08 June 2014

മരപ്പാഠങ്ങള്‍


മരം നല്ലൊരു പാഠ പുസ്തകമാണ്`. വൃക്ഷവത്ക്കരണയജ്ഞം ഒരു ചടങ്ങല്ല. നന്നായി ഉപയോഗിച്ചാല്‍ പഠനം അനായാസമാക്കുന്ന ഒരു പ്രവര്‍ത്തനം .

ദശകൂപ സമാവാപി
ദശവാപീ സമോ ഹ്രദഃ
ദശഹ്രദ സമപുത്രേ
ദശപുത്ര സമോ ദ്രുമ: ”
ശാര്‍ങ്ങ്ധരന്റെ വൃക്ഷായുര്‍വേദത്തിലെ തരുമഹിമയിലെ വരികളാണിവ. പത്ത്‌ കിണറുകള്‍ക്ക്‌ തുല്യമാണ്‌ ഒരു കുളം. പത്ത്‌ കുളങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു തടാകം. പത്ത്‌ തടാകങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു പുത്രന്‍. പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമാണ്‌ ഒരു മരം. ഒരു വൃക്ഷത്തെ പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമായി കണ്ട്‌ ആരാധിച്ച പൂര്‍വികര്‍ പരിസ്ഥിതിയെ എന്നും മാനിച്ച്‌ സംരക്ഷിച്ചുപോന്നിരുന്നു.

സ്കൂളും മരവുമായി പണ്ടേ നമുക്ക് ബന്ധമുണ്ട് . വിദ്യാലയങ്ങളില്‍ സര്‍വകലാശാലകളില്‍ ഒക്കെത്തന്നെ മരങ്ങള്‍ പണ്ടുമുതലേ [ ഇന്നും ] സംരക്ഷിക്കപ്പെടുന്നു. പഴയ ഋഷിവാടങ്ങള്‍ ഗുരുകുലങ്ങള്‍ മുഴുവന്‍ മരച്ചോട്ടിലാണ്`... പ്രധാനപ്പെട്ട എല്ലാ അറിവും ബോധോദയവും വൃക്ഷച്ചുവട്ടില്‍ വെച്ചാണ്` സംഭവിച്ചത്. ഔപചാരികവും അനൗപചാരികവുമായ പുറം ക്ളാസുകള്‍ ഇന്നും മരച്ചുവട്ടിലാണ്`സജീവമാകുന്നത് . ക്ലാസുകള്‍ മാത്രമല്ല ജീവിതം തന്നെ - പ്രണയം വിരഹം ബന്ധങ്ങളുടെ കണ്ണിചേരല്‍ തീര്‍ഥയാത്ര ഒക്കെ - മരച്ചുവടുകളില്‍ തിടം വെച്ച് വളരുന്നു എന്നു കാണാം.

സാക്ഷിയാണ്` മരം. പ്രായേണ മനുഷ്യായുസ്സിനെ കവച്ചുവെക്കുന്ന ജീവദൈര്‍ഘ്യം കാരണമാവുന്നു. മരം ഒരു കേവല ജീവനല്ല. ഒരു ആവാസമാണ്`... നാനാതരം ജീവജാലങ്ങള്‍, ചുവട്ടിലും തടിയിലും കൊമ്പിലും ചില്ലയിലും ഇലയിലും പൂവിലും കായിലും ഒക്കെ നിറയെ.... താഴെ മനുഷ്യര്‍, മറ്റു ജന്തുക്കള്‍... … തികഞ്ഞ ഒരു ആവാസ വ്യവസ്ഥ. അതുകൊണ്ടുതന്നെ സാക്ഷി മാത്രമല്ല, സൃഷ്ടിയും സ്ഥിതിയും കൂടി നിര്‍വഹിക്കുന്ന മരം. ഒരു മരവും വെറും മരം അല്ല.

മരഭാഷ

മരങ്ങള്‍ നിശ്ശബ്ദരാണെങ്കിലും ഭാഷാശൂന്യരല്ല. മരത്തിന്ന് ...
ഏതു മരത്തിന്നും ഒരു ഭാഷയുണ്ട്. നിശ്ശബ്ദമായി മനുഷ്യനോടും പക്ഷിമൃഗാദികളോടും സംവദിക്കുന്ന ഭാഷ. ഭാഷക്കൊപ്പം വികാര വിചാരങ്ങളുണ്ട്. ശാസ്ത്രത്തിന്റെ നിര്‍ണ്ണയങ്ങളില്‍ ചേര്‍ന്നല്ല പറയുന്നത്. മരഭാഷ വിവര്‍ത്തനം ചെയ്യുമ്പോള്‍ മനുക്ക് തിരിച്ചറിയാവുന്ന വികാരങ്ങള്‍... വിചാരങ്ങള്‍ ...എന്നു കരുതിയാല്‍ മതി .വള്ളി ഇലപൊഴിക്കുന്നത് ....' പെയ്യുന്നു കണ്ണീര്‍ക്കണമെന്നപോലെ ' എന്നാണല്ലോ കാളിദാസന്‍ പറഞ്ഞത്. ദുഖം കൊണ്ട് [ ശകുന്തളയുടെ വേര്‍പാടില്‍ ] മരങ്ങള്‍ തലതാഴ്ത്തി... എന്നും.
മലയാളത്തില്‍ മരം...കാട് വിഷയമായ കവിതകളെല്ലാം മരത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ടതാണല്ലോ.

'മരമായിരുന്നൂ ഞാന്‍ പണ്ടൊരു മഹാ നദിക്കരയില്‍
നദിയുടെ പേരുഞാന്‍ മറന്നുപോയ്
നയിലോ യൂഫ്രട്ടീസോ യാങ്ങ്സിയോ യമുനയോ
നദികള്‍ക്കെന്നേക്കാളു മോര്‍മ്മകാണണ... [ വയലാര്‍ ]

സുഗതകുമാരിയുടേയും മറ്റും പ്രസിദ്ധമായ കവിതകളൊക്കെ മരഭാഷയിലാണ്`....മരത്തിന്റെ വികാര വിചാരങ്ങളില്‍ ഉരുവപ്പെട്ടതാണ്`. പൂക്കള്‍, ചെടികള്‍, വള്ളി, മരം തുടങ്ങിയവയെക്കുറിച്ചൊക്കെ കവിതകള്‍ നിരവധിയുണ്ട്. കഥകളും കുറവല്ല. കവിതകളുടേയും കഥകളുടേയും [ വീണപൂവ് , നഷ്ടപ്പെട്ട നിലാംബരി... ] നോവലുകളുടെയും പേരുകള്‍ മാത്രമല്ല ഉള്ളടക്കവും മരവും പൂവും കായും ഒക്കെത്തന്നെ. പ്രകൃതിസ്നേഹം, മനുഷ്യസ്നേഹം, പ്രണയം, ദുഖം... തുടങ്ങി വിവിധ വികാരങ്ങള്‍ വിപാടനം ചെയ്യുന്ന രചനകള്‍. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളുലും ഈ സ്ഥിതിയുണ്ട്.

മരചരിതം
ഓരോ മരത്തിനും ഒരു കഥയുണ്ട്... ചരിത്രമുണ്ട്. വീടും നാടും നാട്ടുകഥകളും മുത്തശ്ശിക്കഥകളും കാവും ക്ഷേത്രവും രാജാവും ഭരണവും കുറ്റവും ശിക്ഷയും രാഷ്ട്രീയവും സ്വാന്തന്ത്ര്യസമരങ്ങളും പെണ്ണും പ്രണയവും കായ്ഫലങ്ങളുടെ സ്വാദും ഗുണവും ഒക്കെ ഇടകലരുന്ന ചരിതങ്ങള്‍ . ഭാഷാപിതാവ് നട്ടു നനച്ചു വളര്‍ത്തിയ കയ്പ്പില്ലാത്ത കാഞ്ഞിരം കഥയോ സത്യമോ ഒക്കെയാണ്`. മുത്തചന്‍ നട്ട മാവ്, അമ്മൂമ്മ നട്ടുവളര്‍ത്തിയ പ്ളാവ്, വേപ്പ്.... എന്നിങ്ങനെയുള്ള ഒപ്പുകള്‍ [ സിഗ്നേച്ചര്‍ ] ഓരോ മരത്തിനുമുണ്ട്. വെള്ളപ്പൊക്കത്തില്‍ കടപുഴകാതെ നിന്നത്, മുത്തശ്ശിയുടെ ഭാഗത്തില്‍ കിട്ടിയത് , അമ്മ കാത്തുനിന്നത്, വഴിപോക്കര്‍ക്ക് തണ്ലിന്നായി അശോകചക്രവര്‍ത്തി നട്ടത്, ടിപ്പു വെച്ചു പിടിപ്പിച്ചത്, വേലുത്തമ്പി ദളവ ഒളിച്ചിരുന്നത്, പാണ്ഡവന്മാര്‍ അവരുടെ ആയുധങ്ങള്‍ അജ്ഞാതവാസക്കാലത്ത് സൂക്ഷിച്ച മരപ്പൊത്ത്..... ഭഗവതി കുടിപാര്‍ത്തത്, യക്ഷിപ്പാല, വേല പുറപ്പെടുന്ന പൂമരച്ചോട്, മേളം നടക്കുന്നത് [ ഇലഞ്ഞിത്തറ മേളം ] … സായിപ്പ് വെച്ചു പിടിപ്പിച്ചത്, മദാമ്മയെ അടക്കിയത്... ലഹളക്കാലത്ത് ...നെ പിടിച്ചുകെട്ടി തൊലിയുരിച്ചത്.... കൊന്ന് കെട്ടിത്തൂക്കിയത്.... അമ്മാളു തൂങ്ങിച്ചത്തത്.... കാണാവുന്ന എല്ലാ മരത്തിലും ചരിത്രത്തിന്റെ മനുഷ്യന്റെ ഒരു സിഗ്നേച്ചര്‍ ഉണ്ട്. എന്നാല്‍ ഇതു കണ്ടെത്തുകയും കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുക എന്ന ഒരു സംഗതി നടന്നിട്ടില്ല ഇന്നുവരെ. അത് ഒരു തരത്തില്‍ നാട്ടുചരിത്രത്തിന്റെ സുപ്രധാനമായ ഒരദ്ധ്യായം എഴുതപ്പെടാതിരിക്കുന്നതു പോലെയാണുതാനും.

മരക്കണക്ക്
മരഭാഷയുമായി ബന്ധപ്പെട്ടതും കണക്ക് എന്ന നിലയില്‍ തനിമയുള്ളതുമാണ്` മരക്കണക്ക് . നമ്മള്‍ ധാരാളം മരം വാങ്ങി [ തടിയായും വിറകായും ] ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ' കണക്ക് ' നമുക്കറിയില്ല. പഴയകണക്കുകള്‍ തീരെ‌‌യറിയില്ല.
വിറക് - കൊള്ളി, അടുക്ക്, അട്ടി, വണ്ടി കണക്കിലായിരുന്നു ഉപയോഗിച്ചത്. ഇതുതന്നെ ഓരോ നാട്ടിലും വിവിധ പേരുകളില്‍ അറിയപ്പെടുന്നു. അളവിലും നേരിയ വ്യത്യാസങ്ങള്‍ ഉണ്ട്.
മരം [തടി] ത്തിനും കണക്കുണ്ട് . യവം, വിരല്‍, അടി, കോല്‍, കണ്ടി എന്നിങ്ങനെ. പഴയ കണക്കുകള്‍ അന്വേഷിക്കുന്നതുതന്നെ രസകരമായ ഒരനുഭവമായിരിക്കും. ഇന്നതിന്റെയൊന്നും ലിഖിത രേഖകളില്ല. പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുണ്ടാകും. അതൊക്കെ ശേഖരിക്കപ്പെടണം.
പെരുന്തച്ചന്‍ എന്ന കവിതയില്‍
ഒമ്പതാള്‍ പിടിച്ചാലും പിടികിട്ടാതുള്ളോ
രൊറ്റത്തമ്പകമുളി‌‌യന്നൂരമ്പല മൈതാനത്തില്‍
വളവില്ലില്ലാ പോടും കേടുമെന്‍കണ്ണാല്‍ ഞാനൊ-
ന്നളന്നിട്ടൊരമ്പതു കോലിനപ്പുറം പോകും [ ജി]
മരക്കണക്കിന്റെ ഒരു ഭാഷയാണിത്. മരത്തിന്റെ ഗുണം, വലിപ്പം, ഉപയോഗം എന്നിങ്ങനെ വിശദമായ ഒരാഖ്യാനം ഇക്കവിതയിലുണ്ട്.

മരശ്ശാസ്ത്രം
മരങ്ങളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമുണ്ട്. വിശ്വാസങ്ങളുണ്ട്. അന്ധവിശ്വാസങ്ങളുണ്ട്. ഇതൊക്കെയും ഓരോ നാട്ടുലും ഈഷല്‍ഭേദങ്ങളോടെ ഇന്നും സജീവമാണ്`. കന്നിക്കോണില്‍ പാല ഉത്തമമാണ്` അല്ലെങ്കില്‍ അധമമാണ്`... തുടങ്ങിയവ വിശ്വാസങ്ങളാവും. വീടിന്റെ തെക്കെ ഭാഗത്ത് പുളിമരം നട്ടുപിടിപ്പിക്കണം എന്നതും ഇതു പോലെയാകും. പക്ഷെ, വൃക്ഷശ്ശാസ്ത്രം ഇന്ന് വിപുലമായ ഒരു പഠന മേഖലയാണ്`. ആയുര്‍വേദം എന്നൊരു വിഭാഗം തന്നെ ഇതൊക്കെയുമായി ബന്ധപ്പെട്ടതാണ്`. ഓരോ മരത്തിനും ദേവതാസാന്നിദ്ധ്യമുണ്ടെന്ന് നമ്മുടെ ആളുകള്‍ കരുതിയിരുന്നു. യക്ഷികളുടെ ആവാസസ്ഥലമായ പാലമരം ഇന്നും ചെറിയൊരു പേടിയുണ്ടാക്കും ആര്‍ക്കും.
ഗൃഹനിര്‍മ്മാണത്തില്‍ മരത്തിന്റെ ശാസ്ത്രം നോക്കൂ: അന്തഃസാരം, ബഹിസ്സാരം, സര്‍വസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയില്‍ കാതല്‍ മാത്രമേ ഉപയോഗിക്കാവൂ. തൂണ്‍, കട്ടിളക്കാല്‍ എന്നിവ മരം നില്ക്കുന്ന പ്രകാരത്തില്‍ അഗ്രം മേല്പോട്ടായിത്തന്നെ നില്ക്കണം. ഉത്തരങ്ങളുടേയും മറ്റും മുതുതല പടിഞ്ഞാറോ തെക്കോ ആകണം. മേല്‍ക്കൂരയില്‍ കഴുക്കോലിന്റെ മുതുതലയും താഴോട്ടായിരിക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേ ഇനം മരംതന്നെ ഉപയോഗിക്കണം. [ ഒരു സാംപിള്‍ മാത്രം ]

മരം പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിന്ന് ഇന്നൊരു സംശയവും ആര്‍ക്കും ഉണ്ടാവില്ല. ബയോളജിക്കലും ബൊട്ടാണിക്കലും ആയ വിവരങ്ങള്‍ നിരവധിയാണ്` നമ്മുടെ പുസ്തകങ്ങളില്‍ .

ഇതൊക്കെയും ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്`. അതു ചെയ്യാന്‍ സാധിക്കുന്നത് സ്കൂളുകള്‍ക്കാണ്`. പരിസ്ഥിതി ദിനാചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് ആലോചിക്കണം. ഈ വിവരങ്ങള്‍ ഓരോ നാടിനും പ്രധാനപ്പെട്ട പഴയ രേഖകളാണ്` എന്ന നിലയില്‍ കാണണം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രേഖകള്‍. ഓരോ സ്കൂളും വിചാരിച്ചാല്‍ ഇതിന്റെ സമാഹരണം അത്ര വലിയ പണിയാവുകയില്ല. കുട്ടികളെ 3-4 പേരുള്ള ഗ്രൂപ്പുകളാക്കി ആ സ്കൂളിന്റെ ചുറ്റുവട്ടം മാത്രം സ്കാന്‍ ചെയ്താല്‍ത്തന്നെ ചെറിയൊരു സമയം കൊണ്ട് ഇത് സാധിച്ചെടുക്കാനാവും. അതു ആലോചിക്കാന്‍ സമയമായി. ആചരണങ്ങള്‍ അങ്ങനെ ഭാവിക്കും പ്രയോജനപ്രദമായിത്തീരട്ടെ.



Kannimara Teak

No comments: