എന്‍.പി.മുഹമ്മദിന്റെ ‘ ലോകാവസാനം’ എന്ന കഥ മലയാളം പാഠപുസ്തകത്തില്‍ (10-)0ക്ലാസ്) പഠിക്കാനുണ്ട്. കഥാസ്വാദനത്തിന്റെ വ്യത്യസ്തമായ ഒരു തലം നോക്കൂ:
ഇന്ത്യന്‍ കഥാലോകത്തിന്റെ സവിശേഷതകള്‍ മിക്കതും പരീക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഇതിഹാസങ്ങളിലാണെന്നു കാണാം. ബൃഹത്തായ കഥാകഥനങ്ങളാണിതിലുള്ളത്. അതുകൊണ്ടുതന്നെ കഥപറയുന്ന രീതികളില്‍ നാനാവിധങ്ങളായ രൂപങ്ങള്‍ ഇവകളില്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒരുകഥയെ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുക എന്ന കഥനശൈലി. കഥാപാത്രങ്ങള്‍ ജീവിതത്തിലെ ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുമ്പൊള്‍ അതിജീവനം സാധ്യമാക്കാനായി സമാന സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ മഹാപുരുഷന്മാരുടെ കഥകള്‍ കഥാകാരന്‍ പറഞ്ഞുകേള്‍പ്പിക്കുന്നു.സമാനസന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ ജീവിതങ്ങളാവും ഇതില്‍. നിഷധരാജാവായ നളന്റെ കഥ / പാണ്ഡ്യരാജാവായ ഇന്ദ്രദ്യുംനന്റെ കഥ/ മഹാബലിയുടെ കഥ പോലുള്ള ഗംഭീരജീവിതങ്ങള്‍ ഇതിന്നുദാഹരണമാണ്.
ഒരു കഥ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുമ്പോള്‍ ആദ്യകഥ സ്വയമേവ കാര്യമാകുകയും (യാഥാര്‍ഥ്യമാകുകയും) രണ്ടാമത്തേത് കഥയായി നില്‍ക്കുകയും ചെയ്യുന്ന രാസപരിണാമം കഥയും കാര്യവും ഒന്നിപ്പിക്കാനുള്ള നല്ലൊരു ടെക്നിക്ക് ആകുന്നു. ഇതു നമ്മുടെ കഥനശൈലിയില്‍ നാം തന്നെ തീര്‍ത്തെടുത്ത ഒരു കാവ്യഭംഗിയാണ്. വൈദേശിക കഥകളില്‍ (പൌരാണിക) ഈ ശില്‍പ്പസൂത്രം കണ്ടുപിടിക്കപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ ടെക്നിക്ക് കഥയേത് കാര്യ (യാഥാര്‍ഥ്യം)മേത് എന്ന ചിന്തകളില്‍ നിന്ന് വായനക്കാരനെ
നിവര്‍ത്തിപ്പിക്കയും എല്ലാം ശരിക്കും ഉണ്ടായത് / വാസ്തവജീവിതം എന്ന അറിവിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പാരായണത്തിന്നായി ഗ്രന്ഥം കയ്യിലെടുക്കുന്നതൊടെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് നം മോചിതരാകുകയും കഥാലോകമെന്ന അയഥാര്‍ഥ ലോകത്തെ യഥാര്‍ഥ സ്ഥല-കാല-ദേശങ്ങളോടുകൂടിയ ലോകമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ കഥകളുടെ കഥനസൌന്ദര്യമെന്നിതിനെ കരുതാം. സ്വന്തം സ്ഥലകാലദേശങ്ങളില്‍ നിന്നു വായനക്കാരന്‍ മോചിതനാകുന്നു. മഹാകവി വള്ളത്തോള്‍ ഇതിനെ ‘സങ്കല്‍പ്പ വായുവിമാനം’ എന്നാണ് പറഞ്ഞത്.
നിവര്‍ത്തിപ്പിക്കയും എല്ലാം ശരിക്കും ഉണ്ടായത് / വാസ്തവജീവിതം എന്ന അറിവിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പാരായണത്തിന്നായി ഗ്രന്ഥം കയ്യിലെടുക്കുന്നതൊടെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് നം മോചിതരാകുകയും കഥാലോകമെന്ന അയഥാര്‍ഥ ലോകത്തെ യഥാര്‍ഥ സ്ഥല-കാല-ദേശങ്ങളോടുകൂടിയ ലോകമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ കഥകളുടെ കഥനസൌന്ദര്യമെന്നിതിനെ കരുതാം. സ്വന്തം സ്ഥലകാലദേശങ്ങളില്‍ നിന്നു വായനക്കാരന്‍ മോചിതനാകുന്നു. മഹാകവി വള്ളത്തോള്‍ ഇതിനെ ‘സങ്കല്‍പ്പ വായുവിമാനം’ എന്നാണ് പറഞ്ഞത്.
ഒരു കഥയെ വാസ്തവപ്പെടുത്താന്‍ മറ്റൊരുകഥയെ ഉപയോഗിക്കുമ്പോള്‍ ആദ്യകഥക്ക് പിന്നിലായി രണ്ടാം കഥ തുന്നിച്ചേര്‍ക്കുകയാണ് സാധാരണ കഥാകൃത്ത് ചെയ്യുന്നത്. പ്രധാനകഥയേക്കാള്‍ വായനക്കാരന്ന് മുന്‍പരിചയമുള്ളതായിരിക്കും ഉപ/ പിന്‍കഥ.ഈ സാമാന്യ രീതികള്‍ ഒഴിവാക്കിയുള്ള ഒരു രീതി എന്‍.പി.മുഹമ്മദ് ‘ലോകാവസാനം’ എന്ന കഥയില്‍ പ്രയോജനപ്പെടുത്തുന്നത് നമുക്ക് കാണാം.
‘ലോകാവസാന’ ത്തില്‍ അവസാന ഭാഗത്ത് കരയുന്ന ജന്തുവിന്ന് കുട്ടി ഒരു കഥ പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ. കുട്ടി കരയുമ്പോള്‍ ഉമ്മ കുട്ടിക്ക് പറഞ്ഞുകേള്‍പ്പിക്കുന്ന കഥയാണിത്. കഥകേട്ട് കുട്ടി കരച്ചില്‍ മറന്നുപോകും. കഥ ഇതാണ്:
‘ഒരു കാക്കയുണ്ടായിരുന്നു പണ്ട്. ഒരു കുറുക്കനുണ്ടായിരുന്നു പണ്ട്. കാക്കയുടെ കൊക്കില്‍ ഒരു നെയ്യപ്പം ഉണ്ടായിരുന്നു. കുറുക്കനത് കണ്ട് കൊതിതോന്നിയല്ലോ. കുറുക്കന്‍ താളക്കാരനായിരുന്നു. കാക്കേ, പൊന്നുമോളേ, നിന്റെ പാട്ടുകേട്ടിട്ട് എത്ര നാളായി. ഒന്നു പാടൂ മോളേ. പാടാന്‍ കാക്ക കൊക്കുവിടര്‍ത്തിയപ്പോള്‍ ചിലിം.
നെയ്യപ്പം താഴെ. അതും കടിച്ച് കുറുക്കന്‍ ഒരോട്ടം.
പാവം കാക്ക.’
എന്‍.പി.യുടെ കഥയില്‍ ഈ ഉപകഥ രണ്ടു പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. 1. കുട്ടി ജന്തുവിന്റെ കരച്ചില്‍ മാറ്റാന്‍ ശ്രമിക്കുന്നു. 2. ജന്തുവിന്റെ അവസ്ഥ അറിയിക്കുന്നു.
ഒന്നാം ധര്‍മ്മം കഥ നിര്‍വഹിച്ചോ ഇല്ലയോ എന്നത് പൂര്‍ണ്ണമായും നമുക്കറിയാന്‍ കഴിയില്ല. കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ഈ കഥക്ക് മുന്‍പു പലപ്പോഴും കഴിഞ്ഞിട്ടുണ്ട് എന്നറിയാം. അത്രയേഉള്ളൂ. അതുകൊണ്ടുതന്നെ ഈ കഥ കുട്ടിയെക്കൊണ്ട് കഥാകാരന്‍ പറയിക്കുന്നത് ജന്തുവിന്റെ കരച്ചില്‍ മാറ്റാന്‍ മാത്രമാവില്ല എന്നും നമുക്ക് അനുമാനിക്കാം.
ഈ അനുമാനമാണ് കഥയുടെ യഥാര്‍ഥ ധര്‍മ്മം ജന്തുവിന്റെ അവസ്ഥ അറിയിക്കലായി മാറുന്നത്. ജന്തുവിന്റെ അവസ്ഥ എന്നത് കഥയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ അവസ്ഥ കൂടിയാണ്. ലോകാവസാനത്തിന്റെ സൂചനപോലും കാശുണ്ടാക്കാനുള്ള ഏര്‍പ്പാടായി മാറുകയെന്ന സമകാലിക സാമൂഹ്യാവസ്ഥ. എന്തും വില്‍പ്പനക്കുള്ള ചരക്കും ഏതു ഇടപാടും സാമ്പത്തികലാഭത്തിന്നായുള്ള പ്രവര്‍ത്തനവും ആയി മാറുന്ന കോലം കെട്ട ലോകം. പാവം കാക്കകള്‍ പറ്റിക്കപ്പെടുകയും ലാഭക്കൊതിയന്മാരായ കുറുക്കന്മാര്‍ ‘നെയ്യപ്പങ്ങള്‍’ കൈക്കലാക്കി ഓടുകയും ചെയ്യുന്ന സമകാലിക ലോകം.
ജീവിയേയും ജീവനേയും ഒന്നും പരിഗണിക്കാത്ത- സാമ്പത്തികലാഭം മാത്രം അടിസ്ഥാനപ്രമാണമായിട്ടുള്ള ഒരു സാമൂഹ്യാവസ്ഥയെ നിരീകഷിക്കാനും വികാരപരമായി വ്യാഖ്യാനിക്കാനും ശ്രമിക്കുകയാവില്ലേ കഥാകാരന്‍ തന്റെ കഥയിലൂടെ ചെയ്യുന്നത്. വൈകാരികമായ വ്യാഖ്യാനങ്ങള്‍ വിചാരങ്ങളും തീര്‍പ്പുകളും കര്‍മ്മങ്ങളുമായി മാറുന്നത് വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക് പരിണമിക്കുമ്പോഴുമാണല്ലോ. അതു സാമൂഹ്യമാറ്റങ്ങളുടെ ചരിത്രം.
നെയ്യപ്പം നഷ്ടപ്പെട്ട കാക്കയെ (ഒരു നാട്ടുകഥ) ഓര്‍ത്ത് കരയാന്‍ മറക്കുന്ന കുട്ടികളെയാണ് നമുക്ക്- സമൂഹത്തിന്ന് വേണ്ടത്. അല്ലാതെ കുറുക്കനെ ഓര്‍ത്ത് ചിരിക്കുന്നവരൊ ഉത്സാഹിക്കുന്നവരോ അല്ല. കുട്ടിയുടെ കരച്ചിലിന്ന് കാരണം വളരെ വ്യക്തിപരമായ –ഗാര്‍ഹികമായ സംഗതികളാണ് എന്നുകാണാം. അങ്ങനെ കരയുന്ന കുട്ടിക്ക് ഉമ്മ കഥ കേള്‍പ്പിച്ചുകൊടുക്കുകയാണ്. ആ കഥ കേട്ട് സ്വന്തം വിഷമതകള്‍ മറക്കുകയും കരയാതിരിക്കുകയും ചെയ്യുന്നു. ‘കരയാന്‍ മറക്കുന്നു’ എന്നു കഥാകൃത്ത് എഴുതുന്നു. മറന്നുവെച്ച കരച്ചില്‍ കുട്ടി ഓര്‍ത്ത് കരയും എന്നത് ബാലസ്വഭാവം. പക്ഷെ, കരയാന്‍ മറന്നുപോകുന്ന കുട്ടി കാക്കക്കൊപ്പം കൂടുകയാണ്. കാക്കയെ ‘പാവം’ എന്നു കാണുകയാണ്. പറ്റിക്കപ്പെട്ടവനാണ് കാക്ക. അപഹൃതനാണ് എന്നു കാണാം. അപഹരിക്കപ്പെട്ടവന്റെ വേദനയില്‍ കുട്ടി- മനുഷ്യന്‍ സ്വന്തം വേദനകള്‍ മറക്കുകയും അപഹരിക്കപ്പെട്ടവനോടൊപ്പം കൂടുകയും ചെയ്യുന്നു. ഈ കൂട്ടയ്മ തീര്‍ച്ചയായും സാമൂഹ്യമായ ശുഭലക്ഷണമാകുന്നു. അതും ഭൂരിപക്ഷവും കുറുക്കന്മാരുടെ കൂടെ നില്‍ക്കുമ്പോള്‍. കഥ കേള്‍ക്കുന്ന നമ്മള്‍ കാക്കയുടെ കൂടെ നില്‍ക്കുന്നോ അതോ കുറുക്കന്റെ കൂടെ ഓടുന്നോ എന്നത് സമകാലിക സമൂഹത്തില്‍ നാം എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.
അപ്പോള്‍ പ്രധാനകഥ അവസാനം പറഞ്ഞ കാക്കക്കഥയും അതിനെ സമര്‍ഥിക്കുന്ന കഥമാത്രമായി ‘ജന്തു’വിന്റെ കഥ വഴിമാറുകയുമാണ് എന്നു തോന്നുന്നില്ലേ? കഥപറയലുകളുടെ സാമാന്യ സംബ്രദായത്തില്‍ നിന്ന് വഴിമാറുകയാണ് കഥാകൃത്ത് ഈ കഥയില്‍ ചെയ്യുന്നത്.
1 comment:
കഥാസ്വാദനത്തെപ്പറ്റി എഴുതിയത് (പാഠപുസ്തകത്തെ ആധാരമാക്കിയാണെങ്കിലും) വളരുന്ന തലമുറയ്ക്ക് പ്രയോജനപ്പെടും.
(കുട്ടിയിവിടെ കരച്ചിൽ നിർത്തുന്നില്ല , കേൾകൂ... “മാസത്തിലൊരിക്കൽ കലാവല്ലഭനും സന്ദർശിക്കുക”)
Post a Comment