01 May 2010

സ്വസ്തി

(റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക്)

ഉദയാരുണന്നൊപ്പം കുഞ്ഞുങ്ങള്‍

നവാഹ്ലാദത്തികവില്‍

വാര്‍ധക്യങ്ങള്‍, തുറന്നൂ കലാലയം.

അന്നൊരു കൌമാരത്തില്‍ തെളിവെട്ടത്തില്‍ നിങ്ങള്‍


വന്നുകേറിയീ വിദ്യാലയത്തിന്‍ നിറവിങ്കല്‍

ഞങ്ങളോ, കണ്ണും മിഴിച്ചത്ഭുതലോകം മുന്നില്‍

തുറക്കും കാഴ്ച്ചക്കായി വട്ടമിട്ടിരുന്നവര്‍

കയ്യിലെ കുഞ്ഞിസ്സഞ്ചി തുറന്നു

മയില്‍‌പ്പീലി വളപ്പൊട്ടുകള്‍

മിന്നും മഞ്ചാടി കാക്കപ്പൊന്നും

പഴം പാട്ടുകള്‍, കടംകഥകള്‍

രാമായണ സുന്ദര സന്ദര്‍ഭങ്ങള്‍

ഭാരത കദനങ്ങള്‍

ഒക്കെയും നിരത്തിയീഞങ്ങളെയറിയാതെ

നിങ്ങളും വളര്‍ത്തിയീ നാടിനെ നാട്ടാരേയും

വളരെ ചെറിയതാം സന്തോഷങ്ങളേപ്പോലും

ജീവിതാഹ്ലാദത്തിന്റെ നിറചെപ്പുകളാക്കി

ഇക്കലാലയ ബാല്യകൌമാരസര്‍ഗ്ഗങ്ങളില്‍

നിങ്ങള്‍തന്‍ അര്‍ദ്ധായുസ്സും കര്‍മ്മവും ഹവിസ്സാക്കി

അറിഞ്ഞൂ ഞങ്ങള്‍, മഹാഗുരുവര്യരേ,

നിങ്ങള്‍ പൊലിപ്പിച്ചെടുത്തോരു ജീവിതം

ഞങ്ങള്‍ക്കിന്നും!

എങ്കിലും കുഞ്ഞുങ്ങളായ് നില്‍‌പ്പു

നിങ്ങള്‍ തന്‍ മുന്നില്‍

അങ്ങനെയല്ലോ എന്നും മാതാവിന്‍

മുന്നില്‍ പുത്രര്‍!

ഇനിയോ നിങ്ങള്‍ പൊഴിച്ചിട്ട തൂവലുകളില്‍

വിടരും നാനാര്‍ഥങ്ങളതിനാല്‍ സുജീവനം.

ഇനി വിശ്രമം ഞങ്ങള്‍ നേരുന്നൂ

സൌ‌മ്യോദാര സുന്ദരം തുടര്‍ന്നുള്ള

നാളുകള്‍, ആശംസിപ്പൂ.

2 comments:

Kalavallabhan said...

"അറിഞ്ഞൂ ഞങ്ങൾ, മഹാഗുരുവര്യരേ,

നിങ്ങൾ പൊലിപ്പിച്ചെടുത്തോരു ജീവിതം

ഞങ്ങൾക്കിന്നും!

എങ്കിലും കുഞ്ഞുങ്ങളായ് നിൽ‌പ്പു

നിങ്ങൾ തൻ മുന്നിൽ"

അഹന്തയില്ലാത്തൊരീ വിചാരം
നയിക്കുന്നു ഞങ്ങളെ ഉയരങ്ങളിലേക്ക്

വാക്കുകളുടെ വൻകരകൾ said...

ADDHYAAPAHAYAM KOLLAAM