06 May 2011

വിദ്യാഭ്യാസം സാമൂഹ്യമാറ്റത്തിന്ന്

ആമുഖം:

രാജ്യത്ത് നിലവിലുള്ള  വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നമ്മുടെ ക്ലാസ്മുറികൾ ഇന്നിന്റേയും ആസന്നഭാവിയിലേയും സാമൂഹ്യവികാസത്തിന്ന് കുറെകൂടി അർഥപൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയണം. അധ്യാപകൻ, കുട്ടി, രക്ഷിതാവ്, സമൂഹം എന്നിവക്കൊപ്പം സർക്കാർ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെയും സംയുക്തമായ രക്ഷാകർത്തൃത്വവും കർമ്മശേഷിയും ഇതിന്നാവശ്യമാകുന്നു. സമൂഹ്യവികാസം എല്ലാവരുടേയും പങ്കാളിത്തത്തോടെയുള്ളതാവുമ്പോഴാണ് മികച്ചതും പ്രായോഗികവും സുസ്ഥിരവും ആയിത്തീരുന്നത്.

സ്ഥിതി-അവലോകനം

കഴിഞ്ഞ ഒരു ദശകത്തിന്നിടയ്ക്ക് അക്കാദമിക്ക് രംഗത്തുണ്ടായ വികാസം അഭിമാനാർഹമാണ്. ഇതിൽ ശ്രദ്ധേയമായവ:
·         കുട്ടികളുടേയും അധ്യാപകരുടേയും ക്ലാസ്‌റൂം പ്രവർത്തനങ്ങളിൽ ഉണ്ടായ മാറ്റം സ്കൂളിന്റെ മുഖഛയതന്നെ മാറ്റിമറിച്ചു
·         അർഥപൂർണ്ണമായ ‘പഠനം’കൊണ്ട് സുസ്ഥിരമായ അറിവ് നേടാൻ സാധിച്ചു
·         പ്രവർത്തനങ്ങളിലൂന്നിയുള്ള പഠനം ക്ലാസ്‌മുറികളെ സജീവമാക്കി
·         ശിശുകേന്ദ്രീകൃതമായ സമീപനം-ക്ലാസ്മുറികളിൽ ഉണ്ടാക്കാൻ ശ്രമിച്ചു
·         ക്ലാസ്മുറികളും സ്കൂളും പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ അനുകൂലമായി നിൽക്കുന്നു
·         ശാസ്ത്രീയവും നിരന്തരം പുതുക്കപ്പെടുന്നതുമായ അറിവ് നിർമ്മാണം നടക്കുന്നു
·         കുട്ടിക്ക് സ്വയം പഠിക്കാനുള്ള ശേഷി രൂപപ്പെടുന്നു
·         നിർഭയമായി കുട്ടിക്ക് ക്ലാസിൽ പ്രവർത്തിക്കാൻ കഴിയുന്നു
·         മൌലികമായ പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും ലഭിക്കുന്നു
·         ഓരോ സ്കൂളിന്നും തനതയ പ്രവർത്തനങ്ങൾക്ക് സാധ്യത നൽകുന്നു
·         .
സ്കൂൾ തലം

നമ്മുടെ സ്കൂൾ ഇപ്പോഴും ഒരു അടഞ്ഞ സ്ഥാപനമാണ്. സ്കൂൾ കോമ്പൌണ്ട്, സ്കൂൾ ക്യാമ്പസ്സ് ,ഓഫീസ്, ക്ലാസ്രൂം, സീറ്റ്, തുടങ്ങിയ വിവക്ഷകൾ ഇതാണ്. ഇപ്പൊഴും നമുക്ക് (സമൂഹത്തിന്നും സർക്കാരിന്നും) സ്കൂൾ എന്നാൽ കെട്ടിടവും മുറികളും തന്നെ. ഇതാകട്ടെ കേവലം അളവുപരമാണ്. 20-20/ 20-12 എന്നൊക്കെ. ദശാബ്ദങ്ങളായി ഇതൊക്കെ ഇങ്ങനെയാണ്. സ്കൂൾ സമയവും ഇതാണവസ്ഥ. സംസ്ഥാനം മുഴുവൻ 10-4 എന്ന സമയക്കണക്കിൽ പൊതുവെ ഒതുങ്ങുന്നു.ശനി, ഞായർ അവധി, രാവിലെ അസംബ്ലി, ഇന്റെർവെൽ, പരീക്ഷ, അച്ചടക്കം,ശിക്ഷ, അഡ്മിഷൻ തുടങ്ങിയ സംഗതികളിലും ഐകരൂപ്യം കാണാം. സ്കൂളിൽ പി.ടി.എ , ലോക്കൽ റിസോർസ് ഗ്രൂപ്പ്, സാമൂഹ്യ സഹായ സംവിധാനങ്ങൾ , കുട്ടികളുടെ പാർലമെന്റ്,സ്പെഷൽഫീ കമ്മറ്റി, എന്നിവയൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളുടെ അവസാന വാക്ക് ഹെഡ്മാസ്റ്റർ തന്നെ. ക്ലാസ്മുറിയിൽ അധ്യാപകനും. ക്ലാസ് മുറിയിൽ 40-45 മിനുട്ട് എന്തു നടക്കുന്നു എന്നാർക്കും മനസ്സിലാക്കാനാവില്ല.
ഹെഡ്മാസ്റ്റർക്ക് മുകളിൽ എ.ഇ.ഓ, ഡി.ഇ.ഒ തുടങ്ങിയ അധികാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതൊക്കെ നാമമാത്രമായി നിലകൊള്ളുന്നു. ത്രിതല പഞ്ചായത്തുകൾക്ക് വിദ്യാഭ്യാസകാര്യത്തിലുള്ള ശ്രദ്ധ പലപ്പോഴും പ്ലാനിൽ ചെറിയൊരു ഫണ്ട് നീക്കി വെക്കുന്നതിൽ അവസാനിക്കുന്നു.  

അക്കാദമിക്ക് തലം

സ്കൂൾ അടഞ്ഞാവസ്ഥയാണെങ്കിൽ അക്കാദമിക്ക് തലം തുറന്ന സംവിധാനമാണ്. ഈ വൈരുധ്യം ഏതു നവീകരണത്തേയും കീഴ്മേൽമറിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ നടന്ന നവീകരണങ്ങൾ ഒക്കെ തന്നെ അക്കാദമിക്ക് തലം വളരെ സചേതനവും ആധുനികവുമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ, ക്ലാസ്രൂം ട്രാൻസാക്ഷൻ, ക്ലാസ്രൂം പ്രവർത്തനങ്ങൾ, ലാബ് ,ലൈബ്രറി, കളിസ്ഥലം, പൊതു വായനശാലകൾ തുടങ്ങി സാമൂഹ്യസംവിധാനങ്ങൾ ഒക്കെത്തന്നെ വളരെയേറെ ശാസ്ത്രീയമായി പ്രയോഗിക്കപ്പെടാനും പ്രയോജനപ്പെടുത്താനും അലോചിച്ചിട്ടുണ്ട്.

അധ്യാപകർക്ക് തങ്ങളുടെ ശേഷിവർദ്ധിപ്പിക്കുന്നതിന്നായുള്ള നിരന്തര പരിശീലനങ്ങൾ നിലവിലുണ്ട്. പാഠപുസ്തകങ്ങൾ,കൈപ്പുസ്തകങ്ങൾ, മറ്റു സഹായകസാമഗ്രികൾ,പഠനോപകരണങ്ങൾ തയ്യാറാക്കാനുള്ള ചെറിയ സാമ്പത്തിക സഹായം,  കമ്പ്യൂട്ടർ, ലാബ്, ലൈബ്രറി, ഉച്ചഭക്ഷണം, പോഷകാഹാരം, ‘ഒരുക്കം‘ പോലുള്ള പരീക്ഷാ സഹായികൾ, കല-കായിക പ്രവർത്തനങ്ങൾക്കുള്ള സവിശേഷ സംരംഭങ്ങൾ എന്നിവ മികച്ച രീതിയിൽ ലഭിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.


കുറേകൂടി മികവ്-അധിക ഫലപ്രാപ്തി

ഇത്രയും സംവിധാനങ്ങളാണ് നിലവിൽ ഉള്ളത് എന്നത് നല്ലതുതന്നെ. ഉള്ള സംവിധാനങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയലാണ് പ്രധാനം. അതൊക്കെയും ഉപയോഗിക്കാനുള്ള പ്രാപ്തി നേടലും ഉണ്ടാവണം. നന്നായി ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇനിയും പ്രയോജനപ്പെടുത്താത്തവരെ അതിന്ന് പ്രേരിപ്പിക്കുകയും കൂടെ വേണം.

നിലവിലുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി വിതരണം ചെയ്യപ്പെടണം. എല്ലാവർക്കും എല്ലാം കിട്ടുന്നു എന്നുറപ്പാക്കണം. അധികമാവശ്യമുള്ള ഇടങ്ങളിൽ എത്തിക്കാൻ കഴിയണം. പരസ്പര കൈമാറ്റവും ലഭ്യതയും ഉണ്ടാവണം. ആവശ്യങ്ങൾ ഉടനടി അറിഞ്ഞ് ചെയ്യാൻ വേണ്ട മാനേജ്മെന്റ് രൂപപ്പെടണം.

നന്നായി ഉപയോഗിക്കൽ-അതിന്നുള്ള പ്രാപ്തി നേടൽ

1.   കുട്ടികളുടെ ഭാഗത്ത് നിന്നു നോക്കുമ്പോൾ
കുട്ടി ഇപ്പോഴും നിസ്സഹായാവസ്ഥയിൽ തന്നെ ഇരിക്കുന്നു.
ലഭ്യമായ പഠന സാഹചര്യം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള പരിശീലനം കുട്ടിക്ക് നൽകണം.
കുട്ടികൾക്ക് പഠനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള യാതൊരു പരിശീലനവും ഇന്നേവരെ ആരും ആലോചിച്ചിട്ടില്ല.
സ്വന്തം ശേഷിയും അക്കാദമിക്ക് താൽ‌പ്പര്യവും വളർത്തിയെടുക്കാൻ കുട്ടിക്ക് കഴിയണം.അതിന്ന് വേണ്ട പരിശീലനങ്ങൾ വേണം
സ്വന്തം അവകാശങ്ങൾസംബന്ധിച്ച അറിവ് കുട്ടിക്ക് നൽകണം
അധിക പഠനത്തിന്നുള്ള സാഹചര്യം കുട്ടിക്ക് ലഭിക്കണം- കല. കായികം,തൊഴിൽ , ഗവേഷണം തുടങ്ങിയവയിൽ
പഠനോപകരണങ്ങൾക്കുള്ള സഹായം ഇന്നേവരെ കുട്ടിക്കില്ല: ഒരു ഡിക്ഷണറി, ഇൻസ്റ്റ്ട്രുമെന്റ് ബോക്സ്, ഒരു ശാസ്ത്രമാസിക, സ്വന്തം രചന പ്രസിദ്ധീകരിക്കാനുള്ള ഒരു ചാർട്ട് പേപ്പർ,
കുട്ടിയുടെ സാമൂഹ്യ സാംസ്കാരക വികാരങ്ങൾ പരിഗണിക്കപ്പെടണം. പലപ്പോഴും ഇത് അവഗണിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്നു എന്നു കാണാം
കരിക്കുലം ട്രാൻസാക്ഷന്റെ ഭിന്ന രീതികൾ പ്രയോജനപ്പെടുത്തണം-ഇന്നത്തെ ഏകതാനത ഇല്ലാതാവണം.
ശിശുകേന്ദ്രീകൃതം- എന്ന വിവക്ഷ പൂർണ്ണമായും പരിഗണിക്കപ്പെടണം
പ്രാദേശികപഠനകേന്ദ്രം,ക്ലാസ്‌സഭകൾ പോലുള്ള സംവിധാനങ്ങൾ പ്രാവർത്തികമാകണം

2.   അധ്യാപകന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ

സർക്കാർ പൊതുവായും ത്രിതലപഞ്ചായത്തുകൾ വഴിയും സ്കൂളുകൾ തനതായും ഒരുക്കുന്ന എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കലാണ്  പരമപ്രധാനം. ട്രയിനിങ്ങുകളിലും മറ്റു ബോധവത്ക്കരണ പ്രവർത്തനങ്ങളിലും ഇതിന്നായുള്ള ഒരു ഘടകം ഉൾപ്പെടണം. നൂതന സംവിധാനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നതിൽ തുടർച്ച തീരെ ഇല്ല.
പൊതുവെ ട്രയിനിങ്ങുകൾ ചെറിയൊരു ശതമാനം ഫലം പോലും പ്രതീക്ഷിക്കുന്നില്ല എന്നു തോന്നും. ട്രയിനിങ്ങ് ഘടന അതിനനുസരിച്ചുള്ളതാവുകയാണ് .
·         ഒരു ട്രയിനിങ്ങ് ക്ലാസിൽ 20 മുതൽ 100 വരെയാണ് പങ്കാളികൾ
·         മൊത്തം പ്രവർത്തനത്തിൽ അധികവും പഠിപ്പിക്കുന്നവർക്കാണ് . പങ്കെടുക്കുന്നവർക്ക് ഏറ്റവും കുറച്ചും
·         പങ്കാളികളുടെ ആവശ്യം അറിഞ്ഞോ അവരെ സജീവ പങ്കാളിത്തമുള്ളവരാക്കിയോ ഉള്ള പരിശീലനങ്ങൾ വളരെ കുറവ്
·         പരിശീലനപരിപാടി കഴിഞ്ഞിറങ്ങുന്നവർക്ക് യാതൊരു ആവേശവും മിക്കപ്പോഴും ഉണ്ടാകുന്നില്ല. ഔദ്യോഗികസംവിധാനങ്ങളുടെ പങ്ക് തീരെ ഇല്ല.
·         പങ്കാളികൾക്ക് മുന്നൊരുക്കങ്ങൾ യാതൊന്നും മിക്കപ്പൊഴും ഇല്ല
·          പങ്കാളികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാനുള്ള ഒരു വിധ ആവേശവും ഉണ്ടാകാറില്ല.
·         ധൃതിപിടിച്ച പരിശീലന മുന്നൊരുക്കങ്ങൾ പരിശീലനങ്ങളെ ചടങ്ങുകളാക്കുന്നു
·         .
.
സ്കൂൾ, ക്ലാസ്മുറികൾ, ഓഫ്ഫീസ്, ലാബ്, ലൈബ്രറി…….

തുടങ്ങിയവയുടെ പ്രയോജനം 20-30 % മാത്രമാണ്. കുട്ടികൾക്ക് ക്ലാസുള്ള ദിവസം മാത്രമേ ‘സ്കൂൾ’ ഉള്ളൂ. സ്കൂൾ ഒരു സാമൂഹ്യസംവിധാനമാണെന്ന കാര്യം ഏട്ടിലെ പശുവാണ്.
സ്കൂൾ ഓഫീസുകൾ, ടീച്ചേർസ് റൂം തുടങ്ങിയവ മിക്കപ്പോഴും കുട്ടികൾക്ക് ശിക്ഷാകേന്ദ്രങ്ങൾ മാത്രമാണ്.
ലാബ്, ലൈബ്രറി തുടങ്ങിയവയും കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാവുന്നില്ല. പൊതുവേ പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളാണിവ.
ക്ലാസ്മുറികൾ ഒരിക്കലും കുട്ടികൾക്ക് പ്രിയപ്പെട്ട ഇടങ്ങളായിട്ടില്ല.
ഇന്റെർവെൽ, അസംബ്ലി തുടങ്ങിയവയും കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകാനോ രസകരങ്ങളോ ആവുന്നില്ല. ഇന്റെർവെല്ലിൽ ഒരു മിനുട്ട് വൈകിയാൽ ക്ലാസിന്നു പുറത്ത് നിൽക്കേണ്ടിവരുന്ന ‘അച്ചടക്കം’ കുട്ടിക്ക് ഗുണം ചെയ്യില്ല
കുട്ടിയുടെ സ്വതന്ത്രമായ പഠനത്തിന്നും അവളാഗ്രഹിക്കുന്ന സഹായത്തിന്നും പലപ്പോഴും ക്ലാസ് മുറികൾക്ക് ഒന്നും ചെയ്യാനാവുന്നില്ല.
ഇരിപ്പിടം തൊട്ടുള്ള സംവിധാനങ്ങൾ എല്ലാം ഒരിക്കലും കുട്ടിക്ക് പഠനൌസ്യുക്യം നൽകുന്നില്ല.
.
.


പ്രോത്സാഹനം- പ്രേരണ
ഉള്ള സംവിധാനങ്ങൾ  ഫലപ്രദമായി പ്രയോഗിക്കാനുള്ള തീരുമാനങ്ങൾ ഓരോരുത്തരിലും ഉണ്ടാവണം. ഇതിന്നുവേണ്ട പ്രോത്സാഹനവും പ്രേരണയും ഉണ്ടായേ പറ്റൂ.

1.   കുട്ടിക്ക്
സ്കൂളും ക്ലാസ്മുറിയും കുട്ടിക്ക് പ്രിയപ്പെട്ടതാകാനുള്ള സാഹചര്യം
ഭിന്ന നിലവാരക്കാരെ ആ മട്ടിൽ പരിഗണിക്കൽ
ശിശുകേന്ദ്രീകൃതമായ ‘അച്ചടക്കം’
പിന്നൊക്കം നിൽക്കുന്നവർക്ക് പ്രത്യേക ഒരുക്കങ്ങൾ
അധികപഠനത്തിന്ന് പ്രേരണ-സാഹചര്യം
‘പരീക്ഷ പഠനത്തിന്റെ തുടർച്ച’ എന്ന അവസ്ഥ
എല്ലാവരിൽ നിന്നും സ്നേഹപൂർണ്ണമയ പെരുമാറ്റം
‘ദിവസം ഒരു പീരിയേഡ്’ കുട്ടിക്ക് സ്വന്തം പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുക
ക്ലബ്ബ് പ്രവർത്തനങ്ങളിലെ അർഥപൂർണ്ണത

2.   അധ്യാപകന്ന്
കാര്യങ്ങൾ നന്നായി ചെയ്യുന്നവരും ചെയ്യാത്തവരും എല്ലാം ഒരുപോലെയാവുന്ന സ്ഥിതിവിശേഷം എവിടെയും ഉണ്ട്. നന്നായി ചെയ്യുന്നവരെ ഒരിക്കൽ പോലും ആരും പരിഗണിക്കുന്നില്ല
സ്കൂൾ സംവിധാനത്തെ സംബന്ധിച്ച മോണിറ്ററിങ്ങ് ഒരിക്കലും ഫലം കാണുന്നില്ല. ഔദ്യോഗിക സംവിധാനങ്ങളുടെ മോണിറ്ററിങ്ങ് എഴുത്തുകുത്തുകളിൽ മാത്രമാണ്. അനാവശ്യമായ കടലാസുപണികളിൽ എല്ലാം തീരുന്നു
‘മികവ്’പ്രദർശനം പോലുള്ള സംരംഭങ്ങൾ നിരന്തരം ഉണ്ടാകണം. ‘മികവ്’ കേന്ദ്രങ്ങൾ സബ്-ജില്ലാ തലങ്ങളിൽ വേണം.
കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിയാത്തവരെ പ്രത്യേകം കാണണം. അവർക്കുവേണ്ട കൌൺസലിങ്ങ് അടക്കമുള്ള അധിക പരിശീലനങ്ങൾ നൽകണം
അധ്യാപകരുടെ കാര്യത്തിൽ കുട്ടികളുടെ വിലയിരുത്തലുകൾ പരിഗണിക്കപ്പെടണം
രക്ഷിതാക്കളുടെ , സമൂഹത്തിന്റെ വിലയിരുത്തൽ പരിഗണിക്കപ്പെടണം
പ്രൊഫഷണലിസം വളർത്തണം; ഒപ്പം സാമൂഹ്യവത്ക്കരണവും നടക്കണം
അധ്യാപകന്ന് തന്റെ മേഖലയിൽ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം. ജില്ലാതലത്തിൽ ഒരു ഗവേഷണകേന്ദ്രം-ഡയറ്റിന്റെ മേൽനോട്ടത്തിൽ ഉണ്ടാവണം.
ഡയറ്റിന്റെ പ്രയോജനം ഓരോ അധ്യാപകനും ലഭിക്കണം-ഇന്നത്തെ അവസ്ഥ മാറണം.
ഐ.ടി പ്രയോജനപ്പെടുത്തണം. അധ്യാപകരും കുട്ടികളും തമ്മിലുള്ള ജില്ലാതല കൂട്ടയ്മകൾ വളരണം.
ഗവേഷണപരമായ കാര്യങ്ങൾക്ക് മുന്തൂക്കം നൽകിയുള്ള ഒന്നായി ‘ഹരിശ്രീ പോർട്ടൽ‘ മാറണം
ജില്ലാതലത്തിൽ (തുടക്കത്തിൽ) അധ്യാപകരുടെ കൂട്ടയ്മ ഒരുക്കാൻ ഐ.ടി., ടീച്ചേർസ് ക്ലബ്ബ്, ക്ലസ്റ്ററുകൾ’, വിവിധ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ  തുടങ്ങിയവയുടെ സാധ്യത ഉപയോഗപ്പെടുത്തണം.
ത്രിതല പഞ്ചായത്ത്, പിടിഎ എന്നിവയുടേയും വിദ്യാഭ്യാസ ഏജൻസികളുടേയും ഇടപെടലുകൾ വർദ്ധിക്കണം. ക്ലാസ് സഭകൾ ഫലപ്രദമായി നടക്കണം.
.
.

അറിവും സഹായക സംവിധാനങ്ങളും
ശാസ്ത്രീയമായ വിതരണം-ലഭ്യത

സ്കൂളുകളുടെ പശ്ചാത്തല സൌകര്യങ്ങളിൽ -ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം ഇല്ലാതാവണം
പഠനസാമഗ്രികളായാലും ഇൻഫ്രാസ്റ്റ്രക്ചർ സംവിധാനങ്ങളായാലും എല്ലാ സ്കൂളുകൾക്കും എല്ലാം ലഭിക്കുന്ന അവസ്ഥ ഉണ്ടാവണം. സർക്കാർ, ത്രിതലപഞ്ചായത്തുകൾ, മാനേജർ, മറ്റു സാമൂഹ്യഘടകങ്ങൾ എന്നിവയുടെ ഒത്തൊരുമ ബോധപൂർവം നിർമ്മിക്കണം
അവശ്യസാധനങ്ങൾ എല്ലാ കുട്ടിക്കും അധ്യാപകനും കിട്ടിയെന്നുറപ്പുവരുത്തണം
വിതരണത്തിലെ അശാസ്ത്രീയമായ ചുകപ്പുനാടകൾ , കാലതാമസം എന്നിവ ഉണ്ടാകരുത്
വിഭവങ്ങളുടെ ശാസ്ത്രീയമായ വിതരണം. ഒരു സ്കൂളിന്ന് വീണ്ടും വീണ്ടും ഫണ്ട്; തൊട്ടടുത്ത സ്കൂളിൽ ദാരിദ്ര്യം എന്ന അവസ്ഥ പാടില്ല
മികച്ച അനുഭവങ്ങൾ -മികച്ച അധ്യാപകർ, മികച്ചകുട്ടികൾ എന്നിവയൊക്കെ എല്ലാർക്കും ലഭ്യമാകണം.
ലഭിച്ച സാധനങ്ങൾ പ്രയോജനപ്പെടുത്തിയെന്നുറപ്പാക്കാനുള്ള മോണിറ്ററിങ്ങ് ഉണ്ടാവണം. പരസ്പരം (വ്യക്തിപരമായി,സ്ഥാപനപരമായി) കൈമാറാനും ഉപയോഗിക്കാനും കഴിയണം
സബ്ജില്ല കേന്ദ്രീകരിച്ച് എല്ലാ അർഥത്തിലും റിസോർസ് കേന്ദ്രങ്ങൾ വേണം.
അധ്യാപകർക്കുള്ള ക്ലബ്ബുകൾ-കൂട്ടായ്മകൾ സബ്ജില്ലാ തലത്തിൽ ഉണ്ടാവണം.
ഐ.ടി. തുടങ്ങിയ സംവിധാനങ്ങൾ എല്ലാർക്കും ലഭ്യമാക്കണം.

രക്ഷിതാക്കളുടെ പങ്ക്
രക്ഷിതാക്കളുടെ പങ്ക് ഇപ്പൊഴും പൂർണ്ണമായി വിനിയോഗിക്കാനായിട്ടില്ല. സാമ്പത്തികത്തിന്നപ്പുറം കുട്ടികൾക്ക് വേണ്ട സഹായം നൽകാൻ രക്ഷിതാക്കളെ ഇനിയും സജ്ജരാക്കിയിട്ടില്ല.
·         രക്ഷിതാവ് 90%വും ഇപ്പൊഴും സ്കൂൾ സംവിധാനത്തിന്ന് പുറത്ത് നിൽക്കുന്നു
·         തന്റെ കുട്ടിയെ പറഞ്ഞയക്കാനുള്ള ഒരു സംവിധാനം മാത്രമാകുന്നു ഇപ്പോഴും സ്കൂൾ
·         കുട്ടിയുടെ പഠനം കഴിയുന്നതോടെ രക്ഷിതാവും സ്കൂളിന്ന് പുറത്തവുന്നു
·         കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്-വലിയ ചർച്ചാ വിഷയമാണെങ്കിലും ഇക്കാര്യത്തിൽ സാർഥകമായി ഒന്നും നടക്കുന്നില്ല
·          സ്കൂൾ ഇന്നും മാഷമ്മാരുടെതാ‍ണ്- കുട്ടികളുടേയോ സമൂഹത്തിന്റേയോ ആയിട്ടില്ല
·         സ്കൂൾ രക്ഷിതാവിന്റേതുകൂടിയാവണം.’എന്റെ കുട്ടിയുടെ സ്കൂൾ-എന്റെ സ്കൂൾ’ എന്ന വികാരം ഉണ്ടാവണം
·         പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ നേരിട്ടുള്ള സഹായം ഉണ്ടാവണം
·         രക്ഷാകർത്തൃശാക്തീകരണം സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു അജണ്ടയാവണം
·         സ്കൂൾ ലാബ്, ലൈബ്രറി തുടങ്ങിയവ രക്ഷിതാക്കൾക്ക് പ്രയോജനപ്പെടണം. ഇവയുടെ പ്രയോജനത്തിലും പരിപാലനത്തിലും രക്ഷിതാക്കൾ ഉണ്ടാവണം

അധികാവശ്യങ്ങൾ നിറവേറ്റൽ

1.   കുട്ടിക്ക്

തൊഴിൽ, ഗവേഷണം, സർഗ്ഗത്മകത തുടങ്ങിയവക്കുള്ള സാഹചര്യങ്ങൾ ഓരോ സ്കൂൾ കേന്ദ്രീകരിച്ചു ഉണ്ടാവണം
പഠാനാവശ്യങ്ങൾ കണക്കിലെടുത്ത് ധനസഹായം പോലും കുട്ടിക്കും അധ്യാപകനും ലഭിക്കണം.ഇന്നത്തെ സ്കോളർഷിപ്പുകൾ പുനരവലോകനം ചെയ്ത് നവീകരിക്കണം. അർഹതപ്പെട്ടവർക്ക് സഹായം കിട്ടണം


2.   അധ്യാപകന്ന്
തന്റെ തൊഴിലിൽ മികവ് നേടാൻ വേണ്ട സഹായം നിരുപാധികമായി ലഭ്യമാക്കണം
അനുഭവങ്ങൾ പങ്കുവെക്കാനും സ്വാംശീകരിക്കാനും വേണ്ട വേദികൾ ഉണ്ടാവണം
ഔദ്യാഗികമായ കാര്യങ്ങളിലെ പരാതിപരിഹാര സെല്ലുകൾ സാമൂഹ്യമായി ഉണ്ടാവണം

3.   സമൂഹത്തിന്ന്
സാമൂഹ്യമായ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ സ്കൂളുകൾ പര്യാപ്തമാകണം
ജില്ലയിലെ എല്ലാ സ്കൂളുകളിലെയും മികവുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാകണം
സാമൂഹ്യമായ മേൽനോട്ടത്തോടൊപ്പം സ്കൂളാവശ്യങ്ങൾ പൂർത്തീകരിക്കാനും കൂടി സമൂഹത്തിന്ന് കഴിയണം

ഇത്രയുമാകുന്നതോടെ നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു എന്നു മാത്രമേ ആകുന്നുള്ളൂ . ഇതിൽ നിന്നുവേണം ഇനിയും ഒരുപാട് മുന്നോട്ട് നീങ്ങാൻ. സ്വന്തം സാമൂഹികാവസ്ഥ തിരിച്ചറിയാനും കൂടുതൽ മികവാർന്ന ഒരു സമൂഹത്തെ സ്വപ്നം കാണാനും അതിലേക്കെത്താനുള്ള തടസ്സങ്ങൾ മറികടക്കാനും വിദ്യാഭ്യാസം കൊണ്ടാവണം. പുതിയൊരു ലോകം ‘നാളത്തെ പൌരന്ന്’ നിർമ്മിക്കാനാവണം. അത് തീർച്ചയായും സാധിക്കുന്നത് ഇതിനെക്കാളുമൊക്കെ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ടുകൊണ്ടാവണം. ഇതൊക്കെ സാധിച്ചെടുക്കാനുള്ള ജ്ഞാനബലം നിർമ്മിക്കപ്പെടുന്നത് ക്ലാസ്‌മുറികളിൽ നിന്നു കൂടിയാണല്ലോ.

No comments: