08 September 2011

റിവേസ് ഗീയറുകൾ


മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല; ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്; പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ; നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല; നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ; ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും; നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും; നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല; എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും; എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും; കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം; നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം; മാനുഷരെല്ലാരുമൊന്നുപോലെ
എല്ലാരും മറന്നുകഴിഞ്ഞ ഒരു പഴയ പാട്ട്. ഇപ്പാട്ടിൽ പറയപ്പെടുന്നപോലല്ല കഴിഞ്ഞ കുറേകാലങ്ങളായി മാവേലിനാട് ജീവിക്കുന്നത് എന്നതുകൊണ്ടാണല്ലോ നാമീ പാട്ട് മറന്നു തുടങ്ങിയത്. അല്ലെങ്കിൽ ഈ പാട്ടിൽ പറയുന്നപോലൊരു ലോകം സ്വപ്നം കാണാൻ കൂടി നമുക്ക് അവസരമില്ലെന്നതും കാരണമാവാം. മാവേലിനാട് മലയാളിയുടെ ആഗ്രഹമോ ചരിത്രമോ ഒക്കെ ആവാം. അതിനി നമ്മുടെ നിനവിൽ പോലും ഉണ്ടാകാനുള്ള സാധ്യതകൾ അസ്തമിച്ചുവെന്ന തോന്നലിലാണ് നാമീ പാട്ട് മറന്നത് എന്ന് ചുരുക്കം.
 ഓർമ്മകളിൽ നിന്ന് മറയുന്നത് അനുഭവസാമീപ്യം കുറയുന്നതുകൊണ്ടാണ്. മാനുഷർ ഒന്നുപോലെ കഴിയാനുള്ള സ്വപ്നം അങ്ങനെ മറക്കപ്പെടേണ്ട സ്വപ്നമോ സാധ്യതയോ ആകാൻ പാടില്ല എന്നതുകൊണ്ടാണ് പാട്ടിലെ മിക്ക വരികളും മറന്നിട്ടും
മാവേലി നാടുവാണീടുംകാലം; മാനുഷരെല്ലാരുമൊന്നുപോലെ
എന്ന വരി ഒരിക്കലും മറക്കാതെ നിലനിൽക്കുന്നത്. ഇതു നാം ഉണ്ടാക്കിയെടുക്കേണ്ട അവസ്ഥയാണ്. അതിന് പ്രാഥമികമായി പ്രവർത്തിക്കേണ്ടത് ഓർമ്മകളാണ്. ഓർമ്മകൾ ചരിത്രംതന്നെ. ചരിത്രത്തിന്റെ പിന്നിട്ടവഴികളിൽ നാം കണ്ടുമുട്ടുക മാനുഷരെല്ലാരുമൊന്നുപോലെആയിരുന്നില്ലാത്ത നീണ്ട കാലങ്ങളാണ്. അവിടെ നടന്ന സാമൂഹ്യപരിവർത്തനങ്ങളാണ്. മാനുഷരെ ഒന്നുപോലെ കാണാനുള്ള ആഹ്വാനങ്ങളും പ്രവർത്തനങ്ങളും അതിലെ വിജയങ്ങളുമാണ്. ചെറിയ ചെറിയ വിജയങ്ങൾ നേടിയെടുത്ത സാമൂഹ്യവികാസമാണ്. അതിലൂടെ ഉരുവംകൊണ്ട മാനവജീവിതവികാസമാണ്. അതിനിയും തുടരുകയും ഇനിയും വളരുകയും ചെയ്തേ മതിയാവൂ എന്ന സാമൂഹ്യയാഥാർഥ്യമാണ്. കരണം ചരിത്രത്തിന്ന്  ഒരിക്കലും റിവേസ് ഗീയറുകൾ ഇല്ല. ആവർത്തനങ്ങളുമില്ല.

1 comment:

ഓര്‍മ്മകള്‍ said...

വളരെ ശരിയാണ്..., റിവേസ് ഗിയറുകൾ നന്നയിരിക്കുന്നു..., ഓണാശംസകൾ

word verification disable cheyyu.., comment idan eluppathinu...