03 February 2014

വായനയിലെ കല്ലുകള്‍ -2


വിഭാവരി
[ഈ ആഴ്ച്ചത്തെ[ jan -feb 4 മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍
സുഷ്മേഷ് ചന്ദ്രോത്തിന്റെ കഥ ]
വായിച്ചപ്പോള്‍

നമ്മുടെ എഴുത്തുകാര്‍ എഴുതുന്നേയുള്ളൂ. അവ പിന്നീട് വായിക്കുന്നില്ല എന്നു തോന്നുന്നു. വായിച്ചിരുന്നെങ്കില്‍ ഒരു പാട് വെട്ടിക്കളയുമായിരുന്നു. ആ ജോലി നമ്മളെ - വായനക്കാരെ ഏല്‍പ്പിക്കുന്ന പോലെയുണ്ട്.....

'വിഭാവരി ' ഒറ്റയിരിപ്പില്‍ വായിച്ച നല്ലൊരു കഥ എന്നു തന്നെയാണ് ആദ്യ പ്രതികരണം. എന്നാല്‍ വാക്കുകളിലൂടെ വരികളിലൂടെ ആലോചന പോയപ്പോള്‍ .....

1.

വിഭാവരി = രാത്രി, മഞ്ഞള്‍ , സോമന്റെ രാജധാനി, കുലട, വായാടിപ്പെണ്ണ്, പാര്‍വതി എന്നിങ്ങനെ അര്‍ഥങ്ങള്‍ ശബ്ദതാരവലിയിലും
വിഭാവരി = രാത്രി , മഞ്ഞള്‍, വേശ്യ, കൂട്ടിക്കൊടുപ്പുകാരി, വായാടി, അനുരക്തയായ സ്ത്രീ എന്ന് സംസ്കൃതം മലയാളം നിഘണ്ടുവിലും കാണാം.
അപ്പോള്‍ വിഭാവരി എന്ന് കഥാപാത്രനാമം ഇതിലേതിനെ സൂചിപ്പിക്കുന്നുണ്ടാവും? നല്ല കഥയെഴുത്തുകാര്‍ ഒരു വാക്കോ വരിയോ നാമമോ വെറുതെ ഉപയോഗിക്കാറില്ല എന്ന വിശ്വാസത്തില്‍ അന്വേഷിച്ചതാണ്`. നിഘണ്ടുക്കളിലെ അര്‍ഥസൂചനകളൊന്നും ഈ കഥയുടെ / കഥാപാത്രത്തിന്റെ /
സന്ദര്‍ഭങ്ങളുടെ പേരില്‍ കാണാനില്ല എന്നു തോന്നി .

2.
മാതൃഭൂമി വാരിക പേജ് : 59
' .......... അതിനൊക്കെ ശേഷമാണ്` ഞാന്‍ മുകളിലേക്ക് നോക്കിയത് . മുകളിലായി ഏതാണ്ട് മൂന്നു മണിക്കൂറിനും അഞ്ചു മണിക്കൂറിനുമിടയിലായി അവള്‍ തൂങ്ങി മരിച്ച പങ്ക അപ്പോഴും നിശ്ചലമായി നില്‍ക്കുന്നു '
പിന്നെ , പാവം പങ്ക എന്തുചെയ്യണമെന്നാവും കഥാകൃത്ത് ആഗ്രഹിച്ചത് എന്നോര്‍ത്ത് ചിരിപൊട്ടുന്നുണ്ടോ ?
സമയചലനം മുന്നോട്ടാണ്`. അപ്പോള്‍ '3 മണിക്കൂറിനും 5 മണിക്കൂറിനും ഇടയില്‍ ' എന്നാണോ '5 മണിക്കൂറിനും 3 മണിക്കൂറിനും ഇടയില്‍ ' എന്നാണോ പറയുക ? ഇനി 3 മണിക്കും 5 മണിക്കും ഇടയില്‍ എന്നാണോ ഉദ്ദേശിച്ചത്? എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നല്ലോ.

3.
മാതൃഭൂമി വാരിക പേജ് : 60

' കുറച്ചൊക്കെ അനുമാനിക്കാനും ബാക്കി കേട്ടറിയാനുമായത് പതിന്നാലുമാസത്തിനിടയിലെ അപൂര്‍വം ചില ഒഴിവു ദിവസങ്ങളും അസുഖദിവസങ്ങളുമൊഴിച്ച് പുലരികളില്‍ ഞങ്ങള്‍ കണ്ടുമുട്ടിയ മുഖാമുഖങ്ങളില്‍ മാത്രമാണ്` ' .
  • കുറച്ചൊക്കെ കേട്ടറിയലും ബാക്കി അനുമാനിക്കലും അല്ലേ പൊതുവേ പതിവ് ? ഇവിടെ തിരിച്ചിട്ടിരിക്കുന്നു. അതെന്താ എന്ന് അലോചിക്കണോ / അതോ വെറുതെ വായിച്ചാല്‍ മതിയോ.
  • അടിസ്ഥാന വസ്തുതകള്‍ കുറച്ചെങ്കിലും കേട്ടറിഞ്ഞ് ആ സത്യത്തില്‍ പിന്നെ ചിലത് അനുമാനിക്കല്‍ സ്വാഭാവികം. ആദ്യം തന്നെ അനുമാനിച്ച് ബാക്കി കേള്‍ക്കുമ്പോള്‍ പലപ്പോഴും ആദ്യ അനുമാനങ്ങളൊക്കെ റദ്ദാവില്ലേ? അങ്ങനെയായിരിക്കുമോ സംഭവിച്ചിരിക്കുക ?

4.
മാതൃഭൂമി വാരിക പേജ് : 60
അതിരാവിലെ എന്നാണ്` സാധാരണ പ്രയോഗം. എന്നാല്‍ 'അതീവ രാവിലെ ' എന്നു പ്രയോഗിച്ചതിന്ന് എന്താവും അടിസ്ഥാനം. അവിടെത്തന്നെ ' തീവണ്ടി നിലയം ' എന്ന പ്രയോഗവും കുറേ അലോചിച്ചു. എന്തിനാവും ' നിലയ ' പ്രയോഗം .
ഭാഷയുടെ കൃത്രിമതയില്‍ അഭിരമിക്കാന്‍ തോന്നുമ്പോള്‍ എഴുത്ത് ബലഹീനമാവുമോ ?
ഇനിയൊന്ന് ' പ്രധാനപ്പെട്ട യാതൊരു കാര്യവും പുതുതായി ആരംഭിക്കുകയില്ല ' [ കണി ശരിയല്ലെങ്കില്‍ ] പ്രധാനപ്പെട്ടവ എന്തായാലും ആരംഭിക്കാതെ പറ്റുമോ? അറിയില്ല. ' യാതൊരു കാര്യവും പുതുതായി ആരംഭിക്കില്ല എന്നാല്‍ കുഴപ്പമില്ല.
'ആദ്യമായി കാണാന്‍ ..... അടുപ്പിക്കുകയില്ല ' അതൊക്കെ ശരി. ഒരു പത്രമോഫീസിലെ ജോലിക്കാരന്‍, അങ്ങനെ അറിയപ്പെടുന്ന ആളല്ല … എന്നൊക്കെ പരിചയപ്പെടുത്തുന്ന നായകന്‍ '....... ആരംഭിക്കുകയില്ല, ...... അടുപ്പിക്കുകയില്ല ' എന്നൊക്കെ പറഞ്ഞാല്‍ എന്താ തോന്നുക. …

5.
മാതൃഭൂമി വാരിക പേജ് : 61
' ഒമ്പതോളം ഭാഷകള്‍ വ്യാപകമായും പരിമിതമായും പ്രചരിക്കുന്ന നഗരം ' എന്താ സംഗതി ?
ഒമ്പതും വ്യാപകമായും പരിമിതമായും ആണൊ, അതോ ചിലത് വ്യാപകമായും ചിലത് പരിമിതമായും ആണോ / ഭാഷ പ്രചരിക്കുകയാണോ / ഭാഷ ഉപയോഗിക്കുകയാണോ / എന്തിനീ അവ്യക്ത പ്രസ്താവന.

6.
മാതൃഭൂമി വാരിക പേജ് : 62
' അവള്‍ക്കൊപ്പം മുറിയില്‍ രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും താമസിക്കുന്നുണ്ട് ' - വിശ്വസിക്കാന്‍ തോന്നുന്നുണ്ടോ വായനക്കാരാ ?

എന്തായാലും ഒരു കാര്യം ഉറപ്പാവുകയാണ്`. നമ്മുടെ എഴുത്തുകാരില്‍ ചിലരെങ്കിലും എഴുത്തു മാത്രമേ ഉള്ളൂ. എഴുതിയത് പിന്നീടൊന്ന് വായനയില്ല. അങ്ങനെ വായിക്കുമ്പോള്‍ വെട്ടിക്കളയാനുള്ളവ വെട്ടാന്‍ ശ്രമിക്കുന്നില്ല. ഒറ്റ എഴുത്ത്... പിന്നെ വെട്ടി വായിക്കല്‍ വായനക്കാരന്‍...

No comments: