എസ്.എസ്.എൽ.സി. പരീക്ഷ അടുത്തെത്തി. ആദ്യ പരീക്ഷ മലയാളം ഒന്നാം പേപ്പർതന്നെ.ഈ വിഷയത്തിൽ കൂടുതൽ മികവ് നേടാനുള്ള ചില മാനസികമായ സജ്ജീകരണങ്ങൾ നമുക്ക് തുടങ്ങാം.
പഠനത്തിന്റെ തുടർച്ചതന്നെയാണ് പരീക്ഷയും. ക്ലാസ്മുറികളിലും വീട്ടിലും ചെയ്ത പഠനപ്രവർത്തനങ്ങളുടെ ആഴവും അതിലൂടെയൊക്കെ കൈവന്ന ശേഷിയും പ്രകടിപ്പിക്കാനുള്ള ആദ്യാവസരം മാത്രമാകുന്നു പരീക്ഷ. പിന്നെ ഈ ശേഷികളൊക്കെ നിത്യജീവിതത്തിൽ കൂടുതൽ മികവോടെ പ്രകടിപ്പിക്കേണ്ടിവരും എന്നുകൂടി മനസ്സിലാക്കുന്നതോടെ പരീക്ഷ-ആദ്യ പ്രകടനം ഉജ്വലമാക്കാൻ ആരും ശ്രമിക്കും.അതു ഉയർന്ന വിജയനിലാവരവും നൽകും.
ഒന്നര മണിക്കൂർ പരീക്ഷയെഴുത്തും തുടർന്ന് മൂല്യനിർണ്ണയവും ആണ്. മൂല്യനിർണ്ണയനത്തിൽ നാമെഴുതിയ ഉത്തരത്തെ മൂന്ന് തലങ്ങളിൽ പരിശോധിക്കും.
1. ഉള്ളടക്കപരമായ കൃത്യത
2. പ്രയോഗിച്ച വ്യവഹാരരൂപത്തിന്മേലുള്ള ശക്തി
3. നമ്മുടെ സാമൂഹ്യജീവിതവുമായുള്ള ഇടപെടലും പ്രതികരണവും
ഇതിൽ 1 ന്റെ തന്നെ ഭാഗമാണ് 3ഉം എന്ന് മനസ്സിലാക്കാം. എങ്കിലും വ്യക്തതക്ക് വേണ്ടി ഇഴപിരിക്കുന്നു എന്നു മാത്രം.മലയാളത്തിന്ന് മാത്രമല്ല പരീക്ഷയുടെ ഘട്ടത്തിൽ ഏറിയും കുറഞ്ഞും എല്ലാ വിഷയങ്ങൾക്കും ഇതുതന്നെയാണ് സ്വഭാവം.
ചില വിശദീകരണങ്ങൾ
ഉള്ളടക്കപരമായ കൃത്യത എന്നത് പാഠവായനയിൽ നിന്നും
ക്ലാസ്റൂം പ്രവർത്തനങ്ങളിൽ നിന്നും ഉണ്ടായിവരുന്നതാണ്.കാരണം ഇതൊക്കെയും നമ്മൾ പലപ്പോഴായി പലവട്ടം ക്ലാസ്മുറിയിൽ ചെയ്തവയാണല്ലോ. ഓരോ പാഠത്തിലും അടങ്ങിയിരിക്കുന്ന സംഗതികൾ (ഉള്ളടക്കം) ഓരോന്നും വെവ്വേറെ തന്നെ അറിയണം.
ക്ലാസ്റൂം പ്രവർത്തനങ്ങളിൽ നിന്നും ഉണ്ടായിവരുന്നതാണ്.കാരണം ഇതൊക്കെയും നമ്മൾ പലപ്പോഴായി പലവട്ടം ക്ലാസ്മുറിയിൽ ചെയ്തവയാണല്ലോ. ഓരോ പാഠത്തിലും അടങ്ങിയിരിക്കുന്ന സംഗതികൾ (ഉള്ളടക്കം) ഓരോന്നും വെവ്വേറെ തന്നെ അറിയണം.
‘ലോകാവസാനം’ എന്ന പാഠ (കഥ) ത്തിലെ ഉള്ളടക്കം നോക്കുക:
1. അതിൽ പ്രതിപാദിക്കുന്ന ‘കഥ’
ജന്തു പ്രത്യക്ഷപ്പെടുന്നു-കുട്ടി അതിൽ കൌതുകത്തോടെ നിൽക്കുന്നു-എല്ലാവരും ലോകാവസാന ലക്ഷണം എന്നു വിശ്വസിക്കുന്നു-സർക്കസുകാർ അതിനെ പണമുണ്ടാക്കാനുള്ള ഒരു കളിപ്പാട്ടമായി കൊണ്ടുപോകുന്നു-കുട്ടി ദു:ഖിക്കുന്നു.
2. കഥയുടെ ഭാഷാ ഭംഗികൾ
ചെറിയ ചെറിയ വാക്യങ്ങൾ- അതുകൊണ്ടുതന്നെ വേഗതയാർന്ന എഴുത്ത്-വിശദാംശങ്ങളിലെ കുട്ടി ഭാഷ (ഇത്താത്ത പെറ്റ പൈതലിന്റെ നിറമായിരുന്നു) അലങ്കാര-കാവ്യബിംബ പ്രയോഗങ്ങൾ (അവിടെ പയർ പൂവിട്ടിരുന്നു. പൂക്കളിൽ തേനീച്ച പാറുന്നുണ്ടായിരുന്നു) ധ്വനി ഭംഗികൾ (മുഖം മാത്രം ചെറുത്. ബാപ്പയുടെ മുഖം പോലെ= മുഖം ചെറുതെങ്കിൽ തലയും ചെറുത്; തല ചെറുതെങ്കിൽ ബുദ്ധിയും ചെറുത്-ബാപ്പയെപ്പോലെ- എന്നർഥം കഥാകൃത്ത് ഉദ്ദേശിച്ചുകാണുമോ) പ്രയോഗങ്ങളിലെ അർഥ സാന്ദ്രത- ഭൂമി പിളർന്നാണ് ജന്തു പ്രത്യക്ഷപ്പെടുന്നത്- ഇത്താത്ത പെറ്റ പൈതലിന്റെ നിറം-എന്നൊക്കെ പറയുന്നതൊടെ ഭൂപുത്രൻ/ പുത്രി ആവുകയാണ് ജന്തു. ഭൂമിയിൽ നിന്ന് ഒരിക്കലും ലോകാവസാനത്തിന്ന് കാരണമാവുന്ന ഒന്നുണ്ടാവില്ലെന്ന് ബാപ്പയുടെ തലയിൽ കയറിയില്ലല്ലോ. തലതിരിച്ചിട്ട വാക്യങ്ങൾ- ‘അവന്റെ പടിക്കലാണ് വണ്ടി നിന്നത്‘ എന്ന സാധാരണ വാക്യഘടന വിട്ട് ‘വണ്ടി നിന്നത് അവന്റെ പടിക്കലാണ്’, ഒരു കാക്കയുണ്ടായിരുന്നു പണ്ട്. ഒരു കുറുക്കനുണ്ടായിരുന്നു പണ്ട്. …എന്നിങ്ങനെ (തലതിരിച്ചിട്ട വാക്യങ്ങളിലൂടെ കഥയെ കവിതയാക്കുകയാണല്ലോ എൻ.പി. ചെയ്യുന്നത്.)
3. കഥാ ശിൽപ്പം
‘പൂമ്പാറ്റയുടെ പിന്നാലെ പോയ കുട്ടി ഭൂമി പിളരുന്നത് കൌതുകത്തോടെ നോക്കി നിന്നു’ എന്നാണ് കഥ ആരംഭിക്കുന്നത് . തുടർന്ന് വിശദാംശങ്ങൾ പറയുന്നു. കഥാകാരൻ നേരിട്ട് സംഗതികൾ വിശദീകരിക്കുകയാണ്. കുട്ടിയുടെ മനോഗതങ്ങൾ ഇടക്കിടക്ക് ചേർക്കുന്നു. സംഭാഷണങ്ങൾ പോലും മനോഗതങ്ങളാവുന്നു. കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ഭാഷയൊക്കെയും. ആദ്യവസാനം തുടർച്ചയോടെ കഥ പറയുന്നു. ഫ്ലാഷ്ബാക്ക് തുടങ്ങിയ ടെക്ക്നിക്കുകൾ ഒന്നും ഇല്ല. കഥാവസാനം ഒരു കാക്കക്കഥ കൂടി പറഞ്ഞ് നിർത്തുന്നു. കഥാപാത്ര-സംഭവ വിശദാംശങ്ങൾ ചെയ്തിരിക്കുന്ന രീതിയും കഥയുടെ ഭാവത്തിന്ന്- കുട്ടിക്ക് കൌതുകം, ദയ, മുതിർന്നവർക്ക് ഭയം, ജന്തുവിന്റെ ദൈന്യം, സർകസ്സുകാരുടെ ആർത്തി…അനുയോജ്യമായ പദാവലികളും ഉപമകളും ഒക്കെ സംയോജിപ്പിച്ചാണ് എന്നും കാണാം.
4. ‘കഥ’ എന്ന വ്യവഹാരരൂപം
പാഠത്തിന്റെ ഉള്ളടക്കം എന്ന നിലയിൽ പ്രയോഗിച്ചിരിക്കുന്ന വ്യവഹാരരൂപത്തെ മനസ്സിലാക്കണം. ഇതേ സംഗതി ‘കവിതയായോ’ നാടകമായോ’ ഉപന്യാസമായോ ഒക്കെ ചെയ്യാൻ പറ്റുമെന്ന സംഗതി ആലോചിച്ചാൽ മതി. കഥയുടെ ഘടന സൂക്ഷ്മായി- ലാവണ്യപൂർണ്ണമായി ഇതിൽ കാണാം.മാത്രമല്ല; ‘കഥ’ എന്ന സാഹിത്യരൂപത്തിന്റെ ചരിത്രവും ഇക്കഥക്ക് മലയാള കഥാ സാഹിത്യത്തിലുള്ള സ്ഥനവും പ്രധാനമാണ്. ഈ കഥക്ക് സമാനമായതോ വിരുദ്ധമായതോ ആയ കഥകളെ കുറിച്ചുള്ള അധിക അറിവും ഈ പാഠത്തിന്റെ ഉള്ളടക്കത്തിൽ ചേരുന്നുണ്ട്.
5. സാഹിത്യകാരൻ
എൻ.പി.മുഹമ്മദ് എന്ന സാഹിത്യകാരനെ കുറിച്ചുള്ള സാമാന്യ ധാരണയും ഈ പാഠം പഠിക്കുന്നതിലൂടെ ഉണ്ടാവണമെന്ന് പാഠപുസ്തകം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട്തന്നെ സാഹിത്യകാരപരിചയം ഇതിലെ ഉള്ളടക്കമായി പരിഗണിക്കപ്പെടണം.മലയാള സാഹിത്യലോകത്ത് എൻ.പി. മുഹമ്മദിനുള്ള സ്ഥാനവും അദ്ദേഹത്തിന്റെ ഇതര രചനകളും (സാഹിത്യപ്രവർത്തനം) പ്രശസ്തികളും മനസ്സിലാക്കിയിരിക്കണം. എൻ.പി.യുടെ സമകാലികരായിട്ടുള്ള സാഹിത്യകാരന്മാരെ-കാഥാ കൃത്തുക്കളെ- കുറിച്ചുള്ള പരിചയവും വേണം.
6. സമാനതകൾ
‘ലോകാവസാനം’ എന്ന കഥയും മറ്റു പാഠങ്ങളുമായുള്ള ബന്ധവും- സമാനതകളും വൈജാത്യങ്ങളും ശ്രദ്ധിക്കണം. ലോകാവസാനത്ത്ലെ കുട്ടി- കാവലിലെ ജോഗി/ മറ്റു പാഠങ്ങളിലെ ‘ അമ്മമാർ’ (ലോകാവസാനത്തിലെ അമ്മ) ജോഗിയുടെ മാനോഭാവങ്ങൾ- കുട്ടിയുടെ മനോഭാവങ്ങൾ-ചിന്തകൾ എന്നിങ്ങനെ സാധ്യതകൾ നിരവധിയാണ്. ഇതൊക്കെയും ഈ പാഠത്തിന്റെ ഉള്ളടക്കം തന്നെ.
7. കഥയിലെ പദപരിചയം, വാക്യഘടന,ഖണ്ഡികാകരണം, ചിൻഹങ്ങൾ, ശൈലികൾ, സാംസ്കാരികാന്തരീക്ഷം, സംഭാഷണരീതികൾ, പ്രാദേശികത, സാമൂഹ്യമായ അന്തരീക്ഷം തുടങ്ങിയവയും ഉള്ളടക്കം തന്നെ. ക്ലാസിൽ ചെയ്ത പ്രവർത്തനങ്ങൾ വെറുതെ ഓർമ്മിച്ചു നോക്കൂ.
8. സാമൂഹ്യപ്രശ്നം-ങ്ങൾ
കഥ എന്ന നിലയിലുള്ള ആസ്വാദനം നമ്മെ തുടർ ആലോചനകളിലേക്ക് നയിക്കും. കഥയുടെ പൊരുൾ എന്ത് എന്ന അന്വേഷണം.കുട്ടിയുടെ കൌതുകങ്ങൽക്കും മുതിർന്നവരുടെ ഭയാശങ്കകൽക്കും ഉപരിയായി എന്തും വിൽപ്പനച്ചരക്കാക്കുന്ന- സാമ്പത്തികനേട്ടത്തിന്നായി ഉപയോഗിക്കുന്ന സമൂഹത്തിന്റെ അവസ്ഥയെ കുറിച്ച് അതി ക്രൂരമായ അവസ്ഥ- ലോകാവസാനത്തിന്റെ അടയാളം പോലും വിറ്റുകാശാക്കാൻ തുനിയുന്ന അവസ്ഥ - ഈ കഥ നമ്മെ ചിന്തിപ്പിക്കുന്നു.
പരീക്ഷയിൽ ഈ ഒരംശം വളരെ പ്രധാനപ്പെട്ടതാകുന്നു. ഈ ഘടകം ഉൾപ്പെടുത്തിയുള്ള ഉത്തരങ്ങൾക്ക് ദൈനംദിനപത്രവായനയും നാട്ടുവിശേഷങ്ങൾ അനേവ്ഷിക്കലും ഇടപെടലും ഒക്കെ ആവശ്യമായിത്തീരുന്നു. ക്ലാസ്മുറിമാത്രമല്ല പഠനസ്ഥലം എന്ന രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കണം.
അകൃത്രിമമായി സാമൂഹ്യപ്രശ്നങ്ങൾ ഉത്തരങ്ങളിൽ സന്നിവേശിപ്പിക്കാനാവുകയെന്നത് ഉയർന്ന നിലവാരമുള്ള വിജയങ്ങൾക്ക് അനിവാര്യമാകുന്നു. പ്രതികരണങ്ങൾ, ആസ്വാദനങ്ങൾ , വിലയിരുത്തലുകൾ എന്നിവയിൽ ഇക്കാര്യം ഉൾപ്പെടും എന്നറിയണം.
മിക്കവാറും എല്ലാ പാഠങ്ങളിലും-എല്ലാ വിഷയങ്ങളിലും ഈ ഒരംശമുണ്ട് എന്നും മനസ്സിലാക്കണം.
സാമൂഹികമായ പ്രശ്നങ്ങൾ ക്ലാസ്മുറികളിൽ ചർച്ചചെയ്യപ്പെട്ടവ ഓർമ്മിക്കുക
1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചും ഉള്ള ധാരണാക്കുറവ്
4.പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
5.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ.
6.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്മെന്റിന്റെ അഭാവം.
7.ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യവസായവത്കരണത്തിന്റേയും നഗരവത്കരണത്തിന്റേയും
അഭാവം
അവ: കെ.സി.എഫ്.രേഖ 2007-2008
വ്യവഹാരരൂപങ്ങൾ
1. ഉത്തരങ്ങളൊക്കെയും ഭാഷാ വിഷയങ്ങളിൽ വ്യവഹാരരൂപത്തിലടിസ്ഥാന മാക്കിയായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത വ്യവഹാരങ്ങളുടെ ഘടന മനസ്സിലാക്കുകയും അതിനെ പിന്തുടരുകയും വേണം. തീർച്ചയായും അതിൽ പുതുമകൾ ചേർക്കാൻ സ്വാതന്ത്ര്യമുണ്ട്. സർഗ്ഗത്മകമായ പുതുമകൾക്ക് പരിഗണനയും ലഭിക്കും.
2. പ്രധാനപ്പെട്ട വ്യവഹാരരൂപങ്ങളുടെ- ഉപന്യാസം, ആസ്വാദനക്കുറിപ്പ്, ഔചിത്യം കുറിക്കുക, പ്രതികരണക്കുറിപ്പ്, സ്വാഗതപ്രഭാഷണം, അനുസ്മരണപ്രഭാഷണം, ആമുഖഭാഷണം, വാർത്ത, പത്രാധിപക്കുറിപ്പ്, പട്ടിക പൂർത്തിയാക്കുക/ പൂരിപ്പിക്കുക, ചിൻഹനനം…..തുടങ്ങിയവയുടെ ഒക്കെ ഘടന മനസ്സിലാക്കിയിരിക്കണം.
3. തുടക്കം, പ്രധാന പോയിന്റുകൾ അടുക്കിവെക്കുന്നത്, സ്വന്തം നിരീക്ഷണങ്ങൾ, യുക്തിയുക്തമായ രചന, ഉപസംഹാരവാക്യം എന്നിവയിലൊക്കെ കൃത്യത നിലനിർത്താൻ കഴിയണം.
പൊതുവെ ശിശുസൌഹൃദപരമായ ഒരു പരീക്ഷാന്തരീക്ഷം- ചോദ്യങ്ങളുടെ ശൈലി, കൂൾ ഓഫ് സമയം, സ്കൂൾ അന്തരീക്ഷം-ഉണ്ടായിരിക്കും. അതു പരവാധി പ്രയോജനപ്പെടുത്താനും കിട്ടുന്ന സമയം മുഴുവനും നന്നായി വിനിയോഗിക്കാനും കഴിയട്ടെ എന്നു ആശംസിക്കുന്നു.
No comments:
Post a Comment