21 September 2011

നാടിന്റെ വികസനം- പരിപ്രേക്ഷ്യം


നാടിന്റെ വികസനം- പരിപ്രേക്ഷ്യം
വിശദാംശങ്ങൾ -ചർച്ചക്ക്
സ്കൂളുകളില്‍ ചെയ്യാവുന്ന ഒരു പഠനപ്രവര്‍ത്തനം

പരിപാടി: നവംബർ കേരളപ്പിറവി ദിനം ( ഡേറ്റ് ആലോചിക്കാം)
Enlightining Our Circle(ചർച്ചയിൽ പേരു നന്നാക്കാം)


പ്രവർത്തന ക്രമം

സെമിനാർ ചുമതല 2-3 അധ്യാപകർ / 2-3 രക്ഷിതാവ്

ജൂലായ്:
കുട്ടികളോട് ക്ലാസ്തലത്തിൽ Enlightining Our Circle” എന്ന പരിപാടി വിശദമാക്കുന്നു.
  • കേരളത്തിൽ ഇന്നേവരെ നമ്മുട അറിവിൽ ഒരു സ്കൂളിലും കുട്ടികൾ അവരുടെ നാടിന്റെ വികസനപരിപ്രേക്ഷ്യം ആലോചിച്ചിട്ടില്ല. വികസനം മുഴുവൻ മുതിർന്നവരുടെ ചുമതയും അവകാശവും ആണ് എന്നാണല്ലോ. എന്നാൽ നമ്മുടെ പാഠഭാഗളൊക്കെയും പ്രശ്നാധിഷ്ടിത മാണുതാനും.
  • 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളും നമ്മുടെ നാട് എങ്ങനെയായിരിക്കണം, അതിന്റെ വികസനം എന്തായിരിക്കണം എന്ന കാര്യത്തിൽ ഒരൽ‌പ്പം ചിന്തിക്കാൻ അവസരമുണ്ടാകുന്നു
  • ഇതു ഒരു പഠനപ്രവർത്തനമാകുന്നു. അധ്യാപകരുടെ സഹായം ഉണ്ടാകും. രക്ഷിതാക്കളുടേയും നാട്ടുകാരുടെയും വിദഗ്ധരുടേയും സഹായം നാം ലഭ്യമാക്കണം
  • കുട്ടികൾ അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് ചിന്തിക്കണം. അതിലെ തെറ്റും ശരിയും ഒക്കെ പിന്നീട് ചർച്ചചെയ്യാം.പരിഹരിച്ച് വികസിപ്പിക്കാം.
  • കേരളത്തിലെ വികസന കാര്യങ്ങളിൽ വിദഗ്ധരായവരുടെ സാന്നിധ്യത്തിൽ ഈ സെമിനാർ ഒരു മുഴുവൻ ദിവസ പരിപാടിയായി കേരളപ്പിറവി ദിനത്തിൽ നടത്താം.
വിഷയങ്ങൾ തീരുമാനിക്കൽ (അധ്യാപകർ)
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വിശ്രമം, സ്വാതന്ത്ര്യം, ജനാധിപത്യം, ലിംഗസമത്വം
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഈ വിഷയങ്ങളിലൊക്കെ ‘എന്തായിരിക്കണം നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടത് ‘ എന്ന സങ്കൽ‌പ്പങ്ങൾ കുട്ടികൾ പഠിച്ച് അവതരിപ്പിക്കണം. വിഷയങ്ങൾ തിരിച്ച് അധ്യാപകർ (കോർ ഗ്രൂപ്പ്) ചുമതല ഏൽക്കണം. പഠനചുമതല, രീതികൾ, എന്നിവ തീരുമാനിക്കണം.
പഠനചുമതല-കുട്ടികൾ
ഒരു ക്ലാസിന്ന് ഒരു വിഷയം. (ആവർത്തനം ആകാം; എല്ലാ വിഷയവും പൂർത്തീകരിക്കണം)
കുട്ടികളുടെ ഒരു കോർഗ്രൂപ്പ്- 8 കുട്ടികൾ (ഇവർതന്നെയാണ് സെമിനാറിലെ പാനൽ)
സെമിനാറിൽ വിഷയം എഴുതി (സെമിനാർ പേപ്പർ)അവതരിപ്പിക്കാൻ ഒന്നോ രണ്ടോ കുട്ടി.
പഠന ലീഡർ - വിഷയം ലിസ്റ്റ്, കുട്ടികൾ ലിസ്റ്റ്, മീറ്റിംഗുകൾ-ഹാജർ-മറ്റു സഹായങ്ങൾ തുടങ്ങിയ രേഖകൾ കൈകാര്യം ചെയ്യണം.

പഠനരീതി
  • വിഷയം പല ഘടകങ്ങളാക്കുന്നു. (ഉദാ: ഭക്ഷണം = കൃഷി, വിവിധ വിളകൾ, കൃഷിയിടം,ജലസേചനം, വളം, കീടനാശിനി, കൂട്ടുകൃഷി, സഹകരണസംരംഭങ്ങൾ, സർക്കാർ സഹായസംവിധാനങ്ങൾ, ഉൽ‌പ്പാദനം, വിതരണം, ലഭ്യത, ആവശ്യകത, നിലവിലെ അവസ്ഥ, മെച്ചപ്പെടുത്താനുള്ള വഴികൾ-നിർദ്ദേശങ്ങൾ…………..)
  • ഓരോഘടകവും അന്വേഷിക്കാനും പഠിക്കാനുമായി ക്ലാസിലെ കുട്ടികൾക്ക് തുല്യമായി ഭാഗിച്ചു നൽകുന്നു. ചുമതല ഏൽ‌പ്പിക്കുന്നു.
  • നിലവിലുള്ള അവസ്ഥയും വേണ്ട പുരോഗതിയും പരിശോധിക്കുന്നു.
  • ക്ലാസ് തല-സ്കൂൾതല ക്ലാസുകൾ, ചർച്ചകൾ എന്നിവ ക്ലബ്ബുകൾ ഉപയോഗിച്ച്-ലഭിച്ച അറിവുകൾ പുഷ്ടിപ്പെടുത്തുന്നു
  • പുസ്തകങ്ങൾ, വാർത്തകൾ, ഡാറ്റകൾ, ചർച്ചകൾ, അഭിമുഖങ്ങൾ, അധ്യാപകരിൽനിന്നും ലഭിക്കുന്നവ (അഭിമുഖം ചോദ്യങ്ങൾ, ഡാറ്റാകലക്ഷ്നുള്ള ഫോർമാറ്റുകൾ, വാർത്താശകലങ്ങൾ, റഫറൻസ് പുസ്തകങ്ങൾ)
  • അതത് സമയം വേണ്ടകുറിപ്പുകൾ തയ്യാറാക്കുന്നു
  • സെമിനാർ പേപ്പർ / സിനോപ്സിസ് എന്നിവ തയ്യാറാക്കുന്നു.
  • അധ്യാപകർ വേണ്ട നിർദ്ദേശങ്ങൾ സഹായങ്ങൾ മോണിറ്ററിങ്ങ്

ആഗസ്ത്:
ക്ലാസ് തലത്തിൽ വേണ്ടത്ര തയ്യാറെടുപ്പോടെ കുട്ടികളെ ഗ്രൂപ്പാക്കുന്നു. ചുമതല ഏൽ‌പ്പിക്കുന്നു.
ഓരോ വിഷയവും ഏറ്റെടുത്ത അധ്യാപകർ ചുമതല. ക്ലാസ്ടീച്ചർ മേൽനോട്ടം.സഹായം

സെപ്തമ്പർ-ഒക്ടോബർ
ക്ലാസ് തല സെമിനാർ (ട്രൈഔട്ട്)
1 മണിക്കൂർ ദൈർഘ്യം.
റഫ് പേപ്പറുകൾ അവതരണം. മെച്ചപ്പെടുത്തൽ ചർച്ചകൾ. മറ്റു ക്ലാസുകളിൽനിന്ന് അതിഥികൾ. സെമിനാറിൽ ഒന്നിലധികം അധ്യാപകരുടെ,രക്ഷിതാക്കളുടെ, വിദഗ്ധരുടെ സാന്നിധ്യം ഉണ്ടാക്കണം.
പൂർത്തിയായ സെമിനാർ പേപ്പർ റജിസ്റ്റ്രേഷൻ. സ്കൂൾതലം.
സെമിനാർ പേപ്പർ ഘടന
  1. കോർ ഗ്രൂപ്പ് പേരുവിവരം 1 പേജ്
  2. അവതാരകർ-വിവരങ്ങൾ 1 പേജ്
  3. ആമുഖം 1 പേജ്
  4. പഠനം 5-6 പേജ്
  5. അഭിപ്രായം-നിർദ്ദേശം 1-2 പേജ്
  6. ഉപസംഹാരം 1 പേജ്
  7. അവലംബം
പുസ്തകങ്ങൾ
പത്രങ്ങൾ മറ്റു രേഖകൾ
ഡാറ്റാ ഷീറ്റുകൾ
ചോദ്യാവലികൾ
സഹയിച്ച വ്യക്തികൾ-സ്ഥാപനങ്ങൾ-സംഘങ്ങൾ
  1. പ്രബന്ധം സിനോപ്സിസ് (കോർഗ്രൂപ്പ അധ്യാപകൻ തയ്യാറാക്കിയത്)



നവംബർ 1
സെമിനാർ.
വേദി 1
11 വിഷയങ്ങൾക്ക് സജ്ജീകരിച്ച 11 ക്ലാസ്മുറികൾ
പ്രസീഡിയം (കോർഗ്രൂപ്പ്- കുട്ടികൾ അധ്യാപകർ-വിദഗ്ധർ)
9.30 സ്വാഗതം: കുട്ടി (കോർഗ്രൂപ്പ്)
അധ്യക്ഷൻ: കോർ ഗ്രൂപ്പ് അധ്യാപകൻ (10 മിനുട്ട്)
ഉദ്ഘാടനം: വിദഗ്ധൻ (20 മിനുട്ട്)
സെമിനാർ പേപ്പർ അവതരണം. 1-2 കുട്ടികൾ (25 മിനുട്ട്)
പൊതുചർച്ച: 30 മിനുട്ട്
വിശദീകരണങ്ങൾ: കുട്ടികൾ/അധ്യാപകൻ/വിദഗ്ധൻ
11.30 നന്ദി: കുട്ടി

സദസ്സ് : ഒരു ക്ലാസിലെ കുട്ടികളെ (സെമിനാർ കോർഗ്രൂപ്പ് ഒഴികെ) 10 ഗ്രൂപ്പാക്കുന്നു. ഓരോ ഗ്രൂപ്പും ഓരോ സെമിനാറിലേക്ക്. നേരത്തെ ആ ക്ലാസിന്ന് പഠിക്കാൻ കൊടുത്ത വിഷയ സെമിനാർ തൽക്കാലം അവർക്ക് ആവശ്യമില്ല.
(സെമിനാർ പേപ്പർ സിനോപ്സിസുകൾ ആവശ്യത്തിന്ന് പ്രിന്റൌട്ട് കരുതണം)


പ്ലീനറി സെഷൻ

12 മണി- സ്കൂൾ ഹാൾ
സ്വാഗതം: സെമിനാർ ചുമതലയുള്ള അധ്യാപകൻ - കാര്യപരിപാടി വിശദമാക്കൽ (3 മിനുട്ട്)
അധ്യക്ഷൻ: ഹെഡ്മാസ്റ്റർ (3 മിനുട്ട്)
ഉൾഘാടനം: വിദഗ്ധൻ (20 മിനുട്ട്)
വിവിധ വിഷയങ്ങൾ അവതരണം
(നേരത്തെ സെമിനാറിൽ വിശദമായി അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സിനോപ്സിസ് ഉപയോഗിക്കണം.അവതരിപ്പിക്കുന്നത്
  1. കുട്ടി (10 മിനുട്ട്)
  2. അധ്യക്ഷനായിരുന്ന കോർഗ്രൂപ്പ് അധ്യാപകൻ (5മിനുട്ട്)
ഒന്നോ രണ്ടോ വിഷയങ്ങൾ കഴിഞ്ഞാൽ ഭക്ഷണം

പ്ലീനറി തുടർച്ച
നടന്ന അവതരണങ്ങളെ സംബന്ധിച്ച് കമന്റ്: (വിദഗ്ധൻ 1) (25 മിനുട്ട്)

അവതരണങ്ങൾ തുടരുന്നു
അവതരണങ്ങളെ സംബന്ധിച്ച കമന്റ് (വിദഗ്ധൻ 2)
അവതരണങ്ങൾ തുടരുന്നു
പൊതു അവലോകനം (വിദഗ്ധൻ 3)
5.30 നന്ദി പ്രകടനം – (വികസനരേഖ ഡോക്യുമെന്റേഷൻ പ്രഖ്യാപനം)

സദസ്സ്: കുട്ടികൾ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, രക്ഷിതാക്കൾ, വിവിധക്ലബ്ബ് പ്രതിനിധികൾ, സന്ന്ദ്ധസംഘടനകൾ, പ്രാദേശിക ഉദ്യോഗസ്ഥർ.പ്രത്യേകം ക്ഷണിക്കപ്പെട്ടവർ


ആവശ്യമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്തുമല്ലോ
svr















13 September 2011

കവിതയിലെ പ്രകൃതി


ഏതു കലയായാലും അതിലെ പ്രമുഖമയ ഒരു ഉള്ളടക്കം പ്രകൃതിയാണ്. ഇതിനെ ആലംബമാക്കിയോ പശ്ചാത്തലമാക്കിയോ തന്നെയാണ് മറ്റു ഉള്ളടക്കങ്ങൾ- അതു ദർശനമായാലും, കഥാകഥനമായാലും, മാനുഷികഭാവങ്ങളുടെ വിശകലനമായാലും, സാമൂഹികാവസ്ഥയുടെ പരിശോധനയും പരിവർത്തനവും ഒക്കെയായലും ശിൽ‌പ്പനം ചെയ്യുന്നത്. കവിതയിലും കഥയിലും നാടകത്തിലും ശിൽ‌പ്പത്തിലും നൃത്തത്തിലും ഒക്കെ ഏറിയും കുറഞ്ഞും ഇതുതന്നെയാണവസ്ഥ..
മഹാകവി പി.കുഞ്ഞിരാമൻ‌നായരുടെ ‘സൌന്ദര്യപൂജ’ എന്നകവിതയിലെ ഒരു ഭാഗം പത്താം ക്ലാസിൽ മലയാളം അടിസ്ഥാനപാഠാവലിയിൽ വരുന്നുണ്ട്. ഈ പാഠം കുറേകൂടി ആഴത്തിൽ ആസ്വദിക്കാനുതകുന്ന ഒരു കുറിപ്പ്.

കവിതയിൽ / കലാസൃഷ്ടികളിലൊക്കെയും പ്രകൃതിയെ ഇഴചേർക്കുന്നത് ഇക്കാണാവുന്ന പ്രകൃതിഭംഗിയെ ലാവണ്യപൂർണ്ണമായി വർണ്ണിക്കലിലൂടെ മാത്രമല്ല. കാവ്യത്തിന്റെ ഭാഷ, താളം, പദാവലി, കഥാവസ്തു (പ്രമേയം), ദർശനം എന്നിവയിലെല്ലാം ഈ ‘പ്രകൃതി സൌന്ദര്യം’ നമുക്ക് കണ്ടെടുക്കാനാവും. അതു കാവ്യത്തിന്റെ / കലാരൂപത്തിന്റെ ആസ്വാദ്യത വർദ്ധിപ്പികുകയും ചെയ്യും.

  1. ആലാപനപ്രകൃതി
കവിത ആത്യന്തികമായി ചൊല്ലി ആസ്വദിക്കാനുള്ളതാണ്. ചൊല്ലൽ സശബ്ദമായൊ നിശബ്ദമായോ ആവാം. ആസ്വാദകനിൽ ഉള്ളിലെങ്കിലും കവിത ചൊല്ലപ്പെടുന്നുന്നുണ്ട്. ഒരു വരിയിൽ 8 അക്ഷരവും അങ്ങനെയുള്ള 4 വരിയും ചേർന്ന ഈ ചൊൽ‌രൂപം വളരെ ലളിതവും സുന്ദരവുമാണെന്ന് കാണാം.
ആദികവി-വാത്മീകി ആദികാവ്യം എഴുതിയത് (ചൊല്ലിയത്) ഈ അക്ഷരതാളത്തിലായിരുന്നു. “മാ നിഷാദ പ്രതിഷ്ഠാത്വാ-മഗമശ്ശാശ്വതീസ്സമാ: യത് ക്രൌഞ്ചമിഥുനാദേക മവധീ കാമമോഹിതം” എന്ന (ശാപ)വചസ്സ് മഹർഷിയിൽ നിന്ന് പുറപ്പെട്ടത് ഈ അക്ഷരതാളത്തിലായിരുന്നു. പിന്നീട് വൃത്തശാസ്ത്രജ്ഞന്മാർ ഇതിനെ ‘അനുഷ്ടുപ്പ് വൃത്തം’ എന്നു വിളിച്ചു. അതൊക്കെ വളരെ പിന്നീട് മാത്രം. ഗദ്യ-പദ്യ രൂപഘടനയിലെ വ്യത്യാസം പോലും വളരെ നേർത്തതാകുന്നു ഇവിടെ.
ഇവിടെ നാം കാണുന്നത് വികാരാധീനനായ വാത്മീകിയുടെ വാക്ക് ഈ താളത്തിലായിരുന്നു എന്നു മാത്രമാണ്. സ്വാഭാവികമായ ഒരു വികാരപ്രകടനം. അതിലെ ഭാഷയാകട്ടെ ഏറ്റവും കുറുകിയതും ദൃഢവും വികാരനിർഭരവും. സ്വാഭാവികമായി മനസ്സിൽ നിന്നു പൊട്ടിയൊഴുകിയത്.(നമുക്കുചുറ്റുമുള്ള സ്വാഭാവിക പ്രകൃതിയും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ) മാനവികതാബോധത്തിന്റെ അകൃത്രിമായ ബഹിർസ്പുരണം.മനുഷ്യപ്രകൃതിയുടേയും ബാഹ്യപ്രകൃതിയുടേയും സ്വാഭാവികത. തുടർന്നത് ആദികാവ്യത്തിന്റെ മുഴുവനും ഈണവും ഭാവവും ദർശനവുമായിത്തീർന്നു. ഇന്നും ഈ ഈണം നമ്മുടെ കവികൾ നന്നായി പ്രയോജനപ്പെടുത്തുന്നു.
ആലാപനപ്രകൃതിയിൽ മഹാകവി പി. കുഞ്ഞിരാമൻ‌നായർ ‘സൌന്ദര്യപൂജ’യിൽ വാത്മീകിയെ അനുസരിക്കുന്നത് കവിയുടെ പ്രകൃതിബോധത്തിന്റേയും സൌന്ദര്യാനുഭവത്തിന്റേയും തെളിവാണ്.

  1. അക്ഷരപ്രകൃതി
അക്ഷരങ്ങളുടെ ആവർത്തനം- അതുമൂലമുണ്ടാകുന്ന ശബ്ദഭംഗി പ്രകൃതിലെവിടെയും നമുക്ക് മനസ്സിലാക്കാം.നദീപ്രവാഹത്തിലും, കുന്നുകളുടെ ഗാംഭീര്യത്തിലും, ഇടിമിന്നലിലും, തരുപക്ഷിമൃഗവൃക്ഷജാലങ്ങളിലും എല്ലാം ഈ ആവർത്തനസൌന്ദര്യം പ്രകൃതി സൂക്ഷിക്കുന്നു. (കുഞ്ഞ് അഛനെപ്പോലെയാണോ അമ്മയെപ്പോലെയാണോ!) കാലചക്രത്തിരിച്ചിലിൽ പ്രകൃതിതന്നെ നിരന്തരം ആവർത്തിക്കപ്പെടുന്നു എന്നാണ് ഭാരതീയ സങ്കൽ‌പ്പം. ഈ ആവർത്തന സങ്കൽ‌പ്പം കവി ശബ്ദപരമായും പദപരമായും തന്റെ കവിതയിൽ ലയിപ്പിച്ചിരിക്കുന്നു. കുഞ്ഞിരാമൻ‌നായരെപ്പോലുള്ള കാൽ‌പ്പനികനായ ഒരുകവിക്ക് ഇതു സാധിച്ചതിൽ നമുക്ക് അത്ഭുതമുണ്ടാവേണ്ടതില്ലെന്ന് മറ്റൊരുകാര്യം.

  1. അലങ്കാരപ്രകൃതി
അലങ്കാരപ്രയോഗങ്ങളിൽ അടിസ്ഥാനപരമായവ ഉപമ, ഉല്പ്രേക്ഷ, രൂപകം എന്നിവയാണെന്നാണ് പറയുക. സാദൃശ്യവും അഭേദവും മാത്രമാണിതിന്നടിസ്ഥാനം. മാനസിക പ്രകൃതിയിലെ അടിസ്ഥാന സങ്കൽ‌പ്പവും ഇതു മാത്രമാണ്. ‘ ഇത് അതിനെപ്പോലെയാണ്’ ‘, ഇതു അതുതന്നെയാണ് (ണോ)‘ എന്നു മാത്രമേ നോക്കാറുള്ളൂ. മറ്റലങ്കാരസങ്കൽ‌പ്പങ്ങളെല്ലാം ഈ അടിത്തറയിൽ നിന്ന് കെട്ടിപ്പൊക്കിയവയാണ്.
മാത്രമല്ല., അലങ്കരിക്കുക എന്നതും പ്രകൃതിയുടെ സ്വാഭാവികരീതിയാണ്. ‘പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നൂ.’ എന്ന് പറഞ്ഞ വൈലോപ്പിള്ളിക്കിത് (ഉജ്വലമുഹൂർത്തം) അറിയാമായിരുന്നു. അതിന്റെ കാര്യകാരണങ്ങൾ പലതാകാം.
അതായത് അലങ്കരിക്കലും, അതിന്നായി ലളിതമായ അടിസ്ഥാനാലങ്കാരങ്ങൾ തന്നെ പ്രധാനമായി പ്രയോജനപ്പെടുത്തലും ‘ സൌന്ദര്യപൂജയിൽ ‘ ഒരോ വാക്യത്തിലും കാണാം.

  1. ബാഹ്യപ്രകൃതി

അക്ഷരപൂജയുടെ – കന്നിമാസത്തിന്റെ കാലപശ്ചാത്തലമാണീ കവിതയിൽ. ചിങ്ങം, മീനം,മേടം, കർക്കിടകം, തുലാം, ധനു മാസങ്ങൾ നമ്മുടെ കവികൾ അതിവിദഗ്ധമായി കവിതകളിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കന്നിമാസം കുഞ്ഞിരാ‍മൻ‌നായരും പിന്നീട് വൈലോപ്പിള്ളിയും മാത്രമാണ് ഇത്ര ഫലപ്രദമായി ശ്രദ്ധിച്ചത് എന്നു തോന്നുന്നു. ‘സൌന്ദര്യപൂജ’ ‘അക്ഷരപൂജ’ യായിട്ടുകൂടി ഇവിടെ മനസ്സിലാക്കപ്പെടുകയാണ്. നവരാത്രിയുടെ സൌന്ദര്യം അക്ഷരത്തിന്റേയും എഴുത്തിന്റേയും സൌന്ദര്യമാകുന്നു. കവിയുടെ സ്വാഭാവികപ്രകൃതി അക്ഷരപൂജതന്നെയുമാണല്ലോ.
അക്ഷരദേവതയിൽ നിന്നുണ്ടായ അക്ഷരത്തെക്കൊണ്ടുതന്നെ ആ ദേവതയെ പൂജിക്കുക. ഈയൊരു സങ്കൽ‌പ്പം ശങ്കരാചാര്യർ ‘ സൌന്ദര്യലഹരി‘ യിൽ അതിമനോഹരമായി ചെയ്തിട്ടുണ്ട് എന്ന് ഈ അവസരത്തിൽ നമുക്ക് ഓർക്കാം. (ത്വദീയാഭിർവാഗ്ഭി സ്തവജനനി! വാചാം സ്തുതിരിയം)

തികച്ചും കാർഷികമായ, ഓണാഘോഷങ്ങൾക്കു ശേഷമുള്ള, രാത്രിയിൽ നിന്ന് മോചിക്കപ്പെട്ട പ്രഭാതത്തോടുകൂടിയ ഒരു കാലബിന്ദുവിലാണ് കവിതയുടെ രാശി. പൂക്കളവും ഓണപ്പൂക്കളും ചിങ്ങ മേഘങ്ങളും ആവണിസ്സന്ധ്യകളും ചെളിപുതഞ്ഞ വരമ്പുകളും നിലാവേറ്റ് ചന്ദനക്കിണ്ണമ്പോലെ തിളങ്ങുന്ന ചെളിക്കുളവും കന്നിയിലെ സ്വർഗ്ഗീയസന്ധ്യകളും അരിവാളേന്തിയ കന്യകമാരും അവളുടെ നോട്ടമേൽക്കേ പൂത്ത വിൺപിച്ചകവും നിശയെ തിരുത്തുന്ന സൂര്യരശ്മികളും എല്ലാം ചേർന്ന ബാഹ്യപ്രകൃതി കവിതയുടെ ഓരോ ബിന്ദുവിലും നിറയുകയാണ്. പ്രകൃതിസൌന്ദര്യത്തിലെ നവ്യഭാവങ്ങൾ കവി കണ്ടെത്തുകയാണ്. ഈ ഉത്തുംഗ ഭാവന കുഞ്ഞിരാമൻ‌നായർക്കു മുൻപോ പിൻപോ ഒരാളും കണ്ടെത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. നൈസർഗ്ഗികമായ സ്വന്തം മനസ്സുമാത്രമാണ് കവിഭാവനയുടെ യുക്തിയും. അപ്പോൾ മാത്രമാണ് “ സത്യപ്രകൃതിദീപത്തിൽ- ക്കത്തും പൊന്തിരിപോലവേ- അരിവാളേന്തി നിൽക്കുന്നു- കന്നി-കർഷകകന്യക” തുടങ്ങിയവയുടെ ലാവണ്യയുക്തി നമുക്ക് പിടികിട്ടുകയുള്ളൂ.

  1. ആന്തരപ്രകൃതി

ബാഹ്യപ്രകൃതിയുടെ തെരഞ്ഞെടുപ്പും വിസ്തരണവും മൂലം സൃഷ്ടിക്കപ്പെടുന്ന പ്രമേയവും, പ്രമേയത്തിലൂടെയും മുൻ സൂചിപ്പിച്ച മറ്റു പ്രകൃതികളിലൂടെയും സ്വാഭാവികമായി നിർമ്മിക്കപ്പെടുന്ന ഭാവം, രൂപം, ദർശനം, സാമൂഹ്യാവസ്ഥ എന്നിവയുടേയും സാകല്യമാകുന്നു ആന്തരപ്രകൃതി. ഈ ആന്തരപ്രകൃതിയുടെ അനുപമമായ സൃഷ്ടിയാണ് കവിതയെഴുത്തിൽ സംഭവിക്കുന്നത്. അത്യുൽക്കൃഷ്ടമായ അനുഭൂതികൾ നമ്മെ സൌന്ദര്യത്തിന്റെ ഉന്നതങ്ങളിലെത്തിക്കുകയാണ്. ഇഴപിരിച്ചുള്ള സ്വാദുനോക്കൽ അനാവശ്യമാകുന്നു. സാകല്യത്തിന്റെ സൌന്ദര്യം നുകരുകയാണ് സാധ്യമായത്. മറ്റൊക്കെ അതിലേക്കുള്ള ചെറുവഴികൾ മാത്രം.
Published in Madhyamam-velicham

11 September 2011

ഇരുചിറകുകളൊരുമയിലിങ്ങനെ….


രണ്ടാം യൂണിറ്റ്: പ്രവർത്തനങ്ങളുടെ സംഗ്രഹം

പത്താം ക്ലാസിലെ മലയാളം പാഠാവലി രണ്ടാം യൂണിറ്റ് (ജൂലൈ 16 മുതൽ ആഗസ്ത് 31 വരെ ) മിക്കവാറും പഠിപ്പിച്ചു തീർന്നുകൊണ്ടിരിക്കയാവുമല്ലോ. ഈ യൂണിറ്റിലെ പ്രവർത്തനങ്ങളുടെ സംഗ്രഹം ഇങ്ങനെയാവും.ഈ കുറിപ്പ് കുട്ടിക്ക് ഏറെ സഹായകമാവും എന്നു തോന്നുന്നു. കാരണം:
  • ഈ യൂണിറ്റിൽ എന്തെല്ലാം പഠിക്കാനുണ്ടായിരുന്നു എന്ന അറിവ് കുട്ടിക്ക് ലഭിക്കും
  • ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാ ശേഷികൾ കുട്ടികൾക്ക് ലഭിക്കണമെന്ന് ബന്ധപ്പെട്ടവർ ആഗ്രഹിക്കുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടും
  • ആ ശേഷികൾ ലഭിക്കാൻ ഏതെല്ലാം പ്രവർത്തനങ്ങളായിരുന്നു നിർദ്ദേശിക്കപ്പെട്ടത്; അവയുടെ പ്രക്രിയകൾ എന്തായിരുന്നു എന്നു അറിയാൻ കഴിയും
  • പ്രവർത്തനങ്ങളും അവയുടെ പ്രക്രിയകളും യഥാസമയം പിന്തുടരുന്നതോടെ ഓരോ കുട്ടിയേയും എങ്ങനെ വിലയിരുത്തിയിട്ടുണ്ടാവുമെന്ന് മനസ്സിലാക്കൻ കഴിയും
  • പോരായ്മകൾ സ്വയം പരിഹരിക്കാവുന്നവ പരിഹരിച്ച് കുട്ടിക്ക് മുന്നേറാൻ കഴിയും


3 പാഠങ്ങൾ ഈ യൂണിറ്റിലുണ്ട്
ഇവൾക്കുമാത്രമായ്
സാഹിത്യത്തിലെ സ്ത്രീ
യാത്രാമൊഴി

വാർഷികാസൂത്രണരേഖയിൽ (ഡിപ്പാർട്ട്മെന്റ്) നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഇങ്ങനെയാണ്. പ്രവർത്തനങ്ങളും അതിലൂടെ കുട്ടി കൈവരിക്കുന്ന / ശക്തിപ്പെടുത്തുന്ന ശേഷിയും പട്ടികയായി എഴുതാം.
നമ്പ്ര്
പ്രവർത്തനം
ശേഷികൾ
1
കുറിപ്പുകൾ
അവ്യക്തമായ പ്രവർത്തനം
2
വിശകലനക്കുറിപ്പുകൾ
വിശകലനം’ ആണ് പ്രവർത്തനം
ഉള്ളടക്കം മനസ്സിലാക്കൽ, അത് വിമർശനാത്മകമായി പരിശോധിക്കൽ, ആശയങ്ങൾ ക്രമീകരിക്കൽ, ഭാഷയുപയോഗിച്ച് നന്നായി എഴുതി പ്രകടിപ്പിക്കൽ (ഉൽ‌പ്പന്നം ‘വിശകലനക്കുറിപ്പ്’)
3
വാമൊഴിവിശകലനം
ഉള്ളടക്കം മനസ്സിലാക്കൽ, ഭാഷാപരമായ സവിശേഷതകൾ പരിശോധിക്കൽ, ആശയങ്ങൾ ക്രമീകരിക്കൽ, ഭാഷയുപയോഗിച്ച് നന്നായി എഴുതിപ്രകടിപ്പിക്കൽ (ഉൽ‌പ്പന്നം ‘വിശകലനക്കുറിപ്പ്’)
4
പാനൽചർച്ച
നിരവധി പ്രവർത്തനങ്ങളുടെ സമാഹാരമാണു ‘പാനൽ ചർച്ച’ . വിഷയം തീരുമാനിക്കൽ, പഠനം, അവതരിപ്പിക്കാനുള്ള രേഖ (കൾ) തയ്യാറാക്കൽ, അവതരണക്രമം തീരുമാനിക്കൽ, പാനൽ അംഗങ്ങളെ കണ്ടെത്തൽ, ചർച്ച ക്രോഡീകരണം, ചർച്ചാറിപ്പോർട്ട് തയ്യാറാക്കൽ എന്നിങ്ങനെ ഒരു പറ്റം പ്രവർത്തനങ്ങൾ ഇതിലുണ്ട്.
പാനൽ ചർച്ചക്കുള്ള വിഷയം-ഉള്ളടക്കം മനസ്സിലാക്കൽ, വിമർശനാത്മകമായി പഠിക്കൽ, ക്രമീകരിക്കൽ, എഴുത്തായോ വാചികമായോ അവതരിപ്പിക്കൽ, എല്ലാ അവതരണങ്ങളും മനസ്സിലാക്കൽ, അവയെല്ലാം വിമർശനാത്മകമായി വിശകലനം ചെയ്യൽ, വിവിധ ആശയങ്ങൾ ക്രമപ്പെടുത്തി ക്രോഡീകരിക്കൽ, എന്നിങ്ങനെയുള്ള ശേഷികൾ ഇതിൽ ഉണ്ട്.
ഉൽ‌പ്പങ്ങൾ (പ്രധാനമായവ): ചർച്ചയിൽ അവതരിപ്പിക്കാനുള്ള ലഘുപന്യാസം, ചർച്ചാക്കുറിപ്പുകൾ, റിപ്പോർട്ട് (മറ്റുള്ളവ: സ്വാഗതം, കാര്യപരിപാടി, നോട്ടീസ്,ക്ഷണക്കത്ത്, വാർത്ത, നന്ദിപ്രകടനം, )
5
ഭാഷയിലെ ലിംഗവിവേചനം-അന്വേഷണം
അന്വേഷണം’ ആണ് പ്രവർത്തനം.
ഡാറ്റാ ശേഖരണം, വിശകലനം, നിഗമനങ്ങൾ-തീരുമാനങ്ങൾ, ലഭിച്ച ആശയങ്ങൾ ക്രമീകരിക്കൽ,യുക്തിയുക്തം എഴുതി ഫലിപ്പിക്കൽ എന്നീ ശേഷികൾ.
ഉൽ‌പ്പന്നം; അന്വേഷണക്കുറിപ്പ് /ലഘുപന്യാസം
6
മുഖപ്രസംഗം
സ്വീകരിച്ച ആശയങ്ങൾ അപഗ്രഥിച്ച് ക്രമപ്പെടുത്തി നന്നായി എഴുതി ഫലിപ്പിക്കാനുള്ള ശേഷി (പ്രസംഗം വാചികമെങ്കിലും ഭാഷാക്ലാസിൽ-എഴുതിവെക്കുന്ന പ്രസംഗമാണ് സ്ഥിരം പതിവ്!)
ഉല്പന്നം: പ്രസംഗം കുറിപ്പ്/ ലഘുപന്യാസം
7
സ്വഗതാഖ്യാനം
ആഖ്യാനം ചെയ്യാനുള്ള ശേഷി. സർഗ്ഗത്മകത ആവശ്യമുള്ള ഭാഷാശേഷിയാണിത്. (വർണ്ണന, വൈകാരികത, അലങ്കാരം, ധ്വനി, ബിംബം എന്നിവയുടെ ഉപയോഗം ഉണ്ടാകും)
ഉൽ‌പ്പന്നം: ആഖ്യാനക്കുറിപ്പ്
8
പ്രയോഗകൌതുകം കണ്ടെത്തൽ
കഥ, കവിത, എന്നിവയിലെ ഭാഷാ പ്രയോഗ ഭംഗി കണ്ടെത്തൽ, ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ ഉൾക്കൊള്ളുന്ന സാംസ്കാരിക-സാമൂഹ്യ ഭാവം, അർഥധ്വനികൾ തിരിച്ചറിയൽ, ഉള്ളടക്കത്തിൽ ഈ പ്രയോഗങ്ങൾ രൂപപ്പെടുത്തുന്ന അധികസൂചനകൾ മനസ്സിലാക്കൽ.
ഉൽ‌പ്പന്നം: പ്രയോഗകൌതുകം കുറിപ്പ്
9
ഉപന്യാസം
വായിച്ചും ചർച്ച ചെയ്തും ആശയങ്ങൾ സ്വാംശീകരിക്കൽ, അവ നിരൂപണം ചെയ്ത് സ്വീകരിക്കലും പരിത്യജിക്കലും, സ്വീകാര്യമായവ ക്രമത്തിൽ അടുക്കിവെക്കൽ, യുക്തിയുക്തം ബന്ധിപ്പിക്കൽ, ഉദാഹരണങ്ങളിലൂടെസമർഥിക്കൽ, ഇതെല്ലാം ഭാഷ ഉപയോഗിച്ച് നന്നായി പ്രകടിപ്പിക്കൽ
ഉൽ‌പ്പന്നം: ഉപന്യാസം
10
പ്രഭാഷണം
വായിച്ചും ചർച്ച ചെയ്തും ആശയങ്ങൾ സ്വാംശീകരിക്കൽ, അവ നിരൂപണം ചെയ്ത് സ്വീകരിക്കലും പരിത്യജിക്കലും, സ്വീകാര്യമായവ ക്രമത്തിൽ അടുക്കിവെക്കൽ, യുക്തിയുക്തം ബന്ധിപ്പിക്കൽ, ഉദാഹരണങ്ങളിലൂടെസമർഥിക്കൽ, ഇതെല്ലാം ഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കൽ
ഉൽ‌പ്പന്നം: പ്രഭാഷണം-ഉപന്യാസം/ കുറിപ്പ്
11
ആസ്വാദനക്കുറിപ്പുകൾ
ആസ്വാദന’ മാണ് പ്രവർത്തനം
വായിച്ചും ചൊല്ലിയും കേട്ടും ആശയം മനസ്സിലാക്കൽ,ആസ്വാദനാംശങ്ങൾ കണ്ടെത്തൽ, ആശയാവിഷകാരം നടത്തുന്ന ഭാഷാ-ആശയ ഭംഗികൾ തിരിച്ചറിയൽ, ക്രമപ്പെടുത്തി ആവിഷ്കരിക്കൽ
ഉൽ‌പ്പന്നം: ആസ്വാദനക്കുറിപ്പ്
12
താരത‌മ്യക്കുറിപ്പ്
താരത‌മ്യം’ ആണ് പ്രവർത്തനം
ഒന്നിലധികം ഉള്ളടക്കങ്ങൾ മനസ്സിലാക്കൽ, അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ (ആശയം, പ്രകടിപ്പിക്കുന്ന രീതി എന്നിവയിലൊക്കെ) തിരിച്ചറിയൽ, ക്രമപ്പെടുത്തിവെക്കൽ, ഭാഷയിലൂടെ പ്രകടിപ്പിക്കൽ
ഉൽ‌പ്പന്നം: താരത‌മ്യക്കുറിപ്പ്
13
ഔചിത്യം
ആശയം ഗ്രഹിക്കൽ (വായന, ചർച്ച, കേൾവി), ആശയം-അതു പ്രകടിപ്പിച്ച ഭാഷാപരമായ ഭംഗികൾ എന്നിവ സന്ദർഭത്തിനും വിഷയത്തിനും ഇണങ്ങുന്നതാണോ എന്ന പരിശോധന, മേന്മകൾ-പോരായ്മകൾ എന്നിവ തിരിച്ചറിയൽ, അതെല്ലാം മികവടെ ഭാഷയിലൂടെ പ്രകടിപ്പിക്കൽ
ഉല്പന്നം: ഔചിത്യക്കുറിപ്പ്
14
കഥാപഠനം തയ്യാറാക്കൽ കണ്ടെത്തൽ
കഥാപഠനം തയ്യാറാക്കൽ എന്നതു ശരി; പിന്നെ ‘കണ്ടെത്തൽ ‘എന്നത് എന്താണെന്ന് എളുപ്പം മനസ്സിലാവില്ല.
കഥ വായിച്ച് ഉള്ളടക്കം മനസ്സിലാക്കൽ, വിവിധ ഘടകങ്ങൾ (കഥാ വസ്തു/ അവതരണ ഭാഷ/ ശൈലി/ സാംസ്കാരിക-സാമൂഹ്യഘടകം/ കഥാപാത്ര ചിത്രീകരണം- സ്വഭാവം/ .) വിശകലനം ചെയ്ത് നന്നായി എഴുതി അവതരിപ്പിക്കൽ.
ഉൽ‌പ്പന്നം: കഥാപഠനം (പ്രബന്ധം)

15
വർണ്ണനാപാടവം കണ്ടെത്തൽ
ആശയം ഗ്രഹിക്കൽ, സന്ദർഭത്തിനനുസരിച്ചുള്ള വിശദാംശങ്ങൾ ഉണ്ടോ എന്ന പരിശോധന, ഉള്ളവയുടെ മേന്മ തിരിച്ചറിയൽ, സമാന സൃഷ്ടികൾ താരത‌മ്യം ചെയ്യൽ, ഇതെല്ലാം ക്രമത്തിൽ മികവോടെ ഭാഷയിലൂടെ പ്രകടിപ്പിക്കൽ. ഉൽ‌പ്പന്നം: കുറിപ്പ്
16
സെമിനാർ
പാനൽ ചർച്ച നോക്കുക (വേണ്ട മാറ്റങ്ങളോടെ മനസ്സിലാക്കാം)
17
അഭിമുഖം
പ്രസക്തമായ ചോദ്യങ്ങൾ തയ്യാറാക്കൽ, വിശദാംശങ്ങൾക്കായി തത്സമയ ഉപചോദ്യങ്ങൾ സൃഷ്ടിക്കൽ, ഉത്തരങ്ങൾ റക്കോഡ് ചെയ്യൽ, വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കൽ . ഉൽ‌പ്പന്നം: അഭിമുഖ ചോദ്യാവലി/ ഉത്തരങ്ങൾ/ റിപ്പോർട്ട്
18
സർഗ്ഗത്മകരചന
കഥ/കവിത/തിരക്കഥ/ നാടകം എന്നിവയുടെ രചന
ഉൽ‌പ്പന്നം: കഥ/ കവിത……
19
പ്രതികരണക്കുറിപ്പുകൾ
പ്രതികരിക്കൽ’ ആണ് പ്രവർത്തനം
ആശയം മനസ്സിലാക്കൽ, ആശയത്തിലൂന്നിനിന്നുള്ള ചിന്ത-ചർച്ച-നിരൂപണം-യുക്തി-സമർഥനം, ക്രമപ്പെടുത്തിയുള്ള ഭാഷാ പ്രകടനം . ഉൽ‌പ്പന്നം: പ്രതികരണക്കുറിപ്പ്

19 പ്രവർത്തനങ്ങളിൽ മിക്കതും ആവർത്തനം (ശേഷീ പ്രബലനം സാധിക്കാൻ ഇതു വേണം) തന്നെ. ഉള്ളടക്കം മാറിയിട്ടുണ്ട് . കഴിഞ്ഞ യൂണിറ്റിൽ ഇല്ലാതിരുന്നവ: പാനൽ ചർച്ച, മുഖപ്രസംഗം, സ്വഗതാഖ്യാനം,കഥാപഠനം തയ്യാറാക്കൽ എന്നിങ്ങനെ 4 എണ്ണമാകുന്നു.ക്ലാസിന് വേണ്ടത്ര സമയം നൽകുന്നുണ്ടുതാനും.
എല്ലാ പ്രവർത്തനങ്ങളും അധ്യാപിക മുൻ‌കൂട്ടി പ്ലാൻ ചെയ്ത തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ ക്ലസിൽ സാധിച്ചെടുക്കും. ഓരോ ഘട്ടങ്ങളിലും സൂചകങ്ങൾ നിശ്ചയിച്ചുള്ള മൂല്യനിർണ്ണയവും നടക്കും.ഓരോ പ്രവർത്തനത്തിലും കുട്ടി നേടേണ്ടശേഷികൾ നേടിയിട്ടുണ്ടോ എന്നാണ് മൂല്യനിർണ്ണയത്തിൽ ആധാരം.ഉദാ:

പ്രവർത്തനം: (10)പ്രഭാഷണം
പ്രഭാഷണം തയ്യാറാക്കൽ’ പരസ്പരബന്ധിതമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടിയെ നയിക്കുന്നതിലൂടെയാണ് ‘പ്രഭാഷണം തയ്യാറാക്കൽ’ സംഭവിക്കുന്നത്. ഇങ്ങനെ:
പ്രവർത്തനം
ശേഷി
മൂല്യനിർണ്ണയ സൂചകം
വിവരശേഖരണം (ഒറ്റക്കും ഗ്രൂപ്പായും)
(പ്രഭാഷണത്തിന്റെ ഉള്ളടക്കത്തിനു വേണ്ടത്) വായിച്ചും ചർച്ചചെയ്തും ആശയങ്ങൾ സ്വാംശീകരിക്കൽ
കുട്ടി ഒറ്റക്കും ഗ്രൂപ്പായും- വായന നടന്നിട്ടുണ്ട് / ചർച്ച ചെയ്തിട്ടുണ്ട് / ആശയം മനസ്സിലാക്കീട്ടുണ്ട്
ആശയങ്ങൾ ക്രമീകരിക്കൽ
യുക്തിയുക്തം സ്വീകരിക്കൽ
സ്വാംശീകരിച്ച ആശയങ്ങൾ ക്രമീകരിക്കാനും, യുക്തിപൂർവം സ്വീകരിക്കാനും ഉള്ള കഴിവ്
കുട്ടി ഒറ്റക്കും ഗ്രൂപ്പായും ആശയങ്ങൾ ക്രമീകരിക്കാൻ ശ്രമിച്ചിട്ടുണ്ട് / പ്രഭാഷണത്തിന്നാവശ്യമയവ യുക്തിപൂർവം സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്
പ്രഭാഷണം തയ്യാറാക്കൽ (ക്ലാസിൽ ഇതിനു വേണ്ട ഒരു ഉപന്യാസ രചനയാണ് ചെയ്യാറ്)
പ്രഭാഷണത്തിന്നുള്ള കാര്യങ്ങൾ നന്നായി എഴുതാനുള്ള കഴിവ്
കുട്ടി പ്രഭാഷണത്തിന്നാവശ്യമായ ഒരു ഉപന്യാസം എഴുതീട്ടുണ്ട് / യുക്തിയുക്തം സമർഥിച്ചിട്ടുണ്ട് / ഖണ്ഡികാകരണം, ചിൻഹനം എന്നിവ സമർഥമായി നിർവഹിച്ചിട്ടുണ്ട് / അനുയോജ്യമായ ഭാഷ, പ്രസംഗഘടന എന്നിവ മനസ്സിലാക്കിയിട്ടുണ്ട്
ഗ്രൂപ്പ് ചർച്ച- ഉപന്യാസം പുഷ്ടിപ്പെടുത്തൽ
ഗ്രൂപ്പിൽ തന്റെ ആശയങ്ങൾ വിനിമയം ചെയ്യാനും സമർഥിക്കാനുമുള്ള ശേഷി
ഗ്രൂപ്പിൽ ആശയങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട് / ചർച്ചചെയ്ത് സ്വമതം സ്ഥാപിച്ചിട്ടുണ്ട് / മികച്ചവ സ്വീകരിച്ചിട്ടുണ്ട്
ക്ലാസിൽ പൊതു അവതരണം
തന്റെ ആശയങ്ങൾ വിനിമയം ചെയ്യാനും സമർഥിക്കാനുമുള്ള ശേഷി
ആശയങ്ങൾ നന്നായി അവതരിപ്പിച്ചു / മികച്ച ആശയങ്ങൾ മറ്റുള്ളവരിൽ നിന്ന് യുക്തിയുക്തം സ്വീകരിച്ചു / അധ്യാപകന്റെ കൂട്ടിച്ചേർക്കലുകൾ മനസ്സിലാക്കി പ്രയോജനപ്പെടുത്തി
ഉപന്യാസ രചന പൂർണ്ണരൂപത്തിൽ
രചനാ ശേഷി
ഉപന്യാസഘടന പാലിച്ചിട്ടുണ്ട് / ആശയങ്ങൾ നന്നായി ക്രമീകരിച്ച് രചന ചെയ്തിട്ടുണ്ട്

പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും അധ്യാപകൻ ശ്രദ്ധിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. അതത് സന്ദർഭങ്ങളിൽ വേണ്ട കൂട്ടിച്ചേർക്കലുകളും, നിർദ്ദേശങ്ങളും നൽകും. ഉപന്യാസ രചന പൂർത്തിയായാൽ തുടർന്നുള്ള പഠനാനുഭവങ്ങളിലൂടെ ഈ രചന സ്വയം പരിശോധിക്കാനും നവീകരിക്കാനും കഴിയണം. ഇങ്ങനെയുള്ള നിരന്തര പ്രവർത്തനങ്ങലിലൂടെയാണ് നാം അധിക മികവുകൾ / മൌലികമായ രചനാ ശൈലികൾ / യുക്തിയുക്തമായ ചിന്തകൾ എന്നിവ വികസിപ്പിക്കുന്നത്.

(മാധ്യമം  വെളിച്ചം   ഇന്ന് പ്രസിദ്ധീകരിച്ചത് )