27 May 2014

അവധിക്കാലത്ത് സിനിമകാണുക !!


കുട്ടികള്‍ക്ക് അവധിക്കാല ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്` സിനിമകാണല്‍ . അവധിക്കാലത്തിന്ന് പാകത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും - സകുടുംബം - കാണാനുള്ള നിരവധി സിനിമകള്‍ അടുത്തുള്ള തിയേറ്ററുകളില്‍ എത്തുകയും ചെയ്യും. ടി.വി. , മൊബൈല്‍ എസ്.എം.എസ് , ഫേസ്ബുക്ക് എന്നിവയിലൂടെ ആകര്‍ഷകമായ സിനിമാപരസ്യങ്ങള്‍ കുട്ടികളെ തിയേറ്ററുകളിലെത്താന്‍ പ്രേരിപ്പിക്കുന്നു. സ്കൂള്‍ തുറക്കുമ്പോഴേക്കും 2- 4 സിനിമകള്‍ കണ്ടില്ലെങ്കില്‍ കുട്ടികള്‍ക്കത് വലിയ നിരാശ തന്നെയാണ്`.

സിനിമ വിലയിരുത്തല്‍, സിനിമക്ക് തിരക്കഥ തയ്യാറാക്കല്‍,
[ ചില സ്കൂളുകളിലെങ്കിലും ] സിനിമ ഉണ്ടാക്കല്‍ എന്നിവ ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്` കുട്ടികള്‍ക്ക്. സിനിമയുടെ സാങ്കേതികതയുമായി പ്രകാശം, പെര്‍സിസ്റ്റന്‍സ് ഓഫ് വിഷന്‍, കാമറയുടെ പ്രവര്‍ത്തനം , ശബ്ദസന്നിവേശം, തുടങ്ങിയവ ശാസ്ത്രക്ളാസുകളില്‍ വിഷയങ്ങളാണ്`. സിനിമയുടെ ചരിത്രം, ലോകസിനിമ, ക്ളാസിക്കല്‍ സിനിമകള്‍, പ്രസിദ്ധങ്ങളായ തിരക്കഥകള്‍, മികച്ച സിനിമാനിരൂപണങ്ങള്‍ എന്നിവയും ക്ളാസില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ട്. ഈ സംഗതികള്‍ കൂടി മനസ്സില്‍ വെച്ച് അവധിക്കാലത്ത് കഴിയുന്നത്ര സിനിമകള്‍ കണ്ടാല്‍ ആഘോഷത്തോടൊപ്പം പഠനവും നടത്താന്‍ കഴിയും. മാത്രമല്ല, നാം ആഗ്രഹിച്ച് ചെന്നു കാണുന്ന സിനിമകളെ ശരിയായി വിലയിരുത്താനും കഴിയും.

കുടുംബം, കൂട്ടുകാര്‍ എന്നിവരോടൊപ്പമാണ്` സിനിമക്ക പോക്കും വരവും എങ്കിലും സിനിമകാണുന്നത് ഒറ്റയ്ക്കാണ്`. തികച്ചും ഒറ്റയ്ക്ക്. അതിനു സൗകര്യമൊരുക്കാന്‍ ഇരിപ്പിടവും ഇരുട്ടും ഉണ്ട്. ഒറ്റയ്ക്കിരുന്ന് കാണുമ്പോഴേ സിനിമ ആസ്വദിക്കാനാവൂ. ആസ്വാദനങ്ങളൊക്കെ യും ഒറ്റയ്ക്കാണ്`. വായന, എഴുത്ത്, പാട്ട്, കഥകളി, നാടകം..... എല്ലാ കലകളും തനിച്ചാണ്` ആസ്വദിക്കുന്നത്. കലാസ്വാദനം അങ്ങനെയേ കഴിയൂ . തനിച്ചുള്ള ഏകാഗ്രമായ ധ്യാനം തന്നെ. നമുക്ക് ആസ്വദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തുന്ന ഈ കലകളൊക്കെയും ഒരുപാട് ആളുകളുടെ ഒരു പാട് സമയത്തെ കൂട്ടായ പ്രയത്നം കൊണ്ടു സൃഷ്ടിക്കപ്പെടുന്നവയാനെണെന്നുകൂടി നാമറിയേണ്ടതുണ്ട്.

തിയറ്ററില്‍ ലൈറ്റണച്ച് സ്ക്രീനില്‍ കാണാന്‍ തുടങ്ങുന്ന സിനിമ ആരംഭിക്കുന്നത് അതിനുമെത്രയോ മുന്പാണെന്ന് നാമോര്‍ക്കാറുണ്ടോ? പത്തമ്പതു ദിവസങ്ങളായി പത്തമ്പതു മനുഷ്യര്‍ കൂട്ടായി ചെയ്ത കഠിനാദ്ധ്വാനത്തിന്റെ അവസാനഭാഗമാണ്` ' സിനിമ ' എന്ന പേരില്‍ നാം ഈ വെള്ളിത്തിരയില്‍ നിഴലായി കാണുന്നത്. [വെള്ളിത്തിരയാണെന്നോ, നിഴലാണെന്നോ ഒന്നും നമുക്കു തോന്നുകയേ ഇല്ല എന്ന കാര്യം രസകരമായ മറ്റൊരു സംഗതിയാണ്` ] കഥയെഴുത്തുകാരന്‍, തിരക്കഥയെഴുത്തുകാരന്‍, കാമറാമാന്‍, അഭിനേതാക്കള്‍, സെറ്റ് ഒരുക്കുന്നവര്‍, ലൈറ്റ് ഒരുക്കുന്നവര്‍, ശബ്ദം റെക്കോഡ് ചെയ്യുന്നവര്‍, സംഗീതമൊരുക്കുന്നവര്‍, വസ്ത്രം ആഭരണങ്ങള്‍ മെക്കപ്പ് എന്നിവ ചെയ്യുന്നവര്‍ തുടങ്ങി നിരവധി പേര്‍ ഈ 'നിഴലിന്ന്' പിന്നിലുണ്ടെന്ന് നാമറിയാറുണ്ടോ ? ഇവരൊക്കെയും അതത് മേഘലകളില്‍ പ്രതിഭാസമ്പന്നരുമായിരിക്കും. ഇതില്‍ തുടക്കം കഥയെഴുതുന്ന ആളില്‍ നിന്നാണ്` എന്നു തോന്നിയിട്ടുണ്ടോ?

കഥയാണ്` തുടക്കം. സിനിമക്ക് ഒരു കഥ വേണം. കഥ തയ്യാറായിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ മെല്ലെ മെല്ലെ പുരോഗമിക്കും. കഥക്ക് തുടക്കം ' ഒറ്റവരി ' യില്‍ നിന്നാണ്`. അത് ഒരു വരിയോ ഒരു വാക്കോ ആവും. “ ഭിന്ന വേഗതയുള്ളവരുടെ പ്രശ്നം " എന്നായിരിക്കും ആ ഒറ്റവരി എന്നു കരുതുക. അപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരു കഥ മെനയുകയായി. കഥ നിലവിലുള്ളതോ പുതിയതായി എഴുതപ്പെടുന്നതോ ആവും. നിലവിലുള്ള ഒരു കഥയാണെങ്കില്‍ ' ആമയും മുയലും പന്തയം വെച്ച കഥ ' പ്രയോജനപ്പെടുത്താം.
ഒറ്റവരിയില്‍ നിന്ന് കഥ രൂപപ്പെടുത്തുന്നു. ആമയും മുയലും പന്തയം വെച്ച കഥ വിശദമായി എഴുതിത്തയ്യാറാക്കുന്നു. കഥ ഉണ്ടായിക്കഴിഞ്ഞാല്‍ ഇനി ഈ കഥ സിനിമയുടെ ഘടനകള്‍ ഉള്‍ക്കൊണ്ട് ആ ഒരു ഫോര്‍മാറ്റിലേക്ക് എഴുതി തയാറാക്കണം. ഇതിന്ന് തിരക്കഥ എന്നു പറയും.

കഥ പറയാനും കേള്‍ക്കാനുമുള്ളതാണ്`. കാണാനൊന്നുമില്ലാത്ത സാധനം. സിനിമയാണെങ്കിലോ പറയാനും കേള്‍ക്കാനും കാര്യമായി ഒന്നുമില്ല. സിനിമ കാണാനുള്ളതാണ്`. അതുകൊണ്ട് കഥയെ തിരക്കഥയാക്കുന്ന പണി വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതാണ്`. നോക്കൂ:

കഥ [ പറച്ചില്‍ ]
തിരക്കഥ [ സിനിമയില്‍ കാണല്‍ ]
ഒരു കാട്ടില്‍ ഒരു ആമയും മുയലും ഉണ്ടായിരുന്നു....
സീന്‍ 1

എവിടെയാണെന്നോ എപ്പോഴാണെന്നോ മനസ്സിലാക്കാനാവാത്ത ഒരു കാടിന്റെ ദൃശ്യം.

കാടിന്റെ ദൃശ്യം കുറേകൂടി വ്യക്തമാവുന്നു
മരങ്ങള്‍, പാറക്കെട്ടുകള്‍, നീര്‍ച്ചാലുകള്‍ , മൈതാനം, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജീവികള്‍, എന്നിങ്ങനെ വ്യക്തമായി കാണാന്‍ കഴിയുന്നു

സീന്‍ 2

അവിടെ അവരവരുടെ താമസസ്ഥലത്ത് / അല്ലെങ്കില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആമയേയും മുയലിനേയും കാണാന്‍ കഴിയുന്നു.
ആമയും മുയലും നമുക്ക് കാണാന്‍ പാകത്തില്‍ അടുത്ത് ആവുന്നു
അവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അവരുടെ ഇരുവരുടേയും മുഖഭാവങ്ങള്‍ നമുക്ക് കാണാനാവുന്നു

പശ്ചാത്തലമായി കാടിന്റെ ദൃശ്യം പിന്നില്‍ കാണാനാവുന്നു
നിഴല്‍, വെളിച്ചം, ശബ്ദം എന്നിവയുടെ അകമ്പടിയോടെ എല്ലാം വ്യക്തമാവുന്നു


കഥ തുടരുന്നത് : അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു.
തിരക്കഥയില്‍ : അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതും അതിലൂടെ അവര്‍ സുഹൃത്തുക്കളാനെന്നും നല്ല സുഹൃത്തുക്കളാണെന്നും നമുക്ക് ' കാണാന്‍ ' കഴിയണം സിനിമയില്‍. സിനിമയില്‍ കഥ പറച്ചിലില്ല; കഥ കാണലേ ഉള്ളൂ എന്നോര്‍ക്കണം.

തിരക്കഥയോടൊപ്പം സന്ദര്‍ഭങ്ങളില്‍ പാട്ടുകള്‍ വേണമെങ്കില്‍ അതു എഴുതണം. സംഭാഷണങ്ങള്‍ എഴുതണം. ചുരുക്കത്തില്‍ ഒരു പേജുവരുന്ന 'കഥ'ക്ക് 80-100 പേജ് തിരക്കഥ എഴുതേണ്ടിവരും .

തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സംവിധായകന്‍ ഷൂട്ടിങ്ങ് ആവശ്യത്തിന്ന് 'ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് ' തയ്യാറാക്കണം. ഏതെല്ലാം എങ്ങനെയെല്ലാം എത്ര ദൈര്‍ഘ്യത്തില്‍ ഷൂട്ട് ചെയ്യണം എന്നെഴുതിവെക്കലാണത് . ഉദാ;

തിരക്കഥ
ഷൂട്ടിങ്ങ് സ്ക്രിപ്റ്റ്
എവിടെയാണെന്നോ എപ്പോഴാണെന്നോ മനസ്സിലാക്കാനാവാത്ത ഒരു കാടിന്റെ ദൃശ്യം.
ലൊക്കേഷന്‍ : പറമ്പിക്കുളം / .... എസ്റ്റേറ്റിന്ന് സമീപമുള്ള കാട്
വേനല്‍ക്കാലം / സമയം ഉച്ച
SHOT 1
കാടിന്റെ വിദൂര ദൃശ്യം
ആംഗിള്‍ : ആകാശത്തുനിന്ന് താഴേക്ക് നോക്കുന്നപോലെ
SHOT 2
മരങ്ങളുടെ പച്ചത്തഴപ്പ്
SHOT 3
പൂത്തുനില്‍ക്കുന്ന മരങ്ങളുടെ മുകള്‍ ഭാഗം
SHOT 4
പൂവാകകള്‍
SHOT 5
പാലപ്പൂക്കള്‍
SHOT6
വിദൂരദൃശ്യം മെല്ലെ മെല്ലെ അടുത്തേക്ക് വരുന്നതുപോലെ
SHOT 7
സ്ക്രീനില്‍ നിറയുന്ന കാടിന്റെ മേലാപ്പ്
SHOT 8
സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്നു ദൃശ്യം
TOTAL 60 സെക്കന്റ് ദൈര്‍ഘ്യം

ചീവീടുകളുടെ കരച്ചില്‍
നദിയുടെ കുത്തിയൊലിക്കല്‍ - ശബ്ദം
ഒരു സിംഹം അലറുന്ന ശബ്ദം
കുരങ്ങന്‍, അണ്ണാന്‍ തുടങ്ങിയവകളുടെ ശബ്ദങ്ങള്‍

പശ്ചാത്തലത്തില്‍ വയലിന്‍, വീണ , മൃദംഗം വാദ്യങ്ങള്‍


തിരക്കഥ : കാടിന്റെ ദൃശ്യം കുറേകൂടി വ്യക്തമാവുന്നു
മരങ്ങള്‍, പാറക്കെട്ടുകള്‍, നീര്‍ച്ചാലുകള്‍ , മൈതാനം, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജീവികള്‍, എന്നിങ്ങനെ വ്യക്തമായി കാണാന്‍ കഴിയുന്നു

ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് തുടരുന്നു : മരങ്ങള്‍ക്ക് സമാന്തരമായി കാമറാ ആംഗിള്‍. .....ഇങ്ങനെ സൂക്ഷ്മാംശങ്ങളോടെ എഴുതിത്തയ്യാറാക്കുന്നുണ്ട്. നോക്കൂ: 200- 300 പേജുകളില്‍ പലദിവസങ്ങളിലായി ചെയ്യുന്ന കഠിനപ്രയത്നമാണല്ലോ ഇത്.

ഇനിയും എഴുത്തുപണികള്‍ കിടക്കുന്നു

  1. നടീനടന്മാരുടെ വിശദാംശങ്ങള്‍ [ ഓരോ സീനിനും അനുസരിച്ചുള്ളത്. ]
    പേര്‍ , പ്രായം, ശാരീരിക സവിശേഷതകള്‍, വസ്ത്രം, ആഭരണങ്ങള്‍, മേക്കപ്പ് സവിശേഷതകള്‍....
  2. സീനില്‍ വേണ്ട ക്രമീകരണങ്ങള്‍, ഉപകരണങ്ങള്‍, പശ്ചാത്തല ഒരുക്കങ്ങള്‍
  3. പാട്ടുകള്‍, പാട്ടുദൃശ്യങ്ങളുടെ വിശദാംശങ്ങള്‍, സംഗീത സംവിധാനം, ഗായകര്‍ ....
  4. ഒരു ഷോട്ട് / സീന്‍ അവസാനിച്ചാല്‍ അതിലെ നടീനടന്മാരുടെ വിശദാംശങ്ങള്‍ [ വേഷം, ആംഗ്യം , സമയം, നില... എല്ലാം ] കുറിച്ചു വെക്കും. ഇതിന്റെ തുടര്‍ച്ചയായുള്ള ഷോട്ട് / സീന്‍ എടുക്കുന്നത് പിന്നെ ഒരു സമയത്താവും പലപ്പോഴും. അപ്പോള്‍ തെറ്റു സംഭവിക്കാതിരിക്കാം ഈ രേഖ ' കണ്ടിന്യുവിറ്റി നോട്ട് ' അത്യാവശ്യമാണ്`. അതില്ലെങ്കില്‍ ചിലപ്പോള്‍ കണ്ടിട്ടില്ലേ : നായിക വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നീല സാരിയായിരിക്കും. വീട്ടില്‍ നിന്നിറങ്ങി ഓഫീസിലെത്തുമ്പോള്‍ സാരി ചുകപ്പായി കാണം. അപ്പോള്‍ നമുക്ക് ചിരിവരും.

ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് തയ്യാറായെങ്കിലും അതിലെ ഒന്നു തൊട്ടുള്ള ഷോട്ടുകളാവണമെന്നില്ല ഷൂട്ട് ചെയ്യുന്നത്. ആദ്യം ഷൂട്ട് ചെയ്യുന്നത് സീന്‍ 12 ഷോട്ട് 1 ആയിരിക്കാം . പിന്നെ സീന്‍ 3 ഷോട്ട് 1 ആയിരിക്കും. ഇതിന്റെ തുടര്‍ച്ച ഷൂട്ടിങ്ങ് സമയത്ത് എഴുതിവെക്കും. ഇതും ഒരു സുപ്രധാന രേഖയാണ്`. ഒരു ഷോട്ട് തന്നെ ഒന്നിലധികം തവണ എടുത്തു വെക്കും. അതിലെ ഏറ്റവും മികച്ചതാണ്` സിനിമയില്‍ ചേര്‍ക്കുക. എട്ടും പത്തും റ്റേക്കുകള്‍ എടുക്കുന്ന സംവിധായകരുണ്ട്. ചില ഷോട്ടുകള്‍ ഒറ്റ ടേക്ക്കില്‍ തന്നെ ഒ.കെ ആവുകയും ചെയ്യും. ഇതൊക്കെയും [ സീന്‍ 12 / ഷോട്ട് 3 / ടേക്ക് 4 ] പുസ്തകത്തില്‍ രേഖപ്പെടുത്തും. ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എഡിറ്റിങ്ങ് ആണ്`. അതിവേഗം എഡിറ്റിങ്ങ് നടക്കാന്‍ ഈ സ്ക്രിപ്റ്റ് [ എഡിറ്റിങ്ങ് സ്ക്രിപ്റ്റ് ] അത്യാവശ്യമാണ്`.

[ ഡയഗ്രം ഇവിടെ ചേര്‍ക്കുക ]

സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സിനിമാ പരസ്യവാചകങ്ങള്‍, പോസ്റ്റര്‍ , നോട്ടീസ്സ് , സ്ലൈഡുകള്‍ , സിനിമാ നിരൂപണം, അഭിമുഖം, പ്രസ്താവനകള്‍.... തുടങ്ങി ഭാഷാപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാടുണ്ട്.

ഭാഷാക്ളാസുകളില്‍ ഇതൊക്കെയും മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ അവധിക്കാലത്ത് ധാരാളം സിനിമകള്‍ കാണുകയും മേല്‍വിവരിച്ച ഭാഷാവ്യവഹാരങ്ങള്‍ മനസ്സിലുണ്ടാവുകയും വേണം. അപ്പോള്‍ സിനിമ കൂടുതല്‍ ആസ്വാദ്യകരമായിത്തീരും.





1 comment:

ajith said...

കൊള്ളാം
നല്ല പോസ്റ്റ്