06 November 2011

യാത്രയ്ക്കുള്ള ഒരുക്കം




സ്കൂളില്‍ നിന്നുള്ള വിനോദയാത്രക്കൊരുക്കം കുട്ടിയേക്കാളധികം അഛനമ്മമാര്‍ക്കാണ്`. പണം, ഉടുപ്പുകള്‍, ഭക്ഷണം, കൃത്യസമയത്ത് സ്കൂളിലെത്തിക്കുക......തുടങ്ങി ആകെ പരിഭ്രമമാണ്`. കുട്ടിയോ, കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍. അടിപൊളിയായി യാത്രകഴിഞ്ഞ് ക്ഷീണിച്ച് തിരിച്ചെത്തുന്നതുവരെ ഒരുക്കവും തിരക്കും. സ്കൂളിലും ഇതുതന്നെ. ചുമതലയുള്ള അധ്യാപകര്‍ക്ക് നല്ല തിരക്ക്. സന്ദര്‍ശനം തേടുന്ന സ്ഥലങ്ങളില്‍ നിന്നുള്ള അനുമതി നേടല്‍ , കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കല്‍, രക്ഷിതാക്കളില്‍ നിന്ന് അനുമതി വാങ്ങല്‍ ഭരനതലത്തിലൊക്കെ വിവരമറിയിച്ച് അനുമതി വാങ്ങല്‍ എന്നിങ്ങനെ നല്ല പണിയാണ്`. യാത്ര തുടങ്ങിയാല്‍ തിരിച്ചെത്തും വരെ ചുമതലക്കാര്‍ക്ക് മനസ്സില്‍ തീതന്നെ.
സ്കൂള്‍ തലത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്` വിനോദ-പഠനയാത്ര. അതുകൊണ്ടുതന്നെ അക്കാദമിക്ക് ആയി ഈ പ്രവര്‍ത്തനം ഗുണം ചെയ്യണം. ഈ ഒരു സങ്കല്പ്പത്തില്‍ മേല്പ്പറഞ്ഞ അധ്വാനം എത്രത്തോളം പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാന്‍ എല്ലായ്പ്പോഴും മറന്നുപോകുന്നു. അല്ലെങ്കില്‍ ഈയൊരു ഉന്നം കണ്ടുള്ള മുന്നൊരുക്കം തീരെ കുറവാണെന്ന് എന്ന` കാണാം. ഈ വിഷയം ചര്‍ച്ച ചെയ്യണം.അക്കാദമിക്കായി വിനോദ-പഠനയാത്രകള്‍ കുട്ടിക്ക് ഉപകരിക്കപ്പെടണം.
ഏറ്റവും ആദ്യം ആലോചിക്കേണ്ടത് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും അവസരം കിട്ടണം. വര്‍ഷത്തിലൊരിക്കല്‍ ഒരു സ്കൂളില്‍ നിന്ന് ഒരു യാത്ര എന്ന രീതി ആയിക്കൂടാ. അതുകൊണ്ടുതന്നെ വലിയ (ഒരു ) പണച്ചെലവുമില്ലാത്ത യാത്രകള്‍ ആലോചിക്കണം . യാത്രകളില്‍ പ്രതീക്ഷിക്കുന്ന പഠന – വിനോദ മൂല്യങ്ങള്‍ നിര്‍ണ്ണയിക്കണം. അതനുസരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ മുങ്കൂട്ടി നിശ്ചയിക്കണം.ഒറ്റക്കും ഗ്രൂപ്പായും ചെയ്യാവുന്ന സംഗതികള്‍ ഉണ്ടാവണം.മൂല്യങ്ങളില്‍ വൈകാരിക-വൈചാരിക അംശങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കണം. ഉദാഹരണമായി സ്കൂളിന്നടുത്തുള്ള ഒരു നദീതീരസന്ദര്‍ശനം ആണ്` പ്ളാന്‍ ചെയ്യുന്നതെങ്കില്‍:
ഭാഷാ വിഷയത്തില്‍-
പാഠപുസ്തകങ്ങളിലെ നദീവര്‍ണ്ണനകള്‍, നദീ ബിംബങ്ങള്‍ , ഉപമകള്‍, ചൊല്ലുകള്‍, ശൈലികള്‍, സൂചിതകഥകള്‍, അനുസ്മരണങ്ങള്‍, അനുഭവങ്ങള്‍, കല്പ്പിതകഥകള്‍ , പുരാണസൂചനകള്‍ തുടങ്ങിയ സംഗതികള്‍ ഓര്‍ക്കാനും , ആസ്വദിക്കാനും, വിലയിരുത്താനും, താതതമ്യം ചെയ്യാനും, പുനര്‍സൃഷ്ടിക്കാനും, പുതുരചനകളിലേര്‍പ്പെടാനും എല്ലാം അവസരം എല്ലാര്‍ക്കു ഉണ്ടാകണം. നദി, ജലം, മണല്‍,കല്ലുകള്‍, മണല്ത്തിട്ട, ഒഴുക്ക്, വലിപ്പം, നദീതീരം തുടങ്ങി എല്ലാ പരിഗണിക്കപ്പെടണം. ഇതിനൊക്കെ വേണ്ടത്ര സമയം അനുവദിക്കണം. അതത് സമയങ്ങളില്‍ വേണ്ട വിശദീകരണങ്ങളും ചൂണ്ടിക്കാണിക്കലുകളും പങ്കിടലുകളും കൂട്ടിച്ചേ ര്‍ക്കലുകളും ഉണ്ടാവണം. പ്രോത്സാഹിപ്പിക്കലും, അനുമോദിക്കലും വേണം. എല്ലാം ചേരുന്ന പഠനപരിപാടിതന്നെയായിരിക്കണം 'വിനോദം'. പഠനം വിനോദവും വിനോദം പഠനവു മാക്കാന്‍ ഇതിലുമേറെ പറ്റിയ പ്രവര്‍ത്തനം വേറെ കാണാനാവില്ലല്ലോ.നദീതീരമാണെങ്കിലും, കലാമണ്ഡലമാണെങ്കിലും, ഊട്ടിയാണെങ്കിലും അതിരപ്പിള്ളി യാണെങ്കിലും ഗോവയാണെങ്കിലും ഇതെല്ലാം സുസാധ്യവുമാണ്`.ഒരു യാത്രകഴിഞ്ഞെത്തുന്ന കുട്ടിക്ക് ' മലനാടെത്രമേല്‍ മധുരദര്‍ശനം; അലിവോടോര്‍ത്തതീയമലനാടിനെ' എന്ന വരികള്‍ സ്വയം ആസ്വദിക്കാറാവണം. കൂട്ടിച്ചേര്‍ക്കാറാവണം. നല്ലൊരുദ്യാനം കണ്ടുവരുന്ന കുട്ടിക്ക് ' ചലദളി ഝ്കങ്കാരം... , കോകില കൂജിതം.... ഒക്കെ എന്തെന്ന് ക്ളാസില്‍ അപരിചിതമാവില്ല. പാഠഭാഗത്തെ ഈ വരികളിലെ വിരോധാഭാസം ആസ്വദിക്കാനും കഴിയും. ആസ്വാദനം കുറിപ്പാക്കാന്‍ ക്ളാസ്മുറിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ലതാനും.

ശാസ്ത്രവിഷയത്തില്‍-

നദീഘടകങ്ങള്‍ ശാസ്ത്രബുദ്ധിയോടെ നോക്കിക്കാണാന്‍ സാധിക്കണം. ജലത്തിന്റെ അളവ്, മലിനീകരണം, ഒഴുക്ക് ദിശ- വേഗത- പ്രവേഗം - ദിശാമാറ്റങ്ങള്‍- ആഴം - ജലവര്‍ണ്ണം- കാറ്റിനെ ഗതി-ഓളങ്ങള്‍-തീരം- കല്ലുകള്‍-മണല്‍ - എന്നിങ്ങനെ വിവിധ സംഗതികളില്‍ അന്വേഷണങ്ങള്‍ക്കുള്ള പ്രയോഗങ്ങള്‍ ഉണ്ടാവണം. ചരിത്രം, ഗണിതം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലൊക്കെ അന്വേഷണങ്ങള്‍ ചെല്ലാന്‍ പ്രാപ്തമാക്കുന്ന ഗതിഭേദങ്ങള്‍ വേണം.ഇതിനൊക്കെ ഉതകുന്ന പ്രവര്‍ത്തനങ്ങളും സാധ്യമായ ഉപകരണങ്ങളും കയ്യില്‍ കരുതണം.യാത്രക്കു വളരെമുന്‍പേ ക്ളാസില്‍ 'യാത്രക്കുള്ള ഒരുക്കം' തുടങ്ങണം. നദിയായാലും കാടായാലും കടലായാലും കലാമണ്ഡലമായാലും കന്യാകുമാരിയായാലും പഠിക്കാനായിരിക്കണം യാത്ര. പഠനമായിരിക്കണം വിനോദം.
ഈ മട്ടിലൊരു യാത്ര പ്ളാന്‍ ചെയ്യാന്‍ കഴിയുക എന്നതാണ` വിനോദയാത്രക്കുള്ള ചുമതലക്കാരന്‍ ഏറ്റെടുക്കുന്ന വെല്ലുവിളി. ഒരു ചുമതലക്കാരന്റെ മാത്രം ശ്രമാവില്ല ഇത്. എല്ലാ അധ്യാപകരുടേയും ചുമതലയായിരിക്കും. എല്ലാ കുട്ടിക്കും ഉള്ള പഠനയാത്രയായിരികും. പഠനയാത്ര സ്വയമേവ വിനോദയാത്രയായി മാറും. പഠനം വിനോദവും വിനോദം പഠനവുമാകും.

2 comments:

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ.തിരക്ക് കുറച്ച് നല്ല തയ്യാറെടുപ്പുകളാണാവശ്യം...

ശ്രീനാഥന്‍ said...

ഇഷ്ടപ്പെട്ടു ഈ കുറിപ്പ്!