04 February 2018

മാറുന്ന പഠനവഴികൾ - 6

ഹൈടെക്ക് പ്രതീക്ഷകൾ

ക്ലാസ്മുറിയിൽ , ലാബിൽ, ലൈബ്രറിയിൽ, വായനാഇടങ്ങളിൽ, ചുരുക്കത്തിൽ ക്യാമ്പസ്സ് മുഴുവൻ അറിവ് നിർമ്മാണത്തിന്റെ സൂക്ഷ്മയിടങ്ങളായിത്തീരും. കുട്ടിമാത്രമല്ല അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും പ്രയോഗത്തിലും വ്യാപനത്തിലും പങ്കാളികളാവും. സമൂഹത്തിന്നു മുഴുവൻ നിത്യജീവിതത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ കമ്പ്യൂട്ടർ സാമഗ്രികൾ , ടാബുകൾ, മൊബൈലുകൾ , സോഷ്യമീഡിയകൾ, ലോകമെമ്പാടുമുള്ള ലൈബ്രറി ശൃംഖലകൾ , ഗവേഷണസ്ഥാപനങ്ങൾ .… എന്നിവയൊക്കെ സ്കൾ പ്രവർത്തനങ്ങൾക്ക് 7 X24 സമയവും ശക്തിപകരും . ലോകനിലവാരത്തിലുള്ള സ്കൂളുകൾ സൃഷ്ടിക്കപ്പെടും. ലോകനിലവാരത്തിലുള്ള കുട്ടികളും സമൂഹവും രൂപം കൊള്ളും . സാധാരണനിലക്ക് ഒരധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

സ്കൂൾ മുഴുവൻ അറിവ് നിർമ്മാണ ഇടങ്ങളായി മാറും. ക്ലാസ് മുറിയിൽ മാത്രം നടന്നിരുന്ന പ്രവർത്തനങ്ങൾ – വായന, എഴുത്ത്, ചർച്ചകൾ, അന്വേഷണങ്ങൾ, റഫറൻസുകൾ, ശാസ്ത്ര പാഠങ്ങൾ, ഭൂമിശാസ്ത്രം, ജീവശാസ്ത്രം പരീക്ഷണങ്ങൾ [ ജൈവോദ്യാനം മുതലായവ കൂടി ] സ്കൂൾ മുഴുവൻ സാധ്യമായ ഒന്നായിത്തീരും. കുട്ടിമാത്രമല്ല, അദ്ധ്യാപകരും ഇതിന്റെ സദ്ഫലങ്ങൾ അനുഭവിക്കും. അറിവ് സൃഷ്ടിക്കുന്നതിൽ കുട്ടിയെപ്പോലെത്തന്നെ അദ്ധ്യാപകർക്കും സൗകര്യങ്ങളുണ്ടാകും. . തന്റെ വിദ്യാഭ്യാസനിലപോലും അപ്പ്ഗ്രേഡ് ചെയ്യാനും പി എഛ് ഡി പോലുള്ള പ്രവർത്തനങ്ങളിലൂടെ ഔപചാരികമായിത്തന്നെ ഉന്നത നിലവാരത്തിൽ എത്താനും കഴിയും . ആരോഗ്യം കൃഷി വികസനപ്രവർത്തനങ്ങൾ മുഴുവൻ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി - അന്വേഷണം, സെമിനാർ, ചർച്ച, പ്രോജക്ട് , ഗവേഷണം - സമൂഹത്തിനു മുഴുവൻ ഉപകാരപ്പെടും. സമൂഹം വിവിധ തുറകളിൽ ആവശ്യമുള്ള അറിവിന്നായി സ്കൂളുകളെ സമീപിക്കുന്ന അവസ്ഥ സംജാതമാകും . മണ്ണിന്റെ പി എഛ് വാല്യു നോക്കാനും ബ്ലഡ് ടെസ്റ്റ് ചെയ്യാനും ജലത്തിന്റെ പരിശുദ്ധി അറിയാനും മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കാനും എൽ ഇ ഡി ബൾബുകൾ , സോപ്പ്നിർമ്മാണം , പുസ്തക പ്രസാധനം, എഡിറ്റിങ്ങ് .… തുടങ്ങിയ എണ്ണമറ്റ കാര്യങ്ങൾ സ്കൂൾ സംവിധാനങ്ങൾ – സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഭാഷാ ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ സമൂഹത്തിന്ന് സാധ്യമാകും.

സ്കൂൾ ഐ സി ടി സംവിധാനങ്ങൾ നിലവിലുള്ള സ്മാർട്ട് ക്ലാസ്മുറികൾ പോലെ എന്നെങ്കിലും തുറക്കുന്ന ഒന്നല്ലാതായി മാറും . ക്ലാസ് മുറിയിൽ അദ്ധ്യാപകനും കുട്ടിക്കും പഠന ബോധന സന്ദർഭങ്ങളിൽ എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോൾ ക്ലാസിൽ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്. സാധ്യമായ തരത്തിൽ താരതമ്യേന ചെലവുകുറഞ്ഞ സംവിധാനങ്ങൾ വേണം. സ്മാർട്ട് വൈറ്റ് ബോർഡുകൾ തുടങ്ങിയ വമ്പൻ ആലോചനകൾ ആവശ്യമില്ല . നിലവിൽ ലഭ്യമായ ആൻഡ്രോയ്ഡ് ടി വികൾ, റാസ്ബെറിപൈ , ലാപ്പുകൾ , ടാബുകൾ, മൊബൈലുകൾ എന്നിവ ഉപയോഗപ്പെടുത്താം . അദ്ധ്യാപകനും കുട്ടിക്കും ആവശ്യമുള്ളപ്പോഴൊക്കെ കയ്യിൽ കിട്ടുന്ന മാതിരി ഒരുക്കങ്ങൾ ആലോചിക്കണം . അതത് പ്രദേശത്തെ എല്ലാ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തണം . സാമ്പത്തിക സമാഹരണത്തിന്ന് മാത്രമുള്ള ഒരു ഏജൻസിയായി സ്കൂൾ സമൂഹത്തെ കാണരുത് . ശരിയായ മോണിറ്ററിങ്ങിലൂടെ സർക്കാർ സംവിധാനങ്ങൾക്ക് ഇതൊക്കെയും ഉണ്ടാക്കിയെടുക്കാൻ നിലവിൽ കഴിയും .

സ്കൂൾ തലത്തിൽ പ്രാധമികമായി ആവശ്യമുള്ള ഡിജിറ്റൽ റിസോർസ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള സെർവറിൽ സംഭരിക്കണം. രണ്ടുതരത്തിലുള്ള റിസോർസുകൾ പ്രധാനമായും ഇതിൽ ഉണ്ടാവും . ഒന്ന് പുറത്തുനിന്ന് ലഭ്യമാകുന്ന , ക്ലാസിൽ ആവശ്യമായ കുറച്ചു സംഗതികൾ . അതിലും പ്രധാനമായത് സ്കൂളിൽ നിർമ്മിക്കപ്പെടുന്ന വിഭവങ്ങൾ . കുട്ടികൾ , അദ്ധ്യാപകർ, ചുറ്റുമുള്ള സമൂഹം എന്നിവരാൽ ഉണ്ടാക്കപ്പെടുന്നത്. നിരന്തരം പുതുക്കപ്പെടുന്നതും സ്കൂളിന്റെ വിഭവക്കലവറയായി വികസിക്കുന്നതും ഇതാണ് . ഇവിടെയാണ് , ഈയൊരു ശ്രദ്ധയിലാണ് സ്ക്കൂൾ ഇന്റെർനാഷനലാവുന്നത്. പുറം സാമഗ്രികൾ ശേഖരിക്കാനുള്ള ത്വര കുട്ടിയേയും അദ്ധ്യാപകനേയും കാര്യമായി ലോകനിലവാരത്തിലെത്തിക്കുകയില്ല . നമ്മുടെ കുട്ടികളും അദ്ധ്യാപകരും അവസരത്തിനൊത്ത് ഉയരാൻ കെൽപ്പുള്ളവരാണ്. സ്കൂൾ സെർവർ ക്ലാസ്മുറികളിലെ ലാപ്പുമായി , ഡെസ്ക്ടോപ്പുമായി ലാൻ ചെയ്യാം. ഇന്റെർനെറ്റ് വഴിയുള്ള ബന്ധം പലതരത്തിലും ആശാസ്യമല്ല. നെറ്റ്വർക്ക് ലാൻ വഴി ചെലവും കുറവാണ്. പരാശ്രയമില്ലാതെ സ്കൂളുകൾക്ക് പ്രവർത്തിക്കാം. പുറം ബന്ധത്തിന്ന് മാത്രം ഇന്റെർനെറ്റ് ഉപയോഗിക്കുമ്പോൾ ചെലവെത്രയോ കുറവുമാണെന്നാണ് അനുഭവം . ആശ്രയത്വം വർദ്ധിപ്പിക്കുന്ന ഇന്റെർനെറ്റ് കൗമാരക്കാരായ കുട്ടികൾക്ക് വലിയതോതിൽ ഗുണമല്ല ചെയ്യുക.

സ്കൂൾ ലൈബ്രറികൾ, ലാബുകൾ എന്നിവ ഐ സി ടി പ്രയോഗങ്ങളിലൂടെ സജീവമാകും. സ്കൂൾ ലൈബ്രറികളുടെ കാര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടറൈസേഷൻ ചിന്തകൾ പോര . ലൈബ്രറി പുസ്തകവിവരങ്ങൾ , പുസ്തകവിതരണം എന്നിവയിൽ ഒർതുങ്ങുന്ന ലൈബ്രറി ഓട്ടോമേഷനല്ല സ്കൂളുകളിൽ വേണ്ടത്. കുട്ടിക്കു റഫറൻസിന്ന് പറ്റിയ തരത്തിൽ ഐ ടി പ്രയോജനപ്പെടുത്തണം . ഒരു പാഠം പഠിക്കുന്ന സമയത്ത് ഒരു റഫറൻസ് വേണം എന്നു കരുതുക . ഒന്നാം ചേരരാജാക്കന്മാരെ ക്കുറിച്ച് ചില കാര്യങ്ങൾ അറിയണം. തന്റെ കയ്യിലുള്ള മൊബൈൽ ലാപ്പ് ടാബ് വഴി സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെടാൻ കഴിയണം. അപ്പോൾ നിലവിൽ സ്കൂൾ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ റീഡിങ്ങ് കാർഡുകളും അതിൽ കുട്ടിക്കാവശ്യമായ പുസ്തകം ചൂണ്ടിക്കാട്ടുന്ന സംവിധാനവും വേണം. ചൂണ്ടിക്കാണിക്കുന്ന പുസ്തകങ്ങളിൽ ഏതുഭാഗമാണ് കുട്ടി ഉടനെ ഈ അറിവ് കിട്ടാൻ വായിക്കേണ്ടതെന്ന് സൂചിപ്പിക്കാൻ കഴിയണം. 250- 300 പേജുള്ള ഒരു ചരിത്ര പുസ്തകം മുഴുവൻ ഉടനെ വായിച്ച് കുറിപ്പെടുക്കാൻ കുട്ടിക്കെന്ന ല്ല മാഷക്കും എളുപ്പമല്ലല്ലോ. അതല്ലല്ലോ സ്കൂൾ റഫറൻസിന്റെ സ്വഭാവവും. വിപുലമായ വായനയും മറ്റും പിന്നീട് കുട്ടി സ്വതന്ത്രമായി ചെയ്യേണ്ടതാണ് എന്നു കരുതാം .

ഇങ്ങനെയുള്ള ലൈബ്രറി ഡിജിറ്റലൈസേഷൻ നടക്കണം . ഇതാകട്ടെ ഒരു പുറം ഏജൻസി ഉണ്ടാക്കുന്നതുമാകരുത് . അടിസ്ഥാന സംവിധാനം [ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കാൻ വിദഗ്ദ്ധ സഹായം ആവശ്യമായി വരും ] ഉള്ളടക്കം ഉണ്ടാക്കുന്നത് സ്കൂൾ തന്നെയാവണം. 2000 -3000 പുസ്തകങ്ങളുള്ള ഒരു സ്കൂളിന്ന് അവിറ്റെയുള്ള 500-600 കുട്ടികളേയും 25-30 അദ്ധ്യാപകരേയും വെച്ച് ഒന്നോ രണ്ടോ മാസം കൊണ്ട് സാവധാനമായി പുസ്തകഡിജിറ്റലിസേഷൻ പൂർത്തിയാക്കാം. അതോടെ ചെറിയ ഗ്രൂപ്പുകളായി കുട്ടികൾ മുഴുവൻ പുസ്തകങ്ങളിലൂടെയും കടന്നു പോകും. ഒപ്പം അദ്ധ്യാപകരും . ഇതോടുകൂടി ഒരു സ്കൂളിന്ന് അടുത്തുള്ള സ്കൂളുകളുമായി വായനശാകളുമായി ഒക്കെ നെറ്റ് വഴി കണ്ണിചേരാനും എവിടെനിന്നും റഫറൻസിനോ മറ്റുവായനക്കോ ഡിജറ്റലും അല്ലാതെയുമുള്ള പുസ്തകങ്ങൾ , അവ വായിച്ച ആളുകൾ, അവരവരുടെ അഭിപ്രായങ്ങൾ, ആ പുസ്തകത്തെക്കുറിച്ച് പൊതു ഇടങ്ങളിൽ വന്ന വായനാനുഭവങ്ങൾ, വായനക്കുറിപ്പുകൾ എന്നിങ്ങനെ വിപുല സാധ്യതകളിലേക്ക് വായന വളരും. നമ്മുടെ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും സമൂഹവും അന്താരാഷ്ട്രനിലവാരമുള്ള വായനാക്കരും പഠിതാക്കളുമായിത്തീരും . ഇതല്ലാതെ ലൈബ്രറി ഓട്ടോമേഷൻ ഡിജിറ്റലിസേഷൻ എന്നിവ പുസ്തകവിതരണ റജിസ്റ്ററയി നിസ്സാരവത്ക്കരിക്കപ്പെടരുത് .



ലോകനിലവാരത്തിലുള്ള കുട്ടികൾ എന്നത് ലോകനിലവാരത്തിലുള്ള അദ്ധ്യാപകരും സ്കൂളുകളും സമൂഹവും അധികാരസ്ഥാനങ്ങളുടെ ഇഛാശക്തിയും പ്രവർത്തനവും ഒക്കെ കൂടിച്ചേരുമ്പോഴേ ആവുകയുള്ളൂ. . ലാപ്പും പ്രൊജക്ടറും ഇന്റെർനെറ്റ് കണക്ഷനും ഉണ്ടാക്കി കുട്ടികളെ നെറ്റിൽ തെരയാൻ മാത്രം ശക്തരാക്കാൻ ആലോചിച്ചാൽ ഇവർ അന്താരാഷ്ട്രനിലവാരത്തിലുള്ള ഉപഭോക്താക്കൾ മാത്രമായി തരം താഴും. അറിവ് ഉപയോഗിക്കലല്ല , അറിവ് ഉൽപ്പാദിപ്പിക്കലാണ് എന്നും മുങ്കയ്യുള്ള പ്രവർത്തനം

No comments: