19 January 2020

ബഡവാഗ്നിയുടെ ഉപമ


വിപരീതങ്ങൾ സൃഷ്ടിക്കുന്നത് അകലമല്ല. വിപരീതങ്ങൾക്ക്  അകലാൻ ഒന്നുമില്ല. അതിസൂക്ഷ്മായ ഒരു കാലഖണ്ഡത്തിന്റെ / അർഥബോധ്യത്തിന്റെ / മനോഘടനയുടെ അകലം അകലമല്ല , അടുപ്പമാണ് സൃഷ്ടിക്കുക . സ്ഥൈര്യവും ഉന്മാദവും ഒരു ഞൊടിയുടെ / അർഥധാരണയുടെ ശതാംശം പോലും അകലത്തല്ല കാവ്യജീവിതത്തിൽ. അഥവാ ഇതിലേതെന്ന് പ്രതിനിമിഷം / പ്രത്യർഥം വിപരീതങ്ങളായി  നിർവചിക്കപ്പെടുകയും ചെയ്യുന്നുണ്ട് . പ്രിയയുടെ ‘ഉന്മാദം ‘ എന്ന രചന നൽകുന്ന വായനാനുഭവം ഇങ്ങനെയായിരുന്നു. 

ഉന്മാദത്തിനൊരു  തുടക്കമുണ്ട്. ഒടുക്കവും. തിരതിരയായി വന്ന് ജലമെന്ന സ്ഥിരതയിലേക്ക്  പ്രവഹിക്കുന്നതാണ് ഉന്മാദത്തിന്റെ ഒരു ഘടന .വേറെയും ആലോചിക്കാം. ഇവിടെ ഇങ്ങനെ തിരയുടെ ഘടനയാണ് എഴുതുന്നത് . തിര തിരിച്ചിട്ടാൽ രതിയാണ്. രതിയുടെ ഘടനയിൽ കൈവിട്ട അന്യോന്യം ഉന്മാദവും . ശാന്തമായ ജലം സ്വയം പെരുകി കൊടുംകാറ്റുകളെ സൃഷ്ടിച്ച്‌  ഉരത്ത തിരകളെ പെരുക്കുന്ന വൈകാരികത കവിതയുടെ ജീവനാണ്. നിലാവുണരുന്ന സമുദ്രതീരം , ശബ്ദമുറങ്ങുന്ന [ നിശബ്ദമുറങ്ങുന്ന എന്നല്ല ] ശംഖ് തുടങ്ങി ജീവന്റെ ശക്ത ബിംബങ്ങളെ നിറച്ച് വെച്ചിരിക്കയാണ് എഴുത്തിൽ. 

ജ്വലിക്കുന്ന പ്രബലമായ രാത്രിയെ വായിച്ചു നിർത്തിയപ്പോൾ സച്ചിദാനന്ദന്റെ അക്ക മൊഴിയുന്നു എന്ന കവിതയുടെ ഊർജം മുഴുവൻ ഓർമ വന്നു. ' ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാൻ ...... അതിൻ ലഹരിയിൽ നീലയായ് പാടുമെൻ ജീവനും ‘എന്ന് പറഞ്ഞവസാനിക്കുന്ന  [ ക്കാത്ത ! ] കവിത പൂർണമായി മനസ്സിലായത് പ്രിയയുടെ ‘ഉന്മാദം ‘വായിച്ചപ്പോഴാണ്. പ്രബലമായൊരു രാത്രി ഞാൻ ജ്വലിക്കുന്നു - സ്വയം ജ്വലിക്കാനുള്ള ഊർജം ഉള്ളിൽ അടക്കി വെച്ച സമുദ്ര സങ്കല്പമാണ്.സ്ത്രീക്കുള്ളിൽ [ പുരുഷനുള്ളിലും ] ജ്വലിച്ച് നിൽക്കുന്ന ബഡവാഗ്നി . കാളിദാസൻ പറയുന്ന ശമീവൃക്ഷത്തിനുള്ളിലെ അഗ്നിയേക്കാൾ [ അഭിജ്ഞാനശാകുന്തളം ] സ്ഫോടനാത്മകം. 

വാങ്മയത്തിന്റെ സ്ഥൂലശില്‌പമാണ് കവിത. ശില്പത്തിന്റെ / കവിതയുടെ ഉള്ളടക്കവും രൂപവും ഒന്നു തന്നെയാണ്. അതിൽ നിന്ന് വിട്ട് മറ്റൊന്നാണ് അർഥമെന്ന് കരുതി തിരയുന്നത് കവിതയെ / ശില്പത്തെ കൈവിടലാണ്. അർഥമന്വേഷിക്കുന്നവർക്ക് അതിന്റെ ആധാരമെന്ന് കരുതിയ കവിത / ശില്പം - ചിത്രം , സംഗീതം .. അർഥാനേഷണ ഘട്ടത്തിൽ നിരുപയോഗമാണ്. എന്നാൽ നാം അതുളവാക്കിയ അനുഭൂതിയിലാണ് ഊന്നുന്നെങ്കിൽ ‘ഉന്മാദം ‘ ഉള്ളിൽ കിടക്കും . സാഗരസ്ഥമായ ബഡവാഗ്‌നി പോലെ. നിരന്തരം ഊർജം പ്രസരിപ്പിച്ചുകൊണ്ട്. 


No comments: