17 September 2010

കഥയിൽ വായിക്കുന്നത്


 9ലെ മലയാളം ബേസിക്ക് പാഠപുസ്തകത്തിൽ എൻ.മോഹനന്റെകൊച്ചുകൊച്ചു മോഹങ്ങൾഎന്ന കഥയുണ്ട്. ആ കഥയിൽ നാം വായിച്ചെടുക്കുന്നത് എന്തൊക്കെയാവാം?. ഈ കുറിപ്പ് നോക്കുക:
ഒരു കഥയും നമുക്ക് ഒന്നിലധികം പ്രാവശ്യം വായിക്കാനാവില്ല. ഓരോ പ്രാവശ്യവും വായിക്കുമ്പോൾ ഓരോ കഥകളാണ് വായിക്കപ്പെടുക. സ്ഥലകാലങ്ങളിലൂടെ കടന്നുപോകുമ്പൊൾ ഓരോ (നല്ല) കഥയും വായനക്കാരനൊപ്പം പരിണമിക്കുന്നു. നാനാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഓരോ വായനക്കാരനും ഒരേകഥതന്നെ പലമട്ടിൽ ആസ്വദിക്കപ്പെടുന്നു. കലാരൂപങ്ങൾക്കൊക്കെയും ബാധകമായ ഈ തത്വം പുതിയതല്ല താനും.
കൊച്ചുകൊച്ചുമോഹങ്ങളുടെ ഫ്രയിം
ഓരോ കഥക്കും ഉപരിപ്ലവമെന്നു പറയാവുന്ന ഒരു ഫ്രയിം ഉണ്ട്. വളരെ പ്രയാസപ്പെട്ട് നിത്യജീവിതം നയിക്കുന്ന വഴിമറിയയും മറിയയുടെ മകൻ മാത്തുക്കുട്ടിയുമാണ് കഥാപാത്രങ്ങൾ. സ്കൂളിൽ പോകാൻ നല്ലൊരു കുപ്പായമില്ലത്ത വിഷമത്തിലാണ് മാത്തുകുട്ടി. കഞ്ഞിവെക്കാൻ നല്ലൊരലുമിനീയപ്പാത്രം ഇല്ലാത്തതുകൊണ്ട് മറിയ വിഷമിക്കുന്നു. പെരുന്നാളിന്ന് കുഞ്ഞുവർക്കിച്ചേട്ടൻ മാത്തുകുട്ടിയെ ലോട്ടറിടിക്കറ്റ് വിൽക്കാനേൽപ്പിക്കുന്നു. വിറ്റതുകയിൽ നിന്ന്  `50  കൊടുക്കാമെന്ന കരാറിൽ. `50  കിട്ടിയാൽ ഷർട്ട് വാങ്ങാൻ മാത്തുക്കുട്ടി തീരുമാനിക്കുന്നു. പക്ഷെ, രൂപകിട്ടിയ മാത്തുക്കുട്ടി അമ്മക്ക് അലുമിനീയക്കലവും ബാക്കി കാശിന്ന് അരിയും വാങ്ങുന്നു.
നല്ലൊരു കഥ. വികാരതീവ്രമായി എൻ.മോഹനൻ എഴുതുന്നു. ഈ കഥ നാം വായിക്കുമ്പൊൾ കഥയുടെ ഫ്രയിമിൽ അർഥങ്ങളും ധ്വനികളും തത്വചിന്തയും നിറഞ്ഞ് നമ്മിൽ- ആസ്വാദനകനിൽ പുതുകഥയായി റീ റയ്റ്റ് (re write)ചെയ്യപ്പെടുന്നു. Re write ചെയ്യപ്പെട്ട കഥ നമുക്ക് അധിക ആസ്വാദ്യത നൽകുകയും ചെയ്യുന്നു.
ഒന്നാം വായന
മാത്തുക്കുട്ടി കുട്ടിയാണ്. അവന്ന് മാന്യമായി സ്കൂളിൽപ്പോകാൻ ഒരു ഷർട്ട് വേണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലെ പ്രയാസങ്ങൾ അവന്ന് നേരിട്ടറിയാം.
