03 November 2014

അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു


കേരളപ്പിറവി ദിനം
 
അടുക്കളയിലേക്ക് തിരിഞ്ഞു നോക്കുന്നു

കേരളം പിറക്കുമ്പോള്‍ നമ്മുടെ അമ്മമാരും അമ്മായിമാരും ചേച്ചിമാരും ഒക്കെ അടുക്കളയില്‍ നല്ല തിരക്കിലായിരുന്നു. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് അടുപ്പിലെ വെണ്ണീറുവാരി അടുപ്പുകല്ല് നനച്ച് തുടച്ച് അടുക്കള അടിച്ചുവാരി കഞ്ഞിക്കുള്ള കലം അടുപ്പത്ത് വെച്ചിരുന്നു. അഛനും അമ്മാവന്‍മാര്‍ക്കും വേണ്ടി ഓരോ ക്ളാസ് ശര്‍ക്കരക്കാപ്പി തിളപ്പിക്കയായിരുന്നു. പുറത്തേ അടുപ്പില്‍ കന്നിനുള്ള കഞ്ഞിക്ക് ചപ്പുചവര്‍ വാരിക്കൂട്ടി കത്തിക്കയായിരുന്നു.
അമ്പത്തേഴുകൊല്ലം മുന്പ് പ്രഭാതം പുകഞ്ഞുകത്തി തെളിയുകയായിരുന്നു. രാവിലെ 7 മണിക്ക് കഞ്ഞി. സമ്പന്ന ഗൃഹങ്ങളില്‍ കഞ്ഞിക്ക് ഉരുക്കിയ നെയ്യ്. ഉച്ചക്ക് ചോറ് . രാത്രി അത്താഴം ചോറൊ കഞ്ഞിയോ. അതിനൊരു കൂട്ടാന്‍ [ കറി ]. ഒരുപ്പിലിട്ടത്. കഞ്ഞിക്കൊരു ചമ്മന്തി. തേച്ചു വെളുപ്പിച്ച ഓലക്കിണ്ണം. പിച്ചള ഗ്ളാസ്. പ്ളാവില കോട്ടിയത്. മോര്. തറവാടുകളില്‍ പപ്പടം ചുട്ടത് ഓരോന്ന്.
രാവിലത്തെ കഞ്ഞി തയ്യാറായാല്‍
ഉച്ചക്കുള്ളതിന്ന് ശ്രമം തുടങ്ങും. അന്നന്നക്ക് വേണ്ട അരി കാരണവര്‍ അളന്നു കൊടുക്കും. നല്ല കൈക്കുത്തരി. തവിടുപോകാത്ത അരി. കഴുകി അരിക്കാടി സൂക്ഷിച്ചുവെക്കും. പശുവിന്നു കുടിക്കാനാണ്` അരിക്കാടി. പലമുരുന്നുകള്‍ക്കും അരിക്കാടി വേണം. വാതരോഗചികില്‍സക്ക് പ്രത്യേകിച്ചും. അന്നന്നത്തെ അന്നന്നക്ക് സൂക്ഷിക്കും. ചോറ് / കഞ്ഞി നല്ല ചുകപ്പുനിറത്തില്‍ [ തവിടിന്റെ നിറം ] കലം നിറയെ വെന്തുപാകമാകും. അരി വാര്‍ത്ത കഞ്ഞിവെള്ളം എല്ലാവര്‍ക്കും വേണം കുടിക്കാന്‍. ഒരു നുള്ള് ഉപ്പുമിട്ട് കഞ്ഞികുടിച്ചാല്‍ അതുവരെയുള്ള ക്ഷീണം പമ്പകടക്കും. ചെറിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഞ്ഞിയേ പാടൂ. ദഹനം അനായാസമാക്കാന്‍. കറികള്‍ വളരെ എളുപ്പം . സാധാരണ മുളകുഷ്യം, മോരൊഴിച്ചകൂട്ടാന്‍ മാത്രം. പിറന്നാള്‍ മുതലായ വിശേഷങ്ങളില്‍ കാളന്‍, ഓലന്‍, അവിയല്‍, ഓലന്‍, എരിശ്ശേരി എന്നിങ്ങനെ. മെഴുക്കുപുരട്ടി വേണം എന്നും. പടര്‍കായ മെഴുക്കുപുരട്ടിയാണ്` പതിവ് മെനു. വഴുതിന, കയ്പ്പക്ക, ചേന, പയര്‍ എന്നിവയും കാലാവസ്ഥക്കനുസരിച്ച് ഉണ്ടാവും. ഉപ്പിലിട്ടത് കാലത്തിനനുസരിച്ച് മാങ്ങ, വടുകപ്പുളി നാരങ്ങ , നെല്ലിക്ക, പുളിയിഞ്ചി, ഇഞ്ചിക്കറി . സംഭാരം ഇഷ്ടമ്പോലെ. കഞ്ഞിക്കും ചോറിനും ഉപസ്തരണം [ ഉരുക്കിയ നെയ്യ് ] സമ്പന്നകുടുംബങ്ങളില്‍ രാവിലെ കാണും. സാധാരണക്കാര്‍ പതിവില്ല. വിശേഷങ്ങള്‍ക്ക് പപ്പടം കാച്ചും. പായസം - നെയ്പ്പായസം , ശര്‍ക്കരപ്പായസം, പാല്‍പ്പായസം, പഞ്ചാരപ്പായസം, ഇടിച്ചുപിഴിഞ്ഞപായസം എന്നിവയില്‍ ഒന്നും. ഓട്ടുക്ളാസില്‍ തണുത്ത പച്ചവെള്ളം അടുത്ത് . രാത്രി കഞ്ഞി / ചോറ് . മൊളകുഷ്യം. മോര്`, കൊണ്ടാട്ടം. കിടക്കുന്നതിന്ന് മുന്പ് ഒരു ക്ളാസ് തിളപ്പിച്ചാറിയ പാല്‍ കാരണവര്‍ക്കും കുട്ടികള്‍ക്കും കിട്ടും.

പലഹാരപ്പണി നിത്യവും ഇല്ല. അപൂര്‍വം ദിവസങ്ങളില്‍ പലഹാരം രാവിലെ തയ്യാറാക്കും. ദോശ, ഇഡലി, പുട്ട്, ഉപ്പുമാവ് ഇതിലൊന്ന്. ചട്ടിണി, പൊടി, പഴനുറുക്ക് ഇതിലൊന്നും. നാലുമണിക്ക് കാരോലപ്പം, അട, അവില്‍കുഴച്ചത് എന്നിവ അത്യപൂര്‍വം ദിവസങ്ങളില്‍. രാത്രിക്ക് ഉപവാസമുള്ളവര്‍ക്ക് കൊഴക്കട്ട ഉണ്ടാക്കും. മത്സ്യം മാംസം എന്നിവ എന്നും ഇല്ല. മാസത്തിലൊരിക്കലോ മറ്റോ ഉണ്ടെങ്കില്‍ ഉണ്ട് എന്നായിരുന്നു പതിവ് .

അന്നം [ ഭക്ഷണം ] ഈശ്വരനായിരുന്നു. ഒരു വറ്റ് കളഞ്ഞാല്‍ ആയിരം പട്ടിണി എന്നായിരുന്നു കുട്ടികളെ അമ്മമാര്‍ പഠിപ്പിച്ചത്. ബാക്കിവരുന്നതൊക്കെ നന്നായി സൂക്ഷിക്കും. ഉപയോഗിക്കും. സൂക്ഷിക്കാന്‍ നാടന്‍ സാങ്കേതികവിദ്യകളുണ്ട്. ചോറില്‍ വെള്ളമൊഴിച്ചുവെക്കും. പിറ്റേന്നാളേക്ക് നല്ല തണുത്ത വെള്ളച്ചോറ് . ഒരു ചീനിമുളകും ഒരു നുള്ള് ഉപ്പും ഒരിറ്റ് മോരും ഉണ്ടെങ്കില്‍ ഒരു കിണ്ണം ചോറ് തിന്നും. പിന്നെ ഉച്ചവരെ വെശപ്പൂല്യ. ദാഹോല്യ . കുളിച്ച് വൃത്തിയായേ ഭക്ഷണം കഴിക്കാനിരിക്കൂ. നിലത്തിരുന്നാണ്` ഊണ്. ഇരിക്കാന്‍ പായ, തടുക്ക്, പലക, എന്നിവ ഉണ്ട്. വെറും നിലത്ത് ഉണ്ണാനിരിക്കരുത് . അടുക്കളയിലോ തൊട്ടടുത്തുള്ള തളത്തിലോ ആണ്` ഭക്ഷണം.
ഇരുന്നുണ്ണരുത്
ഉണ്ണാനിരിക്കരുത്
ഉണ്ണാതിരിക്കരുത്
ഉണ്ട് ഇരിക്കരുത്
ഉണ്ടോടത്ത് ഇരിക്കരുത്
നിഷ്ഠകളുണ്ട്. ഒരാളിന്റെ ഭക്ഷണം ബാക്കിവന്നത് എച്ചിലാണ്` . എച്ചില്‍ കഴിക്കുന്നത് കുറച്ചിലാണ്`. കടിച്ചു തിന്നരുത്. പൊട്ടിച്ച് / മുറിച്ച് തിന്നണം. മോന്തി കുടിക്കരുത് . ഒഴിച്ചുകുടിക്കണം. നടന്ന് തിന്നരുത് . തിന്നാല്‍ നടക്കണം. നക്കിത്തിന്നരുത്. വലത്തെ കയ്യുകൊണ്ട് വിളമ്പണം, തിന്നണം. മുടികെട്ടിവെച്ചേ ഉണ്ണാവൂ, വിളമ്പാവൂ. എല്ലാറ്റിനും വ്യവസ്ഥയുണ്ട്. തറവാട്ടുരീതിയുണ്ട്. ആതിഥ്യം ഗംഭീരമായിരുന്നു .

നിത്യോപയോഗ ഭക്ഷ്യങ്ങള്‍


പച്ചക്കറി
പലചരക്ക്
മത്തന്‍ / മത്തനില
കുമ്പളന്‍
വെള്ളരിക്ക
ചേന / ചേനയില
ചേമ്പ് / ചേമ്പില
കായ
പയര്‍ / പയറില
മുളക്
മഞ്ഞള്‍
ഇഞ്ചി
കാവുത്ത്
ചക്ക
കടച്ചക്ക
മാങ്ങ
തേങ്ങ
മുരിങ്ങയില / മുരിങ്ങക്കായ
താള്/ തകര
ചീരയില
കയ്പ്പ
വഴുതിന
പപ്പായ [കറുവത്ത് കായ]
മധുരക്കിഴങ്ങ്
കൊള്ളിക്കിഴങ്ങ്

മല്ലി [ കൊത്തമ്പാല ]
മുളക്
കടുക്
പയര്‍ / ചെറുപയര്‍
പരിപ്പ്
ഉലുവ
മുതിര
ഉഴുന്ന്
ജീരകം
മഞ്ഞള്‍
കായം
വെളിച്ചെണ്ണ
നല്ലെണ്ണ
കടലെണ്ണ
ശര്‍ക്കര
പഞ്ചസാര
ചായ / കാപ്പി
ചുക്ക്


സവിശേഷ ഭക്ഷ്യങ്ങള്‍
മത്സ്യം, മാംസം, ഉള്ളി , പാല്‍, പപ്പടം ഇതൊന്നും എവിടെയും നിത്യാഹാരമായിരുന്നില്ല .

No comments: