01 June 2011

പുതുപുസ്തകങ്ങളുടെ തൂമണം


പുതുവർഷം.പുത്തൻ പുസ്തകങ്ങൾ. മുഴുവൻ കേരളീയർക്കും അവകാശപ്പെടാവുന്ന ഓര്‍മ്മകളും അനുഭൂതികലുമാണിവ.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എറ്റവും കാൽപ്പനികമായ സങ്കൽപ്പം പുത്തൻ പുസ്തകങ്ങളുടെ മണം തന്നെയാണ്. ഗന്ധപരമായ സവേദന തീക്ഷ്ണത മലയാളിയുടെ സവിശേഷതയാണെന്നുതന്നെ പറയാം. കാർഷികരംഗത്തുള്ള മലയാളിയുടെ സാംസ്കാരികമേൽക്കോയ്മയുടെ അനുഭവങ്ങൾ ജീനുകളിലൂടെ ഇന്നും ഓരോമലയാളിയുടെയും ബോധങ്ങളിൽ നിലനിൽക്കുന്നുവെന്നതുതന്നെയാവാം ഇതിന്ന് കാരണമായി പറയാവുന്നത്. പുത്തന്‍ പുസ്തകങ്ങളുടെ തൂമണങ്ങളുമായി വീണ്ടും ഒരു അധ്യയന വർഷം ആരംഭിക്കുന്നു.

 ഇനി പഠിക്കാൻ തുടങ്ങാം
ഒന്നാം ചുവട്

പഠനം തുടങ്ങാനുള്ള നമ്മുടെ സ്വന്തം കൈമുതൽ പുതായി വാങ്ങിയ പാഠപുസ്തകങ്ങളും നേരത്തെ പഠിച്ച പാഠങ്ങളുമാണ്. ഇവ ഇനം തിരിച്ച് മനസ്സിലാക്കി വേണം പഠിക്കാനൊരുങ്ങാൻ.പരസ്പര ബന്ധിതങ്ങളാണ് പാഠങ്ങളൊക്കെത്തന്നെയെങ്കിലും നമ്മുടെ സാബ്രദായികരീതികൾ ബന്ധങ്ങളെ വേണ്ടത്ര പ്രയോജനപ്പെടുത്താത്തവയാണ്. പാഠബന്ധങ്ങൾ ഉയർന്ന ക്ലാസുകളിൽ അലപ്പാൽപ്പം ശ്രദ്ധിക്കാറുണ്ടെങ്കിലും
വിഷയപരമായ പാഠങ്ങൾ ഒരിക്കലും ബന്ധിപ്പിക്കാനാവാറില്ല. വിഷയങ്ങൾ പ്രധാനമായും രണ്ടാണ്: 1. ഭാഷ 2. ശാസ്ത്രം
1.   ഭാഷ: ഒന്നാം ഭാഷ മലയാളം / രണ്ടാംഭാഷ: ഇംഗ്ലീഷ് / മൂന്നാം ഭാഷ: ഹിന്ദി
ഒന്നാം ഭാഷ: മലയാളം / അറബിക്ക്/ ഉർദു / സംസ്കൃതം എന്നിങ്ങനെ പലതുണ്ട്.
മലയാളം രണ്ടു പാഠപുസ്തകങ്ങൾ : ‘ടെക്സ്റ്റ് / ‘ബിടെക്സ്റ്റ് (ബിടെക്സ്റ്റ് പഴയ മലയാളം ബി ക്ക് പകരം വന്നതാണ്.പഠനത്തിൽ ഉള്ളടക്കത്തിലും രീതിയിലും വലിയ മാറ്റവുമുണ്ട് )
2.   ശാസ്ത്രം: സോഷ്യത്സയൻസ് / ഭൂമിശാസ്ത്രം / ഫിസിക്സ് / കെമിസ്ത്രി / ബയോളജി / ഗണിതം / .ടി എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഇതിലുണ്ട്.
ഇത്രയും പാഠപുസ്തകങ്ങൾ സമാഹരിക്കുകയും തിരിച്ചറിയുകയും ആണ് പഠനത്തിന്റെ ഒന്നാം ചുവട്.

രണ്ടാം ചുവട്

ക്ലാസ് മുറിയായിലെ പ്രവർത്തനങ്ങളാണ് ഇനി. ഓരോ ദിവസവും അധ്യാപിക ആവശ്യപ്പെടുന്ന പഠന സാമഗ്രികളുമായി ക്ലാസിലെത്തുക എന്നതാണ് പ്രാഥമികമായ  കർത്തവ്യം. പഠന സാമഗ്രികൾ രണ്ടുതരത്തിലുണ്ട്:
ഒന്ന്-പാഠപുസ്തകം/ നോട്ടുപുസ്തകം
രണ്ട്- ഗൃഹപാഠം
അന്നന്ന് നടക്കുന്ന തത്സമയക്ലാസ്രൂം പഠനപ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താനുള്ളതാണ് ഇതു രണ്ടും. ഭാഷയായാലും ശാസ്ത്രമായാലും ഇതു രണ്ടും കയ്യിലുണ്ടാവണം. കൂടെ ഇൻസ്റ്റ്റുമെന്റ് ബോക്സ് തുടങ്ങിയ സാമഗ്രികളും. വായിക്കാനും എഴുതാനുമുള്ള ഉപകരണങ്ങൾ തന്നെയാണിവ. ഗൃഹപാഠം തുടങ്ങിയ തുടർപ്രവർത്തനങ്ങൾക്കുള്ള ഒരുക്കമാണിവ.

എഴുത്ത്-വായന:- പാഠപുസ്തകവായനയും നോട്ടുപുസ്തക വായനയും ഉണ്ട്. പാഠപുസ്തകത്തിന്റെ സ്വയം നിർമിത അധികപാഠങ്ങളാണ് നോട്ടുപുസ്തകത്തിൽ നാം തയ്യാറാക്കുന്നത്. പണ്ടിത് ചോദ്യോത്തരങ്ങൾ ആയിരുന്നു. ഇന്നത് അധിക പാഠങ്ങളാണ്. ക്ലാസ്മുറിയിൽ വെച്ചും അല്ലാതേയും നാം ഒറ്റക്കും ഗ്രൂപ്പായും ഉണ്ടാക്കിയെടുക്കുന്ന പാഠങ്ങൾ. അപ്പോൾ ഇതു എഴുത്തും വായനയും ചേർന്നതാണ്.വെറും വായനയും വെറും എഴുത്തുമില്ല കുട്ടിക്ക്.
 ഭാഷയിൽ ഇത് വിവിധ വ്യവഹാരരൂപങ്ങളുടെ മാതൃകകളും ശാസ്ത്രവിഷയങ്ങളിൽ പ്രവർത്തനങ്ങളുടെ രൂപരേഖയുമാണ്. പ്രോസസ്സ് തന്നെ. അസൈന്മെന്റ്, പ്രോജക്ട് എന്നൊക്കെ പറയുന്നവയുടെ പ്രവർത്തന രൂപരേഖ. കൂട്ടത്തിൽ അധികവിവരങ്ങളും കാണും. അധികവിവരങ്ങളേക്കാൾ അവ ലഭിക്കുന്നതിന്നുള്ള മാർഗ്ഗ രേഖകളായിരിക്കും. അധ്ആപിക ചൂണ്ടിക്കാണിച്ചുതന്നവയും തന്റെ പഠനഗ്രൂപ്പിൽ നിന്ന് ലഭിച്ചവയും കാണും. പഠനവേളയിലെ തന്റെ ചിന്താപ്രക്രിയയും ഇതോടൊപ്പം ചേരും. ‘എല്ലാ വരിയിലും അക്ഷരങ്ങളുടെ എണ്ണം ഒരുപോലെയല്ലല്ലോ?, വശം അളവുകൂടുമ്പോൾ വിസ്തീർണ്ണം വ്യത്യാസപ്പെടില്ലേ? വാക്യത്തിൽ എന്തോ അഭംഗിയുണ്ടല്ലോ!ടെസ്റ്റ്യൂബിലെ അഴുക്ക് മുഴുവൻ കളയുന്നതെങ്ങനെ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കുട്ടിയുടെ ചിന്താപ്രക്രിയയുടെ ആലേഖനമണ്. ‘ഒരു പ്രവർത്തനം ചെയ്യാൻ അധ്യാപിക നിർദ്ദേശിക്കുന്നതോടെ ഇതുപോലുള്ള ഒരുപാട് ചിന്തകൾ കുട്ടിയിൽ ഉണ്ടാവുന്നുണ്ട്. അതൊക്കെയും കുറിച്ചുവെച്ചുകൊണ്ടുകൂടിയായിരിക്കണം പ്രവർത്തനം ക്ല്ലാസിൽ ചെയ്യാൻ. അപ്പോൾ മാത്രമേ അധ്യാപികകക്ക് കുട്ടിയുടെ മാനസികപ്രവർത്തനങ്ങൾ മൂല്യനിർണ്ണയ വേളയിൽ കണ്ടെത്തനാകൂ.നിരന്തര നിരീക്ഷണത്തിലും സഹായം നൽകുന്നതിലും അർഥപൂർത്തി കൈവരൂ. നൽകിയ പ്രവർത്തനങ്ങളുടെ ഉൽപ്പന്നം മാത്രം നോക്കിയാൽ അപൂർണ്ണമായിരിക്കും.
ഇത്തരത്തിലുള്ള എഴുത്തിന്നും വായനക്കും ഒരുങ്ങലാണ് കുട്ടി ഇവിടെ ചെയ്യാൻ തുടങ്ങുന്നത്.

ഗൃഹപാഠം:- ക്ലാസ്മുറിയിലെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഗൃഹപാഠം. നിലവിൽ അത് ഒരുതരം ആവർത്തനം മാത്രമായിപ്പോകുന്നുണ്ട്. ക്ലാസിൽ ചെയ്ത ഒരു പ്രവർത്തനം ആവർത്തിക്കുക; ഈഷൽ ഭേദങ്ങളോടെ ആവർത്തിക്കുക; ക്ലാസ്രൂം പ്രവർത്തനം റഫ് കോപ്പിയിൽ നിന്ന് ഫെയർ കോപ്പി ഉണ്ടാക്കുക; എഴുത്ത് പൂർത്തിയാക്കുക; വായന പൂർത്തിയാക്കുക എന്നിങ്ങനെ ഗൃഹപാഠം ഒരുതരം നിർജ്ജീവത്തുടർച്ച മാത്രമേ ആകുന്നുള്ളൂ. കുട്ടിക്ക് ഗൃഹപാഠം ക്ലാസ്രൂം പ്രവർത്തനങ്ങളുടെ സ്വാഭാവികമായ തുടർചയും പുതിയ പാഠവും ആയിരിക്കണം

ഗൃഹപാഠം ഓരോന്നും പുത്തൻ ആക്ടിവിറ്റികൾ ആണ് കുട്ടിക്ക്.  പാഠപുസ്തകം, നോട്ടുപുസ്തകം എന്നിവയേക്കാൾ ഇവിടെ കുട്ടി പ്രയോജനപ്പെടുത്തുന്നത് മുന്നറിവുകളും പുതിയ അറിവുകളുമായിരിക്കും. മുൻ ക്ലാസുകളിൽ പഠിച്ച പാഠങ്ങളും പുതിയതായി വായിക്കുന്ന (ലൈബ്രറി) സംഗതികളും ഗൃഹപാഠങ്ങളിൽ പ്രയോജനപ്പെടും. കുട്ടി സ്വയം ചെയ്യുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളും ഗൃഹപാഠങ്ങളിൽ പ്രയോജനപ്പെടണം. ഇവിടെയും നോട്ടുപുസ്തകം പ്രധാനമാണ്. കുട്ടിയുടെ മനോഭൂപടം ആലേഖനം ചെയ്യപ്പെടുന്നത് ഇതിലാണ്. ഇതാണ് കുട്ടിക്ക് അവളുടെ പഠനത്തിൽ / ഉത്തരത്തിൽ മൌലികത നൽകുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റേയും സഹായസഹകരണങ്ങൾ ഇവിടെയാണ് കുട്ടിക്ക് ലഭിക്കേണ്ടത്.
ഗൃഹപഠത്തിന്റെ-പഠനത്തിന്റെ ഭാഗമായാണ് കുട്ടിക്ക് ലോക്കൽ ലൈബ്രറികളിൽ പോകേണ്ടി വരുന്നത്. സ്കൂൾ ലൈബ്രറി ആവശ്യപ്പെടേണ്ടി വരുന്നത്. പത്രവായന പോലുള്ള സംഗതികൾ പ്രധാനമാവുന്നത്. വീട്ടുപണികളിൽ സഹായിക്കേണ്ടിവരുന്നത്. മരം വെച്ചുപിടിപ്പിക്കുകയും കിണർ ക്ലോറിനേറ്റ് ചെയ്യുകയും കൊതുകു നശീകരണത്തിൽ ഏർപ്പെടുകയും ചെയ്യേണ്ടി വരുന്നത്. വിത്തുമുള്യ്ക്കുന്നത് നിരീക്ഷിക്കുകയും നക്ഷത്രനിരീക്ഷണം ചെയ്യുകയും പെയ്ത മഴയുടെ അളവ് പരിശോധിക്കുകയും വേണ്ടി വരുന്നത്.
ഇതൊക്കെയാണ് ഗൃഹപാഠം ചെയ്യുന്നതിന്ന് കുട്ടി ഘട്ടത്തിൽ ഒരുങ്ങുന്നത്.

മൂന്നാം ചുവട്

ഒന്നും രണ്ടും ചുവടുകൾ അധ്യാപികയുടെ മേൽനോട്ടത്തിലാണെങ്കിൽ മൂന്നാം ചുവട് കുട്ടി വളരെ സ്വതന്ത്രമായി ഏർപ്പെടുന്ന അവസരമാണ്. അവളുടെ ഗാർഹികപരിസരത്തിൽ സാമൂഹ്യമായി ബന്ധപ്പെട്ടാണിവ മിക്കതും ചെയ്യപ്പെടുന്നത്. (സ്കൂളിന്റെവട്ടത്തിൽ കൃത്രിമമായി ഇതൊക്കെയും ചെയ്ത് നാം സർഗ്ഗത്മകതയെ തളർത്തുന്നു എന്നത് അപഹാസ്യമാകുന്നു!) സ്വന്തം സർഗ്ഗത്മകതയുടെ വിളംബരമാണിത്. സാഹിത്യം-കല-കായികം-സാമൂഹ്യം-രാഷ്ട്രീയം-ശാസ്ത്രം തുടങ്ങിയ മേഖലകളിലെ സർഗ്ഗത്മക പ്രവർത്തനങ്ങൾ ആണിവിടെ നടക്കുന്നത്. ഒരു കഥ/ കവിത എഴുത്താകാം; ഒരു നൃത്തം ചിട്ടപ്പെടുത്തലാവാം; ഫുട്ബാൾടീമിൽ പങ്കെടുക്കലാകാം; പരിസരശുചീകരണമാവാം; ഒരു രാഷ്ട്രീയയോഗത്തിൽ പങ്കെടുക്കലോ സംഘടിപ്പിക്കലോ ആകാം; ഒരു പരീക്ഷണം സ്വയം സംഘടിപ്പിക്കലാവാം.പലതാകാം.ഇതൊക്കെയും പ്രത്യക്ഷമായോ പരോക്ഷമായോ കുട്ടിയുടെ പഠനപ്രവർത്തനങ്ങളെ മൌലികമാക്കുന്നു/ ശക്തിപ്പെടുത്തുന്നു / അർഥപൂർണ്ണമാക്കുന്നു / കരിക്കുലം പ്രസ്താവനകളെ താനറിയാതെ സ്വയം ഏറ്റെടുക്കലാക്കുന്നു.

ഇപ്പോൾ ഇത്രയും മതി. തുടർന്നുള്ള ചുവടുകൾ- എങ്ങനെ വായിക്കണം, എങ്ങനെ എഴുതണം, ഗ്രൂപ്പുകളിൽ എങ്ങനെ ഇരിക്കണം, മനോഭൂപടം എങ്ങനെ കുറിക്കാം തുടങ്ങിയ സംഗതികൾ ഇനിയൊരിക്കലാവാം.

2 comments:

സുജനിക said...

ഒന്നും രണ്ടും ചുവടുകൾ അധ്യാപികയുടെ മേൽനോട്ടത്തിലാണെങ്കിൽ മൂന്നാം ചുവട് കുട്ടി വളരെ സ്വതന്ത്രമായി ഏർപ്പെടുന്ന അവസരമാണ്. അവളുടെ ഗാർഹികപരിസരത്തിൽ സാമൂഹ്യമായി ബന്ധപ്പെട്ടാണിവ മിക്കതും ചെയ്യപ്പെടുന്നത്. (സ്കൂളിന്റെ ‘ഠ’ വട്ടത്തിൽ കൃത്രിമമായി ഇതൊക്കെയും ചെയ്ത് നാം സർഗ്ഗത്മകതയെ തളർത്തുന്നു എന്നത് അപഹാസ്യമാകുന്നു!) സ്വന്തം സർഗ്ഗത്മകതയുടെ വിളംബരമാണിത്. സാഹിത്യം-കല-കായികം-സാമൂഹ്യം-രാഷ്ട്രീയം-ശാസ്ത്രം തുടങ്ങിയ മേഖലകളിലെ സർഗ്ഗത്മക പ്രവർത്തനങ്ങൾ ആണിവിടെ നടക്കുന്നത്.

Kalavallabhan said...

ചുവടുകൾ തെറ്റാതെ ഒരോ കൊച്ചുകൂട്ടുകാരും മുന്നേറട്ടെ..