15 January 2014

വായനയിലെ കല്ലുകള്‍


വായനയിലെ കല്ലുകള്‍

2013 ഇല്‍ ഇറങ്ങിയ മികച്ച കഥകളിലൊന്നാവുമായിരുന്നു സുഷ്മേഷ് ചന്ത്രോത്തിന്റെ ' എന്റെ മകള്‍ ഒളിച്ചോടും മുന്പ് ' . ആ സാധ്യത , ഭാഷാപരമായി വേണ്ടത്ര ശ്രദ്ധയോടെ എഴുതപ്പെട്ടില്ല എന്ന പരാതി പറയുമ്പോള്‍ ഊന്നുന്നത് - നമ്മുടെ എഴുത്തുകാര്‍ക്കൊന്നും നല്ല എഡിറ്റര്‍മാരില്ല എന്ന പ്രസാധന സാങ്കേതികതയിലാണ്`. എഴുത്തുകാരന്‍ ഭാഷാപണ്ഡിതനാവണമെന്നല്ലല്ലോ . ഈ ഇല്ലായ്മ പരിക്കേല്‍പ്പിച്ച ഒരു കഥയാണ് സുഷ്മേഷ് ചന്ത്രോത്തിന്റെ " എന്റെ മകള്‍ ഒളിച്ചോടും മുന്പ് " .


1

പേജ്: 75

ഈ കഥയിലെ ഏറ്റവും തീക്ഷ്ണമായ വാക്യം എന്നു കരുതാവുന്ന -
" ഓരോ ശാഠ്യത്തിന് വാവിട്ടുകരയുമ്പോള്‍ ഇവള്‍ നിന്നെ നെഞ്ചോട് ചേര്‍ത്ത് കവിളിലോ തലയിലോ ചുണ്ടമര്‍ത്തിപ്പിടിച്ച് കരച്ചില്‍ മാറ്റുന്നത് കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്." - ഇങ്ങനെയാണ്`.
കൃതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് നമ്മുടെ എഴുത്തുകാക്ക് നല്ല എഡിറ്റര്‍മാരുടെ സഹായം ലഭ്യമാക്കുന്നില്ല എന്നാണോ..? എഡിറ്റിങ്ങ്
ഉണ്ടായിരുന്നെങ്കില്‍ :

"കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട് "എന്നല്ല എഴുതുക.
' കുഞ്ഞായിരിക്കുമ്പോള്‍ ഓരോ ശാഠ്യത്തിന് വാവിട്ടുകരയുന്ന നിന്നെ , ഇവള്‍ നെഞ്ചോട് ചേര്‍ത്ത് കവിളിലോ തലയിലോ ചുണ്ടമര്‍ത്തിപ്പിടിച്ച് കരച്ചില്‍ മാറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' ' എന്നെങ്കിലും എഴുതിയാലേ നല്ല മലയാളമാവൂ.
2

പേജ്: 65

വൈദ്യതിയുടെ പാഴ്ച്ചെലവും ഊര്‍ജനഷ്ടവുമോര്‍ത്ത് "
രണ്ടും ഒന്നുതന്നെയല്ലേ - വൈദ്യതി പാഴായി ചെലവാകുന്നു; ഊര്‍ജം ( ie വൈദ്യുതി) പാഴാവുന്നു. വൈദ്യുതിയുടെ പാഴ്ച്ചെലവോര്‍ത്ത് ..... എന്നു പോരെ?
"കുറച്ചുകാലമായി പിടിച്ചുനടത്തുന്ന ഉത്സാഹക്കുറവ് "
കുറച്ചു കാലമായി പിടികൂടിയ ഉത്സാഹക്കുറവ് അല്ലേ സംഭവം ; പിടിച്ചു നടത്തുന്ന … എന്നെന്തിനാ ?
കിടപ്പറക്കതക് അല്പം തുറക്കപ്പെടുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത് "
ഒരു ചെറിയ വാക്യത്തില്‍ 2 'പെട്ടത് ' അഭംഗിയല്ലേ ഉണ്ടാക്കുക? കിടപ്പറക്കതക് (ആരോ)അല്പം തുറക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത് .
"എല്‍മയുടെ മുഖം പാതി വിടവില്‍ ഞാന്‍ കണ്ടു. “
കതക് അല്പ്പം തുറക്കപ്പെട്ടത് … അല്പ്പം = പാതിയല്ലല്ലൊ. അതോ ' അല്പ്പ'ത്തിന്റെ പാതിയാണോ? ഇനി എല്‍മയുടെ മുഖം പാതിയാണോ കണ്ടത്?

3
പേജ്: 65

അകത്തേ നെഞ്ചില്‍ നിന്നും ഒരു കുമിള ഭീമാകാരമായി ഉരുവം കൊള്ളുന്നത് ഞാനറിഞ്ഞു "
[ അകത്തേ നെഞ്ച് / പുറത്തേ നെഞ്ച് [ എന്തിനാ ദീര്‍ഘം ? 'അകത്തെ / പുറത്തെ മതി ]-എന്ന വേര്‍തിരിവു വേണോ? ഇതേ കഥ പേജ് 71:" അടിവയറ്റില്‍ ഭയത്തിന്റെ ഒരു കുമിള എനിക്കുണ്ടായി " എന്നുണ്ട്. അതുപോലെ 'നെഞ്ചിന്നുള്ളില്‍ നിന്നും ഒരു കുമിള ...... പോരേ] ? പേജ് 71 ലെതില്‍ ' അടിവയറ്റില്‍ നിന്നും.... എന്ന് ശരിയായി എഴുതാന്‍ കഴിഞ്ഞത് കാണുമ്പോള്‍ ആദ്യത്തെ ' അകത്തെ നെഞ്ചി...' എഡിറ്റിങ്ങിന്റെ കുറവ് മാത്രമാണ്`.
'”കുമിള ഭീമാകാരമായി ഉരുവം കൊള്ളുന്നത് ...”
ഭീമാകാരം = വലിയ രൂപം. ഉരുവം = രൂപം - വലിയ രൂപമായി രൂപം കൊള്ളുന്നത് ...എന്നു നന്നോ ഭാഷയില്‍?

4
പേജ്: 66

വാതിലിനരികില്‍ വന്ന് ഉറങ്ങുന്ന നീനയേയും എന്നെയും എല്‍മ നോക്കി നില്‍ക്കുന്നത് നൗഫലുമായി ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമെടുത്തിട്ടുതന്നെയാണ്. “
വായനക്കാരന്ന് മനസ്സിലാവുക : 'നീനയും ഇയാളും ഉറങ്ങുന്നത് വാതിലിന്നരികില്‍ വന്നിട്ടാണ്` - എന്നാണോ ?
അല്ലെങ്കില്‍ ഈ വാക്യം :
'ഉറങ്ങുന്ന നീനയേയും എന്നേയും എല്‍മ വാതിലിനരികില്‍ വന്ന് നോക്കിനില്‍ക്കുന്നത്..... '
എന്നാകുമായിരുന്നില്ലേ ?
കുറേക്കൂടി നല്ല രചന
' നൗഫലുമായി ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമെടുത്തിട്ടുതന്നെയാണ്
[ ഇതാണല്ലോ ഈ വാക്യത്തിലെ പ്രധാനപ്പെട്ട ഭാഗം ]
എല്‍മ വാതിലിനരികില്‍ വന്ന് , ഉറങ്ങുന്ന നീനയേയും എന്നേയും നോക്കിനില്‍ക്കുന്നത്.... ' എന്നല്ലേ വേണ്ടിയിരുന്നത് ?

5
പേജ്: 67

എന്തോ പ്രയാസം അലട്ടുന്ന ഒരാളെപ്പോലെ ......”
പ്രയാസം = ബുദ്ധിമുട്ട് / അലട്ട് = ബുദ്ധിമുട്ട് ഈ ആവര്‍ത്തനം വൃഥാസ്ഥുലത ഉണ്ടാക്കുന്നുണ്ടോ? ' എന്തിനോ പ്രയാസപ്പെടുന്ന ഒരാളെപ്പോലെ / എന്തോ പ്രയാസമുള്ള ഒരാളെപ്പോലെ / എന്തോ അലട്ടുന്ന ഒരാളെപ്പോലെ ' എന്നൊക്കെയുള്ള ഭാഷാ സാധ്യതകള്‍ പരിഗണിക്കാമായിരുന്നില്ലേ ?

6
പേജ്: 71
പെണ്‍മക്കള്‍ നോക്കണമെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാരും സമ്മതിക്കേണ്ടേ?”
' പെണ്‍മക്കള്‍ നോക്കണമെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ സമ്മതിക്കേണ്ടേ? ' എന്നു പോരേ? ഭര്‍ത്താക്കന്മാരും ' എന്നെഴുതുമ്പോള്‍ 'ഉം ' പിന്നെയുമാരൊക്കെയോ സമ്മതിക്കേണ്ടതുണ്ട് എന്നല്ലേ? അങ്ങനെ എഴുത്തുകാരന്‍ കരുതിയിരിക്കുമൊ?

7

പേജ്: 72

വയ്യാത്തകാലുമായി കസേരമാറ്റി നീന അങ്ങോട്ടോടുന്നതും ഇങ്ങോട്ടോടുന്നതും വല്ലായ്‌‌മയോടെ ഞാന്‍ മനസ്സിലാക്കി"
വയ്യാത്തകാലുമായി നീന - അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ശരി. അതിനിടക്ക് 'കസേര മാറ്റി' ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ? ' വയ്യത്ത കാലുമായി കസേരമാറ്റി' - എന്താണെന്ന് സംശയിക്കുമോ? ചിന്ഹനം കൊണ്ടും പരിഹാരമാവില്ലല്ലോ.
"വല്ലായ്‌‌മയോടെ ഞാന്‍ മനസ്സിലാക്കി" - വല്ലായ്‌‌മ എവിടെയാ ചേരേണ്ടത്?
വല്ലായ്‌‌മ എന്ന വിശേഷണം - ഞാനിലാണോ / മനസ്സിലാക്കലിലാണോ? സംഭവിച്ചത് -
'ഞാന്‍ വല്ലായ്‌‌മയോടെ മനസ്സിലാക്കിയെന്നല്ലേ?
ഞാന്റെ വല്ലായ്മ മുന്‍ വാക്യത്തില്‍ ഉണ്ട് -" ഞാന്‍ ....... സമര്‍പ്പിച്ചു" . ഇനി മനസ്സിലാക്കലിലെ വല്ലായ്മ - ഇതില്‍ സൂചിപ്പിക്കയാണ്` വേണ്ടത്

'കസേരമാറ്റി വയ്യാത്തകാലുമായി നീന അങ്ങോട്ടോടുന്നതും ഇങ്ങോട്ടോടുന്നതും ഞാന്‍ വല്ലായ്‌‌മയോടെ മനസ്സിലാക്കി ' എന്നല്ലേ എഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കുക ?

ഇനിയും ഉണ്ടാകും. ഇത് ഭാഷാപരമായ സ്ഖലിതങ്ങള്‍, ഒരിക്കല്‍ കൂടി വായിച്ചാല്‍ തിരുത്താമായിരുന്നവ. ഈ അശ്രദ്ധ കഥക്ക് ദോഷം ചെയ്യുന്നുണ്ട് . എന്തൊക്കെ ന്യായം പറഞ്ഞാലും ഭാഷയുടെ തനിമ പരിഗണിക്കാതെ വയ്യല്ലോ .
ഇനി, ആശയപരമായ പതര്‍ച്ചകള്‍ ഇതുപോലെ എണ്ണിയെടുക്കാം . സര്‍ഗാത്മക സൃഷ്ടിയാണ് എന്നൊക്കെ വാദിക്കാമെങ്കിലും അതൊക്കെ മുട്ടുഞായങ്ങളെ ആവൂ- മലയാളവായനക്കാരന്ന്. “നീന ചാടിയെഴുന്നേറ്റ് ദിക്കു നഷ്ടമായവളെപ്പോലെ അലറി " എന്നൊക്കെ എഴുതുമ്പോള്‍ കഥയുടെ ഉള്ളാണ്` പൊള്ളപ്പെടുന്നത് എന്നറിയണം.എന്നാലോ, എഴുതുന്നയാള്‍ക്കേ ഇതു തിരുത്താനും കഴിയൂ എന്നത് മറ്റൊരു കാര്യം.

ഇനിയും :

നീന ചാടിയെഴുന്നേറ്റ് ദിക്കു നഷ്ടമായവളെപ്പോലെ അലറി "
'എന്റെ മകള്‍ ഒളിച്ചോടും മുന്പ് ' പേജ് : 71 – സുഷ്മേഷ് ചന്ത്രോത്ത്

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'നീന ചാടിയെഴുന്നേറ്റു എന്നതും അലറി എന്നതും മനസ്സിലാക്കാം . ' ദിക്കു നഷ്ടമായവളെപ്പോലെ ' എന്നതോ?
വീട്ടിനകത്ത് - മുറിയിലാണ്` നീന. അവിടെ ദിക്ക് എന്താ? അല്ലെങ്കിലും എല്‍മ അവളുടെ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ നീനക്കുണ്ടായ ദേഷ്യം പ്രകടിപ്പിക്കുന്നതിന്ന് ദിക്കിനെതു കാര്യം ?
ഇനി, 'പരിസരം നഷ്ടപ്പെട്ട ' എന്ന മട്ടിലേ കരുതിയിട്ടുള്ളൂ എന്നാണെങ്കില്‍ അങ്ങനെ എഴുതിയാല്‍ മതിയായിരുന്നു. അതും നഷ്ടപ്പെടാന്‍ പ്രസക്തമായ പരിസരം എന്തുണ്ട് അവിടെ? സ്വന്തം വീട്ടിനകത്ത് നിന്ന് അലറാന്‍ 'പരിസരം നഷ്ടപ്പെടുന്നോ എന്ന് പരിഭ്രമിക്കേണ്ടതുണ്ടോ?
പെരുവഴിയില്‍ ദിക്കു നഷ്ടപ്പെടും. കാട്ടില്‍, കടലില്‍ ദിക്കു നഷ്ടപ്പെടും. വീട്ടില്‍ , അറയില്‍ ദിക്കു നഷ്ടപ്പെട്ടു എന്നെഴുതുന്നത് - വീണ്ടും വായിച്ചു നോക്കാതെ, എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിക്കുന്നതുകൊണ്ടു മാത്രമാണ്`.




1 comment:

ali said...

ആ കഥ വായിച്ചില്ല.
എന്നാലും ഇത്തരം വിലയിരുത്തലുകള്‍ തീര്‍ച്ചയായും എഴുത്തുകാര്‍ അറിയും.മറുപടിയില്ലാതാകുമ്പോള്‍ മിണ്ടാതിരിക്കുകയാകും.അല്ലെങ്കിലും എഴുതി കഴിഞ്ഞതിനെ കുറിച്ച് അവര്‍ ഇനി എന്ത് പറയാം.അടുത്തതിലെങ്കിലും ശ്രദ്ധിക്കാന്‍ ഈ പോസ്റ്റ് ഉപകാരപ്പെടും.