27 June 2008

കാഴ്ച്ച ?

കുട്ടി അഛനമ്മമാരുടെ കൂടെ പൂരം കാണാന്‍ എത്തിയിരിക്കയാണു.ഭയങ്കരതിരക്കാണു.തിരക്കില്‍ കുട്ടി കൈവിട്ടുപോയി.അഛ്നമ്മമാര്‍ സ്വാഭാവികമായും പരിഭ്രമിച്ചു..കുറേ തിരഞ്ഞു...കാണാനില്ല...പലരോടും തിരക്കി...കാണാനില്ല...ഒടുക്കം കമ്മറ്റിക്കാരെ കണ്ടു കുട്ടിയെ കാണാനില്ലെന്ന വിവരം അനൊണ്‍സ് ചെയ്യിച്ചു....
അനൊണ്‍സ്മെന്റ് കേട്ട കുട്ടി....അതാ! എന്നെ കാണാനില്ലാത്രേ...എന്താ ഇവരുക്കു?
എന്നു അത്ഭുതപ്പെട്ടു.

(ഒരു രജനീഷ് കഥ..കേട്ടതു പകര്‍ത്തിയതു)

25 June 2008

തറവാടി?

ലാംഗൂലചാലനമധശ്ചരണാവപാതം
ഭൂമൊ നിപത്യ വദനോദരദര്‍ശനസ്യ
ശ്വാപിണ്ഡദസ്യ കുരുതേ ഗജപുംഗവസ്തു
ദീരം വിലോകയതി ചാടുശതൈശ്ച ഭുംക്തേ

ചോറുരുള കൊടുക്കുന്ന യജമാനനനെ പട്ടി
വാലിളക്കി,കാല്‍നീട്ടി,മുഖം നിലത്തോളം താഴ്ത്തിനോക്കി ഭക്ഷിക്കുന്നു.
ആനയാകട്ടെ ഗാം ഭീര്യത്തോടെയും സാമര്‍ഥ്യത്തോടെയും ഭക്ഷിക്കുന്നു.


(ഭര്‍ത്ര് ഹരീയം)

21 June 2008

കന്നിമാസത്തിലെ ഓണം

ഇന്നു തിരുവോണം...നടെങ്ങും ഉത്സവം..ആഘോഷം.
ആശാരി ദു:ഖിതനാണു...ആശാരിച്ചിയും.കുറേ നാളായി ഒരു പണി കിട്ടീട്ട്..കയ്യില്‍ കാശൊന്നും ഇല്ല.വില്‍ക്കാന്‍ കാണം പോലും ഇല്ല.ഓണം അഘോഷിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ല.
പക്ഷെ,ആശാരിക്കു ചിങ്ങം കഴിഞ്ഞപ്പോ കുറച്ചു പണികിട്ടി.കയ്യില്‍ അത്യാവശം കാശായി.
കന്നി മാസത്തിലെ തിരുവോണം നക്ഷത്രം..നല്ല സദ്യ...പുത്തന്‍ ഉടുപ്പുകള്‍ എല്ലാം വാങ്ങി.അസ്സലായി ഓണം അഘോഷിച്ചു.

അങ്ങനെയാണു കന്നിമാസത്തിലെ ഓണം (പ്രത്യേകിച്ചും മലബാറില്‍ ) നാം അഘോഷിക്കാന്‍ തുടങ്ങിയതു..കന്നീറ്റിലെ ഓണം ആശാരിയുടെ ഓണം ആണു.

20 June 2008

സ്വത്വവ്യാഖ്യാനം

അഹം ച ത്വം ച രാജേന്ദ്ര
ലോകനാഥോ ഉഭാവപി
ബഹുര്‍വ്രീഹിരഹം രാജന്‍
ഷഷ്ടീ തല്‍പുരുഷോ ഭവാന്‍

രാജാവിനെ മുഖം കാണിച്ചു തൊഴുതു ഭിക്ഷക്കാരന്‍ പറയുകയാണു:
ശരിക്കു പറഞ്ഞാല്‍ ഞാനും അങ്ങും ഒരേപോലെ ആണു..രണ്ടാളും ലോകനാഥന്മാര്‍.
(പക്ഷെ വ്യാകരണസമ്പന്ധിയായ ഒരു ചെറിയവ്യത്യാസം ഉണ്ടെന്നതു കണക്കാക്കനില്ല.വ്യാകരണമൊക്കെ പണ്ഡിതന്മാര്‍ക്കല്ലേ?)
ഞാന്‍ ലോകം നാഥനായിട്ടുള്ളവന്‍ (ബഹുര്‍വ്രീഹി സമാസം)
അങ്ങു ലോകത്തിന്റെ നാഥനായിട്ടുള്ളവന്‍ (ഷ്ഷ്ടി ത്ല്‍പുരുഷ സമാസം)
എന്നേ ഉള്ളൂ.

വ്യാകരണപരമായി സമപ്പെടുത്തല്‍ എങ്ങനെ?

17 June 2008

കലാകാരന്‍ ചെയ്യുന്നതു

ആശാരി (ശില്‍പ്പി) മരത്തില്‍ വിഗ്രഹം കൊത്തുകയാണു.കണ്ടുനില്‍ക്കുന്ന ഒരാള്‍ ആശാരിയുടെ വൈദഗ്ധ്യത്തെ പുകഴ്ത്തി ചോദിച്ചു: എങ്ങനെയാണു ഇത്ര മനോഹരമായി ഇതു ചെയ്യാന്‍ കഴിയുന്നതു എന്നു.
ആശാരി വിവരിച്ചു:
വിഗ്രഹത്തെ മനസ്സില്‍ ധ്യാനിച്ചു മരത്തില്‍ നിന്നു വിഗ്രഹമല്ലാത്തതൊക്കെ കൊത്തി ഒഴിവാക്കുകയാണു ചെയ്യുന്നതു.(കൊത്തി ഉണ്ടാക്കുകയല്ല ചെയ്യുക എന്നു)നമ്മുടെ ഭാവനയില്‍ ഉള്ളതു സ്വയമേ മരത്തിലും കല്ലിലും ഒക്കെ അടങ്ങിയിരിക്കുന്നുണ്ട്.അതിനെ പുറത്തെടുക്കുകയാണു ചെയ്യുക/ചെയ്യേണ്ടതു.

ശില്‍പ്പി എന്തു ചെയ്യുന്നു എന്നു ഇനി സംശയമില്ലല്ലോ?

15 June 2008

ആസ്വാദനത്തിലെ സാധ്യതകള്‍

നല്ലൊരു ചെണ്ടമേള ആസ്വാദകനാണു നമ്മുടെ പഴയ എ.ഇ.ഒ.ഒരിക്കലും ഒരു മേളവും മോശമല്ലെന്നാണു അദ്ദേഹം പറയുക.പക്ഷെ,ജോലിത്തിരക്കു കാരണം മാത്രമല്ല ആസ്വാദനത്തിലെ സവിശേഷതയും കാരണം മേളം കേള്‍ക്കാന്‍ അദ്ദേഹത്തിന്നു കഴിയാറില്ല.
അദ്ദേഹം മേളം ആസ്വദിക്കുന്നതു ഇങ്ങനെയാണു.
ചെണ്ടയില്‍ കോലു വീഴുമ്പോള്‍ വലിയ ശബ്ദം ഉണ്ടവുന്നു.ആ ശബ്ദത്തെ ഉപേക്ഷിച്ചു കോലു ചെണ്ടത്തോലില്‍ നിന്നു സമയബന്ധിതമായി ഉയരുമ്പോള്‍ കനത്ത നിശബ്ദത ഉണ്ടാവും.ഈ നിശ്ശബ്ദതക്കു ആണു അദ്ദേഹം മേളം എന്നു പറയുക.ഈ മേളം ആണു ശരിയായ മേളം.(അതു നമുക്കു ആസ്വദിക്കാന്‍ കഴിയണം).അദ്ദേഹത്തിന്നു കഴിയും.അതാണു ശരിയായ ആസ്വാദനം...കേള്വിക്കാരന്റെ ഭാവനയെ പ്രകമ്പനം കൊള്ളിക്കുന്ന മേളാനുഭവം.

ചുരുക്കത്തില്‍....കൊട്ടുമ്പോഴല്ല,കൊട്ടാത്തമേളമാണു മേളം.അല്ലേ?

14 June 2008

ചരിത്രപഠനം

നമ്മുടെ വിദ്യാഭ്യാസ ഓഫ്ഫീസറുടെ മറ്റൊരു കണ്ടെത്തല്‍ നോക്കൂ...
പ്രാചീനശിലായുഗ സംസ്കാരം മുതല്‍ ആധുനിക ഇലക്ട്റോണിക് സംസ്കാരം വരെഉള്ള എല്ലാസംസ്കാരങ്ങളുടെയും ഒരു പ്രദര്‍ശനശാലയാണു നമ്മുടെ നാടു.ഉദാ:

1. നമ്മുടെ 3 കല്ല് അടുപ്പ്....തീ കണ്ടെത്തിയ കാലം.
2.കല്ലുകൊണ്ട് എറിഞ്ഞു മാങ്ങ പറിക്കുന്നു.(പ്രാചീനശിലായുഗം)
3.അമ്മി,ആട്ടുകല്‍....നവീനശിലായുഗം.
4.ഇരുമ്പുപണിക്കാര്‍ (കരിവാന്മാര്‍,ഉല...)..(ലോഹയുഗം.
5.തുന്നല്‍ മെഷീന്‍,തീവണ്ടി......വ്യവസായയുഗം.
6.മൊബൈല്‍,ഇന്റെര്‍നെറ്റ്....(ആധുനികയുഗം.


പോരേ തെളിവ്?

12 June 2008

സംസ്കാരപഠനങ്ങള്‍ 1

ലോകസംസ്കാരം ഈ ഭൂഗോളത്തിന്റെ ഏതോ ഒരു ബിന്ദുവില്‍ നിന്നു ആരം ഭിച്ചതാണെന്നാണു നമ്മുടെ പഴയ ഒരു വിദ്യാഭ്യാസഓഫ്ഫീസറുടെ നിഗമനം.
ഇതിന്നു തെളിവായി അദ്ദേഹം നിരത്തിയതു
1.അമ്മി,അരകല്ല്,ഉരല്‍,ഉലക്ക...തുടങ്ങിയവ എല്ലായിടത്തും സമാനരൂപത്തിലാണു.
2. വസ്ത്രം അലക്കുന്നതു എല്ലായിടത്തും ഒരു പരന്ന കല്ലില്‍ അടിച്ചിട്ടാണു.
3. വലത്തെ കയ്കൊണ്ടാണു എല്ലാരും ഭക്ഷണം കഴിക്കുന്നതു.
4.തലയിണയുടെ ഉപയോഗം എല്ലായിടത്തും ഒരുപോലെ ആണു.

പോരേ തെളിവുകള്‍?

10 June 2008

ഊഞ്ഞാലില്‍

ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാനുണ്ണി
രണ്ടേ രണ്ടേ പോല്‍
ഈരില്ലം പുക്കു വളര്‍ന്നാനുണ്ണീ
മൂന്നേ മൂന്നേ പോല്‍
മുലയുണ്ടു പൂതനെ കൊന്നാനുണ്ണീ
നാലേ നാലേ പോല്‍
നാല്‍ക്കാലിയെ മേച്ചു നടന്നാനുണ്ണീ
അന്‍ചേ അന്‍ചേ പോല്‍
പന്‍ചബാണാര്‍ത്തിയും തീര്‍ത്താനുണ്ണി
ആറേ ആറേ പോല്‍
........
ഏഴേ ഏഴേ പോല്‍
എഴുനില മാടം തകര്‍ത്താനുണ്ണീ
എട്ടേ എട്ടേ പോല്‍
പെട്ടെന്നു കംസനെ കൊന്നാനുണ്ണീ
ഒന്‍പതേ ഒന്‍പതേ പോല്‍
.........
പത്തേ പത്തേ പോല്‍
ഭക്തര്‍ക്കു മോക്ഷം കൊടുത്താനുണ്ണീ

ഇങ്ങനെ പാട്ടു പാടി ഊഞ്ഞാലില്‍ ആടിയിട്ടുണ്ടോ?
രണ്ടു വരി ഓര്‍മ്മയില്ല.നിങ്ങള്‍ക്കു അറിയുമോ?

09 June 2008

ഒളിച്ചൂ‍ൂ‍ൂ ഠോ

കണ്ണാരം പൊത്തിപ്പൊത്തി
കടുകാരം ചൂടിച്ചൂടി
ഓടിയൊളിച്ചവരാരും തന്നെ
മിണ്ടിപ്പൊകരുതേ.......
1..2..3..4..5..6..7..8..9..10
ഠോ.

ഇങ്ങനെ ഓളിച്ചു കളിച്ചിട്ടുണ്ടോ?

07 June 2008

ഇക്കിളി ഒരു കളി

അപ്പോം ചുട്ടു
അടേം ചുട്ടു
പൊതീം പൊതിഞ്ഞു
വടീം എടുത്തു
കൊടേം എടുത്തു
അച്ചന്റെ വീട്ടിലുക്ക്
ഇത്യേനെ...ഇങ്ങനെ...ഇങ്ങനെ....ഇങ്ങനെ....ഇങ്ങനെ....


ചെറിയകുട്ടികളുടെ കൈ നീട്ടിപ്പിടിച്ചു കൈത്തലത്തില്‍ കൊട്ടി പാടി അച്ചന്റെ വിട്ടിലേക്കു യാത്ര....ഒരുവിരല്‍ ഇങ്ങനെ മെല്ലെ തൊട്ടു തൊട്ട് ഇക്കിളിപ്പെടുത്തി കൈത്തലം,കൈത്തണ്ട,മേല്‍ത്തണ്ട,കക്ഷം....വരെ.......
കുട്ടി ഇക്കിളിപ്പെട്ടു ചിരിയോടു ചിരി.....
കളി ഓര്‍മ്മയില്ലേ?

05 June 2008

അക്കുത്തിക്കുത്ത്

അക്കുത്തിക്കുത്താനപെരുംകുത്ത
ക്കരനില്‍ക്കണ
ചക്കിപ്പെണ്ണിന്റെ
കയ്യോകലോ
രണ്ടാലൊന്നു
തട്ടി മുട്ടി മലത്തിക്ക്ളാ



കുട്ടികള്‍ രണ്ടോ മൂന്നോ പേര്‍ കൈകള്‍ രണ്ടും കമഴ്ത്തിവെച്ചു അതില്‍ ഓരോന്നിലും ഈ പാട്ടുപാടി ഒരു കുട്ടി തട്ടി തട്ടി മലര്‍ത്തുന്ന കളി.രണ്ടു കൈകളും ആദ്യം മലരുന്ന ആള്‍ ജയിക്കും.


പ.ലി
മറന്നോ പഴയ കളികള്‍?

01 June 2008

താഴെക്കാഴ്ച്ച

പണ്ടൊരിക്കല്‍
തിരുമേനി കോടതിയില്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുകയാണു.വക്കീലന്മാര്‍ തിരുമേനിയെ വിസ്തരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
അപ്പോഴാണു മജിസ്റ്റ്റേറ്റ് ചെയറില്‍ എത്തുന്നതു.സാക്ഷിക്കൂട്ടില്‍ തിരുമേനിയെ കണ്ടപ്പോള്‍ മജിസ്ട്റേറ്റിനു ഒരു വികൃതി തോന്നി....പണ്ട് നമ്മുടെ കൂട്ടരെ ഒരു പാടുദ്രോഹിച്ചിട്ടുള്ളതാ നമ്പൂതിരിമാര്‍..ഇയ്യാളെ ഒന്നു കളിയാക്കണം.....
മജിസ്ട്റേറ്റ്: ന്താ തിരുമേനീ...ഞ്ഞാന്‍ ഇത്ര ഉയരത്തില്‍ ഇരിക്കുമ്പോള്‍ തിരുമേനി താഴെ നില്‍ക്കുകയാണു..വിഷമം തോന്നുന്നുണ്ടോ?
തിരുമേനി: (മജിസ്ട്റേറ്റിന്റെ അഹംകാരത്തില്‍ കൂസാതെ)
ഇല്ല്യാ...ഒട്ടും ഇല്ല്യാ....
മജി: അതെന്താ?
തിരു: ഇല്ല്യാന്നന്നെ....നിന്റെ അച്ചന്‍ ഇതിനേക്കാള്‍ ഉയരത്തു ഇരിക്കുന്നതു ഞാന്‍ താഴെ നിന്നു കണ്ടിട്ടുണ്ട്..
മജിസ്ട്റേറ്റ് ഇളിഭ്യനായി.


(മൂപ്പര്‍ പന ചെത്തുകാരനായിരുന്നു)