27 January 2020

വേരുകൾ പലവിധം




വേരുകൾ എത്രതരം ? പ്രൈമറി ക്ലാസിൽ സ്ഥിരം ചോദ്യം. രണ്ടു തരം - എന്നൊക്കെ കുട്ടി ശാസ്ത്രീയമായി ഉത്തരം പറഞ്ഞ് ജയിക്കും . ക്ലാസിൽ നിന്ന് ജയിച്ച് പുറത്ത് വരുന്നതോടെ വേരുകളുടെ തര ബോധം തരം തെറ്റാൻ തുടങ്ങും. മലയാറ്റൂരിന്റെ ‘വേരുകൾ' , അലക്സ് ഹേലി യുടെ Roots അങ്ങനെ പല പല ജീവിതങ്ങൾ അനുഭവത്തിൽ വരും. അതോടെ വേരുകൾ രണ്ടല്ല , രണ്ടായിരം തരം പോലുമല്ല എന്ന ധാരണ വരും. അവനവന്റെ വേരുകൾ തിരയുന്ന തത്വജ്ഞാനിയായി മാറ്റും . ജയം വീണ്ടും അന്വേഷിക്കും. തത്വജ്ഞാനം ജീവിതത്തിന് പുതിയ അർഥങ്ങൾ നൽകും. എന്നാൽ നിന്റെ വിത്തും വേരും എന്ത് - എന്ന ഭരണ കൂടത്തിന്റെ ചേദ്യം , ആർജിച്ച അർഥസമ്പാദ്യങ്ങളെയൊക്കെ നിരുപയോഗമെന്ന് വരുത്തും . 

ഈ ആഴ്ച വായിച്ച രണ്ടു കവിതകളാണ്  - ശിവ പ്രസാദ് പാലോടിന്റെ ‘വർഗമൂലവും’ ഡോണ മയൂരയുടെ ‘നീ ആരാണെന്ന് ചോദിച്ചാൽ ‘ എന്നിവ. സമകാലികത രണ്ടു കവിതകളുടേയും ഉൾക്കരുത്താണ്. വർഗമൂലം ഗണിതാത്മകമായ ഒരു വ്യവസ്ഥയ്ക്കുള്ളിലാണ് . വെറും വേരല്ല [ root ] .വേരെന്ന ജീവശാസ്ത്രതയല്ല അക്കം തന്നെയാണ്. കവിതയുടെ layout - അച്ചടി  രൂപം V അല്ല /\ ആണ്. ഇത് വേരല്ല , നിലനില്‌പാണ് ഉള്ളടക്കം എന്നു കാണിക്കാനാണ് . പട്ടികക്ക് പുറത്താക്കപ്പെടാതിരിക്കലാണ് എഴുത്ത്. കുയിൽ പുറത്താവുന്നതാണ് ജന്മമൂലപടലവിശേഷം . എഴുത്ത് / കുയിലിന് പാട്ട് പ്രതിരോധമാണ്. അത് കവിത ശക്തമായി അവതരിപ്പിക്കുന്നു. 

വർഗമൂലത്തോടൊപ്പം നിൽക്കുന്ന കവിതയാണ് - നീ ആരാണെന്ന് ചോദിച്ചാൽ . ചോദ്യം കേൾക്കുമ്പോൾ ഞെട്ടും- എന്നിങ്ങനെയാണ് കവിത തുടക്കം . തത്വചിന്താപരമാണ് ചോദ്യം. ലോക സംസ്കാരം പല കാലങ്ങളിലായി  പല മട്ടിലും ഇതിനുത്തരം പറഞ്ഞതാണ്. അതൊന്നും പേരാതെ വരും ഇപ്രാവശ്യത്തെ ചേദ്യത്തിന് . ഓട്ടപ്പാത്രത്തിൽ രാത്രി [ യെ ] കട്ടുകൊണ്ടോടുന്ന നക്ഷത്രമാണ് എന്ന ഉത്തരം കണ്ടെത്തും . പുതിയൊരു ഉത്തരം ഉണ്ടാവുകയാണ്. അതൊരു ക്രിയയിൽ / പ്രവൃത്തിയിൽ  നിന്നാണ് ഉണ്ടാക്കുന്നത്. രാത്രിയെ ഒളിച്ചു കടത്തി - ഓട്ടപ്പാത്രത്തിലാണെങ്കിലും - വെട്ടം വരുത്തുന്ന നക്ഷത്രമാണ് ഞാൻ! 

എഴുത്ത് കവിതയാവുന്നത് വാഗർഥങ്ങളിൽ നിന്ന് കുതറിപ്പോന്ന് അനുഭവാർഥങ്ങളെ നിർമ്മിക്കുമ്പോഴാണ്. ഈ അനുഭവമൂല്യം മയൂരയുടെ കവിതയിൽ പ്രത്യക്ഷമാണ്. ശിവപ്രസാദിന്റെ കവിത കുറേ കൂടി സംവേദനം എളുപ്പമാക്കുന്നുണ്ട്. അവരവരുടെ സവിശേഷ മികവ് രണ്ടിലും നിറഞ്ഞു നിൽക്കുന്നു. 

താൻ ആരാണെന്ന തിരച്ചിൽ സ്വയം ചെയ്യേണ്ടി വരുന്ന സന്നിഗ്ധതകളിലാണ് മനുഷ്യൻ സ്വയം സൃഷ്ടികളിലേർപ്പെടുന്നത്. മനുഷ്യൻ മാത്രമല്ല , സകല ജീവനും ഒരർഥത്തിൽ ഇത് ചെയ്യുന്നു. അത് പരമ്പരയെ സൃഷ്ടിക്കലാണ്. അറ്റുപോകാത്ത കണ്ണികൾ . മനുഷ്യൻ കഥ, കവിത , ചിത്രം , ചലനം എന്നിവയിലൂടെ താനാരെന്ന് പ്രകാശിപ്പിക്കുന്നു . സർഗപരമായ ക്രിയകളിലൂടെ താനാരെന്ന് ജീവൻ സംസ്ഥാപനം ചെയ്യുന്നു. 

ഈ അർഥത്തിൽ ശിവപ്രസാദ് പാലോടും ഡോണ മയൂരയും സമകാലിക ചരിത്രപശ്ചാത്തലത്തിൽ സ്വയം ID ഉണ്ടാക്കുന്നു. കവിതക്കുള്ളിൽ തന്റെ വേരും ഉത്തരവും ഉണ്ടാകുന്നു എന്നു മാത്രമല്ല കവിത കൊണ്ട് കവിതക്ക് വെളിയ്ക്കും താനാരെന്ന് ഉറപ്പിക്കുന്നു. 

No comments: