15 September 2010

മഴ


                                                                            

മഴ വെയിൽ മഞ്ഞ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളൊക്കെയും എന്നും മനുഷ്യർക്ക് അത്ഭുതവും ആദരവും ഭയവും ഉണ്ടാക്കിയിട്ടുണ്ട്.ലോകസംസ്കാരങ്ങളിലെവിടെനോക്കിയാലും ഇതിന്റെ തെളിവുകൾ കാണാം. പുരാതന മനുഷ്യൻ അതുകൊണ്ടുതന്നെ പ്രകൃതിപ്രതിഭാസങ്ങൾക്കൊകെയും അധിദേവതമാരേയും സങ്കൽപ്പിച്ചിട്ടുണ്ട്. ദേവതമാരെ അനുദിനം പ്രസാദിപ്പിക്കുന്നതിലൂടെ നിത്യസൌഭാഗ്യവും കൈവരിക്കാമെന്ന് വിശ്വസിച്ചു.
പ്രകൃതിപ്രതിഭാസങ്ങളൊക്കെ മനുഷ്യസംസ്കാരത്തിലും അതിന്റെ ഭാഗമായ കലാരൂപങ്ങളിലും നിരന്തരം പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യകൃതികളിലൊക്കെയും ഇവയെ വർണ്ണിക്കുകയും ഭജിക്കുകയും ചെയ്തിട്ടുണ്ട്. വേദേതിഹാസങ്ങൾതൊട്ട്
ഇതു കാണാം.പുരാണങ്ങളിലും മഹാകാവ്യങ്ങളിലും പ്രകൃതിവർണ്ണനയുടെ ഭാഗമായും അല്ലാതെയും നമുക്കിതുകാണാം. പുരാണേതിഹാസങ്ങളിൽ മഴയെകുറിച്ചുള്ള ചില സന്ദർഭങ്ങൾ നോക്കാം.
ഏറ്റവും പ്രസിദ്ധമായ മഴ മഹാഭാഗവതം ദശമസ്ക്ന്ധത്തിൽ വർണ്ണിക്കുന്നഗോവർദ്ധനോദ്ധാരണംഎന്ന കഥാ ഭാഗത്താണ്. കഥ ഇങ്ങനെ: ഒരിക്കൽ അമ്പാടിയിൽ ദേവേന്ദ്രനെ പ്രീതിപ്പെടുത്താനായി ഒരു യാഗം ചെയ്യാൻ തീരുമാനിച്ചു. യാഗ സംഭാരങ്ങൾ ഒക്കെയും ഒരുക്കി. അവരുടെ പശുക്കൾക്ക് ഭക്ഷണവും വെള്ളവും സുലഭമാകണമെന്ന പ്രാർഥനയായിരുന്നു അത്. മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാൻ ഉണ്ടായ തീരുമാനം ശ്രീകൃഷ്ണൻ തന്റെ വാദങ്ങൾകൊണ്ട് മാറ്റിമറച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തങ്ങളുടെ പശുക്കൾക്ക് പുല്ലും വെള്ളവും നൽകുന്നത് ഗംഭീരമായ ഗോവർദ്ധനപർവതമാണ്. പ്രത്യക്ഷസത്യമായ ഇതു മറന്ന് ഇന്ദ്രനെ പൂജിക്കേണ്ട ഒരു കാര്യവുമില്ല. പൂജിക്കുന്നെങ്കിൽ ഗോവർദ്ധനത്തെ പൂജിക്കണം. നന്ദഗോപനും കൂട്ടരും ഇതു ശരിവെക്കുകയും യാഗത്തിന്റെ ഒരുക്കങ്ങൾ മുഴുവൻ ഗോവർദ്ധനത്തെ പൂജിക്കാ ഉപയോഗിക്കുകയും ചെയ്തു. ഉത്സവഘോഷങ്ങളോടെ ഗോവർദ്ധനപൂജ നടന്നു. പർവതത്തിന്റെ അനുഗ്രഹവും ലഭിച്ചു ആയർകുലം മുഴുവൻ സന്തോഷിച്ചു. പക്ഷെ, സംഗതികൾ അറിഞ്ഞ ദേവേന്ദ്രൻ രോഷംകൊള്ളുകയും പൂജാവസാനത്തോടെ അമ്പാടിയിലേക്ക് തന്റെ വരുതിയിലുള്ള പ്രളയമേഘങ്ങളെ അയച്ചു മഴപെയ്യിക്കാൻ ഉത്തരവിട്ടു.
ഉടനെ തന്നെ പ്രളയമേഘങ്ങൾ അമ്പാടിക്കുമുകളിൽ നിരന്നു. മഴ ആരംഭിച്ചു. അതിഭയങ്കരങ്ങളായ തടില്ലതകളും നിർഘോഷങ്ങളുമായി മഴ തുടങ്ങി. പ്രളയസമാനമായ മഴ.ദിഗ്ഗജങ്ങളുടെ തുമ്പിക്കൈവണ്ണത്തിൽ പെരുമഴ! നിലക്കാത്തമഴ. ഗോപന്മാരൊക്കെ ഭയന്ന് ശ്രീകൃഷന്റെ സമീപം ചെന്ന് ആവലാതിയായി. ദേവേന്ദ്രന്റെ കോപം ശ്രീകൃഷ്ണന്ന് മനസ്സിലായി. ഇന്ദ്രന്ന് നൽകാൻ നിശ്ചയിച്ച പൂജ ഗോവർദ്ധനത്തിന്ന് നൽകിയതിലെ രോഷം! അമ്പാടിയിലുള്ള മുഴുവൻ ജനാവലിയേയും കൂട്ടി ഗോവർദ്ധനത്തിന്നടുത്ത് ചെന്നു പ്രാർഥനയോടെ പർവതം എടുത്തുയർത്തി കുടപോലെ പിടിച്ചു എല്ലാവരേയും അതിന്റെ ചുവട്ടിൽ നിർത്തി രക്ഷിച്ചു. ർവതത്തിന്റെ രക്ഷയിൽ നിന്ന ഗോപന്മാർ പുറത്ത്പെയ്യുന്ന പ്രളയം അറിഞ്ഞതേഇല്ല. നിരവധി ദിവസം പെയ്തമഴയി അമ്പാടി മുഴുവൻ തർന്നടിഞ്ഞ കാഴ്ച്ചകാണാൻ വന്ന ദേദേന്ദ്രൻ അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണനും ഗോപന്മാർക്കുംയാതൊരു കുഴപ്പവും ഇല്ല. മഴതോർന്നപ്പോൾ എല്ലാവരും പർവതക്കുടക്കീഴിൽനിന്ന് പുറത്തേക്ക് വരുന്നതും ആഘോഷമായി വീടുകളിലേക്ക് തിരിക്കുന്നതും ആയ കാഴ്ച്ചയാണ് ഇന്ദ്രൻ കാണുന്നത്.
തന്റെ അഹംകാരത്തിൽ ലജ്ജിച്ച ഇന്ദ്രൻ ഈശ്വരനായ ശ്രീകൃഷ്ണനോട് മാപ്പുപറയുന്നതും ഒക്കെയാണു കഥാശേഷം. (കഥയുടെ വിശകലനം പിന്നീടൊരിക്കലാവാം. അതിന്ന് മുൻപ് നിങ്ങൾ സ്വയം ചർച്ചചെയ്യുമല്ലോ.)
മഴയുമായി ബന്ധപ്പെട്ട മറ്റൊരുകഥയും ദേവേന്ദ്രനുമായി ബന്ധപ്പെട്ടതാണ്. കഥ വിസ്തരിക്കുന്നത് മഹാഭാരതേതിഹാസത്തിലാണ്.

ഒരിക്കൽ ശ്രീകൃഷ്ണനും അർജ്ജുനനും ഒന്നിച്ചിരിക്കുമ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ കയറിച്ചെന്നു. ബ്രാഹ്മണനെ സൽക്കരിച്ചിരുത്തി അർജ്ജുനൻ എന്താണു വന്നതെന്ന കാര്യം ചോദിച്ചു. ബ്രാഹ്മണൻ തന്റെ ആഗമനോദ്ദേശ്യം വിവരിച്ചു: ഭയങ്കര വിശപ്പ്. ഒരുപാട് നാളായി മതിയാവോളം ഭക്ഷണം കഴിച്ചിട്ട്. ഭക്ഷണം കഴിക്കാൻ ഭഗവാനും അർജ്ജുനനും വേണ്ട സഹായം ചെയ്യണം.
ഉടൻ തന്നെ സഹായം വാഗ്ദാനം ചെയ്ത് ഇഷ്ടമ്പോലെ ഭക്ഷണം കഴിക്കാൻ അർജുനൻ ക്ഷണിച്ചു. കുളി, തേവാരം ഒക്കെ കഴിച്ചുവരുമ്പോഴേക്കും വിഭവസ മൃദ്ധമായ ഭക്ഷണം തയ്യാറായിരിക്കും എന്നു വാക്കുകൊടുത്തു. സന്തോഷത്തോടെ ബ്രാഹ്മണൻ കുളിച്ചുവന്നു.ഭക്ഷണം തരാൻ ആവശ്യപ്പെട്ടു.
ഭക്ഷണം തയ്യാറാക്കി ക്ഷണിച്ചപ്പോൾ അതിഥി പറഞ്ഞു: എന്റെ ഭക്ഷണം ഇതല്ല. അഗ്നിയാണ് ഞാൻഖാണ്ഡവവനം ഭക്ഷിക്കണം. അതിന് സഹായിക്കണം എന്നായി.
അർജ്ജുനൻ ആകെ പേടിച്ചു. ഖാണ്ഡവവനം ഭക്ഷിക്കുന്നതിന്ന് തനിക്ക് എന്തുചെയ്യാൻ കഴിയും. അഗ്നിഭഗവാനെ എങ്ങനെയാണ് സഹായിക്കുക?
അഗ്നി പറഞ്ഞു: പലപ്രാവശ്യം താൻ ഖാണ്ഡവം തിന്നാൻ ശ്രമിച്ചതാണ്.പക്ഷെ, അന്നേരം ദേവേന്ദ്രൻ മഴപെയ്യിച്ച് തീറ്റ മുടക്കും.ഇപ്പൊഴും അതു സംഭവിക്കും. അപ്പൊൾ മഴതടുക്കാൻ അർജ്ജുനനൻ ശരകൂടം കെട്ടി സംരക്ഷിക്കണം. അർജ്ജുനനനെ അതു കഴിയൂ. ഭഗവാന്റെ സഹായം ഉണ്ടാവും. അതാണ് രണ്ടുപേരും കൂടിയിരിക്കുന്ന സന്ദർഭത്തിൽ വന്നതും സത്യം ചെയ്യിച്ചതും.
എന്താണ് ദേവേന്ദ്രൻ മഴപെയ്യിച്ച് വനദാഹനം തടയാൻ കാരണമെന്നും അഗ്നി പറഞ്ഞു:ദേവേദ്രന്റെ പ്രിയസുഹൃത്ത് തക്ഷകൻ (സർപ്പം) സകുടുംബം ഖാണ്ഡവത്തിലാണ് പാർക്കുന്നത്. സർപ്പത്തെ രക്ഷിക്കാൻ ഇന്ദ്രൻ തീകെടുത്തുകയാണ്.
വാഗ്ദാനം ലംഘിക്കാൻ പാടില്ല. അർജ്ജുനൻ ഭഗവാനുമൊത്ത് അഗ്നിയോടൊപ്പം ഖാണ്ഡവത്തിലെത്തി. അഗ്നി കത്തിപ്പടർന്നു.ഭക്ഷണം തുടങ്ങി. ഉടൻ തന്നെ ഇന്ദ്രൻ മഴയും. തന്റെ അമ്പൊടുങ്ങാത്ത ആവനാഴിയിൽനിന്നും അസ്ത്രങ്ങൾ വിട്ട് മഴതടയുകയും വനം പൂർണ്ണമായും അഗ്നി ഭക്ഷിക്കുകയും ചെയ്തു.
കാട്ടുതീ ശമിപ്പിക്കാൻ അന്നു പെയ്തമഴ ഇതിഹാസങ്ങളിലെ ഏറ്റവുംശക്തമായ മഴയായിട്ടാണ് ഭാരതത്തിൽ വർണ്ണിക്കുന്നത്.

          ഇനിയൊരു പുരാണമഴ വീണ്ടും മഹാഭാഗവതത്തിലാണ്. ഒരു അഷ്ടമിരോഹണിനാളിലാണാ മഴ. ശ്രീകൃഷ്ണൻ ജനിച്ച രാത്രി.
വസുദേവരുടേയും ദേവകിയുടേയും മകനായി കംസന്റെ കാരാഗൃഹത്തിലാണ് ഭഗവാൻ ജനിക്കുന്നത്. സുരക്ഷക്കായി ജനിച്ച ഉടൻ തന്നെ ശ്രീകൃഷ്ണനെ ദൂരെ അമ്പാടിയിൽ യശോദയുടേയും നന്ദഗോപന്റേയും അടുത്തെത്തിക്കാൻ ഭഗവാൻ വസുദേവരോടാവശ്യപ്പെട്ടു. നന്ദഗോപൻ ഉണ്ണികൃഷ്ണേയുമെടുത്ത് യാത്രയായപ്പൊൾ പേമാരി. കാവൽക്കാരുടെകണ്ണുവെട്ടിക്കാൻ ഭഗവാന്റെ മായയായിരുന്നു അത്. പ്രളയമാരിയിൽ അനന്തൻ (സർപ്പം) തന്റെ ആയിരം ശിരസ്സുകൾ ഭഗവാന്റെ മുകളിൽ കുടപോലെ പിടിച്ചുവെന്നാണ് കഥ. പേമാരിയിൽ കാളിന്ദി (വഴിയിൽ നന്ദഗോപൻ നദി മുറിച്ചുകടക്കുന്നുണ്ട്) ഇളകിമറിഞ്ഞു. ഒരു മഹാപ്രളയമഴവർണ്ണന നമുക്കിവിടെ അനുഭവിക്കാം.

പ്രളയ വർണ്ണന മഹാഭാഗവതത്തിൽ വീണ്ടും കാണാം. വൈവസ്വതമനുവിന്റെ കാലത്ത് ഉണ്ടായ നിത്യനൈമിത്തികപ്രളയം.
കഥ ഇങ്ങനെ: ഒരു ദിവസം വൈവസ്വതമനു സന്ധ്യാവന്ദനത്തിന്നായി കൈക്കുടന്നയിൽ ജലം കോരിയപ്പൊൾ വെള്ളത്തിൽ ഒരു മത്സ്യക്കുഞ്ഞ്. ഉടൻ തന്നെ മനു അതിനെ ജലത്തിലേക്ക് തന്നെ വിട്ടു.അപ്പോൾ മത്സ്യം പറഞ്ഞു:
ഇതു ശരിയല്ല. അങ്ങ്  എന്നെ കയ്യിൽ കോരിയെടുത്തു. ഇനി എനിക്ക് വെള്ളത്തിലേക്ക് പോകാൻ വയ്യ. എനിക്ക് പേടിയുണ്ട്. അതുകൊണ്ട് അങ്ങ് എന്നെ സംരക്ഷിക്കണം. ഇതു കേട്ട മനു മത്സ്യക്കുഞ്ഞിനെ കയ്യിലെടുത്ത് വീട്ടിൽ കൊണ്ടുപോയി ഒരു കുടത്തിൽ (വെള്ളത്തിൽ) ഇട്ടു. പിറ്റേന്ന് നോക്കിയപ്പൊൾ മത്സ്യം വളർന്ന് കുടത്തിൽ നിറഞ്ഞിരിക്കുന്നു. അപ്പൊൾ അതിനെ ഒരു കിണറ്റിൽ ആക്കി. പിറ്റേന്ന് കിണറിൽ കൊള്ളാത്ത രൂപത്തിലും തുടർന്ന് കുളത്തിലും നദിയിലും എല്ലാം നിറഞ്ഞപ്പൊൾ പെരുമീനിനെ സമുദ്രത്തിൽ കൊണ്ടാക്കി. സമുദ്രത്തിൽ ചെന്ന മകരമത്സ്യം വൈവസ്വതമനുവിനോട് അടുത്ത് വരാനിരിക്കുന്ന നിത്യനൈമിത്തിക പ്രളയത്തെകുറിച്ചും അതിന്റെ അവ്സഥകളെകുറിച്ചു പറഞ്ഞു. അപ്പോൾ തന്റെ എല്ലാം ഒരുക്കിയെടുത്ത് ഒരു തോണിയിൽ കയറി രക്ഷപ്പെടാൻ നിർദ്ദേശിച്ച് മത്സ്യം സമുദ്രത്തിൽ മറഞ്ഞു.
മത്സ്യം പ്രവചിച്ചപോലെ പ്രളയമേഘങ്ങൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. മനു ഒരു തോണിയിൽ കയറി ജലത്തിലിറങ്ങി. ഘോരമായ പ്രളയമഴയിൽ തോണി ആടിയുലയുന്ന നേരത്ത് പ്രളയജലത്തിൽ അങ്ങ് ദൂരെ ഒരു മത്സ്യക്കൊമ്പ് (മകരമത്സ്യശൃഗം) കാണുകയും കൊമ്പിൽ തോണി ബന്ധിച്ച് പ്രളയകാലം മുഴുവൻ കഴിച്ചുകൂട്ടുകയും ചെയ്തു.


1 comment:

Pranavam Ravikumar said...

I have posted comment for your latest post here in this blog... Please check as soon as your time permits...



http://enikkuthonniyathuitha.blogspot.com/

Thanks