04 February 2018

മാറുന്ന പഠനവഴികൾ - 7

ഹൈടെക്ക് പ്രതീക്ഷകൾ

കുട്ടിക്കും അദ്ധ്യാപകനും [ പ്രാഥമികമായി ] ക്ലാസ്സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകൾ, ഓഡിയോകൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് കളികൾ, മൂല്യനിർണ്ണയന പരീക്ഷകൾ, പരിഹാബോധനപരിപാടികൾ, മികച്ച പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ' സമഗ്ര' പോലുള്ള സംവിധാനങ്ങൾ അദ്ധ്യാപകരെ സഹായിക്കാൻ ഇനിയും വളരെയധികം വിപുലപ്പെടും. . സർക്കാർ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകൾ കൂടി ഉൾച്ചേരുന്ന സാധ്യതകൾ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉൾച്ചേർക്കലുമാവും ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം. . ഇങ്ങനെയായിരിക്കും ഒരു സാധാരണ അദ്ധ്യാപികയുടെ പ്രതീക്ഷ .

സ്മാർട്ട് ക്ലാസ്മുറികൾ വഴിമാറി ഓരോ ക്ലാസും ഹൈടെക്കാവുന്ന അവസ്ഥ സംജാതമായിരിക്കുന്നു. . സമൂഹം മുഴുവൻ ഇതിനുപിന്നിൽ നിരക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ സ്മാർട്ട് മുറികളായിരുന്നു. ഉന്നതശ്രേണിയിൽപ്പെട്ട ഉപകരണങ്ങൾ ഇവിടെയുണ്ട്. എന്നാൽ അതിന്റെ ഉപയോഗസാധ്യത വളരെ വളരെ കുറവായിരുന്നു. ഡിജിറ്റൽ മെറ്റീരിയൽ ക്ലാസിൽ പഠനപ്രവർത്തനങ്ങൾക്കിടക്ക് അപ്പപ്പോൾ കിട്ടേണ്ട ഒന്നാണ്. പിന്നെയൊരിക്കൽ കിട്ടുന്ന അവസ്ഥയിൽ അത് പഠനത്തിന്റെ ജൈവരൂപവുമായി കൂടിച്ചേരില്ല . ഒരധികപഠന സാമഗ്രിയെന്ന നിലയിൽ ഒരൊഴിവുസമയത്ത് കിട്ടുന്നാതാവരുതല്ലോ ഡിജിറ്റൽ സാമഗ്രികൾ . സ്മാർട്ട് റൂമുകളുടെ ഒരു പരാധീനത അതായിരുന്നു .ഒരു ക്ലാസ് ഒഴിഞ്ഞാലേ അടുത്ത ക്ലാസിന്ന് കയറാനാവൂ. ക്ലാസ് റൂമുകളിൽ നേരിട്ട് ഹൈടെക്ക് സംവിധാനം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും . ക്ലാസ് മുറികൾ പഠനകാര്യങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ സഹായമുള്ളതാവും .

മികച്ച പഠനാനുഭവങ്ങൾ കുട്ടിക്ക് ലഭ്യമാക്കലാണ് ഡിജിറ്റൽ സംവിധാനം കൊണ്ട് എറ്റവുമാദ്യം സാധ്യമാകേണ്ടത് . ഡിപ്പാർട്ട്മെന്റ് ഈയൊരുലക്ഷ്യം വെച്ചാണ് ഐ സി ടി പഠനം മുന്നോട്ടുവെക്കുന്നത് . വിവിധ പാഠങ്ങളും അവയുടെ ഉള്ളടക്കങ്ങളും പ്രവർത്തനങ്ങളും പ്രക്രിയകളുമായി നേരിട്ട് ബന്ധമുള്ള ചെറിയ ചലചിത്രങ്ങൾ, അനിമേഷൻ വീഡിയോകൾ, സാധാരണ വീഡിയോകൾ , ഓഡിയോകൾ, ജിമ്പ് , ജിയോജിബ്ര മുതലായ നിരവധി സോഫ്ട്‌വെയറുകൾ , ഇന്ററാക്ടീവ് കളികൾ, വർക്ക്ഷീറ്റുകൾ , റീഡിങ്ങ് കാർഡുകൾ , ചിത്രങ്ങൾ , പാഠങ്ങൾ , അധികവായനാസാമഗ്രികൾ , പരിഹാരബോധ പരിപാടികൾ , മൂല്യനിർണ്ണയ സംവിധാനങ്ങൾ , വിക്ടേർസ് ചാനൽ പോലുള്ള സാധ്യതകൾ തുടങ്ങി പലതലങ്ങളിലായി നിരവധിയാണ് ഡിജിറ്റൽ ഉള്ളടക്കം . നിലവാരമുള്ള ഉള്ളടക്കം ഡിപ്പാർട്ട്മെന്റ് വഴി നിർമ്മിക്കുന്നവയും സ്കൂളിന്നകത്തും പ്രാദേശിക വിഭവ സാധ്യതയെന്ന നിലയ്ക്കു നിർമ്മിക്കപ്പെടുന്നവയും ഉൾച്ചേരണം . സ്കൂളിനകത്ത് കുട്ടിയും അദ്ധ്യാപകരും തയ്യാറാക്കുന്ന – വിദഗ്ദ്ധർ കൃത്രിമമായി ഉണ്ടാക്കുന്നവയല്ല - പഠനപ്രവർത്തനസന്ദർഭങ്ങളിൽ അദ്ധ്യാപകന്റേയോ കുട്ടിയുടേയോ രണ്ടുപേരുടേയും കൂടിയോ ആവശ്യമായി സ്വയമേവ രൂപം കൊള്ളുന്നവ – ഡിജിറ്റൽ വിഭവങ്ങളാണ് ഏറെ പ്രസക്തമായവ .

അദ്ധ്യാപകർക്കും തങ്ങളുടെ ബോധനസാമഗ്രിക ഡിജിറ്റൽ രൂപത്തിൽ കിട്ടാറാവണം . തന്റെ ടിച്ചിങ്ങ് മാന്വൽ , അതിനടിസ്ഥാനമായ ഹാൻഡ് ബുക്കും ടെക്സ്റ്റ് ബുക്കും , പഠനൊപകരണങ്ങൾ , പ്രക്രിയാരേഖ , ക്ലാസ് ഫീഡ്ബാക്ക് എന്നിങ്ങനെ സാധ്യമായതൊക്കെ ഡിജിറ്റലായി ലഭിക്കണം . ലഭിക്കണം എന്നാൽ പുറത്തുനിന്ന് ലഭിക്കണമെന്നല്ല , അദ്ധ്യാപകർക്ക് സ്വയമേവ ഡിസൈൻ ചെയ്യാനും അപ്പ്ലോഡ് ചെയ്യാനുമുള്ള സൗകര്യം വേണം . അതിനാവശ്യമായ പരിശീലനവും സ്കൂൾ – വിഷയ കൂട്ടായ്മകളും വേണം . അതെല്ലാം സമയാസമയങ്ങളിൽ ഔദ്യോഗികസംവിധാനത്തിന്ന് നേരിട്ടോ ഓൺ ലയിനായോ പരിശോധിക്കാനും അധിക നിർദ്ദേശങ്ങൾ നലാകുനും ശക്തിപ്പെടുത്താനും കഴിയണം . സ്കൂളിനകത്തും യഥാവസരം - മികച്ചതാണെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടാൽ – പുറത്തേക്കും - സംസ്ഥാനത്ത് മുഴുവൻ ഇതെല്ലാം ലഭ്യമാവുകയും വേണം. പ്രാദേശികമായി ഉണ്ടാവുന്ന വിഭവങ്ങൾ സംസ്ഥാനത്ത് മുഴുവനും ലോകം മുഴുവനും കിട്ടുന്ന അവസ്ഥ ഉണ്ടാവണം.

ക്ലാസ് റൂം ലോകനിലവാരത്തിലെത്തുന്നത് ഇങ്ങനെയാവും . കുട്ടികളും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകരും ഒരു ക്ലാസ് മുറിയിലേക്കായി - ഒരു വിഷയത്തിനായി - ഒരു പ്രത്യേക ആവശ്യത്തിനായി - ഒരു പീരിയേഡിനായി ഉണ്ടാക്കുന്ന ഒരു വിഭവം ക്രമത്തിൽ മറ്റു സ്കൂളുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒരവശ്യവസ്തുവെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോഴാണല്ലോ നമ്മുറ്റെ ക്ലാസും കുട്ടിയും അദ്ധ്യാപകരും ലോകനിലവാരമുള്ളവരായിത്തീരുന്നത് . ഏതോ ക്ലാസിലേക്ക് - ഏതോ പ്രത്യേക ആവശ്യത്തിന്ന് ഏതോ അദ്ധ്യാപകൻ എന്നോ ഉണ്ടാക്കിയ ഒരു ഡിജിറ്റൽ സാമഗ്രി നമ്മളിപ്പോൾ നമ്മുടെ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നത് ലോകനിലവാര സൂചനയല്ല . അറിവുകൾ, വിവരങ്ങൾ , ദത്തങ്ങൾ , മാതൃകകൾ , പ്രോസസ്സ് ചെയ്യാനുള്ള സോഫ്ട്‌വെയറുകൾ എന്നിവ തീർച്ചയായും പലയിടങ്ങളിൽ നിന്നും ശേഖരിക്കേണ്ടി വരും . അതിന്റെ സംഘാടനത്തിലും പ്രോസസ്സിങ്ങിലും നമ്മുടെ ക്ലാസ് മുറികളും കുട്ടികളും അദ്ധ്യാപകരുമായിരിക്കണം . ഉൽപ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം നമ്മുടെതായിരിക്കണം . അതിന്റെ പ്രോസസ്സും ഉൽപ്പന്നവും നമ്മുടെതായിരിക്കണം . ലഭിക്കുന്ന സ്കോർ നമ്മുടെ കുട്ടിക്കായിരിക്കണം . അംഗീകാരം അദ്ധ്യാപകനും കുട്ടിക്കും സ്കൂളിന്നും ഡിപ്പാർട്ട്മെന്റിനും ആയിരിക്കണം . അത് ലോകനിലവാരമുള്ളതായിരിക്കണം . ഈയൊരു നിലയിൽ വേണം നമ്മുടെ വിദ്യാലയങ്ങൾ ഡിജിറ്റലായി ലോകനിലവാരമുള്ളവയായിത്തീരേണ്ടത് .

നിലവിൽ മിക്കവാറും നമ്മുടെ കുട്ടിയും അദ്ധ്യാപകനും ഉപഭോക്താവിന്റെ നിലയിലാണ് പെരുമാറേണ്ടിവരുന്നത് . നെറ്റിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ – ഓഡിയോ വീഡിയോ കളികൾ പ്രവർത്തനങ്ങൾ റഫറൻസ് സൂചനകൾ മോഡലുകൾ എന്തുമായിക്കോട്ടെ 99 % വും എടുത്തുപയോഗിക്കൽ മാത്രമാണ് സാധ്യമാക്കുന്നത് . അതുതന്നെ പകർപ്പവകാശം പോലുള്ള നിരവധി സാങ്കേതികതകൾ ഉള്ളതും . അന്താരാഷ്ട്രമായി നെറ്റിൽ കിടക്കുന്നവ എടുത്ത് ഉപയോഗിക്കലാണ് അന്താരാഷ്ട്രനിലവാരമെന്ന പൊതുധാരണ എങ്ങനെയോ കേരളത്തിൽ വ്യാപകമായിട്ടുണ്ട് . ഒരു കാലത്ത് പ്രിന്റ് ചെയ്തതാണ് ആധികാരികം എന്നു വിശ്വസിച്ചിരുന്നു. ഇന്ന് നെറ്റിൽ കാണുന്നതാണ് ആധികാരികം എന്നായി വിശ്വാസം . നെറ്റ് സ്പേസ് ഒരു വിഭവക്കടലാണ് . നല്ലതും ചീത്തയും വേർതിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ പരന്നുകിടക്കുന്ന കടലാണ് . അതിൽ നിന്ന് ഏറ്റവും പ്രസക്തമായ ഉചിതമായ ഒരു വിഭവം ക്ലാസ് റൂം ആവശ്യത്തിന്ന് , ആവശ്യമായ സമയത്ത് പിടിച്ചെടുക്കുക എന്നത് ദുഷ്കരമാണ് . സാധാരണ അദ്ധ്യാപകർക്ക് അതി ദുഷ്കരമാണ്. കിട്ടിയ എന്തു പൊട്ട സാധനവും കേമമെന്നമട്ടിൽ [ പലപ്പോഴും പരിശോധിക്കാതെയും ] ഷെയർ ചെയ്യുന്ന ദുശ്ശീലം നമുക്കുണ്ട് . ഇത്തരം ഷെയർ ചെയ്യലുകൾ ഉണ്ടാക്കുന്ന ഡിജിറ്റൽ മലിനീകരണം നിസ്സരമല്ലല്ലോ . മികച്ചത് തെരഞ്ഞെടുക്കാനും പ്രയോജനപ്പെടുത്താനുമുള്ള സഹായമാണ് , പരിശീലനമാണ് പ്രധാനമായും നൽകേണ്ട ഒന്ന് . അതിനേക്കാളധികം നമുക്കാവശ്യമായവ , മികച്ചവ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് നൽകൽ തന്നെയാണ്.

ഇത് സാധ്യമാണ്. സാധ്യമാവണം . ഇതിന്നായി അദ്ധ്യാപകരേയും കുട്ടികളേയും സമൂഹത്തെത്തന്നെയും പരിശീലിപ്പിക്കണം . ഈയൊരു ചിന്തയിലേക്ക് പരിവർത്തിപ്പിക്കണം . ചെറിയ ചെറിയ കാര്യങ്ങൾ തൊട്ടു തുടങ്ങണം . ശരിയായ പരിശോധനയും സഹായം നൽകലും വേണം. വർഷങ്ങളായി പൊതിയഴിക്കാതെ വെച്ച ഹാർഡ് വെയർ പാക്കുകൾ സ്കൂളുകളിൽ നിത്യപരിചയമാണ്. ആ അവസ്ഥ മാറണം . ഇത് ഉപയോഗിച്ചേ പറ്റൂ എന്ന് വരണം . ഉപയോഗിക്കാൻ അദ്ധ്യാപകനും കുട്ടിയും നിർബന്ധിതരാവണം . നിർബന്ധിതർ എന്നല്ല ആവേശമുള്ളവരാകണം എന്നാണ് ശരിയായ പ്രയോഗം . ആവശ്യകതയുണ്ടാവണം . പഠനപ്രക്രിയ തൊട്ട് മൂല്യനിർണ്ണയം വരെ പൂർണ്ണമായും ഇങ്ങനെയാവണം . അതിനു മുങ്കയ്യെടുക്കേണ്ടതും പൂർണ്ണതയിലെത്തിക്കേണ്ടതും അദ്ധ്യാപകരാവണം . അദ്ധ്യാപകനെ ഒഴിച്ചു നിർത്തിയ ഒരു സാങ്കേതികവിദ്യയും അഭിലഷണീയമല്ല . പഠനം ഒരു ജൈവപ്രക്രിയയാണ്. അദ്ധ്യാപകനും കുട്ടിയും സമൂഹവും ചേർന്നുള്ള ജൈവപ്രക്രിയ .


അപ്പോഴെ നമ്മുടെ ക്ലാസ് മുറികളിൽ പഠനം ഹൈടെക്കും ലോകനിലവാരത്തിലുള്ളതുമാകൂ .

No comments: