിനിമയുടെ ഉള്ള് പരിശോധന- കണ്ടെത്തലുകൾ അവതരിപ്പിക്കൽ (അഭിനയത്തിന്റെ അതിരുകൾ)
·         കവി-കവിത പരിചയം/ ആസ്വാദനം/നിരൂപണം (അന്നും ഇന്നും.)
·         സാഹിത്യചരിത്രം-നോവൽ- പരിശോധന/ നിരൂപണം/ വിലയിരുത്തൽ (മലയാളനോവൽ-ഒരു നിരീക്ഷണം)
·         കലാവിശകലനം/ കണ്ടെത്തലുകൾ അവതരിപ്പിക്കൽ (കലകളുടെ പരസ്പരബന്ധം)
·         പ്രകൃതിപഠനം/ പ്രകൃതിബോധം വളർത്താനുള്ള സന്ദേശം (വിതക്കാം)
·         ഉപനിഷത്തുക്കൾ പരിചയപ്പെടുത്തൽ/ അവയുടെ ഗാംഭീര്യം ബോധ്യപ്പെടുത്തൽ (ആത്മാവിന്റെ ഹിമാലയം)
-നിർവഹിച്ചിരിക്കുന്നത്ഇക്കാര്യങ്ങൾക്കായിട്ടാണുതാനും.പാഠരചനയിലെവ്യവഹാരരൂപങ്ങൾക്കൊപ്പം ഉള്ളടക്കത്തിലെ വിഷയമായിരിക്കുന്ന വ്യവഹാരരൂപങ്ങളുംശ്രദ്ധിക്കണം.
ഉള്ളടക്കം.4.  എഴുത്തുകാരെ കുറിച്ചും അവരുടെ കൃതികൾ, പ്രശസ്തികൾ, സമകാലികർ, സാഹിത്യചരിത്രത്തിൽ ഇവർക്കുള്ള സ്ഥാനം, സാഹിത്യപരവും സാമൂഹ്യവുമായ സംഭാവനകൾ എന്നിവയും ഉള്ളടക്കം തന്നെ.
ഉള്ളടക്കം.5.   പുതിയ പദങ്ങൾ, വാക്യങ്ങൾ, ഇവയുടെ അർഥവും സൌന്ദര്യവും, ഭാഷാ ശൈലി, രചനാ ശൈലി, ഭാഷയിലെ താളം, ഇവർ അവതരിപ്പിക്കുന്ന വസ്തുതകൾ ഉറപ്പിക്കുന്നതിന്നുള്ള ടെക്ക്നിക്കുകൾ, ഭാവഭംഗി, വൈകാരികത, വീണ്ടും വീണ്ടും വായിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവും ആനന്ദവും, അധികവായനക്കുള്ള പ്രേരണകൾ തുടങ്ങിയവ തീർച്ചയായും ഉള്ളടക്കം തന്നെയാണ്.
പദ്യഭാഗങ്ങളിലെ ഉള്ളടക്കം
പദ്യ ഭാഗങ്ങളിലെ ഉള്ളടക്കം ഇത്രതന്നെ ലളിതമല്ല എന്നറിയണം. കവിതാ പഠനം കുറേകൂടി സർഗ്ഗത്മകതയിലേക്കും സൌന്ദര്യാനുഭൂതിയിലേക്കും നയിക്കുന്നതാകകൊണ്ടാണിത് സംഭവിക്കുന്നത്.ഗദ്യ പാഠങ്ങളിൽ കഥകൾക്കും ഇതു പൊതുവേ ഉള്ളതുതന്നെ.
ഉള്ളടക്കം 1.  കവിതയിൽ അവതരിപ്പിക്കുന്ന പ്രമേയം-കഥ യാണ് പ്രാഥമികമായത്. അതു ക്ലാസിൽ വെച്ച് എല്ലാ കുട്ടികൾക്കും ലഭിച്ചിരിക്കും.
ഉള്ളടക്കം.  2.  കവി, കവിയുടെ മറ്റു രചനകൾ, ജീവചരിത്രം,കാലം, പ്രശസ്തി, സാഹിത്യചരിത്രത്തിലെ സ്ഥാനം, സമകാലികരായ കവികൾ-എഴുത്തുകാർ, കവിയെ കുറിച്ചു ഇന്നേവരെ ചെയ്തിട്ടുള്ള വിലയിരുത്തലുകൾ എന്നിവയും ഉള്ളടക്കം തന്നെ
ഉള്ളടക്കം.  3. കവിതയിലെ താളം, കാവ്യബിംബങ്ങൾ, അലങ്കാരകൽപ്പനകൾ, സൂചിതകഥകൾ, ശബ്ദഭംഗി, പദാവലി, വാങ്മയചിത്രങ്ങൾ, ഭാവം, വൈകാരികാംശം,പൊരുൾ, ഇഷ്ടപ്പെട്ട വരികൾ, കാവ്യശൈലി, എന്നിവ കവിതയിലെ ഉള്ളടക്കം തന്നെ.
ഉള്ളടക്കം.  4.  കവിതയിലെ വിചാരധാര, ദർശനം,സാമൂഹ്യനിരീക്ഷണം, കവിയുടെ തന്നെ മറ്റുകവിതകളുമായുള്ള ബന്ധം, മറ്റുകവികളുടെ കവിതകളുമായുള്ള ബന്ധം, സാമ്യ വ്യത്യാസങ്ങൾ എന്നിവ ഉള്ളടക്കമാകുന്നു.


ഇതൊക്കെയും പ്രതിപാദ്യവസ്തുതകൾ എന്ന നിലയിൽ മനസ്സിലാക്കണം. ഇത്രയും സംഗതികൾ മനസ്സിലാക്കുന്നതോടെ പരീക്ഷക്കുള്ള പഠനം സുഗമമാവും തീർച്ച.

ഈ വസ്തുതകൾക്ക് നമ്മുടെ സാമൂഹ്യാവസ്ഥയുമായിയുള്ള ബന്ധം
               
                   പാഠങ്ങളുടെ ഉള്ളടക്കം തന്നെയാണ് പ്രതിപാദിക്കുന്ന സംഗതികൾക്ക് സാമൂഹ്യമായുള്ള സാംഗത്യം-പ്രസക്തി. നമുക്കുചുറ്റുമുള്ള ലോകം- സമൂഹം തന്നെയാണല്ലോ സാഹിത്യകാരന്ന് വിഷയം. അപ്പോൾ സാമൂഹ്യമായ രു തരം ഇടപെടൽ തന്നെയാണ് തന്റെ രചനയിലൂടെ എഴുത്തുകാരൻ നിർവഹിക്കുന്നത്. എഴുത്തുകാരൻ എന്നു ജീവിച്ചിരുന്നു എന്നോ എന്നാണദ്ദേഹം എഴുതിയതെന്നോ കാര്യത്തിൽ വലിയ ആശങ്ക വേണ്ടതില്ല. മാനവിക മൂല്യങ്ങൾ ചിരസ്ഥയികളാണ്. .ഡി.1500-1600 കാലത്തെഴുതിയ നളചരിതം ആട്ടക്കഥ- (ശകുനപ്പിഴ തവ ജനിതം എന്ന പാഠഭാഗം) സമൂഹത്തിലെ കലി ബാധയെ കുറിച്ചുള്ള കാവ്യാത്മകമായ വേവലാതിയാണ്. ആധുനിക-സമകാലിക സമൂഹത്തിലും ഈകലിനിലനിൽക്കുന്നു. ‘കാമക്രോധലോഭമോഹ സൈന്യംതന്നെ ഇന്നും പ്രധാന പട. ദിനപത്രങ്ങളിൽ നിറയുന്ന വാർത്തകളായാലും നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളായാലും ഈകലിയുടെ കളി നിലനിൽക്കുന്നു.


സാമൂഹികമായ പ്രശ്നങ്ങൾ ക്ലാസ്മുറികളിൽ ചർച്ചചെയ്യപ്പെട്ടവ ഓരൊന്നും മനസ്സിലുണ്ടല്ലോ.

1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചും ഉള്ള ധാരണാക്കുറവ്
4.പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള  പരിഗണനയില്ലായ്മ
5.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ.
6.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്മെന്റിന്റെ അഭാവം.
7.ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യവസായവത്കരണത്തിന്റേയും നഗരവത്കരണത്തിന്റേയും  
   അഭാവം


പാഠങ്ങളിൽ  പൊതുവെ ഇതു എങ്ങിനെയൊക്കെ വരുന്നു വെന്നു നോക്കാം
നമ്പ്ര്
പാഠം
പ്രശ്നം
1
നേരായിത്തീർന്ന കിനാവുകൾ
വാർധക്യത്തോടുള്ള നമ്മുടെ സമീപനം
2
അനശ്വരനായ കവി;..
സാമൂഹ്യപരിഷ്കർത്താവായ കവി
3
രാവണൻ പിടിച്ച പുലിവാല്
അധികാരം, അഹങ്കാരം എന്നിവയുടെ പരിണതി
4
വിധ്യഹിമാലയങ്ങൾക്കിടയിൽ
ചരിത്ര, സംസ്കാര ബോധ്യങ്ങൾ
5
പിൻനിലാവിൽ
സാമൂഹ്യപരിഷ്കർത്താവ്
6
അന്നത്തെ നാടകം
നമ്മുടെ സാംസ്കാരിക തനിമ
7
വിഷുക്കണി
പ്രകൃതിയോടുള്ള മനുഷ്യന്റെ ഇടപെടൽ
8
തുടികൊട്ടും ചിലമ്പൊലിയും
എഴുത്തുകാരൻ നേരിടുന്ന പ്രശ്നങ്ങൾ
9
പഥികന്റെ പാട്ട്
നല്ലൊരു ലോകത്തെ കുറിച്ചുള്ള പ്രതീക്ഷ
10
ശകുനപ്പിഴ തവ ജനിതം
അസൂയ, ദുഷ്പ്രവൃത്തികൾ എന്നിവ സമൂഹത്തിൽ വളരുന്നത്
11
മൂന്നു പണ്ഡിതന്മാരും.
ശാസ്ത്രത്തിന്റെ ദുരുപയോഗം, സമൂഹത്തിലെ തിന്മകൾ
12
അഭിനയത്തിന്റെ അതിരുകൾ
സംഘപ്രവർത്തനത്തെ നിസ്സരമായി കാണൽ
13
ഓർമ്മയുടെ മാധുര്യം
ശൈശവത്തിന്റെ നിഷ്കളങ്കതയും ശക്തിയും നാം മനസ്സിലാക്കുന്നില്ല
14
അന്നും ഇന്നും
പാരമ്പര്യത്തിന്റെ ഊർജ്ജം, മോചനം
15
പശ്ചാത്താപമേ
സമൂഹത്തിലെ തിന്മകൾ , പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ അവസ്ഥകൾ
16
കാവൽ
ബാലവേല, അടിമത്തം.
17
മലയാളനോവൽ.
സാമൂഹ്യമായ പരിണാമങ്ങൾ കലയേയും പരിണമിപ്പിക്കുന്നു
18
ലോകാവസാനം
കച്ചവടവത്കരണം, ലാഭാധിഷ്ടിത സമൂഹം
19
ഗജേന്ദ്രമോക്ഷം
ആത്മശുദ്ധീകരണം
20
വെണ്ണക്കല്ലിന്റെ കഥ
കലാകാരന്റെ സ്വാതന്ത്ര്യം
21
ഗാന്ധിയും കവിതയും
കവിത സമൂഹത്തിന്ന്
22
പ്രലോഭനം
നഷ്ടപ്പെടുന്ന സ്നേഹരൂപങ്ങൾ
23
മേഘരൂപൻ
കലാകാരന്റെ സ്വാതന്ത്ര്യം, കവിയെ തിരിച്ചറിയൽ
24
കലകളുടെ പരസ്പര
കലാസ്വാദനത്തിന്റെ ഭിന്ന മുഖങ്ങൾ, കലയുടെ പരിണാമങ്ങൾ
25
വിതയ്ക്കാം
പ്രകൃതിയുടെ പാഠപുസ്തകം
26
ആത്മാവിന്റെ ഹിമാലയം
നമ്മുടെ സാംസ്കാരിക അടിത്തറ

ഒരു പാഠത്തിന്ന് മറ്റു പാഠങ്ങളുമായുള്ള ബന്ധം
പ്രത്യക്ഷമായിട്ടല്ലെങ്കിലും ഒരു പാഠത്തിന്ന് മറ്റുപാഠങ്ങളുമായുള്ള ബന്ധവും ഉള്ളടക്കം തന്നെയാണ്. ‘ശകുനപ്പിഴ തവ ജനിതം/മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും/ രാവണൻ പിടിച്ച പുലിവാല്- എന്നീ പാഠങ്ങൾ ബന്ധം ശ്രദ്ധിച്ചിട്ടില്ലേ? നേരായിത്തീർന്ന കിനാവുകൾ/ ഓർമ്മയിലെ മാധുര്യം എന്നിവയും ഗജേന്ദ്രമോക്ഷം/ പശ്ചാത്താപമേ പ്രായശ്ചിത്തം …… തമ്മിലുള്ള  ഈ ബന്ധം പരിഗണിക്കുന്ന ചോദ്യങ്ങൾ ഉണ്ടാവും.

പ്രതിപാദ്യത്തിലെ വസ്തുതകളുടെ വിലയിരുത്തൽ

ഓരോ പാഠത്തിലും ചെയ്യുന്ന പ്രവർത്തനങ്ങൾകൊണ്ട് ക്ലാസ്മുറിയിലും നാം തനിച്ചും നിർമ്മിക്കുന്ന കണ്ടെത്തലുകളാണ് ഇത്. പരീക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരംശം ഇതാണ്. ഉത്തരങ്ങളിലെ മൌലികത- തനിമ എന്നൊക്കെ പറയുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല. ഗദ്യഭാഗങ്ങളാണെങ്കിലും പദ്യഭാഗങ്ങളാണെങ്കിലും ഈ കണ്ടെത്തലുകൾ വിലപ്പെട്ടവയാണ്.

1.   വിലയിരുത്തൽ-ഗദ്യപാഠങ്ങളിൽ

ഗദ്യപാഠങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ നമുക്ക് ചെന്നെത്താനാവുക അതിൽ പറയുന്ന വസ്തുത (ഡാറ്റ)കളുടേയും  അഭിപ്രായങ്ങളുടേയും സാധുതതയും കൃത്യതയും തന്നെയാവും. ഇതിൽ ഏറ്റവും സാധ്യത അഭിപ്രായങ്ങളുടെ കാര്യത്തിൽ തന്നെ. ലേഖകന്മാർ ചെയ്യുന്ന നിരീക്ഷണങ്ങൾ  പലപ്പോഴും നമുക്ക് സമ്മതിക്കാനായിക്കൊള്ളണമെന്നില്ല. കാര്യകാരണസഹിതം നമുക്കിത് തിരസ്കരിക്കാൻ കഴിയുന്നവയാകാം. ‘ആലേഖ്യവും പ്രതിമാനിർമ്മാണവും സംഗീതവും , എന്നുവേണ്ട സാഹിത്യം പോലും രൂപനിർമ്മാണമാണ്..’ തുടങ്ങിയ നിരീക്ഷണങ്ങൾ (കലകളുടെ പരസ്പര ബന്ധം: എസ്.ഗുപ്തൻ നായർ) തന്നെ ഉദാഹരണം. എല്ലാ കലകളും അപൂർവ രൂപ നിർമ്മാണേഛ.എന്നൊക്കെ പറയുന്നത് പ്രാചീന സംസ്കൃതകാവ്യ മീമാസയുടെ അടിസ്ഥാനത്തിലാണ്. വികാര വിചാരങ്ങളുടെ- അനുഭവങ്ങളുടെ സ്വതന്ത്രമായ പ്രകടനമാണ് കലസൃഷ്ടി എന്നതല്ലേ കൂടുതൽ ശരി? ഓരോരുത്തരുടേയും അറിവിന്റേയും വായനാസംസ്കാരത്തിന്റേയും ഒക്കെ അടിസ്ഥാനത്തിലും ചർച്ചയുടെ / അനുഭവത്തിന്റെ ഭാഗമായിട്ടും പുതിയ നിരീക്ഷണങ്ങളും നിഗമനങ്ങളും ഉണ്ടായിവരാം. ഉണ്ടായിവരാം എന്നല്ല ; ഉണ്ടാവണം. ഇതാണ്മൌലികതഎന്നു ഉത്തരത്തിൽ പ്രതീക്ഷിക്കുന്നത്. പുതിയ ചിന്ത തന്നെയാണിത്. രചനാശൈലി, പദസന്നിവേശം, യുക്തിഭദ്രത തുടങ്ങിയവയുംമൌലികംതന്നെ. കുട്ടിയുടെ ഭാഷാശേഷിയും ചിന്താശേഷിയും ഒക്കെ ആണ് ഇവിടെ അളക്കപ്പെടുന്നത്.

2.   വിലയിരുത്തൽ പദ്യപാഠങ്ങളിൽ

കവിതാസ്വാദനത്തിന്റെ ഭാഗമായുള്ള വിലയിരുത്തലാണ് ഈ ഭാഗത്ത് മൌലികതയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടുക.
പ്രമേയപരമായ സാംഗത്യം, മാനവികത, എന്നിവ പ്രധാനമാണ്. ഭാഷാഭംഗി, ശൈലി, ദർശനം, കാവ്യബിംബങ്ങളുടേയും അലങ്കാരകൽ‌പ്പനകളുടേയും അനുയോജ്യത-ഭംഗി, പ്രയോഗവിശേഷങ്ങൾ, ശീർഷക ഔചിത്യം, ധ്വനിഭംഗികൾ , ഭാവശിൽ‌പ്പം, താളസൌന്ദര്യം, ഘടന, ഒഴുക്ക്, സാഹിത്യചരിത്രത്തിലെ സ്ഥാനം, സാമൂഹ്യാംശം, കവിയുടെ മറ്റു കവിതകളുമായുള്ള ഇഴപ്പൊരുത്തം, സമാനമായ മറ്റുകവിതകളുമായുള്ള താരത‌മ്യം എന്നിവയിലൂന്നിയാണ് വിലയിരുത്തൽ നടക്കുക.
ഈ വിലയിരുത്തലിൽ നമുക്ക് ലഭിക്കുന്ന അധിക അറിവുകളാണ് ‘മൌലിക’ മെന്ന ഘടകം ഉത്തരത്തിൽ ഉണ്ടാക്കുന്നത്. ‘കാവൽ’ എന്ന കഥയുടെ ശീർഷകം സംബന്ധിച്ച ചർച്ചയിൽ- ആലോചനയിൽ ‘കാവൽ’ നിന്ന കുട്ടിയുടെ കഥ എന്നതിനേക്കാൾ അശരണരായ- ചൂഷണം ചെയ്യപ്പെടുന്ന –ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ‘കാവൽ’ നിൽക്കുന്ന കഥാകാരിയെ നമുക്ക് മനസ്സിലാക്കാൻ കഴിയും. കവിത/ കഥയ്ക്കുള്ളിൽ നിന്നും കവിത/ കഥ ക്ക് പുറത്തുകടന്നും ഉള്ള ആലോചകൾ കൃതിയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുകയേ ഉള്ളൂ.

ഉത്തരം ഒരു വ്യവഹാരരൂപം

ഉത്തരമെഴുത്ത് എന്നത് എല്ലായ്പ്പോഴും ഒരു വ്യവഹാരരൂപം പ്രയോഗിച്ചുകൊണ്ടായിരിക്കും. അതുകൊണ്ടുതന്നെ വ്യവഹാരരൂപങ്ങളുടെ ഘടനയും സാധ്യതയും പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. ഉപന്യാസം, നോട്ടീസ്, കത്ത്, വാർത്ത, പോസ്റ്റർ, പരസ്യവാചകം തുടങ്ങിയവയും ആസ്വാദനക്കുറിപ്പ്, ഔചിത്യക്കുറിപ്പ്, ഓർമ്മക്കുറിപ്പ്, ഡയറിക്കുറിപ്പ് എന്നിങ്ങനെയുള്ള കുറിപ്പുകളും ശരിയായി അറിയണം. തിരക്കഥ രചന, പട്ടിക, ഡയഗ്രം, പത്രാധിപക്കുറിപ്പ്, ആമുഖപ്രഭാഷണം, കഥാപാത്രവിശകലനം-കുറിപ്പ്, സ്വാഗത പ്രഭാഷണം തുടങ്ങിയവയും ഉണ്ടാവും. ഓരോ വ്യവഹാര രൂപത്തിന്നും അനുസൃതമായുള്ള ഘടന സൂക്ഷിക്കണം.
പാഠഭാഗത്തെ ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളിക്കണം
ആശയങ്ങൾ ചിട്ടപ്പെടുത്തി ഖണ്ഡികളായി എഴുതാൻ സാധിക്കണം
ആമുഖം, ഉപസംഹാരം എന്നിവ വേണം
എഴുതുന്ന ആശയങ്ങൾ ഉദാഹരണസഹിതം സമർഥിക്കാൻ കഴിയണം
ഉദ്ധരണികൾ ചേർക്കാൻ സാധിക്കണം
നല്ല ഭാഷാ‍ശൈലി
ഒഴുക്ക്
കൃത്യത
ഇതുസാധിക്കുന്നതിലൂടെ ചോദ്യവുമായി കുട്ടി എങ്ങനെ പ്രതികരിച്ചു വെന്നും കുട്ടിയുടെ അറിവുപരമായ മനോഭൂപടം എന്തെന്നും പേപ്പർ നോക്കുന്നയാൾക്ക് മനസ്സിലാവും.ചോദ്യം മനസ്സിലാക്കുന്ന അവസരത്തിൽ നമുക്ക് സ്വയമേവ ഉണ്ടാവുന്ന- ക്ലാസ്‌റൂം പ്രവർത്തനങ്ങളുടേയും, അധികവായനാശീലത്തിന്റേയും ഒക്കെ ഭാഗമായി- പുത്തൻ ചിന്തകൾ പരീക്ഷാപേപ്പറിൽ തീർച്ചയായും ഉണ്ടാവും.
എല്ലാവർക്കും നല്ലൊരു വിജയം ആശംസിക്കുന്നു

മാധ്യമം-വെളിച്ചം പ്രസിദ്ധീകരിച്ചത്

No comments: