04 February 2018

മാറുന്ന പഠനവഴികൾ - 9

ക്ലാസ് റൂമുകൾ ഹൈടെക്കാൻ തുടങ്ങുമ്പോൾ അതാരംഭിക്കേണ്ടത് ഹൈസ്കൂൾ മുതൽക്കാണോ എൽ പി [ അല്ലെങ്കിൽ എൽ കെ ജി ] വിഭാഗം തൊട്ടാണോ ? മറ്റൊരുതരത്തിൽ പറഞ്ഞാൽ കതിരിലാണോ നടീൽ തൊട്ടാണോ ? ഏതൊരു പരിഷ്കരണവും നവീകരണവും ഇന്നോളം നടന്നത് താഴെനിന്ന് മുകളിലേക്കാണ്. ശിശുകേന്ദ്രിത വിദ്യാഭ്യാസ പരിപാടി , പാഠപുസ്തകപരിഷ്കരണം , അദ്ധ്യാപകപരിശീലനം , ഡി പി ഇ പി , ഡയറ്റ് പരിപാടികൾ തുടങ്ങിയവയെല്ലാം ഒന്നാം ക്ലാസുമുതലായിരുന്നു പരിഷ്കരിച്ചും പ്രവർത്തിപ്പിച്ചും വന്നത് . ഹൈടെക്ക് പരിപാടിമാത്രം ആദ്യം ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലും തുടങ്ങിയതിന്റെ പൊരുളെന്താവാം !

ആശയധാരണക്ക് ഏറ്റവും ഫലപ്രദമായ പല സംവിധാനങ്ങളിൽ [ ചെലവേറുമെങ്കിലും ] ഒന്നാണ് ഹൈടെക്ക് എന്നതിന്ന് സംശയമില്ല . ലാപ്പ് ടോപ്പും എൽ സി ഡി യും ഡിജിറ്റൽ കാമറയും പ്രിന്ററും ഏറ്റവും അധികം ഗുണം ചെയ്യുക ചെറിയ കുട്ടികളിലാണ്. അവിടം തൊട്ട് ഇതിന്റെ പ്രയോജനം ചെറിയകുട്ടിക്ക് ലഭിച്ചാൽ ഉയർന്ന ക്ലാസുകളിലെത്തുമ്പോഴേക്കും ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള പഠനവും പ്രവർത്തനവും അനായാസമായി കുട്ടിക്ക് കൈവരും . ശീലമായി മാറും . സ്വാഭാവികമായ ഒരു രീതിയായിത്തീരും . മുതിർന്ന കുട്ടികളുടെ കാര്യത്തിൽ ഇപ്പോൾ തയ്യാറാക്കുന്ന ഡിജിറ്റൽ പഠനം അവരുടെ ശീലപാഠങ്ങൾക്ക് തടസ്സം നിൽക്കുകയല്ലേ ചെയ്യുക . ' ഇതുവരെയില്ലാത്ത ഒന്ന് ' എന്ന ഭാവം അവർക്ക് ശല്യം ചെയ്യും. അതിസാധാരണമായ ഒരു മാനസിക പ്രവർത്തനം മാത്രമാണത് . എസ് എസ് എൽ സി ക്ലാസിൽ ഇപ്പൊഴും ഇതൊന്നുമല്ല പ്രധാന സംഗതി . അവിടെ 100 % റിസൽട്ടിലാണ് കുട്ടിയും സ്കൂളും കിടന്ന് പൊരിയുന്നത് . ത്രിതല പഞ്ചായത്തുകൾ തൊട്ട് ഡിപ്പാർട്ട്മെന്റ് വരെ ഒരു പരിധിയോളം 100% ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ്. അധിക ക്ലാസുകൾ, രാത്രി ക്ലാസുകൾ, പ്രാദെശികപഠനകേന്ദ്രങ്ങൾ , ദിനപത്രങ്ങളിൽ പരീക്ഷാസഹായികൾ , സ്വർണ്ണമെഡൽ വാഗ്ദാനങ്ങൾ … എന്നിങ്ങനെ നൂറുകണക്കിന്ന് അലോചനകളിലാണ് . അതൊക്കെയും ഹൈടെക്കാക്കാൻ നിലവിൽ ഒരാലോചനയും ഇല്ലതാനും ! 100% ത്തിലെത്തിക്കാനുള്ള ഒരുക്കം മാത്രമാണ് നമ്മുടെ സ്കൂളുകളിൽ 8 – 9 ക്ലാസുകൾ . ഹയർ സെക്കണ്ടറിയിൽ പ്രയോറിറ്റി ഇതും അല്ല ! എന്റ്രൻസ് കിട്ടാതെ എന്തു ജീവിതം . എന്റ്രൻസ് കോച്ചിങ്ങ് വരെ നടത്താനുള്ള ഏർപ്പാടാണ് അവിടെ .



പ്രൈമറി തലം തൊട്ടായിരുന്നെങ്കിൽ ആദ്യംതന്നെ ഇത്രയധികം ചെലവ് വരുമായിരുന്നോ ? ലാപ്പ് ടോപ്പുകൾ , അത് റൺ ചെയ്യാനുള്ള എൽ ഇ ഡി ടിവികൾ , സ്കൂളിൽ ഒരു ഡിജിറ്റൽ കാമറ എന്നിങ്ങനെ സാമഗ്രികൾ കുറച്ചേ ആദ്യം വേണ്ടിവരൂ . ഇത്രയധികം എണ്ണം [ പണവും ] വേണ്ടിവരില്ല . സ്കൂളിന്റെ സൗകര്യങ്ങളും രീതിയും അനുസരിച്ച് വേണ്ടത് വേണ്ടീടത്ത് നൽകി അദ്ധ്യാപകരെ സജ്ജരാക്കി നമുക്ക് തുടങ്ങാമായിരുന്നു . വെക്കേഷനിൽ എല്ലാ പ്രൈമറി ടീച്ചർമാർക്കും കമ്പ്യൂട്ടർ പരിശീലനം കൊടുത്തു കഴിഞ്ഞതുമാണല്ലോ . ആവേശത്തോടെ കളിപ്പെട്ടിയൊക്കെ പഠിച്ച് അവർ അവരുടെ ക്ലാസുകൾ ഹൈടെക്കുമെന്ന് എന്നു പ്രതീക്ഷിച്ചിരിക്കയായിരുന്നു . അവർക്കത് ഉടനെയുള്ള ഒരാവശ്യമായിരുന്നു . ഹൈസ്കൂൾ അദ്ധ്യാപകർ ഇത് പ്രതീക്ഷിച്ചിട്ടില്ല . അവരാരും [ അദ്ധ്യാപക സംഘടനകളടക്കം ] നിലവിൽ നമ്മൂടെ അറിവിൽ തങ്ങളുടെ ക്ലാസുകൾ ഹൈടെക്കായേ പറ്റൂ എന്ന് ആവശ്യപ്പെട്ടിട്ടുമില്ല . പക്ഷെ, തീരുമാനം ഹൈസ്കൂൾ തൊട്ട് തുടങ്ങാനായിരുന്നു . തുടങ്ങാനയിരുന്നു എന്നല്ല ; തുടങ്ങി . സാമഗ്രികളൊക്കെ റഡിയാക്കി . എല്ലാം മിക്കവാറും സ്കൂളുകളിലെത്തിച്ചു .

ഡിജിറ്റൽ സംവിധാനമൊരുക്കിയാൽ ഒപ്പം വേണ്ട ഡിജിറ്റൽ കണ്ടന്റ് മെല്ലെ വരുന്നതേയുള്ളൂ . ഡിജിറ്റൽ കണ്ടന്റ് ഉണ്ടാക്കി അതിനു ആവശ്യമായ ഹാർഡ് വെയർ എന്നല്ല ആലോചന പോയത് . ഹാർഡ് വെയറിനനുസരിച്ച് കണ്ടന്റ് [ സോഫ്ട്വെയർ ] ഇനി വരും എന്നതിലെ അശാസ്ത്രീയത എത്ര ആലോചിച്ചാലും മനസ്സിലാവില്ല . കണ്ടന്റ് ഉണ്ടാക്കുമ്പോഴേ എതൊക്കെ ഹാർഡ് വെയർ വേണമെന്ന് [ അതിന്റെ സ്പെസിഫിക്കേഷൻ അടക്കം ] തീരുമാനമാവുള്ളൂ . നമുക്ക് തിരിച്ചാണ് ഹൈടെക്ക് ബോധ്യം ! ക്ലാസിൽ കുട്ടികളുടെ ഒരു ആലാപനം റക്കോഡ് ചെയ്യാൻ ആവശ്യം വന്നാൽ നല്ലൊരു സൗണ്ട് റെക്കോഡിങ്ങ് ഉപകരണം വേണമല്ലോ എന്ന് ചിന്തിക്കും . ഇതിപ്പോ തിരിച്ചാ ചിന്ത . ഡിജിറ്റൽ കാമറയുണ്ടല്ലോ ; എന്തെങ്കിലും റെക്കോഡ് ചെയ്യേണ്ടെ മാഷെ , എന്നു കുട്ടി ചോദിക്കും !!

ക്ലാസ് റൂം പ്രവർത്തനങ്ങൾ , കണ്ടന്റ് - [ കരിക്കുലം ടെക്സ്റ്റ്ബുക്ക് ഹാൻഡ്ബുക്ക് , പരീക്ഷ .… ] , ഇതൊക്കെ തയാറാക്കുന്നത് എസ് ഇ ആർ ടി യാണല്ലോ. ഹൈടെക്കാനുള്ള തീരുമാനം - ഹൈടെക്കാക്കണമെന്ന ആവശ്യം എസ് ഇ ആർ ടി യുടെ ഭാഗമായാണൊ വന്നിട്ടുണ്ടാവുക . ലാബ് ലൈബ്രറി വർക്ക് എക്പീരിയൻസ് തുടങ്ങിയ നാനാതരം സ്കൂൾ സംബന്ധ വിഷയങ്ങളിലെ തീരുമാനം എസ് ഇ ആർ ടി അല്ലേ പതിവ് . ഏതെങ്കിലും അദ്ധ്യാപകരോ അദ്ധ്യാപകസംഘടനകളോ ഹൈസ്കൂൾ തലം തൊട്ട് ക്ലാസ് മുറികൾ അത്യാവശ്യമായി ഹൈടെക്കാക്കണമെന്ന് ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല . രക്ഷിതാക്കളുടെ കൂട്ടായ്മകൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ ആദ്യം ക്ലാസ് മുറികൾ ഹൈടെക്കാണമെന്ന ഈയൊരാവശ്യം സംസ്ഥാനതലത്തിൽ ഉന്നയിച്ചതായി കേട്ടിട്ടില്ല . പിന്നെ എന്താവാം ഈയൊരു തീരുമാനത്തിന്റേയും നടപ്പാക്കലിന്റേയും തലം .

പത്രപ്രസ്താവനകൾ പലതും കാണുന്നത് പ്രൈമറിതലത്തിൽ ഹൈടെക്ക് സംവിധാനം ക്ലാസ്മുറികളിൽ അത്ര ആവശ്യമുള്ളതല്ല എന്ന രീതിയിലാണ് . അന്താരാഷ്ട്രനിലവാരമുള്ള കുട്ടികൾ ഹൈസ്കൂൾ തലത്തിൽ ഉണ്ടാവണമെന്നതുപോലെ പ്രധാനമല്ലേ അത് പ്രൈമറിതലം തൊട്ട് തുടങ്ങണമെന്നതും . അധികസമയം കുട്ടികൾ ഐ ടി സംവിധാനങ്ങളുമായി ഇരുന്നാൽ അത് അവരുടെ പഠനത്തെ ബാധിക്കും എന്നൊക്കെ പറയുന്നത് കേൾക്കുന്നു . ഹൈസ്കൂൾ ക്ലാസുകളിൽ തുടങ്ങുന്നതിന്ന് ഇത് ബാധകമല്ലേ . ഇതൊക്കെ എന്തെങ്കിലും പഠനത്തിന്റേയും പ്രയോഗത്തിന്റേയും അടിസ്ഥാനത്തിലാണോ എന്ന് ചിന്തിക്കുന്നവരുണ്ടാകില്ലേ ? വർഷങ്ങളായി അക്കാദമിക്ക് രംഗത്ത് പ്രവർത്തിക്കുന്ന ഡോ ടി പി കലാധരൻ മാഷെപ്പോലുള്ളവർ ഐ ടി സഹായം പ്രൈമറിക്ലാസുകളിൽ തൊട്ട് തുടങ്ങണമെന്ന രീതിയിലാണ് . സമഗ്രപോലുള്ള സംഗതികൾ ആദ്യം പ്രൈമറിയിൽ കൊണ്ടുവരികയല്ലേ വേണ്ടത് . വേരുറപ്പോടെയുള്ള വളർച്ച അപ്പോഴല്ലേ ഉണ്ടാവുന്നത് . പഠനശീലങ്ങൾ രൂപം കൊള്ളുന്നത് താഴെക്ലാസുകളിലല്ലേ ?

ചുരുക്കത്തിൽ ക്ലാസ് റൂം ഐ ടീ കരണം ഒരു തലതിരിഞ്ഞ ഏർപ്പാടായെന്ന് ഭാവിയിൽ നമുക്ക് വിലയിരുത്തേണ്ടി വരുമോ ? അപ്പോഴേക്കും കോടിക്കണക്കിന്ന് രൂപയുടെ ഉപകരണങ്ങൾ നമ്മുടെ സ്കൂളുകളിൽ നിറഞ്ഞിരിക്കും എന്ന പ്രശ്നം അപ്പോൾ നമുക്ക് അലോചിച്ച് പരിഹരിക്കാമെന്നാണോ ! പൊതു വിദ്യാലയങ്ങളിൽ എന്തായാലും ഉപകരണങ്ങൾ വരട്ടെ എന്നു പറയുന്ന ധാരാളം പേരുണ്ട് . നിഷ്കന്മഷബുദ്ധികളായ നല്ല മനുഷ്യർ ! ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള കെൽപ്പും അതിനു വേണ്ട ഉള്ളടക്കവും അതിനനുസരിച്ചുള്ള പഠനപ്രവർത്തനവും പരീക്ഷയും മികവും വിജയവും ഉണ്ടായില്ലെങ്കിൽ ഇതൊക്കെയും ഇ- വെസ്റ്റ് വിഭാഗത്തിലേക്ക് മാറിപ്പോവില്ലേ ? അപ്പോഴേക്കും ചന്ത പിരിഞ്ഞിട്ടുണ്ടാകും .

വികസിത രാജ്യങ്ങൾ പലതും വിദ്യാഭ്യാസപരിപാടിയിൽ നിന്ന് ഇത്തരം സാങ്കേതിക വിദ്യകളെ ഒഴിവാക്കിക്കൊണ്ടിരിക്കയാണെന്ന വാർത്തകൾ വരുന്നതു കാണുന്നു . മണ്ണും വെള്ളവും പുഴയും കാടും വെയിലും മഴയും മഞ്ഞും സൗഹൃദങ്ങളും ഓട്ടവും ചാട്ടവും മരം കയറലുമായി അവർ സ്കൂളുകൾ ആലോചിക്കുന്നു. ഉണ്ടാക്കുന്നു . നടപ്പാക്കുന്നു . നമ്മളേക്കാൾ നേരത്തെ ഐ ടി യിൽ മുങ്ങിക്കുളിച്ചവരാണവരൊക്കെ . കഴിയുന്നത്ര തെറ്റു തിരുത്തുകയാണവർ . നാമിപ്പോൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് പറയുന്നവർ വിവരമില്ലാത്തവരായി കണക്കാക്കപ്പെടുമോ ? നമ്മുടെ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്ന പരിപാടികൾക്ക് വിലങ്ങുനിൽക്കുന്നവരായി എണ്ണപ്പെടുമോ ?


വിവരസാങ്കേതികവിദ്യയുടെ സമകാലിക ജീവിതപരിസരം നമുക്കുചുറ്റുമുണ്ട് . അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഇന്നത്തെ നിലക്കാവില്ല . നിത്യജീവിതത്തിലെ കമ്യൂണിക്കേഷൺ , ബാങ്കിങ്ങ് , യാത്ര , വിപണി തുടങ്ങി എണ്ണ മറ്റ കാര്യങ്ങൾ ഐ ടി ഇല്ലാതെ പറ്റാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു . ഈ ചുറ്റുപാടിൽ പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു നമ്മുടെ വിദ്യാഭ്യാസം . ജൈവികമായ ഒരു സംവേദനവിദ്യ കാലാകാലങ്ങളായി നാമാർജ്ജിച്ചെടുത്തത് നമ്മുടെ കൈവശമുണ്ടായിരുന്നു . മാഷും കുട്ടിയും രക്ഷിതാവും അന്യോന്യം പങ്കെടുത്ത് വികസിപ്പിച്ച ജീവത്തായ ഒരു സങ്കേതം . അത് പൂർണ്ണമായും കൈവിട്ടുപോകുകയാണോ എന്ന കാൽപ്പനിക ദു:ഖം മാത്രമാകുമോ ഈ ദുശ്ശങ്കകൾ !! 

മാറുന്ന പഠനവഴികൾ - 8


സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് ആക്കുമ്പോൾ മുൻ കുറിപ്പുകളിൽ പറഞ്ഞപോലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പ്രതീക്ഷയിലാണ് . സമീപനരേഖയും പ്രസ്താവനകളും വാർത്തകളും അതിനനുസരിച്ചുള്ള സമീപനം അവതരിപ്പിക്കുണ്ട്. സമീപനവും പ്രവർത്തനവും സംയോജിപ്പിക്കേണ്ട ചുമതല അതത് സ്കൂളുകൾക്കും അദ്ധ്യാപകസമൂഹത്തിനുമൂണ്ട് . പൊതുസമൂഹം തീർചയായും ഒപ്പമുണ്ടാകുകയും ചെയ്യും എന്ന് ഇതുവരെയുള്ള അവസ്ഥ സൂചിപ്പിക്കുന്നുണ്ട് .

സമീപനരേഖയില്‍നിന്നുള്ള പ്രധാന കാര്യങ്ങൾ :
1. "അടിസ്ഥാനസൗകര്യങ്ങളിലുള്ള മുന്നേറ്റത്തോടൊപ്പംതന്നെ പഠനപ്രവര്‍ത്തനങ്ങളുടെ സ്വഭാവവും ഗുണപരമായി മെച്ചപ്പെടേണ്ടതുണ്ട്. "

[ പഠനപ്രവർത്തനങ്ങൾക്കുള്ള സഹായക സംവിധാനമാണ് ഐ സി ടി . നിലവിലുള്ള പഠനപ്രവർത്തനങ്ങളെ ഒഴിവാക്കുകയോ അധ്യാപകർക്ക് പകരമോ അല്ല . പഠനപ്രവർത്തനങ്ങൾ ഗുണപരമായി മെച്ചപ്പെടണം . അതിനുള്ള ശ്രമങ്ങളും കാഴ്ചപ്പാടും എന്തൊക്കെയാവും . ശരിക്കും ആദ്യമുണ്ടാവേണ്ടത് അതല്ലേ . ക്ലാസ്മുറിയിൽ ഐ സി ടി കൂടി ഉപയോഗിച്ച് അറിവുനിർമ്മാണം നടക്കാനുള്ള ബോധനശാസ്ത്രവും പ്രവർത്തനരൂപങ്ങളും ഇനിയും എവിടെയും എത്തിയിട്ടില്ല . കിട്ടിയ ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അദ്ധ്യാപകർക്ക് ഉറപ്പായിട്ടില്ല . ഹാർഡ്‌വെയറിനേക്കാൾ ആദ്യം രൂപപ്പെടേണ്ടതും പരിചയിക്കേണ്ടതും സോഫ്ട്‌വെയറാണ് [ ഡിജിറ്റൽ കണ്ടന്റ് ] . കേന്ദ്രീകരിച്ചും സ്കൂൾ തലത്തിൽ വികേന്ദ്രീകരിച്ചും രൂപപ്പെടേണ്ട ഡിജിറ്റൽ കണ്ടന്റ് എന്താണ് എത്രയാണ് അതെത്രത്തോളമായി എന്നൊന്നും തിട്ടമില്ല . ചുരുക്കത്തിൽ സംഭവിക്കുന്നത് അതിവേഗത്തിൽ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്ന മട്ടിൽ ഉപകരണങ്ങൾ വാങ്ങിയെത്തിക്കലാണ് എന്നു തോന്നുന്നത് തെറ്റാണോ ? ]

2. "സാങ്കേതികവിദ്യാ ഉപകരണങ്ങളൂം പശ്ചാത്തലസൗകര്യങ്ങളും മാനദണ്ഡങ്ങളോ ആവശ്യകതയോ പരിഗണിക്കാതെ ഒരുക്കുക എന്നതല്ല തീര്‍ച്ചയായും മികവിന്റെ മാതൃക."

[ ഇത് നൂറുശതമാനം ശരിയാണ്. എന്നാൽ ഓരോ സ്കൂളിനും ആവശ്യമായ സാമഗ്രികൾ എന്തെന്ന് സ്കൂളുകളോട് അന്വേഷിക്കയുണ്ടായിട്ടുണ്ടോ ? 20 കുട്ടിയുള്ള ക്ലാസിനും 50 കുട്ടിയുള്ള ക്ലാസിനും ഒരുപോലെയുള്ള ഉപകരണങ്ങളാണോ ആവശ്യം . അടച്ചുറപ്പുള്ള ക്ലാസിലും തുറന്നുകിടക്കുന്ന ക്ലാസിലും ഒരേപോലെയാണോ ആവശ്യം . ഓരോ സ്കൂളിനും എന്തുവേണമെന്ന് ആവശ്യപ്പെടാൻ വേണ്ട ചർച്ചകളും അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ടോ ? ഓരോ സ്കൂളിന്റേയും / കുട്ടിയുടേയും അതത് കാലത്ത് ' മികവ് ' എന്തായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ ? എസ് എസ് എൽ സി ക്ക് 100 % വിജയം ഉറപ്പാക്കലാവില്ലല്ലോ ' മികവ് ' . അന്താരാഷ്ട്രനിലവാരം എന്നാണെങ്കിൽ അത് അവ്യക്തമായതും നിരവധിതലങ്ങലിൽ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതുമാണല്ലോ . വിവരത്തിന്റെ ഉപഭോഗത്തിലാണൊ ഉൽപ്പാദനത്തിലാണോ അന്താരാഷ്ട്രനിലവാരം പ്രതീക്ഷിക്കുന്നത് . ]

3. "വിവിധങ്ങളായ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തി അവയില്‍ കുറെ വീഡിയോകളും ഗ്രാഫിക്സും അനിമേഷനുകളും ഉള്‍പെടുന്ന 'ദൃശ്യമനോഹരമായ ഉള്ളടക്കങ്ങള്‍ ' പ്രദര്‍ശിപ്പിച്ചതുകൊണ്ടുമാത്രം സ്കൂളുകള്‍ 'ഹൈടെക്' ആകുന്നില്ല."

[ അതെ . പഠനസമയത്ത് 24*7 സമയവും കുട്ടിക്കും പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകർക്കും ഉപകരണങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണം . പാഠവുമായി , ക്ലാസിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ ഡിജിറ്റൽ കണ്ടന്റ് ലഭ്യമാവണം . അത് വീഡിയോ ഓഡിയോ അനിമേഷൻ പോലുള്ള പലതുമാകും . അത് പാഠപ്രവർത്തനത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കും . അതിനു പരിശീലനവും സഹായവും അദ്ധ്യാപകർക്കും കുട്ടിക്കും വേണം . അതാണാദ്യം സമയമെടുത്ത് ചെയ്യേണ്ടത് . നിലവിൽ സ്കൂൾ സമൂഹത്തിൽ ശൈശവാവസ്ഥയിലാണ് ഈ രംഗം . ക്ലാസിൽനിന്ന് ഉണ്ടാവുന്ന ഉൽപ്പങ്ങൾ ആവശ്യമായതൊക്കെ ഡിജിറ്റലായി സൂക്ഷിക്കാനും പങ്കുവെക്കാനും കഴിയണം . നിലവിൽ ഡിജിറ്റലല്ലാത്തവ ( നോട്ടുകൾ , കയ്യെഴുത്ത് മാസികകൾ , ശാസ്ത്രപ്രോജക്ടുകൾ .. … ) പോലും സൂക്ഷിക്കാനും പുനരുപയോഗം ചെയ്യാനും പങ്കുവെക്കാനും ഉള്ള ശ്രമവും ആവശ്യകതയും എത്രത്തോളമുണ്ടെന്ന് നമുക്കറിയാം . ആ ഒരു സംസ്കാരം നാമിതുവരെ ആലോചിച്ചിട്ടില്ല . കുട്ടിയുടെ പത്താം ക്ലാസിലെ പരീക്ഷക്ക് അവന്റെ 5 ലെയോ 8 ലെയോ കയ്യെഴുത്ത് മാസികയോ പ്രോജക്ട് റിപ്പോർട്ടോ ഇന്ന് പരിഗണിക്കുന്നില്ലല്ലോ . ]

4. "ഉപകരണങ്ങളെ പഠനപ്രക്രിയയില്‍ പ്രയോജനപ്പെടുത്തുന്നത് ഒരു ശീലമായി മാറാത്തിടത്തോളം കാലം അധ്യാപകനും വിദ്യാര്‍ത്ഥിക്കും ഇവ വെറും 'വീഡിയോ കാണിക്കുന്ന/കാണുന്ന ഉപകരണം' മാത്രമായി മാറുന്നു."

[ അതിനുള്ള പരിശീലനം നന്നായി കൊടുക്കുകയും ഉറപ്പാക്കുകയും ചെയ്തതിനു ശേഷമല്ലേ ഹാർഡ്‌വെയറിനെ കുറിച്ച് ആലോചിക്കേണ്ടത് . ഉപയോഗിക്കുന്ന ആളെക്കുറിച്ച് ഉറപ്പാക്കിയല്ലേ ഉപകരണം വാങ്ങുക . ഇപ്പോൾ സ്കൂളിലുള്ള ഉപകരണങ്ങൾ – ലാബ് - ലൈബ്രറി - കമ്പ്യൂട്ടറുകൾ – ഗ്രൗണ്ട് - തന്നെ ഉപയോഗിക്കുന്നതിന്റെ അളവിനേയും രീതിയേയും കുറിച്ച് നാം ശരിയായി പഠിച്ചിട്ടുണ്ടോ ? സ്മാർട്ട് ക്ലാസ്മുറികൾ നിലവിലുള്ളവതന്നെ തുറക്കാത്ത ദിവസങ്ങളെത്രയായിരുന്നു . അതുപയോഗിക്കാനറിയാവുന്ന ദ്ധ്യാപകരെത്രയായിരുന്നു ? ഉപയോഗിച്ചവരെത്രയായിരുന്നു ? ]

5. "ICT ടൂളുകളും വിഭവങ്ങളും അധ്യാപികക്കു പകരം വെക്കാനുള്ളതല്ല. മറിച്ച് പാഠ്യ-പഠന പ്രവര്‍ത്തനങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ളതാണ്. സ്വാഭാവിക പഠനപ്രക്രിയയുമായി ചേര്‍ന്ന്പോകുന്ന ടൂളുകളും വിഭവങ്ങളുമാണ് ഡിജിറ്റല്‍ ഉള്ളടക്കമായി പരിഗണിക്കേണ്ടത്. "

[ തങ്ങൾക്കാവശ്യമുള്ള ' സ്വാഭാവികമായ ' ടൂളുകൾ – ഡിജിറ്റൽ ഉള്ളടക്കം നിർമ്മിക്കാനുള്ള പരിശീലനം കൊടുക്കുകയാണ് വേണ്ടത് . ആരെങ്കിലും നിർമ്മിച്ചവ എടുത്തുപയോഗിക്കലല്ല വേണ്ടത് . ടീച്ചിങ്ങ് മാന്വൽ ടീച്ചറുണ്ടാക്കുന്നതാണല്ലോ . ഡിജിറ്റൽ ടി എം കൊടുക്കുന്നതിലൂടെ ടീച്ചറെ ഒഴിവാക്കുന്നതു കാണാം . ടീച്ചിങ്ങ് എയ്ഡ്സ് പുറമേനിന്ന് ലഭിക്കുന്നതാണോ ടീച്ചർക്ക് ഉണ്ടാക്കാനുള്ള അവസരം നൽകയാണോ വേണ്ടത് . അതിനാവശ്യമായ പരിശീലനവും ധനസഹായവും നൽകുന്ന രീതി തന്നെയാണ് തുടരേണ്ടത് . ]

6. "പഠനവിഭവങ്ങള്‍ തയ്യാറാക്കി അവ സ്കൂളിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയത്തക്കവിധം സൂക്ഷിക്കാനായി ഓഫ് ലൈന്‍ റെപ്പോസിറ്ററി ഒരുക്കുക."

[ ഓഫ്‌ലയിൻ റിപ്പോസിറ്ററികളാണ് ഏറ്റവും പ്രധാനപ്പെട്ടവ . സ്കൂളിന്നകത്ത് അനായാസം പങ്കുവെക്കാൻ ഇവക്കാവും . സ്കൂളിൽ നല്ല സെർവറുകളും ലാൻ സൗകര്യങ്ങളും ഉണ്ടാവണം. അത് സംരക്ഷിക്കാനും ഉപയോഗിക്കാനും പഠിപ്പിക്കണം . മുകളിൽ നിന്ന് വരുന്നത് കാത്തിരിക്കുന്ന സ്കൂളുകളാവരുത് . സ്കൂൾ സമൂഹത്തിന്റെ മുഴുവൻ സഹായവും ഇതിന്നായി കിട്ടാറാവണം . സ്കൂൾ സമൂഹത്തിന്റേതാകണം . ]


7. "..ഉള്ളടക്ക ലഭ്യത, തുടര്‍ പിന്തുണ എന്നിവ ഉറപ്പാക്കുക."

[ ഇത് ഉറപ്പാക്കാൻ ഏറ്റവും നല്ല വഴി അതത് സ്കൂൾ സമൂഹത്തെ ഇതിലേക്കടുപ്പിക്കുക എന്നു മാത്രമാണ്. . സ്കൂളിന്നടുത്തുള്ള കടയിൽ നിന്ന് ലാപ്പ്ടോപ്പ് വാങ്ങിയാൽ അതിന്റെ സർവീസ് നിഷ്പ്രയാസം ഉറപ്പാക്കാം .കരാർ ബന്ധ ബാധ്യതയായല്ല , സാമൂഹ്യബാധ്യതയായിരിക്കുമത് . സർവീസ് പേർസണൽ അകലെയാവും തോറും സമയനഷ്ടവും ധനനഷ്ടവും ഇക്കാലമത്രയും അനുഭവമാണ് . ]

8. "ICT ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാ അധ്യാപകരെയും സജ്ജരാക്കുക."

[ സജ്ജരാക്കിയതിനു ശേഷം സാമഗ്രിവാങ്ങുക എന്നതാവണം നയം . സാമഗ്രി വാങ്ങി സജ്ജരാക്കലല്ല കേരളത്തിലെങ്കിലും പൊതു രീതി . കാറോടിക്കാൻ പഠിച്ച ശേഷമേ നമ്മുടെ മാഷമ്മാർ കാർ വാങ്ങൂ . സർക്കാർ സാമഗ്രികൾ ഫ്രീയായി സ്കൂളിലെത്തുന്നുവെന്നാണല്ലോ പൊതു ധാരണ . സർക്കാർ ഫ്രീയായി തരുന്നു . നമ്മുടെ പണമാണ് സർക്കാർ പണം എന്നാരും ഇവിടെ ആലോചിക്കുന്നില്ല . സർക്കാർ പ്രഖ്യാപനങ്ങളും ഇതിന്ന് തുണയാണെന്ന് പറയാം ! ]

9. "ഓരോ സ്കൂളിനും ആവശ്യമായ പഠനവിഭവങ്ങള്‍ പ്രാദേശികമായോ സ്വയം തയ്യാറാക്കിയോ ഉപയോഗപ്പെടുത്തുകവഴി സ്വയംപര്യാപ്ത നേടും വിധം ഓരോ സ്കൂളിനെയും മാറ്റിയെടുക്കാന്‍ സാധിക്കണം. "

[ അതല്ലേ ആദ്യം ഉറപ്പാക്കേണ്ടത് . നിലവിലുള്ള അവസ്ഥയിൽ ഇതെത്രത്തോളം സാധ്യമാകുമെന്ന് ആരാലോചിച്ചു ? തീർച്ചയായും സർക്കാർ മേൽനോട്ടത്തിൽ പ്രാദേശികമായി പഠനസാമഗ്രികളുടെ വിഭവവികസനം സാധ്യമാക്കാൻ ഇപ്പോൾ നിലവിൽ എന്തു പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ! ]

10. "അധ്യാപന-പഠന ആവശ്യങ്ങള്‍ക്കായി LMS(Learning Management System) വേണം. സമഗ്രമായും ശാസ്ത്രീയമായും സജ്ജീകരിച്ചിട്ടുള്ള ഒരു Learning Management System ഉപയോഗിച്ച് ഈ മേഖലയില്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്. "

[ വളരെ നല്ല സങ്കൽപ്പമാണ്. പക്ഷെ, എപ്പോൾ സാധിതമാകും എന്നു പറയാറായോ ? അതുകൂടി ആലോചിച്ചിട്ടുവേണ്ടേ ഹാർഡ്‌വെയർ സംഭരിക്കാൻ ]

11. "Moodle പോലുള്ള ബഹുമുഖ LMS സംവിധാനത്തെ ലളീതമായ ഇന്റര്‍ ഫേസോടുകൂടി അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുകയോ പുതിയൊരു Learning Management സംവിധാനം പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. "

[ കേരളത്തിലെപ്പോലെ ബൃഹത്തായ ഒരു വിദ്യാഭ്യാസ സംവിധാനത്തിൽ ഇത് നടപ്പാക്കേണ്ടത് ഓരോ സ്കൂളും കേന്ദ്രീകരിച്ചും ആ സമൂഹത്തെ ഉപയോഗപ്പെടുത്തിയുമാണ് . എല്ലാ സ്കൂളിനും പൊതുവായൊരു LMS ആലോചിച്ചിട്ട് എന്തുകാര്യം . പൊതുവായ ചില സംഗതികൾ ഒഴിവാക്കാനാവില്ല എന്നത് ശരി . എന്നാലും ഓരോ സ്കൂളിനും തനതായ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വേണം . ഡിപ്പാർട്ട്മെന്റ് പലതലങ്ങളിൽ ഇടപെടുന്നതോടെ ഇത് സാധിച്ചെടുക്കാനാവും . ഇപ്പോൾ ഈ വഴിക്കുള്ള ശ്രമങ്ങളൊന്നും ആയിട്ടില്ലെന്ന് തോന്നുന്നു . ]

12."
ഇത്തരത്തില്‍ ക്രമപ്പെടുത്തിയ LMS സംവിധാനത്തില്‍ ലോഗിന്‍ ചെയ്താല്‍ അവരാഗ്രഹിക്കുന്ന പാഠഭാഗത്തിലെ ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ലഭ്യമാവണം. "

[ ആവേണ്ടതാണ്. വികേന്ദ്രീകരണമല്ലാതെ മറ്റൊരു മാർഗവും ഇതിനില്ല. സ്കൂളുകളും അതിന്റെ സമൂഹവും വിഭവങ്ങളും പ്രയോജനപ്പെടുത്തിയിത് നടപ്പാക്കാൻ കഴിയും . കഴിയണം . ഈ രംഗത്ത് നിലവിൽ നട്ടിലുള്ള നിരവധി ശ്രമങ്ങൾ തിരിച്ചറിയണം . അംഗീകരിക്കപ്പെടണം . സഹായിക്കണം . നന്നാക്കിയെടുക്കണം . ]


(Read more details in " hi_tech_school_vision paper_draft.pdf")

മാറുന്ന പഠനവഴികൾ - 7

ഹൈടെക്ക് പ്രതീക്ഷകൾ

കുട്ടിക്കും അദ്ധ്യാപകനും [ പ്രാഥമികമായി ] ക്ലാസ്സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകൾ, ഓഡിയോകൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് കളികൾ, മൂല്യനിർണ്ണയന പരീക്ഷകൾ, പരിഹാബോധനപരിപാടികൾ, മികച്ച പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ' സമഗ്ര' പോലുള്ള സംവിധാനങ്ങൾ അദ്ധ്യാപകരെ സഹായിക്കാൻ ഇനിയും വളരെയധികം വിപുലപ്പെടും. . സർക്കാർ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകൾ കൂടി ഉൾച്ചേരുന്ന സാധ്യതകൾ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉൾച്ചേർക്കലുമാവും ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം. . ഇങ്ങനെയായിരിക്കും ഒരു സാധാരണ അദ്ധ്യാപികയുടെ പ്രതീക്ഷ .

സ്മാർട്ട് ക്ലാസ്മുറികൾ വഴിമാറി ഓരോ ക്ലാസും ഹൈടെക്കാവുന്ന അവസ്ഥ സംജാതമായിരിക്കുന്നു. . സമൂഹം മുഴുവൻ ഇതിനുപിന്നിൽ നിരക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ സ്മാർട്ട് മുറികളായിരുന്നു. ഉന്നതശ്രേണിയിൽപ്പെട്ട ഉപകരണങ്ങൾ ഇവിടെയുണ്ട്. എന്നാൽ അതിന്റെ ഉപയോഗസാധ്യത വളരെ വളരെ കുറവായിരുന്നു. ഡിജിറ്റൽ മെറ്റീരിയൽ ക്ലാസിൽ പഠനപ്രവർത്തനങ്ങൾക്കിടക്ക് അപ്പപ്പോൾ കിട്ടേണ്ട ഒന്നാണ്. പിന്നെയൊരിക്കൽ കിട്ടുന്ന അവസ്ഥയിൽ അത് പഠനത്തിന്റെ ജൈവരൂപവുമായി കൂടിച്ചേരില്ല . ഒരധികപഠന സാമഗ്രിയെന്ന നിലയിൽ ഒരൊഴിവുസമയത്ത് കിട്ടുന്നാതാവരുതല്ലോ ഡിജിറ്റൽ സാമഗ്രികൾ . സ്മാർട്ട് റൂമുകളുടെ ഒരു പരാധീനത അതായിരുന്നു .ഒരു ക്ലാസ് ഒഴിഞ്ഞാലേ അടുത്ത ക്ലാസിന്ന് കയറാനാവൂ. ക്ലാസ് റൂമുകളിൽ നേരിട്ട് ഹൈടെക്ക് സംവിധാനം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും . ക്ലാസ് മുറികൾ പഠനകാര്യങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ സഹായമുള്ളതാവും .

മികച്ച പഠനാനുഭവങ്ങൾ കുട്ടിക്ക് ലഭ്യമാക്കലാണ് ഡിജിറ്റൽ സംവിധാനം കൊണ്ട് എറ്റവുമാദ്യം സാധ്യമാകേണ്ടത് . ഡിപ്പാർട്ട്മെന്റ് ഈയൊരുലക്ഷ്യം വെച്ചാണ് ഐ സി ടി പഠനം മുന്നോട്ടുവെക്കുന്നത് . വിവിധ പാഠങ്ങളും അവയുടെ ഉള്ളടക്കങ്ങളും പ്രവർത്തനങ്ങളും പ്രക്രിയകളുമായി നേരിട്ട് ബന്ധമുള്ള ചെറിയ ചലചിത്രങ്ങൾ, അനിമേഷൻ വീഡിയോകൾ, സാധാരണ വീഡിയോകൾ , ഓഡിയോകൾ, ജിമ്പ് , ജിയോജിബ്ര മുതലായ നിരവധി സോഫ്ട്‌വെയറുകൾ , ഇന്ററാക്ടീവ് കളികൾ, വർക്ക്ഷീറ്റുകൾ , റീഡിങ്ങ് കാർഡുകൾ , ചിത്രങ്ങൾ , പാഠങ്ങൾ , അധികവായനാസാമഗ്രികൾ , പരിഹാരബോധ പരിപാടികൾ , മൂല്യനിർണ്ണയ സംവിധാനങ്ങൾ , വിക്ടേർസ് ചാനൽ പോലുള്ള സാധ്യതകൾ തുടങ്ങി പലതലങ്ങളിലായി നിരവധിയാണ് ഡിജിറ്റൽ ഉള്ളടക്കം . നിലവാരമുള്ള ഉള്ളടക്കം ഡിപ്പാർട്ട്മെന്റ് വഴി നിർമ്മിക്കുന്നവയും സ്കൂളിന്നകത്തും പ്രാദേശിക വിഭവ സാധ്യതയെന്ന നിലയ്ക്കു നിർമ്മിക്കപ്പെടുന്നവയും ഉൾച്ചേരണം . സ്കൂളിനകത്ത് കുട്ടിയും അദ്ധ്യാപകരും തയ്യാറാക്കുന്ന – വിദഗ്ദ്ധർ കൃത്രിമമായി ഉണ്ടാക്കുന്നവയല്ല - പഠനപ്രവർത്തനസന്ദർഭങ്ങളിൽ അദ്ധ്യാപകന്റേയോ കുട്ടിയുടേയോ രണ്ടുപേരുടേയും കൂടിയോ ആവശ്യമായി സ്വയമേവ രൂപം കൊള്ളുന്നവ – ഡിജിറ്റൽ വിഭവങ്ങളാണ് ഏറെ പ്രസക്തമായവ .

അദ്ധ്യാപകർക്കും തങ്ങളുടെ ബോധനസാമഗ്രിക ഡിജിറ്റൽ രൂപത്തിൽ കിട്ടാറാവണം . തന്റെ ടിച്ചിങ്ങ് മാന്വൽ , അതിനടിസ്ഥാനമായ ഹാൻഡ് ബുക്കും ടെക്സ്റ്റ് ബുക്കും , പഠനൊപകരണങ്ങൾ , പ്രക്രിയാരേഖ , ക്ലാസ് ഫീഡ്ബാക്ക് എന്നിങ്ങനെ സാധ്യമായതൊക്കെ ഡിജിറ്റലായി ലഭിക്കണം . ലഭിക്കണം എന്നാൽ പുറത്തുനിന്ന് ലഭിക്കണമെന്നല്ല , അദ്ധ്യാപകർക്ക് സ്വയമേവ ഡിസൈൻ ചെയ്യാനും അപ്പ്ലോഡ് ചെയ്യാനുമുള്ള സൗകര്യം വേണം . അതിനാവശ്യമായ പരിശീലനവും സ്കൂൾ – വിഷയ കൂട്ടായ്മകളും വേണം . അതെല്ലാം സമയാസമയങ്ങളിൽ ഔദ്യോഗികസംവിധാനത്തിന്ന് നേരിട്ടോ ഓൺ ലയിനായോ പരിശോധിക്കാനും അധിക നിർദ്ദേശങ്ങൾ നലാകുനും ശക്തിപ്പെടുത്താനും കഴിയണം . സ്കൂളിനകത്തും യഥാവസരം - മികച്ചതാണെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടാൽ – പുറത്തേക്കും - സംസ്ഥാനത്ത് മുഴുവൻ ഇതെല്ലാം ലഭ്യമാവുകയും വേണം. പ്രാദേശികമായി ഉണ്ടാവുന്ന വിഭവങ്ങൾ സംസ്ഥാനത്ത് മുഴുവനും ലോകം മുഴുവനും കിട്ടുന്ന അവസ്ഥ ഉണ്ടാവണം.

ക്ലാസ് റൂം ലോകനിലവാരത്തിലെത്തുന്നത് ഇങ്ങനെയാവും . കുട്ടികളും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകരും ഒരു ക്ലാസ് മുറിയിലേക്കായി - ഒരു വിഷയത്തിനായി - ഒരു പ്രത്യേക ആവശ്യത്തിനായി - ഒരു പീരിയേഡിനായി ഉണ്ടാക്കുന്ന ഒരു വിഭവം ക്രമത്തിൽ മറ്റു സ്കൂളുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒരവശ്യവസ്തുവെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോഴാണല്ലോ നമ്മുറ്റെ ക്ലാസും കുട്ടിയും അദ്ധ്യാപകരും ലോകനിലവാരമുള്ളവരായിത്തീരുന്നത് . ഏതോ ക്ലാസിലേക്ക് - ഏതോ പ്രത്യേക ആവശ്യത്തിന്ന് ഏതോ അദ്ധ്യാപകൻ എന്നോ ഉണ്ടാക്കിയ ഒരു ഡിജിറ്റൽ സാമഗ്രി നമ്മളിപ്പോൾ നമ്മുടെ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നത് ലോകനിലവാര സൂചനയല്ല . അറിവുകൾ, വിവരങ്ങൾ , ദത്തങ്ങൾ , മാതൃകകൾ , പ്രോസസ്സ് ചെയ്യാനുള്ള സോഫ്ട്‌വെയറുകൾ എന്നിവ തീർച്ചയായും പലയിടങ്ങളിൽ നിന്നും ശേഖരിക്കേണ്ടി വരും . അതിന്റെ സംഘാടനത്തിലും പ്രോസസ്സിങ്ങിലും നമ്മുടെ ക്ലാസ് മുറികളും കുട്ടികളും അദ്ധ്യാപകരുമായിരിക്കണം . ഉൽപ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം നമ്മുടെതായിരിക്കണം . അതിന്റെ പ്രോസസ്സും ഉൽപ്പന്നവും നമ്മുടെതായിരിക്കണം . ലഭിക്കുന്ന സ്കോർ നമ്മുടെ കുട്ടിക്കായിരിക്കണം . അംഗീകാരം അദ്ധ്യാപകനും കുട്ടിക്കും സ്കൂളിന്നും ഡിപ്പാർട്ട്മെന്റിനും ആയിരിക്കണം . അത് ലോകനിലവാരമുള്ളതായിരിക്കണം . ഈയൊരു നിലയിൽ വേണം നമ്മുടെ വിദ്യാലയങ്ങൾ ഡിജിറ്റലായി ലോകനിലവാരമുള്ളവയായിത്തീരേണ്ടത് .

നിലവിൽ മിക്കവാറും നമ്മുടെ കുട്ടിയും അദ്ധ്യാപകനും ഉപഭോക്താവിന്റെ നിലയിലാണ് പെരുമാറേണ്ടിവരുന്നത് . നെറ്റിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ – ഓഡിയോ വീഡിയോ കളികൾ പ്രവർത്തനങ്ങൾ റഫറൻസ് സൂചനകൾ മോഡലുകൾ എന്തുമായിക്കോട്ടെ 99 % വും എടുത്തുപയോഗിക്കൽ മാത്രമാണ് സാധ്യമാക്കുന്നത് . അതുതന്നെ പകർപ്പവകാശം പോലുള്ള നിരവധി സാങ്കേതികതകൾ ഉള്ളതും . അന്താരാഷ്ട്രമായി നെറ്റിൽ കിടക്കുന്നവ എടുത്ത് ഉപയോഗിക്കലാണ് അന്താരാഷ്ട്രനിലവാരമെന്ന പൊതുധാരണ എങ്ങനെയോ കേരളത്തിൽ വ്യാപകമായിട്ടുണ്ട് . ഒരു കാലത്ത് പ്രിന്റ് ചെയ്തതാണ് ആധികാരികം എന്നു വിശ്വസിച്ചിരുന്നു. ഇന്ന് നെറ്റിൽ കാണുന്നതാണ് ആധികാരികം എന്നായി വിശ്വാസം . നെറ്റ് സ്പേസ് ഒരു വിഭവക്കടലാണ് . നല്ലതും ചീത്തയും വേർതിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ പരന്നുകിടക്കുന്ന കടലാണ് . അതിൽ നിന്ന് ഏറ്റവും പ്രസക്തമായ ഉചിതമായ ഒരു വിഭവം ക്ലാസ് റൂം ആവശ്യത്തിന്ന് , ആവശ്യമായ സമയത്ത് പിടിച്ചെടുക്കുക എന്നത് ദുഷ്കരമാണ് . സാധാരണ അദ്ധ്യാപകർക്ക് അതി ദുഷ്കരമാണ്. കിട്ടിയ എന്തു പൊട്ട സാധനവും കേമമെന്നമട്ടിൽ [ പലപ്പോഴും പരിശോധിക്കാതെയും ] ഷെയർ ചെയ്യുന്ന ദുശ്ശീലം നമുക്കുണ്ട് . ഇത്തരം ഷെയർ ചെയ്യലുകൾ ഉണ്ടാക്കുന്ന ഡിജിറ്റൽ മലിനീകരണം നിസ്സരമല്ലല്ലോ . മികച്ചത് തെരഞ്ഞെടുക്കാനും പ്രയോജനപ്പെടുത്താനുമുള്ള സഹായമാണ് , പരിശീലനമാണ് പ്രധാനമായും നൽകേണ്ട ഒന്ന് . അതിനേക്കാളധികം നമുക്കാവശ്യമായവ , മികച്ചവ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് നൽകൽ തന്നെയാണ്.

ഇത് സാധ്യമാണ്. സാധ്യമാവണം . ഇതിന്നായി അദ്ധ്യാപകരേയും കുട്ടികളേയും സമൂഹത്തെത്തന്നെയും പരിശീലിപ്പിക്കണം . ഈയൊരു ചിന്തയിലേക്ക് പരിവർത്തിപ്പിക്കണം . ചെറിയ ചെറിയ കാര്യങ്ങൾ തൊട്ടു തുടങ്ങണം . ശരിയായ പരിശോധനയും സഹായം നൽകലും വേണം. വർഷങ്ങളായി പൊതിയഴിക്കാതെ വെച്ച ഹാർഡ് വെയർ പാക്കുകൾ സ്കൂളുകളിൽ നിത്യപരിചയമാണ്. ആ അവസ്ഥ മാറണം . ഇത് ഉപയോഗിച്ചേ പറ്റൂ എന്ന് വരണം . ഉപയോഗിക്കാൻ അദ്ധ്യാപകനും കുട്ടിയും നിർബന്ധിതരാവണം . നിർബന്ധിതർ എന്നല്ല ആവേശമുള്ളവരാകണം എന്നാണ് ശരിയായ പ്രയോഗം . ആവശ്യകതയുണ്ടാവണം . പഠനപ്രക്രിയ തൊട്ട് മൂല്യനിർണ്ണയം വരെ പൂർണ്ണമായും ഇങ്ങനെയാവണം . അതിനു മുങ്കയ്യെടുക്കേണ്ടതും പൂർണ്ണതയിലെത്തിക്കേണ്ടതും അദ്ധ്യാപകരാവണം . അദ്ധ്യാപകനെ ഒഴിച്ചു നിർത്തിയ ഒരു സാങ്കേതികവിദ്യയും അഭിലഷണീയമല്ല . പഠനം ഒരു ജൈവപ്രക്രിയയാണ്. അദ്ധ്യാപകനും കുട്ടിയും സമൂഹവും ചേർന്നുള്ള ജൈവപ്രക്രിയ .


അപ്പോഴെ നമ്മുടെ ക്ലാസ് മുറികളിൽ പഠനം ഹൈടെക്കും ലോകനിലവാരത്തിലുള്ളതുമാകൂ .