26 April 2014

റിസള്‍ട്ട് വന്നൂ... പക്ഷെ,



2014 എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുന്നതിന്ന് മുന്പ് [ മാര്‍ച്ച് 9 ] മാധ്യമം ദിനപത്രത്തില്‍ "പരീക്ഷ കഴിഞ്ഞാല്‍ " എന്ന ലഘുലേഖനം ഞാനെഴുതിയിരുന്നത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
നമ്മുടെ കുട്ടികളുടെ പെര്‍ഫോമന്‍സ് / പ്രയാസങ്ങള്‍ വിലയിരുത്താന്‍ കഴിയും
തുടര്‍ വര്‍ഷങ്ങളിലേക്ക് [ കുട്ടിക്കും മാഷിനും ] സഹായകമാവും
നാളെ വരുന്ന പത്രാഭിപ്രായം / വിദഗ്ദ്ധാഭിപ്രായം നമ്മുടെ കുട്ടികളുടെ യാഥാര്‍ഥ്യവുമായി ഇണങ്ങുന്നുണ്ടോ എന്നു തീരുമാനിക്കാനാവും .

പരീക്ഷ കഴിയുന്നതോടെ കുട്ടി സ്വതന്ത്രനാവുന്നുവെങ്കിലും അദ്ധ്യാപകന്റെ ചുമതല കുറേകൂടി വിപുലപ്പെടുകയാണ്` ചെയ്യുന്നത്. സ്കൂള്‍ എന്ന പ്രസ്ഥാനം ഒരു പരീക്ഷയില്‍ നിന്ന് തുടര്‍വര്‍ഷങ്ങളിലേക്ക് മുന്നോട്ടുപോകയാണ്`. കൂടുതല്‍ മികവുകളിലേക്ക് സ്കൂളും അദ്ധ്യാപകനും പോയേ മതിയാവൂ. സ്കൂളിന്റേയും അദ്ധ്യാപകന്റേയും
നിലനില്‍പ്പിന്റെ കൂടി വിഷയമായി പരീക്ഷയും ജയ പരാജയങ്ങളും കൂടിക്കലരുകയാണ്`.

പരീക്ഷയെ ആദ്യഘട്ടത്തില്‍ അദ്ധ്യാപകന്‍ വിലയിരുത്തുന്നത്

എളുപ്പമായിരുന്നോ /താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ /മിടുക്കന്മാര്‍ - മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ / ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ / ഔട്ടോഫ് സിലബസ്സ് ഉണ്ടോ
പതിവില്ലാത്തവ ഉണ്ടോ ......
ഇങ്ങനെയാണ്`. ഒരു കൊല്ലമായി ചെയ്ത പ്രവൃത്തി പെട്ടെന്ന് അവലോകനം ചെയ്യല്‍ .ആദ്യ മൂന്നു ഉത്തരങ്ങളും " അതെ " എന്നായാല്‍ സംതൃപ്തിക്ക് അതു മതി താനും. എന്നാല്‍ തുടര്‍ദിവസങ്ങളിലേക്ക് ഇതു മാത്രം പോരാതെവരും എന്നും അദ്ധ്യാപകന്ന് അറിയാം.

അദ്ധ്യാപകന്‍ തുടര്‍ വര്‍ഷങ്ങളില്‍ നേരിടുന്ന വെല്ലുവിളി ഉത്തരങ്ങള്‍ " അതെ ' യില്‍ നില്‍ക്കാതെ "അല്ല" യിലേക്ക് കടക്കുന്നു എന്നതല്ലേ ?

എളുപ്പം - എന്നാല്‍ ഉള്ളടക്കം, ഡിസ്കോര്‍സ് , മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍, അനുവദിച്ചിട്ടുള്ള സമയം, കുട്ടിയുടെ മാനസികാവസ്ഥ എന്നിവയെ അവലംബിച്ചാണ്` നിലനില്‍ക്കുന്നത്. ഇതില്‍ വരും വര്‍ഷങ്ങളില്‍ , അദ്ധ്യാപകന്‍ ഏതെല്ലാം ഘടകങ്ങളില്‍ ആസൂത്രണവും ഇടപെടലും നടത്തുന്നു / നടത്തേണ്ടതുണ്ട് എന്നതാണ്` ആലോചിക്കാനുള്ളത്. ഒറ്റക്കും കൂട്ടായുമുള്ള ആലോചനകളിലൂടെ ഇതു പരിഹരിക്കാനാവുന്നില്ലെങ്കില്‍ പരീക്ഷ കഴിഞ്ഞ കുട്ടിയോട് ' എളുപ്പമായിരുന്നോ ' എന്നു ചോദിക്കുന്നതില്‍ എന്തര്‍ഥം? പരീക്ഷകളുടെ അവസാനം അദ്ധ്യാപന്‍ ഏറ്റെടുക്കേണ്ട ചുമതല ' എളുപ്പമാവാന്‍ ' തനാനെന്തു ചെയ്യണം എന്ന കാര്യമല്ലാതെ വേറെന്താണ്`?

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളുടെ നവീകരണമല്ലാതെ ഇതിന്ന് നിലവില്‍ മറ്റു പോവഴിയില്ല. പക്ഷെ, മിക്കപ്പോഴും സംഭവിക്കുന്നത് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ / ആലോചനകള്‍/ തീരുമാനങ്ങള്‍ / നടപ്പാക്കലുകള്‍ ഏറ്റവും ദുര്‍ബലവും കഴിഞ്ഞകാല ആവര്‍ത്തനം ശക്തവും ആണെന്നാണ്`. വസ്തുതകള്‍, ആശയങ്ങള്‍ തുടങ്ങിയുള്ള ഉള്ളടക്കം ഭിന്നനിലവാരക്കാരുള്ള ക്ളാസ്മുറിയില്‍ ഫലപ്രദമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയാതെ പോകുന്നു. അതുകൊണ്ട് ഒരേ അദ്ധ്യാപകന്‍ പഠിപ്പിക്കുന്ന ഒരേക്ളാസില്‍ A+ കാരനും E ക്കാരനും ഉണ്ടാവുന്നു. 200ലധികം ദിവസത്തെ ഇടപെടലില്‍ / സാധ്യായ ദിവസങ്ങള്‍ സംഭവിക്കുന്നത് ഇതാവാന്‍ പാടില്ലാത്തതാണ്`. ഓരോ ചോദ്യങ്ങളിലും / ഉത്തരങ്ങളിലും A+ ഉം E യും എന്ന രണ്ടറ്റവും ഉണ്ടാവുകയാണ്`. അതു സ്വാഭാവികമാണ്` എന്ന തീരുമാനം ആര്‍ക്കും ആശ്വാസം നല്‍കില്ല / നല്‍കരുത്. സ്വാഭാവികതകളെ / സഹജാമായുള്ളവയെ / ദൗര്‍ബ്ബല്യങ്ങളെ നിലനിര്‍ത്തിയതുകൊണ്ട് ആര്‍ക്കും ഗുണമില്ല. അതിന്ന് വേണ്ടി ഇത്രയും സമയവും പണവും അദ്ധ്വാനവും ചെലവാക്കേണ്ടതുമില്ല. വിദ്യാഭ്യാസത്തിന്റെ പ്രസക്തി സഹജതകളെ നിലനിര്‍ത്താനല്ല; തിരുത്താനും വികസിപ്പിക്കാനും ഗുണപരമാക്കാനുമാണ്` . അതു യാന്ത്രികമായിത്തീരും എന്നുള്ള യുക്തി ആര്‍ക്കും ഗുണം ചെയ്യില്ല. വാദിച്ചു ജയിക്കലും ഗുണം ചെയ്യില്ല . സൃഷ്ടിപരമായ മേഖ ലകളില്‍ [ ചിത്രം , എഴുത്ത്, അഭിനയം … ] ഈ വാദം - ഭിന്നനിലവാരസത്യം വിജയിച്ചേക്കും. ക്ളാസ്മുറിയില്‍ ഉള്ളടക്കം വിനിമയം ചെയ്യുന്നതും അതു ഉള്‍ക്കൊള്ളുന്നതും സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിച്ച് സമാധാനാക്കാനാവില്ല. ജ്ഞാനനിര്‍മ്മിതിയുടെ സര്‍ഗ്ഗത്മകത നിലവിലുള്ള ഉള്ളടക്ക വിനിമയത്തില്‍ , ആര്‍ജ്ജനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നില്ല / ഉണ്ടാക്കരുത്. പുതിയ അറിവിന്റെ നിര്‍മ്മിതിയില്‍ തീര്‍ച്ചയായും അതുണ്ടുതാനും. നിലവിലുള്ള അറിവുകള്‍ വീണ്ടും ഉല്‍പ്പാദിപ്പിക്കുന്ന പ്രവര്‍ത്തനം ഒന്നും യുക്തിസഹമാവില്ല. അടുപ്പുകത്തിക്കാന്‍ എല്ലാവരും നിത്യവും കല്ലുകള്‍ കൂട്ടിയിടിച്ച് തീ ഉല്‍പ്പാദിപ്പിക്കുന്നില്ലല്ലോ. ഈ വിഷയത്തിലുള്ള പുതിയ അറിവുകള്‍ തീര്‍ച്ചയായും ജ്ഞാനനിര്‍മ്മിതിയുമായി ബന്ധപ്പെട്ടതാണ്`. നിലവില്‍ A+ ന്ന് എല്ലാ കുട്ടിക്കും [ സാധാരണ കുട്ടിക്കും ] സാധ്യതയും അവകാശവും നമ്മുടെ പരീക്ഷകള്‍ നല്കുന്നുണ്ട്. അതു നലകാനുള്ള / ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകന്റെ ചുമതലയും കുട്ടിയുടെ അവകാശവുമാണെന്ന് കാണാന്‍ കഴിയണം. അതില്ലാതെ വരുന്നതോടെ ഭിന്ന ഗ്രേഡുകള്‍ ക്ളാസില്‍ രൂപം കൊള്ളുന്നു എന്നല്ലേ ആരും പറയൂ.

ഉള്ളടക്കം പോലെ പ്രധാനപ്പെട്ടതാണ്` ഡിസ്കോര്‍സ് - ഭാഷാവിഷയങ്ങളില്‍. ശാസ്ത്രവിഷയങ്ങളില്‍ പ്രോസസ്സിന്നായിരിക്കും മുന്‍ഗണന. ഉള്ളടക്കം, ഡിസ്കോര്‍സ് / പ്രോസസ്സ് ആണ്` ഉത്തരങ്ങളില്‍ പരിശോധിക്കുന്നത്. അതിനാണ്` മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍. ഇത് കുട്ടിക്ക് ലഭ്യമാക്കുന്നതില്‍ നമ്മുടെ ക്ളാസുകള്‍ വലിയ പരാജയം ഉണ്ടാക്കുന്നു. പരീക്ഷ എഴുതിയ മിക്ക കുട്ടിക്കും ജൈക്കുമോ / തോല്‍ക്കുമോ എന്ന് ഉറപ്പിച്ച് പറയാനാവാത്തത് അതുകൊണ്ടാണ്`. ക്ളാസ്മുറികളില്‍ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ അപൂര്‍വമായേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ. ക്യാമ്പ് ഫൈനലൈസേഷന്റെ ദിവസങ്ങളിലാണ്` മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ തീരുമാനിച്ചുറപ്പിക്കുന്നത്. അതും അദ്ധ്യാപകര്‍ മാത്രം. എഴുതിയ കുട്ടിയുടെ യുക്തി അവിടെ ആരും അന്വേഷിക്കാറില്ല. കുട്ടിക്കു വേണ്ടി സംസാരിക്കുന്നത് അദ്ധ്യാപനും വിദഗ്ദ്ധനുമാണ്`. പഠിപ്പിക്കാനൊരാള്‍ - പഠിക്കാനും എഴുതാനും മറ്റൊരാള്‍ - വിലയിരുത്താന്‍ ഇനിയൊരാള്‍ എന്ന അവസ്ഥ ഒരാള്‍ക്കും അലോസരമുണ്ടാക്കുന്നില്ല എന്ന അത്‌‌ഭുതം ചര്‍ച്ച ചെയ്യപ്പെടണം എന്നു തോന്നുന്നില്ലേ ?

അനുവദിക്കുന്ന സമയം , മാനസികാവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഒരു നിയന്ത്രണവും ശാസ്ത്രീയമായ ഇടപെടലും ഒരിടത്തുനിന്നും ഇല്ല. ഇതിനെയൊക്കെ മറികടക്കാനുള്ള ചുമതലകളില്‍ അദ്ധ്യാപകന്റെ ചിന്തയും പ്രവൃത്തിയും പരീക്ഷ കഴിയുന്നതോടെ ഇനിയെങ്കിലും ഉണ്ടായേ പറ്റൂ. അത് കടമയും അവകാശവുമായി ബന്ധിപ്പിച്ച് പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ.

താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌ / പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ... എന്ന ആശങ്ക പരീക്ഷകളുടെ അനിശ്ചിതത്തിലേക്കല്ലേ ചൂണ്ടുന്നത്. ഒരു പരീക്ഷയും അനിശ്ചിതത്ത്വത്തില്‍ 'പരീക്ഷയാകുന്നില്ല . ജീവന്‍മരണപ്പോരാട്ടം പരീക്ഷയാനെന്ന് പറയാനാവില്ലല്ലോ. പരീക്ഷകളുടെ അവസാനത്തില്‍ അദ്ധ്യാപകരുടെ ശ്രമം ഇത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം. കഴിഞ്ഞ എല്ലാ കൊല്ലങ്ങളിലും മാഷിനെ ആശങ്കപ്പെടുത്തിയ ഈ പ്രശനം പരിഹരിക്കപ്പെടണം. നന്നായി പഠിപ്പിക്കാത്ത - ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്ത ഒരാള്‍ക്കേ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ടാകാവൂ. സാധാരണ അദ്ധ്യാപകര്‍ ഇക്കൂട്ടത്തില്‍ പെടില്ല. ഇതു കാണിക്കുന്നത് പരീക്ഷയിലെ അനിശ്ചിതത്വം മാത്രമാണ്`. അനിശ്ചിതമായ ഒന്നും പരീക്ഷയല്ല, ശാസ്ത്രീയവുമല്ല. ജ്ഞാന സമാര്‍ജ്ജനം, ജ്ഞാനനിര്‍മ്മിതി തുടങ്ങിയ സങ്കല്‍പ്പങ്ങളില്‍ ഒരിടത്തും ഈ അനിശ്ചിതത്വത്തിന്ന് ഇടമില്ല. എന്നാല്‍, താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ എന്ന ചോദ്യം / ശങ്ക അദ്ധ്യാപകന്ന് ഇന്നും വെച്ചു പുലര്‍ത്തേണ്ടിവരികയും ചെയ്യുന്നു .

മിടുക്കന്മാര്‍ / മിടുക്കികള്‍ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ ഈ ആശങ്കയുടെ യുക്തിരാഹിത്യം നേരത്തേ സൂചിപ്പിച്ചു. എല്ലാവര്‍ക്കും നല്ല വിജയം ഉറപ്പാക്കാനായിരിക്കണം അദ്ധ്യാപകന്റെ ശ്രമം. അതാണ്` സമൂഹം ആഗ്രഹിക്കുന്നത്. അതു സാധിക്കാതെ വരുന്നതിലെ സംഗതികള്‍ പരിഹരിക്കപ്പെടണം.

വെക്കേഷനില്‍ പുതിയ ക്ളാസുകള്‍ തുടങ്ങുകയായി. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും. അദ്ധ്യാപകരുടെ ക്യാമ്പില്‍ മേല്‍പ്പറഞ്ഞ സംഗതികള്‍ ചര്‍ച്ചയാവണം. സ്കൂള്‍ എസ്.ആര്‍.ജികള്‍ , അദ്ധ്യാപക സംഘടന വേദികള്‍ , മാറ്റു സാധ്യമായ സ്ഥലങ്ങള്‍ ഒക്കെ ഇത് ചര്‍ച്ച ചെയ്യപ്പെടണം. പരീക്ഷ കഴിഞ്ഞാല്‍ കുട്ടിക്ക് വിശ്രമകാലമാണ്` ; അദ്ധ്യാപകനാവട്ടെ തിരക്കുപിടിച്ച ദിവസങ്ങളും.


No comments: