11 June 2011

വായനയിൽ നിന്ന് സർഗ്ഗത്മക രചനയിലേക്ക്

വായനയുടെ പ്രാധാന്യത്തേയും അതിന്റെ സാധ്യതകളേയും പറ്റി നമുക്കൊരുപാടറിയാം. അതുകൊണ്ടുതന്നെ ശരാശരി വായന ഇന്ന് വർദ്ധിച്ചിട്ടുണ്ട്. പ്രിന്റ് മീഡിയ (പത്ര മാസിക പുസ്തകങ്ങൾ) വായനയേക്കാളെത്രയോ അധികം ഇ-വായന (ഇന്റെർനെറ്റ് വായന/ ഇലക്റ്റ്രോണിക്ക് വായന) യാണ് നടക്കുന്നത്.പത്ര മാസികാദികൾ, ബ്ലോഗുകൾ, ഫേസ്ബുക്ക്-റ്റ്വിറ്റർ-ഓർക്കൂട്ട് തുടങ്ങിയ സോഷ്യൽ സൈറ്റുകൾ എന്നിങ്ങനെ വായനയുടെ ഇടങ്ങൾ നിരവധിയാണ്. ചെറിയ കുട്ടികളടക്കം ആധുനിക സമൂഹം (ആൺ-പെൺ വ്യത്യാസമില്ലാതെ) ഇതിൽ സജീവമായി പങ്കെടുക്കുന്നു. ദിനമ്പ്രതി പുതിയ ആളുകൾ ഈ കൂട്ടായ്മകളിലേക്ക് കയറിവരുന്നു. ലോകം മുഴുവൻ ഒരു ലൈബ്രറി ഹാളിലെന്നപോലെ ഒരുപാടുനേരം ചെലവഴിക്കുന്ന പ്രതീതി.കമ്പ്യൂട്ടർ മാത്രമല്ല ഐപാഡുകളും, പാം ടൊപ്പുകളും മൊബൈലുകളും വരെ ഇതിനെ സഹായിക്കുന്നുമുണ്ട്.
ഒരിക്കലും ഇ-സ്പെസിൽ വായന വായനമാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. വായന പങ്കുവെക്കലിലേക്കും എഴുത്തിലേക്കും നിമിഷാർദ്ധം കൊണ്ട് വികസിക്കുകയാണ്. അതിന്നുള്ള സാഹചര്യം നെറ്റ് വായനക്കൊപ്പം ഒരുക്കുന്നുണ്ട്. അധിക വായനയും പ്രതികരണവും അപ്പപ്പൊൾ ചെയ്യാനാവുന്നു.പ്രിന്റ് മീഡിയ ഇക്കാര്യത്തിൽ ഇപ്പോഴും വളരെ പിന്നിലാണെന്ന് കുറ്റപ്പെടുത്തുകയല്ല; മറിച്ച് സാങ്കേതിക സാധ്യതകൾ ചൂണ്ടിക്കാണിക്കുകയാണ്.
ഏതൊരു വായനയുടേയും സ്വാഭാവികമായ തുടർച്ച എഴുത്താണ്. പ്രതികരണമാണിത്. താൻ വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം എവിടെയെങ്കിലും രേഖപ്പെടുത്താതെ വായന സുഖകരമായി അവസാനിക്കുന്നില്ല എന്നതാണ് പ്രശ്നം. നല്ലൊരു കവിത/ കഥ/ ലേഖനം വായിച്ചു കഴിഞ്ഞാൽ അതിനെ കുറിച്ച് വളരെ നല്ലത്/ കുറേകൂടി നന്നാക്കാമായിരുന്നു/ എഴുതിയത് മുഴുവൻ ശരിയല്ല/ സമഗ്രതയില്ല തുടങ്ങി ഒരുപാടഭിപ്രായങ്ങൾ ഏതുവായനക്കാരനും തന്റെ വായനാസംസ്കാരം വെച്ച് പ്രതികരിക്കാനുണ്ടാകും. ഒപ്പം ഇരുന്ന് വായിക്കുന്നവരായി/ കൂട്ടുകാരുമായി / സമൂഹവുമായി വാമൊഴിയായും വരമൊഴിയായും പങ്കിട്ടുകൊണ്ടിരിക്കും.മെല്ലെ മെല്ലെ ഇതൊരു ചർച്ചയുടെ രൂപം പ്രാപിക്കുകയും വായനയുടെ നാനാ തലങ്ങളിലേക്ക് നമ്മെ ആനയിക്കുകയും ചെയ്യുന്നു. ആസ്വാദനത്തിന്റേയും വിമർശനത്തിന്റേയും അധിക ജാലകങ്ങൾ തുറക്കുന്ന ഒരവസ്ഥ നമ്മെ നല്ല വായനക്കാരനും ആസ്വാദകനും എഴുത്തുകാരനുമാക്കുന്നു.ഈ പ്രക്രിയകൂടി സുഗമമായി നടക്കുമ്പോഴേ വായന പൂർത്തിയാവുകയും വായിച്ചത് മനസ്സിലാക്കൽ/ ആസ്വാദനം/ ഉൾക്കൊള്ളൽ അർഥപൂർണ്ണമാവുകയും ചെയ്യുന്നുള്ളൂ. ഇതിന്നുള്ള സുഗമസാധ്യതകളാണ് ഇ-സ്പേസ് നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നത്.
‌-സ്പ്പെസിൽ  സോഷ്യൽനെറ്റുവർക്കുകൾ ഈ പ്രവർത്തനം സുസാധ്യമാക്കുന്നു. ബ്ലോഗ്, റ്റ്വിറ്റർ, ഫേസ്ബുക്ക്, ഓർകുട്ട്,ഡിസ്കഷൻഗ്രൂപ്പുകൾ,മൈ സ്പെസ്, ചാറ്റ്റൂമുകൾ,ബാങ്ങ്, ബീബൂ,മെയിലുകൾ, വേർഡ്പ്രസ്സ്,ബസ്സ്,ക്ലിക്കസൂ,കമ്മ്യൂണിക്കേറ്റ് തുടങ്ങി നൂറിൽധകം ഷെയറിടങ്ങൾ നിലവിലുണ്ട്.ഇതൊക്കെത്തന്നെയും വളരെ ചെറിയ റജിസ്റ്റ്രേഷൻ പ്രോസസ്സിലൂടെ നമുക്ക് പ്രവേശനം നൽകുന്നുമുണ്ട്. ഒരു നെറ്റ്പേജ്വാർത്ത/ ലേഖനം/ കഥ/ കവിത/ എന്തുതന്നെയാണെങ്കിലും അതു വായിച്ചു തീരുന്നതോടെ തൊട്ടു താഴെ ഈ ഷെയറിടങ്ങളുടെ ലിങ്കുകൾ കാണാം.അതോടൊപ്പം തന്നെ ഉടൻ അഭിപ്രായം തുറന്നെഴുതാനുള്ള കമന്റ് ബോക്സുകളും കിട്ടും.വിഷയവുമായി ബന്ധപ്പെട്ട പ്രസക്തമായവ മാത്രമേ കമന്റുകളായി സ്വീകരിക്കൂ എന്നറിയണം. എന്നാൽ ഷെയറിങ്ങിൽ ഒരു വിലക്കുകളുമില്ല. .ടി.യുടെ നിയമപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന്  സർവ സ്വാതന്ത്ര്യത്തോടെയും നമുക്കിത് ചെയ്യാം. മറ്റുള്ളവർ നമ്മുടെ അക്കൌണ്ടിലേക്ക് ഷെയർ ചെയ്തവയും മറ്റു കമന്റുകളും ഒക്കെ ഒന്നോടി നടന്ന് പരിശോധിക്കുന്നതിലൂടെ ആ വിഷയത്തിലുള്ള, വിവിധ തലങ്ങളിൽ നിന്നുള്ള അധിക വായനകൾ സാധ്യമാകുകയാണ് ചെയ്യുന്നത്. തീർച്ചയായും ഇത് നമ്മുടെ വായനയെ വളരെയധികം വളർത്തിയെടുക്കും.നാമറിയാതെ നമ്മെ എഴുത്തുകാരനാക്കി മാറ്റും.
ഇങ്ങനെ വായിച്ചവയുടെ അനുഭവസമഗ്രതയിൽ നമുക്ക് സ്വതന്ത്രമായി, സ്വന്തമായി ഒരു കുറിപ്പ് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും കഴിയുന്നതാണ് അടുത്തഘട്ടം. അത് സ്വന്തം ബ്ലൊഗറിലോ, വേർഡ്പ്രസ്സിലോ ചെയ്യാം. വായനക്കും എഴുത്തിന്നും പൂർണ്ണമായും കമ്പ്യൂട്ടർ തന്നെയാണിന്ന് മിക്കവരും ഉപയോഗപ്പെടുത്തുന്നത്. ഏതു ഭാഷയും എഴുതാനും വായിക്കാനും നമ്മുടെ കമ്പ്യൂട്ടറുകൾ സജ്ജമാണിന്ന്. മൊബൈൽ ഫോണുകളിൽ പോലും ഈ സംവിധാനം ഒരു പരിധിവരെ വന്നു കഴിഞ്ഞു. എഴുത്തിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴുള്ള സാധ്യതകൾ പറയേണ്ടതില്ലല്ലോ. ഏറ്റവും മികവാർന്ന കുറിപ്പുകളും ലേഖനങ്ങളും നമുക്ക് നിർമ്മിക്കാൻ കഴിയുന്നു. HTML സാധ്യത ഓരോ വാക്കിനും വരിക്കും ഹൈപ്പർലിങ്കുകൾ നൽകാനും നമ്മുടെ ആശയങ്ങളെ/ ഉള്ളടക്കത്തെ ആധികാരികവും വിശദവും ആക്കിത്തീർക്കാനും സഹായിക്കുന്നു. ചിത്രങ്ങളും വീഡിയോകളും ശബ്ദഫയലുകളും സന്നിവേശിപ്പിക്കാൻ സാധിക്കുന്നു. ചുരുക്കത്തിൽ സാമ്പ്രദായിക എഴുത്തുരൂപങ്ങളിൽ നിന്നൊക്കെ വളരെ ഉയർന്ന നിലവാരത്തിലുള്ള രചനകൾ സാധ്യമാക്കുന്നു. വായന നാമറിയാതെ തന്നെ സർഗ്ഗാത്മക രചനയിലേക്ക് നമ്മെ നയിക്കുന്നു.

2 comments:

കൊമ്പന്‍ said...

തീര്‍ച്ചയായും താങ്കളുടെ കാഴ്ച്ചപാടിനോട് യോജിക്കുന്നു
ബ്ലോഗിങ്ങ് ഒരു കമെന്റ് കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണെങ്കിലും ഒരു പോസ്റ്റിലെ കമെന്റുകള്‍ നമ്മെ വീണ്ടും എഴുതാനും വായിക്കാനും ഉള്ള പ്രേരണ നല്‍കുന്നു
ഇ വായന ഇ എഴുത്ത് ഇതൊരു സാധാരണക്കാരനും എഴുതാനും വായിക്കാനും ഉള്ള അവസരം ഉണ്ടാക്കുന്നു

Manoraj said...

സത്യം തന്നെ ഇവിടെ പറഞ്ഞത്. വെറും വായനക്കാരനായാണ് ബ്ലോഗില്‍ എത്തിയത്. ഇന്നിപ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതാം എന്നൊരു വിശ്വാസം എനിക്കുമുണ്ട്. ഒപ്പം വായിക്കുവാനുള്ള ത്വരയും കൂടി..