പഠനത്തിലും തുടര്‍ന്ന് പരീക്ഷയിലും സംഭവിക്കുന്ന ‘അന്യായങ്ങള്‍’ ഒരിക്കലും ചര്‍ചക്ക് വരാറില്ല. അന്തരിച്ച പ്രശസ്ത ശാസ്ത്രസാഹിത്യകാരന്‍ സി.ജി.ശാന്തകുമാറിന്റെ ഒരു ഉപമ കടമെടുത്താല്‍ ‘ഹെലികോപ്ടര്‍കൊണ്ട് റബ്ബറിന്ന് മരുന്നടിക്കുന്നപോലെ’ ആണ് പഠനവും പരീക്ഷയും.
200 സാദ്ധ്യായദിവസങ്ങള്‍. ഒഴിവ് ദിവസങ്ങളില്‍ അധിക പഠനം. ഒരേ ടെക്സ്റ്റ് പുസ്തകം. ഒരേ കൈപ്പുസ്തകം-ടീച്ചര്‍ക്ക്. ഒരേ പരിശീലന മോഡ്യൂള്‍. ഒരേ പോലെ ക്ലസ്റ്റര്‍.ഒരേ ‘ഒരുക്കം’. 10 മുതല്‍ 4 വരെ ഒരേബെല്ലടി.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഒരേപോലെ പഠനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു-നടക്കണം എന്നാണ് സര്‍ക്കാര്‍ സങ്കല്‍പ്പം. നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ പ്രവര്‍ത്തനാനുഭവങ്ങളും എല്ലാ കുട്ടിക്കും ലഭിക്കണം. അങ്ങനെ ലഭിച്ചുകഴിയുമ്പോഴാണ് പരീക്ഷ. അതിന്ന് വേണ്ടത്ര സമയം ഉണ്ട്. സൌകര്യങ്ങളും ഉണ്ട്. സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും രക്ഷിതാക്കളും നാട്ടുകാരും എല്ലം ഒത്തൊരുമിച്ച് നില്‍ക്കുന്നു. വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുന്നു.
പരീക്ഷയില്‍ ജയിക്കാന്‍ വളരെ മിനിമം കാര്യങ്ങളേ വേണ്ടൂ എന്നത് എല്ലാര്‍ക്കും അറിയാം. D+ കിട്ടാന്‍ (കുട്ടിക്ക്)-നല്‍കാന്‍ (അധ്യാപികക്ക്) വലിയ മലയൊന്നും മറിക്കേണ്ടതില്ല. എന്നാല്‍ A യും A+ഉം അത്ര എളുപ്പവുമല്ല. ഇവിടെയാണ് ‘അന്യായം’ ചര്‍ച്ചചെയ്യപ്പെടേണ്ടത്.
ഉയര്‍ന്ന നിലവാരമുള്ള വിജയം ഉയരാന്‍ നിലവാരമുള്ള ക്ലാസ്മുറികളും പഠനപ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. കുട്ടി എത്ര ശ്രമിച്ചാലും ഇതു സ്വയമേവ സാധ്യമല്ല. ക്ലാസ്മുറികളും പഠനപ്രവര്‍ത്തനങ്ങളും ഒരിക്കലും കുട്ടിയുടെ നിയന്ത്രണത്തിലല്ലല്ലോ. സ്കൂളിന്റെ പൊതുവേയും അധ്യാപികയുടേയും ‘പ്രാപ്തി’ ഇതില്‍ ഘടകമാണ്. നോക്കൂ:
ഈ ഒരു പ്രവര്‍ത്തനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഒരു അധ്യാപിക ഒരു ക്ലാസില്‍ ചെയ്യാന്‍ വിട്ടുപോയെന്നിരിക്കട്ടെ. ഫലം (ഇതു മായി ബന്ധപ്പെട്ട ചോദ്യം പരീക്ഷക്കു വന്നാല്‍) കുട്ടിക്ക് സ്കോര്‍ കുറയും. ഇതേപോലെ, ഗണിതം, കെമിസ്റ്റ്ട്രി തുടങ്ങിയ വിഷയങ്ങളിലും വരാം. പത്രാധിപക്കുറിപ്പ് എന്ന വ്യവഹാരം ക്ലാസില്‍ ചെയ്യാന്‍ ‘മറന്നു‘പോയാലും ഇതുതന്നെ സംഭവിക്കും. പോര്‍ഷ്യന്‍ തീര്‍ക്കുന്ന തിരക്കുകള്‍ ഇതൊക്കെയും സംഭവിപ്പിക്കാം!
മറ്റൊന്ന്, അധ്യാപികയുടെ അറിവും ധാരണകളും (അതു തെറ്റാണെങ്കില്‍ പറയുകയും വേണ്ട) കുട്ടിക്ക് സ്കോര്‍ കുറയ്ക്കും. ‘കുട്ടികള്‍ കുറിയ്ക്കുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ട മേഖലകളിലേതാണെന്ന് ഉരപ്പുവരുത്തേണ്ടതാണ്’ എന്ന നിര്‍ദ്ദേശം പാലിക്കാന്‍ അധ്യാപികയുടെ അറിവും അധിക അറിവും തന്നെ വേണ്ടേ? സബ്ജക്ട് കൌണ്‍സിലുകള്‍, ക്ലസ്റ്റര്‍ സാന്നിധ്യങ്ങള്‍ എന്നിവ കുറവായ സാഹചര്യങ്ങളിലോ? ഇതൊക്കെയും ആത്യന്തികമായി കുട്ടിയുടെ A യും A+ഉം ഇല്ലാതാക്കില്ലേ? അധ്യാപിക എന്ന ഘടകത്തിന്റെ ‘പ്രാപ്തിയും’ ധാര്‍മ്മികബോധവും ഒക്കെ തന്നെ കുട്ടിയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.