03 May 2011

കുട്ടികൾക്കും പരിശീലനം വേണം

പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് ഇന്നേവരെ നമുക്ക് അധ്യാപകശാക്തീകരണത്തെ കുറിച്ചും രക്ഷാകർതൃശാക്തീകരണത്തെ കുറിച്ചും മാത്രമേ അലോചനകളും പ്രവർത്തനങ്ങളും ഉണ്ടായുള്ളൂ. കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് കുട്ടികളുടെ ശാക്തീകരണത്തെ സംബന്ധിച്ചും ചില പ്രവർത്തനങ്ങൾ എറ്റെടുക്കാൻ കാലമായെന്ന് തോന്നുകയാണ്.

നമ്മുടെ കുട്ടികൾ

ഈ ഘട്ടത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളെ കുറിച്ചാണ് അധികാനുഭവങ്ങൾ ഉള്ളത്. പുതിയ പാഠ്യപദ്ധതിയിൽ കൂടി കടന്നുവന്നവരാണിവർ. ചെറിയ ക്ലാസുകളിൽ കൂടി കടന്നുപോന്ന ഒരു പാടനുഭവങ്ങൾ ഇവർക്കുണ്ട്. പ്രോജക്ടുകൾ, അസൈന്മെന്റുകൾ, സെമിനാർ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പുകൾ.തുടങ്ങി നിരവധി. സ്വാഭാവികമായും ചെറിയ ക്ലാസുകളിൽ ഇവരെല്ലാം ഈ അനുഭവങ്ങളിലൂടെ കടന്നുപോരികയായിരുന്നു. അതിലെ സുഖങ്ങളും ദുഖങ്ങളും അവർക്കറിയാം. എന്നാൽ ഇങ്ങനെയുള്ള ‘കടന്നുപോരൽ’ മുതിർന്ന ക്ലാസുകളിൽ അർഥപൂർണ്ണമാവണമെങ്കിൽ അതിലെ തത്വശാസ്ത്രവും ചിന്തയും മനസ്സിലാക്കേണ്ടതുണ്ട്. രീതിശാസ്ത്രങ്ങളുടെ ഉള്ളുകള്ളികൾ ഉൾക്കൊള്ളേന്റതുണ്ട്.
ഇപ്പോൾ നമ്മുടെ മുതിർന്ന ക്ലാസുകളിൽ (8 മുതൽ) ഇരിക്കുന്ന ഒരു കുട്ടിയുടെ മനോഭാവം എന്താണ്? സ്കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്ന രക്ഷിതാവിന്റെ മനസ്സിൽ എന്താണ്? കുട്ടിയെ പഠിപ്പിക്കാൻ എത്തുന്ന മാഷിന്റെ മനസ്സിലൊ? സ്കൂൾ പി.ടി.എ, മാനേജർ, വിദ്യാഭ്യാസ അധികാരികൾ എന്നിവരുടെ യൊക്കെ മനസ്സിലോ? സമൂഹത്തിന്റെ ആഗ്രഹങ്ങളോ?സർക്കാറിന്റെ പ്രതീക്ഷകളോ?

കുട്ടിയുടെ വിചാരങ്ങൾ

ഇപ്പോൾ ഹൈസ്കൂളിൽ എത്തി. ഇതേവരെ പഠിച്ചതിനേക്കാളൊക്കെ
ഒരുപാട് സംഗതികൾ അധികം പഠിക്കാനുണ്ട്.
പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ മുമ്പത്തേക്കാൾ അധികം ഉണ്ട്.
വലിയ ക്ലാസായതുകൊണ്ട് കുറേകൂടി കാര്യഗൌരവം കാണിക്കണം. 10ഇൽ പൊതു പരീക്ഷയാണ്. ഇപ്പൊഴേ തുടങ്ങിയാലേ ഫുൾ എ+ കിട്ടൂ.
പഠിക്കാനുള്ള കാര്യങ്ങളിലൊക്കെ മാഷമ്മാർ വേണ്ടതൊക്കെ സഹായമായി തരും.
പഠിക്കാൻ പറയുന്ന- ചെയ്യാൻ പറയുന്ന സംഗതികളൊക്കെ പറഞ്ഞ സമയത്തിന്നുള്ളിൽ തന്നെ ചെയ്തെങ്കിലേ കാര്യങ്ങൾ നേരെയാവൂ.
പ്രോജക്ട്, അസൈന്മെന്റ് തുടങ്ങിയവയൊക്കെ ചെറിയക്ലാസുകളിലേതിനേക്കാൾ നന്നായി ചെയ്യേണ്ടിവരും. നന്നായി അധ്വാനിക്കേണ്ടിവരും.
ക്ലാസ് ടെസ്റ്റ്, പരീക്ഷകൾ എന്നിവ കുറേകൂടി നന്നായി ചെയ്യേണ്ടിവരും. എന്നാലേ മികവ് പുലർത്താനാവൂ.
അധികസമയം പഠനത്തിന്നായി നീക്കിവെക്കേണ്ടിവരും.
വീട്ടിൽ ചെന്നാൽ പഠിക്കാനുള്ള എല്ലാ സൌകര്യവും ഉണ്ട് / ഇനിയും ഒരുപാട് സൌകര്യം ഉണ്ടാക്കണം/ ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല
മാത്രമല്ല;
കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തു / കുറച്ചുമാത്രം പ്രവർത്തനങ്ങൾ ചെയ്തു/ പലപ്പോഴും ഒന്നും ചെയ്തില്ല
കഴിഞ്ഞ വർഷങ്ങളിൽ പഠിച്ചതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് / കുറെയൊക്കെ മനസ്സിലായിട്ടുണ്ട് / വേണ്ടത്ര മനസ്സിലായിട്ടില്ല
ചില വിഷയങ്ങൾ നന്നായി മനസ്സിലായിട്ടുണ്ട്/ ചിലത് ഒന്നും മനസ്സിലായിട്ടില്ല/
ചില വിഷയങ്ങളിൽ നല്ല ആത്മവിശ്വാസം ഉണ്ട്/ ചില വിഷയങ്ങളിലെ പേടി ഇപ്പൊഴും മാറിയിട്ടില്ല.
ചിലർ നല്ല മാഷമ്മാരായിരുന്നു-നല്ല ഇഷ്ടമായിരുന്നു / ചിലർ മോശം മാഷമ്മാരായിരുന്നു-പേടിയായിരുന്നു / ചിലർ ഒരക്ഷരം പോലും പഠിപ്പിച്ചില്ല-ഒരു വർക്കും ചെയ്യിച്ചിട്ടില്ല.

ചില സാമാന്യ ചിന്തകൾ ഇങ്ങനെയൊക്കെയാണ്. സവിശേഷ ചിന്തകളും ഉണ്ടാവും. ഇതൊക്കെ വിടെയെങ്കിലും ഔദ്യോഗികമായി ചർച്ചക്കുവരുന്നുണ്ടോ എന്നതാണ് പ്രശനം. കുട്ടിയുടെ സങ്കൽ‌പ്പങ്ങളും വേവലാതികളും കാര്യമായി എവിടെയും പരിഗണിക്കപ്പെടാറില്ല. പരിഹാരമുണ്ടാക്കേണ്ടവർ അവരുടെ സാഹചര്യങ്ങൾ-സാധ്യതകൾ ക്കപ്പുറമുള്ളവയെ ഒരികലും പരിഗണിക്കാറില്ലല്ലോ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പറയുമെങ്കിലും കുട്ടിയെ അറിഞ്ഞുള്ള പ്രവർത്തനങ്ങൾ മറ്റൊരുതരത്തിലാണ്.(കുട്ടിയുടെ പ്രകൃതം നമുക്കറിയാം. എന്നാൽ കുട്ടിയുടെ യഥാർഥ പ്രശ്നങ്ങളും ആവശ്യങ്ങളും കാര്യത്തിലെടുക്കാറുമില്ലല്ലോ.കൊല്ലത്തിലൊരിക്കൽ നടത്തുന്ന ഒരു കൌൺസിലിങ്ങിൽ എല്ലാം ഒതുങ്ങുന്നു. ) കുട്ടിയുമായി ഒരു സംവാദം ഇന്നേവരെ അർഥപൂർണ്ണമായി ഉണ്ടായിട്ടില്ല.ഇതിന്നൊരു പരിഹാരം കാണാൻ സമയം ഇനിയും നാം വൈകിച്ചുകൂടാ.

കുട്ടിക്കും വേണം പരിശീലനം

നന്നായി പഠിപ്പിക്കാൻ അധ്യാപകന്ന് പരിശീലനത്തിന്നൊരു കുറവുമില്ല. അതു നല്ലതു തന്നെ. പരിശീലനങ്ങളും ക്ലസ്റ്ററുകളും ഒക്കെ കുട്ടിക്കും ആവശ്യമെന്ന് ക്ലാസ്രൂം യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു.നന്നായി പഠിക്കാനുള്ള ശാസ്ത്രീയവഴികൾ കുട്ടിയെ ബോധ്യപ്പെടുത്താനുള്ള പരിശീലനങ്ങൾ അത്യാവശ്യമാകുന്നു. കുട്ടിയുടെ വിചാരങ്ങൾ ചിട്ടപ്പെടുത്താനും വളർച്ചയിലേക്ക് നയിക്കാനും പാകത്തിൽ രൂപീക്കരിക്കാൻ അവരെ സഹായിക്കുന്ന പരിശീലനങ്ങൾ.

അധ്യയനവർഷത്തിൽ രണ്ടു സ്പെല്ലിലായി മുഴുവൻ കുട്ടികൾക്കും ഈ പരിശീലനം നൽകണം. ടേമിലൊരിക്കൽ കുട്ടികളുടെ ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കണം. ഡയറ്റിലേയും ബി.ആർ.സി യിലെയും വിദഗ്ദ്ധർ ഇതിൽ സഹായത്തിനായി എത്തണം.

പരിശീലനം:
ഒരു പ്രത്യേക കാലയളവിൽ- രണ്ടു പരിശീലനങ്ങൾക്കിടക്ക് 
എന്തൊക്കെ പഠിക്കാനുണ്ട്- ടാസ്ക് ഫിക്സിങ്ങ്
എങ്ങനെയാണ് ശാസ്ത്രീയമായി പഠിക്കുക-ക്രമീകരണം
എന്താണ് പഠനം
എന്തൊക്കെയാണ് പഠന തന്ത്രങ്ങൾ/ രീതികൾ
സ്വയം മോണിറ്ററിങ്ങ് എങ്ങനെ
പരിഹാര പഠനം
അധ്യാപകന്റെ റോൾ
കുട്ടിയുടെ ചുമതല-അവകാശം
മൂല്യനിർണ്ണയനം എങ്ങനെ-തന്ത്രങ്ങൾ/ രീതികൾ

വിദ്യാർഥി ക്ലസ്റ്ററുകൾ:

വിവിധ വിഷയങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കൽ
അധിക അറിവുകൾ / അധിക പഠനവിഭവങ്ങൾ കൈമാറൽ
മോണിറ്ററിങ്ങ് – അനുഭവങ്ങൾ
സെമിനാറുകൾ / വിദഗ്ദ്ധരുടെ ക്ലാസുകൾ
ക്ലാസ്രൂം സാധ്യതകൾ/ പരിമിതികൾ മറികടക്കൽ-അന്വേഷണം

കുട്ടികളുടെ കാര്യം കുറേകൂടി പരിഗണിക്കാൻ നമുക്ക് കഴിയണം. ക്ലാ സ് സഭകൾ, കുട്ടിയുടെ അവകാശങ്ങൾ.തുടങ്ങിയ സംഗതികളിൽ കുറേകൂടി കുട്ടിക്കും ഇടപെടാനുള്ള ശേഷി ഉണ്ടാക്കേണ്ടിയിരിക്കുന്നു.

1 comment:

Jayarajan Vadakkayil said...

പഠന പ്രവര്‍ത്തനത്തിന്റെ പുതിയ ഒരു തലത്തെപ്പറ്റിയുള്ള ലേഖനം നന്നായി. ആശംസകള്‍
ജയരാജന്‍