01 May 2010

ഐതിഹ്യമാല 100 വർഷം

ഐതിഹ്യമാല പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ നൂറാം വാർഷികം ആണ് 2009. ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ പത്രാധിപരായ വെള്ളായ്ക്കൽ നാരായണമേനോൻ ആണ് ആദ്യമായി ഐതിഹ്യമാലയുടെ ആദ്യഭാഗം പ്രസിദ്ധപ്പെടുത്തിയത്.ഇതിന്റെ പ്രസ്താവനയിൽ ഗ്രന്ഥകർത്താവ് കൊല്ലവർഷം 5-9-1084 എന്നും ഇംഗ്ലീഷ് വർഷം 17-4-1909 എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ആദ്യ 8 വോളിയങ്ങൾ 1909 മുതൽ 1934 വരെയുള്ള കാലത്താണ് പ്രസിദ്ധപ്പെടുത്തുന്നത്.
ആദ്യകാല പ്രസാധകർ മംഗളോദയം കമ്പനിയായിരുന്നു. 1985ൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി‘ രൂപീകരിച്ചു.ഈ സമിതിയാണ് പിന്നീട് പുസ്തകം ഇറക്കിയത്. പലകാലങ്ങളിലായി സമ്പൂർണ്ണകഥകൾ 18 പതിപ്പുകൾ ഇറങ്ങി. 2004 ലെ 18ആം പതിപ്പ് ഇറക്കുന്നത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 150 ആം ജന്മദിനത്തിലായിരുന്നു.പിന്നീട് 2005ൽ ഡിസിബുക്സ് 19ആം പതിപ്പ് പ്രസിദ്ധീകരിച്ചു.

ഐതിഹ്യമാലയുടെ വായനവൈപുല്യം ഇതുകൊണ്ട്തന്നെ നമുക്ക് മനസ്സിലാക്കാം.

ഐതിഹ്യമാല എക്കാലത്തേയും വായനാസാമഗ്രി

ഇവിടെയുള്ള ഇന്നത്തെ മുതിർന്നവായനക്കാരെല്ലാം കുട്ടിക്കാലത്ത് വായനതുടങ്ങുന്നത് ‘ഐതിഹ്യമാലയിൽ‘ നിന്നാവും. ഐതിഹ്യമാല മാത്രമല്ല, വിക്രമാദിത്യ കഥകൾ, പഞ്ചതന്ത്രകഥകൾ, ശീലാവതീചരിതം, വടക്കൻപാട്ടുകൾ, രാമായണം കിളിപ്പാട്ട് എന്നിവയും അന്നത്തെ വായനാസാമഗ്രികളായിരുന്നു. ഇന്നത്തെപ്പോലെ പുസ്തകങ്ങൾ അധികമില്ലെങ്കിലും ഉള്ളവ എല്ലാം തന്നെ നന്നായി വായിച്ചിരുന്നു.വയന തന്നെ ഒരു കൃതി ഒരിക്കൽ വായിക്കുക എന്നതായിരുന്നില്ല, ഓരോന്നും പലവട്ടം വായിച്ചിരുന്നു.

ഇവയൊക്കെ കേരളീയന്റെ വായനാശീലം വളർത്തിയ കൃതികളാണ്. വായനാശീലം മാത്രമല്ല, കഥാകൌതുകവും കാവ്യാനുശീലനവും വളർത്തി.വായനയും തുടന്ന് വായിച്ചതിനെ സംബന്ധിച്ച വിപുലമായ ചർച്ചകൾ ഉണ്ടാക്കി.നല്ലസാഹിത്യവും മോശം സാഹിത്യവും തിരിച്ചറിയപ്പെട്ടു. സാഹിത്യാസ്വാദനക്കളരികളായി ഇക്കൃതികൾ ഇവിടെ പ്രവർത്തിച്ചു.

കുട്ടികളിൽ ഐതിഹ്യമാ‍ല വമ്പിച്ച സ്വാധീനം ചെലുത്തി.കൌതുകകരങ്ങളായ കഥകൾ എന്ന നിലയിൽ മാത്രമല്ല, ഇതൊക്കെ നമ്മുടെ നാട്ടിൽ നടന്ന സംഭവങ്ങളാണെന്ന ഉറച്ച വിശ്വാസവും കുട്ടികൾക്ക് ഉണർവേകി. ചരിത്രാംശങ്ങൾ ഭാവനയിൽ പൊതിഞ്ഞു ആരെയും വശീകരിക്കുന്ന ഭാഷയിൽ എഴുതാൻ കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് കഴിഞ്ഞു. കുട്ടികളെ വശീകരിച്ചതുപോലെ ഐതിഹ്യമാല മുതിർന്നവർക്കും വളരെവളരെ ഇഷ്ടപ്പെട്ടു. ഏതുപ്രാ‍യത്തിലും വായിക്കാൻ കൊള്ളുന്ന ഒന്നായി. ഗ്രന്ഥകാരന്റെ മിടുക്കാണ് ഇതു കാണിക്കുന്നത്. ഉള്ളടക്കത്തിലും ഭാഷാശൈലിയിലും കാവ്യാത്മകതയിലും ഉള്ള മികവ് മികച്ചതാണ്. ഭാഷയുടെ ലാളിത്യവും ഭംഗിയും എക്കാലത്തും കൌതുകം നൽകും.മറ്റൊന്ന് എഴുത്തുകാരന്റെ ആത്മാർഥതയാണ്. എഴുതിത്തുടങ്ങുമ്പോൾ തന്നെ ഇതൊരു ഐതിഹ്യമാണെന്ന് മറന്ന് പോകുന്നു എഴുത്തുകാരൻ. താൻ സ്വയം വിശ്വസികുന്ന ചില സംഗതികളാണ് എഴുതുന്നതെന്ന ഭാവം നമുക്ക് മനസ്സിലാകും.അത്രമേൽ ഉള്ളടക്കവുമായി അടുപ്പം കൈവരിക്കുന്നു. അതേഅടുപ്പം വായനക്കരനും ലഭിക്കുന്നു. ഇത് നമ്മെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു. ഐതിഹ്യങ്ങളിൽ ജീവിച്ച എഴുത്തുകാരനാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. എന്നാൽ ഈ ആർജവം ഒരിക്കലും പക്ഷപാതപരമാവുന്നുമില്ല. എല്ലാ ഐതിഹ്യങ്ങളേയും ഒരേ അളവിൽ വിശ്വസിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്നു. വസ്തുതകളിലെ സത്യസന്ധത പ്രധാനപ്പെട്ടതുതന്നെ.നോക്കു:“കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയും ആണെന്നാണ് മിക്കവരുടേയും ബോധം.വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനും കൂടിയായിരുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയെന്നു ചിലർ വിചാരിച്ചേക്കാം. അത് എപ്രകാരമെന്നു പിന്നാലേവരുന്ന സംഗതികൾകൊണ്ട് ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.” (കായംകുളം കൊച്ചുണ്ണി)

ഒരു രാജ്യത്തിന്റെ ഐതിഹ്യങ്ങൾ ആർക്കും തള്ളിക്കളയാവുന്ന ചവറല്ല. അതിശയോക്തിയും അന്ധവിശ്വാസവും ഭാവനയും ഒക്കെ ഉണ്ടെങ്കിലും ചരിത്രസത്യങ്ങളുടെ പൊൻ‌തൂവലുകൾ ഏത് ഐതിഹ്യത്തിലും ഉണ്ട്.ദേശചരിത്രവും മതപരവും സാമൂഹികവുമായ അംശങ്ങളും ഇതിലൊക്കെയുണ്ട്. ഐതിഹ്യം രൂപപ്പെടുന്നകാലത്തെ ആചാരോപചാരങ്ങൾ, ഭാഷ,സംഭാഷണരീതി, നാട്ടുനടപ്പുകൾ, ജീവിതരീതികൾ, പരിസ്ഥിതി, ആരോഗ്യശീലങ്ങൾ തുടങ്ങി നിരവധി സംഗതികൾ എന്നും നമുക്ക് അറിയേണ്ടുന്നവയായി ഇതിലൊക്കെ ഉണ്ട്.സാധാരണ വായനക്കാർക്ക് മാത്രമല്ല ചരിത്രകാരന്മാർക്കും ഐതിഹ്യങ്ങൾ നിഷ്കർഷിച്ചു വായിക്കാനുള്ളവതന്നെയാണ്.

ഐതിഹ്യത്തിന്റെ ‘ഐതിഹ്യം’

“ മലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികൾക്കായി സർവാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിർമ്മാതാവുമായ പരേതനായ കെ.എ. വർഗീസുമാപ്പിള അവർകൾ കോട്ടയത്തുവന്നു സ്ഥിരവാസം തുടങ്ങിയ കാലം മുതൽ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തേയും എന്നെയുംപറ്റി അറിവുള്ളവർക്കൊക്കെ അറിയാവുന്നതാണ്.ഞങ്ങൾ രണ്ടുപേരും കൂടി മനോരമആപ്പീസിലിരുന്ന് പത്രസംബന്ധമായും മറ്റും ഓരോന്ന് എഴുതുക, വായിക്കുക, തിരുത്തുക മുതലായി അന്നന്ന് തീർക്കേണ്ട ജോലികൾ ചെയ്തു തീർത്താൽ പകലേ നാലുമണിക്കുശേഷം കുറച്ചു സമയം സ്വൈരസല്ലാപം ചെയ്തു വിശ്രമിക്കുന്നതിനുകൂടി അദ്ദേഹം നിശ്ചയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റേയും എന്റേയും സ്നേഹിതന്മാരും സരസന്മാരുമാരുമായി ചില മാന്യന്മാർകൂടി വന്നുചേരുകയും പതിവായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരുംകൂടി ചില നേരമ്പോക്കുകളും ഫലിതങ്ങളും പറഞ്ഞുരസിച്ചുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാൽ ഒന്നു രണ്ടു ദിവസം ഞാൻ ചില ഐതിഹ്യങ്ങൾ പറയുകയും അവ വർഗീസുമാപ്പിള അവർകൾക്ക് വളരെ രസിക്കുകയും അതിനാൽ പിന്നെയും ചിലപ്പോൾ വല്ല ഐതിഹ്യങ്ങളും പറയുന്നതിന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞാൻ പറയുകയും ചെയ്തു. ക്രമേണ മിക്കവാറും അതൊരു പതിവായിത്തീർന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ദിവസം മിസ്റ്റർ വർഗീസ്മാപ്പിള –ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞുകളഞ്ഞാൽ പോരാ, ഇവയിൽ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെകിലും നാം അറിഞ്ഞിരിക്കേണ്ടുന്നവയായ പല തത്വങ്ങളും സാരാംശങ്ങളുംകൂടിയുണ്ട്.അതിനാൽ ഇവയെല്ലാം ഒന്നെഴുതണം.നമുക്ക് മനോരമയിലും ഭാഷാപോഷിണിയിലുമായി പ്രസിദ്ധപ്പെടുത്താം……“(കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘പ്രസ്താവന’)

ആധുനിക പ്രസക്തി

മലയാളത്തിന്റെ ആദ്യകാല കഥാസാഹിത്യമെന്ന നിലയിലാണ് ഐതിഹ്യമാലയെ കാണേണ്ടത്. കഥകൾ വാമൊഴിയായിരുന്നത് വരമൊഴിയായിത്തീരുകയായിരുന്നു ഐതിഹ്യമാലയിലൂടെ. പ്രസ്താവനയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി അത് സൂചിപ്പിക്കുന്നുണ്ട്. നേരമ്പോക്കിനുവേണ്ടി പറഞ്ഞുതുടങ്ങിയതാണ് ഇതിലെ കഥകൾ. കേൾവിക്കാർക്കിഷ്ടമായതുകൊണ്ട് അവരത് പ്രോത്സാഹിപ്പിച്ചു. പറഞ്ഞു കളഞ്ഞാൽ പോര, എഴുതിവെക്കണം, പ്രസിദ്ധീകരിക്കണം എന്നു തീരുമാനിച്ചു.എല്ലാ കഥകളും ആദ്യംമനമൊഴിയും തുടർന്ന് വാമൊഴിയും പിന്നീട് വരമൊഴിയും ആയിത്തീരുകയാണല്ലോ. കഥ ആദ്യം മനസ്സിലാണ് രൂപപ്പെടുന്നത്. അതിനും മുൻപ് സമൂഹമനസ്സിലാണ് കഥകൾ ഉരുവം കൊള്ളുന്നത്. സമൂഹമനസിൽ രൂപപ്പെടുന്നകഥ പലരിലൂടെയും കടന്നുപോരുകയും പലരൂപപരിവർത്തനങ്ങൾക്ക് വിധേയമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ പാഠഭേദങ്ങൾ പ്രാദേശികമായിപ്പൊലും ഉണ്ടാവുന്നു.

ഐതിഹ്യമാലയിൽ 126 കഥകളാണ് ചേർത്തിരിക്കുന്നത്. തീർച്ചയായും കേരളത്തിൽ പ്രസിദ്ധമായിട്ടുള്ള 126 എണ്ണം തന്നെയാണിവ. എന്നാൽ കേരളത്തിൽ നിലവിലുള്ള മുഴുവൻ ഐതിഹ്യങ്ങളുടേയും ഒരു പൂർണ്ണ സമ്പുടം എന്നിതിനെ പറഞ്ഞുകൂടാ.വിവിധ പ്രദേശങ്ങളിൽ, ജാതികളിൽ, മതങ്ങളിൽ, സമൂഹങ്ങളിൽ പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ തീർചയായും ആയിരക്കണക്കിനാണ്. എഴുതിവെക്കുമ്പോൾ വളരെ ചെറുതും വലുതുമായവ ഉണ്ട്. ആദിവാസിസമൂഹങ്ങളിലാണ് ഒരുപക്ഷെ ഏറ്റവും കൂടുതൽ ഐതിഹ്യങ്ങളുള്ളത്. അവരുടെ സമൂഹജീവിതം മിക്കാവറും നിയന്ത്രിക്കുന്നതുതന്നെ ഐതിഹ്യങ്ങളാണല്ലോ. ആചാരങ്ങൾ , ആരാധനകൾ.. ഒക്കെത്തന്നെ ഐതിഹ്യാധിഷ്ഠിതം ആണല്ലോ. നീതി ധർമ്മബോധം തുടങ്ങിയ സംഗതികളും ഐതിഹ്യങ്ങളിൽ ഊന്നിയുള്ളതാണ്.

പൊതു പ്രസക്തിയില്ലാതെ ജാതി മത സമൂഹങ്ങളിൽ മാത്രം ജനിച്ചുവളർന്ന്‌ജീവിക്കുന്ന ഐതിഹ്യങ്ങളുണ്ട്.പലക്ഷേത്രങ്ങളുടേയും പ്രധാനവാതിലുകളിൽ ഒന്നു തുറക്കാത്തവയുണ്ട്. ചിലപ്രത്യേക ചടങ്ങുകളിൽ മാത്രം തുറക്കുന്ന വാതിലുകൾ ഉണ്ട്. ഈ വാതിലുകൾ എന്നും അടഞ്ഞുകിടക്കുന്നതിന്നുപിന്നിൽ കഥകളുണ്ട്. ഭഗവതിമാർ ഭയന്ന് അടച്ചവ, ആന/ കോമരം/ രാജാവ് /ഭക്തൻ/ഭക്ത തുടങ്ങിയവർ അടച്ചവ, ചിലവാശികളിൽ അടഞ്ഞുപോയവ, എന്നിങ്ങനെ..വിളവിലെ ആദ്യപങ്ക് ക്ഷേത്രങ്ങളിൽ നൽകുന്നതിന്നുപിന്നിൽ ഇതുപോലുള്ള ഐതിഹ്യങ്ങൾ ഉണ്ട്.സ്ഥലനാമങ്ങൾക്കു പിന്നിൽ മുഴുവൻ ഐതിഹ്യങ്ങളാണ്. ഇതു പലപ്പോഴും പുരാണകഥാപാത്രങ്ങളുമായി ബന്ധപ്പെടുന്നു. ഭീമനാടും പാത്രക്കടവും ഒക്കെ ഇങ്ങനെ കഥകളുടെ പശ്ചാത്തലമുള്ളതാണ്.ക്ഷേത്രങ്ങൾ പള്ളികൾ എന്നിവയുടെ ഉൽ‌പ്പത്തി ഐതിഹ്യങ്ങളിൽ ഊന്നിയാണല്ലോ.

ഇതുപോലുള്ള നിരവധികഥകൾ ഐതിഹ്യങ്ങൾ ഇനിയും സംഭരിച്ചു പ്രസിദ്ധീകരിക്കാനിരിക്കുന്നേ ഉള്ളൂ. ലോകത്താകെ നോക്കിയാൽ ചേട്ടാഭഗവതിയുടെ (ജ്യേഷ്ഠാ എന്നു സംസ്കൃതീകരിച്ചു പറയുന്നു. ) പ്രതിഷ്ഠയുള്ള ഒരേഒരു ക്ഷേത്രം തച്ചനാട്ടുകരയിൽ ഉണ്ടായിരുന്നു. ചൂലും മുറവും ആയിരുന്നത്രേ പ്രതിഷ്ഠ.എല്ലായിടത്തും ശ്രീഭഗവതിയെ പ്രതിഷ്ഠിച്ചപ്പോൾ (ഒരുപക്ഷെ അതിൽ പ്രതിഷേധിച്ചാകാം?) തച്ചനാട്ടുകരയിലെ പഴയ‌ആളുകൾ ചേട്ടാഭഗവതിയെ പൂജിക്കാൻ തുടങ്ങി. അതുപോലെതന്നെ ജാതിമതഭേദമില്ലാതെ പൂജചെയ്യന്ന പള്ളികൾ ഉണ്ട്.മറ്റു ദേവസാന്നിധ്യങ്ങൾ ഉണ്ട്. സമകാലിക സമൂഹത്തിൽ പ്രയോജനപ്പെടുത്താവുന്ന ചിലസാമൂഹ്യപ്രസക്തികൾ ഇവക്കുണ്ടല്ലോ.

ഐതിഹ്യമാലയുടെ വായനയും പഠനവും ഇപ്പൊഴും അനവധി സാധ്യതകൾ നമുക്കുമുന്നിൽ തുറന്നിടുന്നുണ്ട് എന്നു വിസ്മരിക്കരുത്.

No comments: