01 May 2010

വീട് ഒരു സാംസ്കാരിക ചിൻഹം

മനുഷ്യകുലത്തിന്റെ വികാസം പിന്തുടരുന്ന ഒരാൾക്ക് നല്ലൊരു പാഠ്യവസ്തുവാണ് പാർപ്പിടം. മനുഷ്യന്റെ അവശ്യവസ്തുക്കളിൽ മൂന്നാമത്തേതാണ് വീട്. ആദ്യത്തേതു ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം എന്നാണ് ക്രമം.വികാസത്തിന്റെ ഓരോകാലത്തും അവശ്യവസ്തുക്കളുടെ നിര വർദ്ധിച്ചുവന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമികാവശ്യങ്ങൾ വളരുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിശ്രമം, വിനോദം, വിജ്ഞാനം, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം…..എന്നിങ്ങനെ കൂടിക്കൂടി വരികയും ചെയ്യുന്നു.


വീട്
വീടിന്റെ നിർമ്മിതിയിലൂടെ മനുഷ്യൻ സാധിച്ചത് ആവാസയോഗ്യമയ ഒരു സൂക്ഷമപരിസ്ഥിതി ഉണ്ടാക്കിയെടുക്കലണ്.ഇതാദ്യം മരച്ചുവടുകൾ, വള്ളിക്കുടിലുകൾ എന്നിങ്ങനെ ഗുഹകൾ, കുടിലുകൾ, ചെറുവീടുകൾ എന്നിങ്ങനെ വളർന്ന് വലിയകൊട്ടാരങ്ങളും കൊത്തളങ്ങളും വരെ എത്തി. ഭൂമിവിട്ട് ശൂന്യാകാശത്തുവരെ ആവാസഗൃഹങ്ങൾ നിർമ്മിക്കുന്ന ശാസ്ത്രനേട്ടങ്ങൾ നമുക്കഭിമനിക്കാനുണ്ട്.
ചെറിയവീട്എന്നനിലയിൽനാംആരംഭിക്കുന്നതു‘ഒറ്റപ്പുരകൾ‘നിർമ്മിച്ചുകൊണ്ടാണ്.ഒരുമുറി,ഒരടുക്കള,ഒരിടനഴി, ചെറിയൊരുപൂമുഖം.ഇത്രയേ ഒറ്റപ്പുരയ്ക്കുള്ളൂ.അടുക്കള, പൂമുഖം എന്നിവ ‘പുരയിറക്കിമേഞ്ഞു‘ തയ്യാറാക്കും.മുറികൾ, ചുറ്റും ചുവർ എന്നിവ ഇതിനൊന്നും ഇല്ല. അടച്ചുറപ്പുള്ള ഒരു മുറി മാത്രം കാണും.’ഒറ്റമേച്ചിൽ’ ആണ്. രണ്ടു‘കോടി‘ ചിലപ്പോൾ 4 ‘കോടി.‘.മാളിക (upstair) ഇല്ല. മിക്കവറും കിഴക്കോട്ട് മുഖം.ചിലതിനു വടക്കോട്ട് മുഖം. അതു വളപ്പ്, വഴി എന്നിവയുടെ സൌകര്യം കണക്കാക്കിയാവും.പൂമുഖം ഒരു വരാന്തയാവും. മേൽ‌പ്പുര ഇറക്കിമേഞ്ഞു ഇതു ഉണ്ടാക്കും. മേച്ചിൽ ഓല, വൈക്കോൽ,ഓട് എന്നിവയിലൊന്ന്.തട്ട് ഉണ്ടാവാം.ഇതു മണ്ണിടാതെ ‘പന്തപ്പാക്ക്’ആയും മണ്ണിട്ട് ബലപ്പെടുത്തിയും ആവാം.മണ്ണ്, ഇല്ലി/ഓട/ വയണ/തേക്ക് എന്നിവയുടെ ഇലനിരത്തി ചെയ്യും.നിലം കരി, ചണകം,കാവി എന്നിവയിലൊന്നുപയോഗിച്ച് മിനുക്കിയിരിക്കും.തറയും ചുമരും കല്ലോ മണ്ണോ ആവും . പൂർണ്ണമായും സമീപങ്ങളിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കും. അദ്ധ്വാനവും മിക്കപ്പോഴും വീട്ടുകാരുടേതുതന്നെ.
ഒറ്റപ്പുരകൾ ഒരൽ‌പ്പം കൂടി വിപുലപ്പെടുത്തി ‘പടിഞ്ഞാറ്റി’ രൂപത്തിൽ ചെയ്യും.സാമ്പത്തികശേഷിയും സമൂഹത്തിലെ പദവിയും ഒക്കെ ആണ് ഇതിനു അടിസ്ഥാനം.പൂമുഖം, വരാന്ത, ഇടനാഴി, 4-5 മുറികൾ,അടുക്കള,മച്ച്,കലവറ,കോണിത്തട,വരാന്തയുടെഒരറ്റത്ത്ചെറിയൊരുമുറി…എന്നിങ്ങനെസംവിധാനങ്ങൾ താഴെ കാണും.മിക്കവാറും മാളിക ഉണ്ടാവും.മളികയിൽ താഴെയുള്ളപോലെ മുറികൾ, തളം, വരാന്ത എന്നിവ ഉണ്ട്.വീട്ടിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം മുറികൾ എന്ന സങ്കൽ‌പ്പം ഇല്ല. ദമ്പതികൾക്ക് മുറി ഉണ്ട്. കുട്ടികൾ വലുതായാൽ അതും ഇല്ല.പൊതുവെ മുറികൾ ചെറുതാവും. ഇന്നത്തെപോലെ 12-12/ 10-12 ഒന്നും ഇല്ല. 8-8/ 8-10 ഒക്കെയാണ് വലിപ്പം.രാത്രി ഉറങ്ങാൻ മാത്രമാണ് മുറി. ബാക്കിസമയമൊക്കെ അടുക്കളയിലും തളത്തിലും പൂമുഖത്തും വരാന്തയിലും കഴിയും.ഒന്നുകിൽ അകായിൽ അല്ലെങ്കിൽ കോലായിൽ.പടിഞ്ഞാറ്റി തന്നെ വിപുലപ്പെടുത്തി L ആകൃതിയിലും U ആകൃതിയിലും നിർമ്മിക്കും. ഇതിനെ “ത്രിശാല’ ചതുശ്ശാല’ എന്നൊക്കെ വിളിക്കും.പ്രധാന കെട്ടിടത്തിൽ നിന്നു പുറത്തേക്ക് തള്ളിനിൽക്കുന്ന രൂപത്തിൽ പൂമുഖവും അടുക്കളയും ഒരുക്കിയിരിക്കും.അടുക്കളയോടു ചേർന്ന് കിണർ ഉണ്ടാവും. കുറേ അകലെയായി ‘കുഴിപ്പുര’ (കക്കൂസ്) നിർമ്മിക്കും. വളപ്പിൽ കുളം ഉണ്ടാവും.കുളിമുറി പ്രത്യേകം ഇല്ല. കുളത്തിൽ മഴയും വെയിലും കൊള്ളതെ കുളിക്കാൻ ‘കുളപ്പുര’ കെട്ടും.
നാലുകെട്ട്
ഒറ്റപ്പുരയേക്കാളും ത്രിശാലകളെക്കാളും വലിയ സംവിധാനമണു ‘നാലുകെട്ട്‘. കേരളത്തിലെ ഗൃഹനിർമ്മാണശൈലിയുടെ മികച്ച രൂപമാണു ഇതു. ലോകപ്രസിദ്ധിനേടിയ വാസ്തുസങ്കൽ‌പ്പം.അടഞ്ഞരൂപം ആയതുകൊണ്ട് ആവാസസുഖവും സുരക്ഷയും കുടുംബഭദ്രതയും ഊർജ്ജലാഭവും ആരോഗ്യപ്രദമായ പരിസ്ഥിതിയും നാലുകെട്ടുകൾക്കുണ്ട്. പ്രകൃതിയിലെ രൂക്ഷമായ കാലവസ്ഥാവ്യതിയാനങ്ങൾ ഏൽ‌പ്പിക്കുന്ന പരിക്കുകൾ നാലുകെട്ടുകളെ സാരമായി ബാധിക്കില്ല. എല്ലാ തരത്തിലും ഏറ്റവും ഉയർന്ന സുരക്ഷ തന്നെയാണ് ഇവ നൽകുന്നതു.
45-45 അടി ചുറ്റളവിലാണ് സാധാരണ ഒരു നാലുകെട്ട് ഉണ്ടാവുക. വീട്ടുകാരുരുടെ ആവശ്യാനുസരണം മൂത്താശാരി അളവിൽ വർദ്ധനവു ചെയ്തുകൊടുക്കും.പൂമുഖം, ഇടനാഴി, തെക്കിനി,കിഴക്കിനി,വടക്കിനി,പറ്റിഞ്ഞാറ്റി എന്നിവയും നടുക്ക് നടുമുറ്റവും ഉണ്ട്.മാളിക ഉണ്ടാവും.ആവശ്യാനുസരണം മുറികൾ/ അറകൾ അധികവും മാളികയിൽ നിർമ്മിക്കും.കിഴക്കോട്ടാവും മുഖം. വടക്കോട്ടും പടിഞ്ഞാട്ടും മുഖമായുള്ളവയും ഉണ്ട്.

പൂമുഖത്തുനിന്നു അകത്തേക്കു കടക്കാൻ കൊത്തുപണികളും പിച്ചളക്കെട്ടും മഞ്ചാരിയും ഉള്ള ബലമുള്ള വാതിലുകൾ ഉണ്ട്.വാതിൽ കടന്നാൽ ചെറിയ ഒരിടനാഴി.ഇടനാഴിക്ക് ഇടതുവശത്ത് ‘തെക്കിണിത്തറ‘.മൂന്നുഭാഗവും ചുമർവെച്ച ഒരു വലിയ ഹാൾ പോലെയാണിത്.തെക്കിണിത്തറയുടെ പറ്റിഞ്ഞാറ് കിഴക്കോട്ട് മുഖമായി ‘മച്ച്‘.ഈശ്വരസാന്നിധ്യം മച്ചിലാണ്.ദേവീദേവന്മാരുടെ പ്രതിഷ്ഠ ഇവിടെ പതിവാണ്.’മച്ചകത്തമ്മയെ’ ധ്യാനിച്ചാണു കുടുംബാങ്ങൾ പ്രവർത്തികൾക്കൊരുങ്ങുക.തെക്കിണിത്തറ അതുകൊണ്ടുതന്നെ കുടുംബത്തിലെ വിശേഷക്രിയകൽക്കുള്ള സ്ഥാനം ആണ്. വിവാഹം, ചോറൂണ് , പ്രശ്നംവെക്കൽ, കാര്യം തീരുമാനിക്കൽ..….തുടങ്ങിയവ തെക്കിണിയിലാണ്.ഇടനഴി വീതികുറഞ്ഞു തെക്കിനിത്തറക്കു താഴേനീണ്ടു പോകും.മുൻപിൽ ‘കിഴക്കിണി’ എന്ന ഭാഗം ആണ്.കലവറ, പത്തായങ്ങൾ എന്നിവ കിഴക്കിണിയിലാണു.കിഴക്കിനിയിൽ നിന്നു ‘വടക്കിനി‘യിലേക്ക് കടക്കാം.അടുക്കള, മേലടുക്കള, ഭക്ഷണശാല എന്നിവ ഇവിടെയാണ്.വടക്കിനിയിൽ നിന്നു ‘പടിഞ്ഞാറ്റിയിലേക്ക്’ കടക്കാൻ വാതിലുകൾ ഉണ്ട്. കിടപ്പുമുറികൾ ഇവിടെയാണ്.പടിഞ്ഞാറ്റിക്കാണ് മാളിക. ഇവിടെയും കിടപ്പുമുറികളാണ്.3-4 അറകൾ പടിഞ്ഞാറ്റിയിൽ താഴെയും അത്രയും തന്നെ മുകളിലും കാണും.കോണിത്തടയും കോണിയും ഉണ്ട്.കോണികയറിച്ചെല്ലുന്നിടത്തു കോണിത്തളം.ഒരു നീണ്ട വരാന്ത.മുറികൾ നിരയായി ചെയ്തിരിക്കും.
നടുമുറ്റം പരിശുദ്ധമായ സ്ഥലം ആണ്. കെട്ടിടത്തിന്റെ നടുക്ക് തുറസ്സായ ഒരിടം. വായുസഞ്ചാരം നിയന്ത്രിച്ച് ഉൾഭാഗം എയർ കണ്ടീഷൻ ചെയ്യുന്നതു നടുമുറ്റം ആണ്.തുളസിത്തറ, മുല്ലത്തറ എന്നിവ നടുമുറ്റത്തു ഉണ്ടാവും.ചുറ്റും കരിങ്കല്ലിലോ വെട്ടുകല്ലിലോ കെട്ടിയിരിക്കും.നിലത്ത് കല്ലുപാകിയിരിക്കും.മേൽ‌പ്പുരയിൽ നിന്നു വീഴുന്ന മഴവെള്ളം ഒലിച്ചുപോകാൻ ‘ഓവ്‘ ഉണ്ട്.
ചുമരുകൾ വെട്ടുകല്ലിൽ തീർത്തവയാകും.10-12 വണ്ണം ഉണ്ടാവും.മണ്ണ് കൊണ്ടോ കുമ്മായക്കൂട്ടുകൊണ്ടോ ആണു കല്ലുകെട്ടുക. ചോരഭയം കൊണ്ട് ഇരട്ടച്ചുമരും നടുക്ക് മണൽച്ചുമരും പതിവുണ്ട്. ഏത്ര ഉഷ്ണകലത്തും വെയിലും ചൂടും അകത്തു കയറില്ല. തണുപ്പുകലത്ത് അധികം തണുപ്പും ഉണ്ടാവില്ല. മിതശീതോഷണം.തറ മുഴുവൻ മണ്ണിട്ട് ഉറപ്പിച്ചിരിക്കും. അതിനു മുകളിൽ ചാണകം, കരി, കാവി എന്നിവയിലൊന്നുകൊണ്ട് മിനുക്കിയിരിക്കും. ഇതിൽ വൈദഗ്ധ്യം ഉള്ള സ്ത്രീകൾ അന്നുണ്ടായിരുന്നു. തറമിനുക്കാൻ പെണ്ണുങ്ങളാണ്. (ഈ വിദഗ്ധതൊഴിൽ കാലക്രമത്തിൽ സ്ത്രീകളിൽ നിന്നു പുരുഷന്മാർ തട്ടിയെടുത്തു!)
മാളികയിലും (Upstair) പടിഞ്ഞാറ്റിയിലും ആണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുക. ദമ്പതിമാർക്കാണ് കിടപ്പുമുറികൾ. വിവാഹപ്രായമാകുന്നവരെ കുട്ടികൾക്ക് കിടക്കാൻ തളം ആണ്. കോണിച്ചുവട്, വരാന്തകൾ എന്നിവിടേയൊക്കെ അവർ കിടക്കും. വീട്ടിലെ പണിക്കാരികളും ഇവരുടെ ഒപ്പം കൂടും.അറകൾ നനായി ഒരുക്കും. എല്ലാ അറയിലും ഒരു ‘പൂട്ടറയും’ ഒരു ‘ഓവറയും’ ഉണ്ടാവും.പൂട്ടറയിൽ വസ്ത്രങ്ങൾ, അലങ്കാരസാമഗ്രികൾ എന്നിവ സൂക്ഷിക്കും. ഓവറയിൽ നിന്നു വലിയ കരിങ്കൽ ഓവുകൾ പുറമേക്ക് നീണ്ടുനിൽക്കും.
പ്രസവിച്ചു കിടക്കാൻ പ്രത്യേകമുറികൾ ഉണ്ട്. വലിയതറവാടുകളിൽ എന്നും ഈ മുറി സജീവമയിരിക്കും. അമ്മയും മകളും ഒരുമിച്ചു പ്രസവിക്കുക അപൂർവമല്ല.പടിഞ്ഞാറ്റിയിൽ താഴെ നിലയിലാകും ‘പേറ്ററ‘.
വലിയ തറവാടുകളിൽ നാലുകെട്ടിന്നു പുറമേ പടിപ്പുര,പത്തായപ്പുര, അതിഥി മന്ദിരങ്ങൾ എന്നിവ ഉണ്ടാകും.നാലുകെട്ടുകൾ ഇരട്ടിച്ചു എട്ടുകെട്ടുകളും പതിനാറുകെട്ടുകളും ഉണ്ട്.എട്ടുകെട്ടിന്ന് രണ്ട് നടുമുറ്റവും പതിനാറുകെട്ടിന്ന് നല് നടുമുറ്റവും ഉണ്ടായിരിക്കും. പതിനാറുകെട്ടുകളിൽ 50-60 അംഗങ്ങൾ സ്ഥിരതാമസക്കാരുണ്ടാകും.വലിയതറവാടുകളിൽ കൃഷിസ്ഥലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ‘കളങ്ങൾ’ ഉണ്ട്. കളങ്ങളിൽ കാര്യസ്ഥന്മാർ ഉണ്ടാവും.5-8 കളങ്ങൾ ഒക്കെയുള്ള വീടുകൾ ഉണ്ട്.അത്രയധികം കൃഷിയും സ്വത്തും ഉണ്ടന്നു മനസ്സിലാക്കണം.
കോവിലകങ്ങൾ ,കൊട്ടാരങ്ങൾ എന്നിവ വലിയ 4-8-16 കെട്ടും അനുബന്ധ കെട്ടിടങ്ങളും ഒക്കെയായി ബൃഹദാകാരമാർന്നവയണ്. അതിഥി മന്ദിരങ്ങൾ, കളപ്പുരകൾ, കച്ചേരികൾ, മണ്ഡപങ്ങൾ, ആന-കുതിരപ്പന്തികൾ, തൊഴുത്തുകൾ, ധാന്യപ്പുരകൾ, ആയുധപ്പുരകൾ….എന്നിങ്ങനെ നിരവധി എടുപ്പുകൾ കാണും.
മറ്റുവീടുകൾ
ഹിന്ദുവീടുകൾപോലെ തന്നെ മുസ്ലിം കൃസ്ത്യൻ വീടുകളും നല്ലരീതിയിൽ വാസ്തുരൂപം ഉള്ളവയായിരുന്നു. മൂസ്ലിം വീടുകൾ പാശ്ചാത്യസ്വാധീനമുള്ള വാസ്തു നിർമ്മിതികൾ ചേർന്നവയായിരുന്നു. ആർച്ചുകളും വലിയ ജനലുകളും ജനൽക്കമ്പികളും ചില്ലുജാലകങ്ങളും ഒക്കെ ഇതിനുദാഹരണം. നാലുകെട്ടുകൾ പതിവില്ല. എന്നാൽ പടിപ്പുരയും പത്തായപ്പുരയും ഒക്കെയുള്ള വലിയവീടുകൾ അഹിന്ദുക്കൾ ഉപയോഗിച്ചിരുന്നു.സമ്പത്തിന്റേയും സാമൂഹ്യമായസ്ഥാനത്തിന്റേയും ഒക്കെ അടിസ്ഥനത്തിലായിരുന്നു വീടുകളുടെ ഘടനയും വലിപ്പവും ഒക്കെത്തന്നെ.
വീട്ടുകാരൻ-വീട്ടുകാരി
വലിയ കുടുംബങ്ങളായിരുന്നല്ലോ പണ്ട്.ഏതു കുടുംബത്തിനും കുടുംബനാഥൻ ‘കാരണവർ’ ഉണ്ടാവും. കുടുംബത്തിന്റെ പരമാധികാരി. മക്കത്തായം സാധാരണമാകുന്നതിന്നു മുൻപ് മരുമക്കത്തയത്തിൽ സ്തീകൾക്കായിരുന്നുവീടിന്റെഅവകാശം.പുരുഷന്മാരുടെഭര്യമാർഭാര്യാഗൃഹങ്ങളിലായിരിക്കും.സംബന്ധത്തിന്നു അങ്ങോട്ടുപോവുകയാണു പതിവ്. കാരണവർ എല്ലാവർക്കും വേണ്ടുന്ന കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തുകൊടുക്കുകയും ചെയ്യും.ഭക്ഷണം, വസ്ത്രം, വിശേഷദിവസങ്ങൾ, അടിയന്തിരങ്ങൾ ഒക്കെ കാരണവരുടെ മേൽനോട്ടത്തിലാണ്. കാരണവർ കാര്യങ്ങൾ ചർച്ചചെയ്യുക മൂത്ത സഹോദരിയോടാണ് (പെങ്ങൾ). പെങ്ങളുടെ അഭിപ്രായത്തിന്ന് വിലയുണ്ടായിരുന്നു.
കുടുംബത്തിൽ എല്ലാവരും ജോലിചെയ്തിരുന്നു. കൃഷിപ്പണിയായിരുന്നലോ പ്രമുഖം.തൊടിയിലും പടത്തും പണികൾ, കച്ചവടം തുടങ്ങിയ പണികൾ ചെയ്യുന്നതുകൊണ്ട് എല്ലാവരുടെ കയ്യിലും ‘സ്വകാര്യ സമ്പാദ്യം’ ഉണ്ടായിരുന്നു.സ്ത്രീകൾക്കും കയ്യിൽ പണം ഉണ്ടായിരുന്നു. പാൽ, മോരു, നെയ്യ് വിൽ‌പ്പന..കുറി..എന്നിവ വഴി. സമ്പന്നരായ ഭർത്താന്മാരുള്ളവർ സമ്പന്നകളായിരുന്നു. ഭാര്യവീട്ടിൽ സംബന്ധത്തിന്നു എത്തുന്ന പുരുഷന്മാർ ഒരു തരത്തിൽ ‘സുഖിമാന്മാ‘രായിരുന്നു.ഉത്തരവാദിത്തങ്ങളില്ല. കുട്ടികളുടെ ചുമതല മുഴുവൻ അമ്മക്കാണല്ലോ.
കൂട്ടുകുടുമ്പം
വലിയകുടുംബങ്ങളായിരുന്നു. 12-16 മുതൽ 50-60 അങ്ങൾ വരെ കാണും. 100ലധികം അങ്ങളുള്ള കുടുംബങ്ങളും ഉണ്ട്. പലപ്രായത്തിലുള്ള നിരവധി ആളുകൾ. കുട്ടികളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും വലിയ കൂട്ടുകുടുംബങ്ങൾ വളരെ ഗുണകരമായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളുമായി താരത‌മ്യം ചെയ്യുമ്പോഴാണു ഇതു മനസ്സിലാകുക. കുട്ടികളിൽ സാമൂഹ്യബോധം ഏറ്റവും ഉയർന്ന നിലയിലായിരുന്നു.എല്ലാവരുടേയും ആവശ്യങ്ങൾ വലിയഒരളവോളം കുടുംബത്തിൽതന്നെ വെച്ച് സാധിച്ചിരുന്നു. ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, തൊഴിൽ….തുടങ്ങിയ മേഖലകളിലൊക്കെതാരത‌മ്യേന ചെലവും കുറവായിരുന്നു. സ്വയം പര്യാപ്തമായ സമൂഹ സംവിധാനം.
വീടും തൊടിയും
വീടു അതെത്ര ചെറുതായാലും വലുതായാലും അതിനനുസരിച്ച ‘തൊടി’ (വളപ്പ്) ഉണ്ടായിരുന്നു. എല്ലാ തരം ഫലവൃക്ഷങ്ങളും സുലഭമായിരുന്നു. വീടുപണിക്കാവശ്യമായ മരത്തരങ്ങൾ വരെ വളപ്പിൽ ഉണ്ടാവും. പലചരക്ക് സാധനങ്ങൾ (ഉപ്പ്, മുളക്, കായം,പരിപ്പ്, മല്ലി,ശർക്കര, പഞ്ചസാര, ചായപ്പൊടി…തുണി..) വളരെ കുറച്ചുമാത്രമേ കടയിൽനിന്നും വങ്ങേണ്ടതുള്ളൂ. ആഴ്ച്ചയിലൊരിക്കൽ നടക്കുന്ന ചന്തകളിൽ ചെന്നു ഇതൊക്കെ വാങ്ങും. വളപ്പിൽ നിന്നുള്ള സാധനങ്ങൾ (കുരുമുളക്, അടയ്ക്ക, നാളികേരം,ചേന, പുളി….) ചന്തയിൽ കൊണ്ടുവിൽക്കും.പകരം സാധങ്ങൾ വാങ്ങും.
തൊടിയിൽ കുളം, കിണർ എന്നിവ ഉണ്ടാവും. ഒന്നിലധികം കിണറുകൾ ഉണ്ടാവും. വീടുപണിക്കാവശ്യമായ മരം, കല്ല്, മണ്ണ്, കരിമ്പന/തെങ്ങ്/കവുങ്ങ് പട്ട, മുള…ഒക്കെ തൊടിയിൽ തന്നെ ഉണ്ട്. സമ്പൂർണ്ണ സ്വാശ്രയത്വം.തൊടിയിൽ തോട്ടം (തെങ്ങ്,കവുങ്ങ്,കുരുമുളക്,വെറ്റില…) തീർച്ചയായും ഉണ്ടാവും.തൊടിക്കനുസരിച്ചു വലിപ്പച്ചെറുപ്പം കാണും. വളപ്പിൽ ദൈവപ്രതിഷ്ഠകൾ, സർപ്പക്കാട് (കാവ്)എന്നിവ ഉണ്ട്.
പാരിസ്ഥിതികമായ സന്തുലനം ചെയ്തുകൊണ്ടാണ് ഓരോ വീടും പുലർന്നിരുന്നതു.പടിക്കൽതന്നെ കൃഷിയിടങ്ങൾ നിരന്നുകിടക്കും. കൃഷിക്കുവേണ്ട പച്ചിലവളം തൊടിയിൽ നിന്നോ വീടിന്റെ പിൻപുറത്തുള്ള കാട്ടിൽ നിന്നോ യഥേഷ്ഠം ലഭിച്ചിരുന്നു. ആട്, കോഴി, പശു, പോത്ത് , നായ (പട്ടി) തുടങ്ങിയ വളർത്തുമൃഗങ്ങൾ ഓരോ വീട്ടിലും ഉണ്ടാകും.പ്രഭുക്കന്മാർ ആനയെ പരിപലിച്ചിരുന്നു.
നാടും വീടും
വീടും തൊടിയും തമ്മിലുള്ള പരിസ്ഥിതി സൌഹൃദം പോലെ വീടും നാടും തമ്മിൽ സാമൂഹ്യസൌഹൃദം ശക്തമായിരുന്നു.ജാതി-വർണ്ണ ബന്ധങ്ങളിലുള്ള ‘മേലുംകീഴും ഒക്കെ ഉണ്ടായിരുന്നെങ്കിലും സാമൂഹ്യമായ ബന്ധം എല്ലായിടത്തും കണ്ടിരുന്നു.പരസ്പര സഹകരണം, ബഹുമാനം, സ്നേഹം എന്നിവ സജീവമായിരുന്നു. ആതമാർഥപൂർണ്ണമായിരുന്നു. വിവാഹം, അടിയന്തിരങ്ങൾ തുടങ്ങിയ ഗാർഹികവിഷയങ്ങളിൽ എല്ലരും എത്തിച്ചേരുമായിരുന്നു. എല്ലാരുടെയും പങ്കാളിത്തം ഉള്ളതുകൊണ്ട് എല്ലാ ആഘോഷങ്ങളും ഭാരം കുറഞ്ഞവയായിരുന്നു. സദ്യകൾക്ക് എല്ലാരേയും പ്രത്യേകം ക്ഷണിക്കുമായിരുന്നു. പന്തൽ‌പ്പണി മുതൽ സദ്യ ഉണ്ടാക്കലും, വിളമ്പലും, ഊണും, വൃത്തിയാക്കലും ഒക്കെ എല്ലാരും കൂടെയായിരുന്നു. പ്രശ്നങ്ങളിൽ എല്ലാരുടേയ്മ് ഇടപെടലും പരിഹാരം സാധിക്കലും ഉണ്ടായിരുന്നു.
സാമൂഹ്യമായ ആഘോഷങ്ങൾ യഥാർഥത്തിൽ ‘സാമൂഹ്യം’ തന്നെ യായിരുന്നു. ജതി-മത വിലക്കുകളില്ലാതെ എല്ലാരുടേയും പങ്കാളിത്തം ഉറപ്പായിരുന്നു. ഉത്സവങ്ങൾ, സാമൂഹ്യമായ ചടങ്ങുകൾ-പരിപാടികൾ ഒക്കെ ധാരാളം നടന്നിരുന്നു. പരസ്പര സഹായം ഏറ്റവും എടുത്തുപറയേണ്ടതുതന്നെ. ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾ മറ്റൊരു വിഭാഗമെന്ന് ആരും കരുതിയിരുന്നില്ല. മതേതരത്വം പൂർണ്ണാർഥത്തിൽ നിലവിലുണ്ടായിരുന്നു.ക്ഷേത്ത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളിലും പള്ളിനേർചകളിലും എല്ലാരുടെയും പങ്കാളിത്തമുണ്ടായിരുന്നു. മിക്കവയും ദേശീയോത്സവങ്ങളായിരുന്നു.എല്ലാർക്കും ആചരിക്കാനുള്ള ഘടകങ്ങളുണ്ടായിരുന്നു.‘തങ്ങൾക്കും‘, അയ്യപ്പനും’,വേളാങ്കണ്ണിക്കും’ ഒരേപോലെ പ്രാർഥനകൾ-വഴിപാടുകൾ എല്ലാ കുടുംബങ്ങളിൽ നിന്നും ഉണ്ടായിരുന്നു.
വ്യക്തി-വീടു-നാട്-ദേശം-രാഷ്ട്രം-ലോകം എന്ന ശൃംഖലാബന്ധം(മുന്നോട്ടും-പിന്നോട്ടും) മാതൃകാപരം തന്നെയായിരുന്നു.

മണ്ണാർക്കാട്ടെ ശ്രീകുമാരനുണ്ണിയേട്ടൻ പറഞ്ഞുതന്നകാര്യങ്ങൾ സ്വന്തം ഭാഷയിൽ എഴുതിയത്.നന്ദി
sujanika S.V.Ramanunni

No comments: