03 January 2015

ക്ളാസ് മുറിയിലെ സജീവത


ഒരു അദ്ധ്യാപികയുടെ വിജയം എന്നുപറയുന്നത് ക്ളാസ് മുറികൾ സജീവമായി നിലനിർത്താൻ കഴിയുന്നതോടെയാണ്`. സജീവത ഉണ്ടാക്കുന്നത് പ്രവർത്തനങ്ങളിലൂടെയാണ്`. പ്രസക്തിയുള്ള, നൈരന്തര്യമുള്ള, സക്രിയമായ ,കുട്ടിയിൽ വെല്ലുവിളിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ ക്രമപ്പെടുത്തി ചെയ്യാൻ നൽകുകയും ചെയ്യുമ്പോഴാണ്`. അദ്ധ്യാപികയുടെ സർഗാത്മകത , അർപ്പണഭാവം , അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിർവഹിക്കപ്പെടുന്നത്.

ആവർത്തനവിരസതയല്ലാതെ മറ്റൊന്നും ക്ളാസിന്റെ ജീവസ്സ് കളയുന്നില്ല എന്നതാണു ശരി. ' ശരി , എന്നാൽ നമുക്ക് ഗ്രൂപ്പുകളായി ഇതു ചെയ്യാം ' എന്നു പറയന്നതോടെ കുട്ടികൾക്ക് മടുപ്പു തുടങ്ങുകയായി. ഒന്ന് രണ്ട് മൂന്ന്... എണ്ണി ഗ്രൂപ്പുകളാണെന്നും. ഒരു പുതുമയും ഇല്ലാത്ത ഗ്രൂപ്പിങ്ങ് ആക്ടിവിറ്റി.
ഗ്രൂപ്പിങ്ങ് ഒരു പഠനപ്രവർത്തനമാണെന്നുപോലും മറക്കുന്ന അവസ്ഥ
പഠനപ്രവർത്തനങ്ങൾക്കുള്ള ഒരുക്കം മാത്രമാവരുത് ഗ്രൂപ്പിങ്ങ്. പഠനത്തിനുള്ള മുന്നൊരുക്കം, വിഷയവുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി ഉണ്ടാക്കൽ, വിവരവിതരണം, പഠനത്തിനായുള്ള മാനസികാവസ്ഥ ക്ളാസിൽ നിർമ്മിക്കൽ തുടങ്ങി നിരവധി സാധ്യതകൾ ഒരു ഗ്രൂപ്പിങ്ങ് ആക്ടിവിറ്റിയിൽ നിന്നുപോലും ഉണ്ടാക്കാൻ കഴിയണം നല്ലൊരു അദ്ധ്യാപികക്ക്. നോക്കൂ:
കേരളപാഠാവലി, മലയാളം , ക്ളാസ് 7 , പേജ് 36 : പ്രവർത്തനം - കവിതയിൽ നിന്ന് കവിയിലേക്ക്
കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക
ഈ പ്രവർത്തനത്തിന്നായി ഗ്രൂപ്പുകളുണ്ടാക്കുമ്പോൾ - സാധ്യതകൾ

ആ പാഠത്തിന്റെ അവസാനഭാഗത്തു വരുന്ന പ്രവർത്തനമാണിത്. പാഠം മിക്കവാറും പഠിപ്പിച്ചു കഴിഞ്ഞിരിക്കും. അതൊക്കെയും ടീച്ചേർസ് ടെക്സ്റ്റിലും പാഠപുസ്തകത്തിലും നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങളിലൂടെയുമായിരിക്കണമല്ലോ. അപ്പോൾ
ഒന്ന് )
ക്ളാസിൽ അദ്ധ്യാപിക പലപ്പോഴായി സൂചിപ്പിച്ച സംഗതികൾ അവലംബമാക്കിക്കൊണ്ട് -
ആശാന്റെ കവിതകൾ [ ഖണ്ഡകാവ്യങ്ങൾ, കവിതകൾ, വിവർത്തനങ്ങൾ .... ] ഓർമ്മയിലുള്ളതൊക്കെ കുട്ടികളോട് കുറിച്ചുവെക്കാൻ പറയുക... 3 മിനുട്ട് സമയം കൊടുക്കാം
കവിതകൾ പോലെ ആശാന്റെ കഥാപാത്രങ്ങൾ, നായികമാർ, ആശാന്റെ സമകാലിക കവികൾ, സമകാലികരായ സാമൂഹ്യനായകൻമാർ, ആശാൻ പ്രവർത്തിച്ച സ്ഥലങ്ങൾ, സംഘടനകൾ എന്നിങ്ങനെ ഏതെങ്കിലും ഒന്നിലൂന്നിയാവാം ലിസ്റ്റ് തയ്യാറാക്കൽ.
തയ്യാറാക്കിയ ലിസ്റ്റ് [ ഏറ്റവും കൂടുതൽ കണ്ടെത്തിയ കുട്ടിയുടെത് ആദ്യം ] ക്ളാസിൽ അവതരിപ്പിക്കാൻ പറയുക. അതിൽ പറയാതെ വിട്ടുപോയവ മറ്റുകുട്ടികളോട് കൂട്ടിച്ചേർക്കാൻ പ്രോത്സാഹിപ്പിക്കാം. ബാക്കിയുള്ളവ അദ്ധ്യാപിക അവസാനം പൂരിപ്പിക്കട്ടെ....
നോക്കൂ: നമുക്ക് ആകെ 6 ഗ്രൂപ്പ് വേണമെന്നിരിക്കട്ടെ. ഈ ലിസ്റ്റ് പൂർത്തിയാക്കി അതിൽ നിന്നും ഒരു മുൻഗണനാക്രമം നിശ്ചയിച്ച് 6 പേരുകൾ തെരഞ്ഞെടുക്കുക. അതുപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കുക. 5-6 മിനുട്ട്കൊണ്ട് ഇതു സാധിക്കാം . [ ഗ്രൂപ്പുകളുടെ തീരുമാനമായാൽ മുൻഗണനാക്രമം എന്തായിരുന്നു എന്ന് ചർച്ചചെയ്യണം. വിശദീകരിക്കുകയുമാവാം.

രണ്ട്)
ആശാന്റെ കവിതകൾ, നായികമാർ, നായകൻമാർ, സംഘടനകൾ - സ്ഥലങ്ങൾ, സാഹിത്യകാരൻമാർ, സാമൂഹ്യനായകൻമാർ.... എന്നിവ അദ്ധ്യാപിക നല്ലൊരു ലിസ്റ്റ് ആദ്യം അവതരിപ്പിക്കുക. ലിസ്റ്റിലെ പേരിലെ പ്രാധാന്യം കണക്കിലെടുത്ത് തരം തിരിക്കാൻ പറയുക. . അപ്പോൾ കുട്ടികൾ
നായിക, നയകൻ, സംഘം , സ്ഥലം , കവികൾ, നേതാക്കൾ എന്നിങ്ങനെ 6 തരം തിരിക്കും. ഈ പേരിൽ 6 ഗ്രൂപ്പുകൾ ഉണ്ടാക്കാം. നായികാഗ്രൂപ്പ്, സ്ഥലഗ്രൂപ്പ്.... എന്നിങ്ങനെ.

മൂന്ന് )
പഠിക്കാനുള്ള ആശാൻ കവിതയിലെ ഏറ്റവും ഇഷ്ടം തോന്നിയ പദങ്ങൾ ഓർമ്മയിൽ നിന്ന് എഴുതാൻ പറയാം. ലിസ്റ്റ് അവതരിപ്പിക്കുക. [ ലിസ്റ്റ് അവതരിപ്പിക്കുന്ന രീതി നേരത്തേ പറഞ്ഞു ] ആ ലിസ്റ്റിൽ നിന്ന് 6 ഗ്രൂപ്പുകൾക്ക് വേണ്ട പേരുകൾ മുൻഗണനാക്രമത്തിൽ എടുത്ത് ഗ്രൂപ്പുണ്ടാക്കുക. ഹാപുഷ്പമേ , ശ്രീഭൂവിലസ്ഥിര,
ബാലാതപം... എന്നിങ്ങനെ 6 ഗ്രൂപ്പുകൾ.

നാല്` )
വീണപൂവ് , ഹാപുഷ്പമേ, ലാളിച്ചുപെറ്റ, പാലൊത്തെഴും, ശീലിച്ചുഗാനം , ഈവണ്ണം ... എന്നിങ്ങനെ പേരുള്ള ഗ്രൂപ്പുകളാക്കാം. ശ്ളോകങ്ങളിലെ ആദ്യപദങ്ങൾ ഉപയോഗിച്ച്.... ആദ്യപദങ്ങൾ കുട്ടികൾ ഓർമ്മയിൽ നിന്ന് ലിസ്റ്റ് ചെയ്യണം. ബാക്കിയൊക്കെ നേരത്തേ പറഞ്ഞപോലെ...

ഇനിയും പലമട്ടിലും ആലോചിക്കാം . പക്ഷെ,
കുട്ടിക്ക് എഴുതാനുള്ള ജീവചരിത്രക്കുറിപ്പിന്ന് സഹായകമായ വസ്തുതകളായിരിക്കണം, ആശയങ്ങളായിരിക്കണം ഗ്രൂപ്പ് നിർമ്മാണഘട്ടത്തിൽ നിന്ന് കുറച്ചെങ്കിലും കുട്ടിക്ക് കിട്ടേണ്ടത്. വെറുതെ വൺ, ടൂ, ത്രീ... ആക്കിയാൽ അതില്ലല്ലോ. ബോറടി മിച്ചം. എന്നാലോ നിരർഥകമായ കാര്യങ്ങളും ചെയ്തുകൂടാ. വെറുതെ വരികളിലെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗ്രൂപ്പ്, ശ്ളോകങ്ങളിലെ അവസാന വാക്കുകൾ ഉപയോഗിച്ചുള്ള ഗ്രൂപ്പ്, പൂവിന്റെ പര്യായങ്ങൾ വരുന്ന ഗ്രൂപ്പ് എന്നിങ്ങനെ ആയിക്കൂടാ. കുട്ടിക്ക് ചെയ്യാനുള്ള പ്രവർത്തനവുമായി അതിനു സഹായിക്കാനാവില്ല.

ഇങ്ങനെ ചെയ്യുന്നതോടെ

ക്ളാസിൽ ആദ്യപ്രവർത്തനം മുതൽ തന്നെ കുട്ടിക്ക് എഴുതാനുള്ള ജീവചരിത്രക്കുറിപ്പിന്ന് - അതു ചെയ്യാനുള്ള ഒരന്തരീക്ഷം അറിയാതെ ഉണ്ടാവുന്നു. ഒരു മൂഡ് സൃഷ്ടിക്കപ്പെടുന്നു.
തന്റെ കുറിപ്പിൽ ഉചിതമായി ചേർക്കാനുള്ള കുറേ ദത്തങ്ങൾ, ആശയങ്ങൾ എന്നിവ ലഭിക്കുന്നു
എപ്പോഴേങ്കിലും അദ്ധ്യാപികക്ക് ക്ളാസിൽ വിട്ടുപോയ പ്രധാനപ്പെട്ടവ - അത്ര പ്രാധ്യാമെല്ലെന്ന് തോന്നിയവയും കൂട്ടിച്ചേർക്കാൻ - ഉചിതമായി നൈസർഗ്ഗികമായി കൂട്ടിച്ചേർക്കാൻ അവസരം കിട്ടുന്നു
ക്ളാസിൽ കുട്ടിക്ക് കുറിച്ചെടുക്കാൻ കഴിയാതെ പോയ ചില സംഗതികളെങ്കിലും അവളറിയാതെത്തന്നെ കുറിക്കാൻ തരപ്പെടുന്നു.
പാഠം - ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ പാകത്തിൽ ഇപ്പോൾ - ഒരാവർത്തികൂടി കേൾക്കാൻ കുട്ടിക്ക് അവസരം ഉണ്ടാകുന്നു
കുട്ടിക്ക് ജീവചരിത്രക്കുറിപ്പിനാവശ്യമായ സംഗതികളിൽ കുറേ എണ്ണം ഓർമ്മയിൽ നിലനിൾക്കുന്നു എന്ന് അദ്ധ്യാപികക്കും പരോക്ഷമായി കുട്ടിക്കും ഹർഷമുണ്ടാക്കുന്നു. കുട്ടിക്ക് തന്നെക്കുറിച്ചുള്ള മതിപ്പ് വർദ്ധിക്കുന്നു
ലിസ്റ്റ് തയ്യാറാക്കുമ്പോഴൊക്കെ മുന്നിൽ നിൽക്കുന്ന മിടുക്കിക്കും അത്രതന്നെ മുന്നിലല്ലാത്ത കുട്ടിക്കും പ്രകടിപ്പിക്കാൻ അവസരം കിട്ടുന്നു . ഭിന്ന നിലവാരക്കാർക്ക് മുഴുവൻ പരിഗണന കിട്ടുന്നു. മിടിക്കിയായ കുട്ടി വിട്ടുകളഞ്ഞ ചില വിവരങ്ങൾ മറ്റുകുട്ടികൾക്ക് കൂട്ടിച്ചേർക്കാൻ അവസരം കിട്ടുകയാണല്ലോ.
ഓരോ കുട്ടിയേയും വിലയിരുത്താൻ അദ്ധ്യാപികക്ക് അവസരം കിട്ടുന്നു

ഒരു കാര്യം ഉറപ്പാക്കണം. ഗ്രൂപ്പിങ്ങ് ഒരു പഠനപ്രവർത്തനമാണ്`. അതു സോദ്ദേശ്യത്തോടെ നിർവഹിക്കപ്പെടുമ്പോൾ. അതല്ലെങ്കിൽ ഗ്രൂപ്പിങ്ങ് പോലെ അരോചകമായി മറ്റൊന്നില്ലതാനും .


1 comment:

Akbarali Charankav said...

sir, It is nice article