ഈയാളുടെ ഒരു ദിവസത്തെ ജീവിതമാണ് കഥാകാരൻ എഴുതുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ ലോട്ടറിടിക്കറ്റ് വിൽക്കുകയും അതിന്റെ പ്രതിഫലം ചെലവിടുകയും ചെയ്യുന്നു. ഈ ഒരു ദിവസം കൊണ്ട്അതും വൈകീട്ടത്തെ ഒരൽപ്പ സമയം കൊണ്ട് ( `50  ചെലവാക്കുന്ന ഒരൽപ്പസമയം) മാത്തുക്കുട്ടി കുട്ടിയല്ലാതാവുകയും വലിയൊരു കഥാപാത്രമായി മാറുകയും ചെയ്യുന്നു. നേരത്തെ തീരുമാനിച്ചപോലെ മാത്തുക്കുട്ടി ഷർട്ട് വാങ്ങിയിരുന്നെങ്കിൽ ഈ കഥയെ ഉണ്ടാകുമായിരുന്നില്ല. കഥാ വസാനത്തിലെ ഈ ഷിഫ്റ്റ്ഷർട്ടിന്ന് പകരം അലുമിനീയപ്പത്രവും അരിയുംകഥാകാരൻ കാണുന്നതോടെ ഇതു നല്ലൊരു കഥയായി മാറുകയാണ്. മാത്തുക്കുട്ടി കഥയിൽ വളരുന്നതിലൂടെ കഥയുടെ ഉള്ളുറപ്പ് തീവ്രമാകുകയാണ്.കഥ ആസ്വാദ്യമാകുകയാണ്. നാം വീണ്ടുമൊരിക്കൽകൂടി വായിക്കാൻ തയ്യാറാവുകയാണ്. ക്ലാസിലെ കുട്ടിയും ടീച്ചറും എൻ.മോഹനന്റെ മറ്റു കഥകൾ വായിക്കാൻ താൽപ്പര്യപ്പെടുകയാണ്.
രണ്ടാം വായന
അമ്മയും മകനും കൂടിയുള്ള ജീവിതം നമ്മെ പിടിച്ചുലയ്ക്കുന്നുണ്ട്. ജീവിതപ്രയാസങ്ങൾ അറിയാത്തവരല്ല നമ്മൾ. ഒരുപക്ഷെ, ഇതേക്കാളധികം പ്രയാസങ്ങൾ നാം അനുഭവിച്ചിട്ടുമുണ്ടാകും. പക്ഷെ, കഥ വായിക്കാൻ തുടങ്ങുന്നതോടെ നാം കഥാപാത്രങ്ങളിൽ പ്രവേശിക്കുകയും (തിരിച്ചും ആവാം) ഇതിന്റെ സത്യാവസ്ഥയിൽ സംശയമില്ലാത്തവരായി ത്തീരുകയും ചെയ്യുന്നു. അവരുടെ ദുഖം നമ്മുടെ ദുഖമായി മാറുന്നു. നമ്മിലെ മാനവികയുടെ രാസക്രിയയാണത്. നമ്മിലെ മാനവികത ഒന്നുകൂടെ പ്രോജ്വലിക്കുകയും സാംസ്കാരികമായി, മാനവികമായി വളരുകയും ചെയ്യുന്നു. കഥാപാത്രവും കഥയും വായനയും ഒക്കെ കൂടി ഒന്നാകുന്നു. കഥയായാലും നോവലായാലും വായിക്കാൻ ആദ്യപേജ് എടുക്കുന്നതോടെ നാം കഥയ്ക്കുള്ളിൽ കയറുന്നു. നമ്മുടെ സ്ഥലകാലങ്ങൾ കഥയിലെ സ്ഥലകാലങ്ങളായി പരിണമിക്കുന്നു. അല്ലെങ്കിൽ നാം വായിക്കുന്ന കഥ മനസ്സിലെവിടെയോവെച്ച് നാം പുനർരചിക്കുന്നു. ഒരു കഥ ആസ്വദിക്കുമ്പോൾ ഒരിക്കലും നാം കഥാകാരനെ ഓർക്കാറില്ലല്ലോ. കഥയെഴുതുന്നത് നാം തന്നെയാവുകയാണ്ഇതു വീണ്ടും നമ്മെ കഥ വായിക്കാൻ പ്രേരിപ്പിക്കുന്നു.
മൂന്നാം വായന
കഥയിലെ ചില സന്ദർഭങ്ങൾ, പശ്ചാത്തലം, സംഭാഷണങ്ങൾ, പ്രയോഗങ്ങൾ, ബിംബങ്ങൾ-സൂചനകൾ  തുടങ്ങിയ ഘടകങ്ങളുടെ സൌന്ദര്യാംശം ആസ്വദിക്കുന്നത് ഇപ്പോഴാണ്. കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ അനായസമായി കാഥികൻ എഴുതുന്നുവെന്നതു കഥയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു. കഥയുടെ വേഗത തുടക്കത്തിലേ കാണാം- പിന്നെ റോഡിലേക്കിറങ്ങി ഓടി.എന്നതുമുതൽ. മാത്തുക്കുട്ടിയുടെ ഒറ്റപ്പകൽ സമയം മാത്രമാണ് കഥയിലെ സമയം. 100 ലോട്ടറിടിക്കറ്റ് വിൽപ്പനയും അതിന്റെ കൂലി വാങ്ങലും അതിന്ന് ഷർട്ട് (?) വാങ്ങലും നടക്കുന്നു. ഇതിന്ന് പശ്ചാത്തലമായി ഭൂത-വർത്തമാന കാല ചിന്തകൾ ഇഴപിരിക്കലും യുക്തിപൂർവം മനസ്സിലാക്കലും വേണം. അതിനിടക്ക് ഉച്ചഭക്ഷണം പോലും നടക്കുന്നില്ല. അത്ര വേഗതയിൽ കഥ നടക്കുകയാണ്. രാവിലെ മുതൽ കുട്ടി ഓടുകായണെന്ന് പറയാം. അതുകൊണ്ടുതന്നെ കഥാവസാനത്തിൽ കുട്ടി വിയർത്തൊലിച്ച് തളർന്നിരിക്കുന്നു.
ഇതിന്ന് പശ്ചാത്തലമായി പള്ളിപ്പെരുന്നാൾ നടക്കുകയാണ്. എല്ലാ ആഘോഷങ്ങളും നമുക്ക് നവോന്മേഷം നൽകുന്നവയാണ്. ആഘോഷങ്ങളുടെ സാമൂഹികമായ ഊർജ്ജം അതാണ്.  മനുഷ്യന്റെ വളർച്ചക്ക് ഇതെല്ലാം എന്നും എവിടെയും പ്രയോജനപ്പെട്ടിട്ടുണ്ട്. സാഹോദര്യവും സ്നേഹവും കൂട്ടായ്മയും വളരുന്നു. ഈ യൊരു പശ്ചാത്തലം കഥക്ക് അധികാർഥങ്ങൾ നൽകുന്നു. അമ്മയും മകനും അടങ്ങുന്ന കുടുമ്പം ഒന്നുകൂടെ പുഷ്ടിപ്പെടുകയാണ്. കുറേകൂടി അർഥപൂർണ്ണത ജീവിതത്തിന്ന് കൈവരുകയാണ്. അതു കുടുമ്പത്തിന്ന് മാത്രമല്ല; നല്ല വായനക്കാരനും ഇതിന്റെ പ്രത്യക്ഷപ്രയോജനം ലഭിക്കുന്നുണ്ടല്ലോ.
ഇതിന്നിടയിൽ ചില ഉപദേശ നിർദ്ദേശങ്ങൾ (തത്വചിന്ത?) ഉണ്ടാവുന്നുണ്ട്. എലിച്ചേട്ടത്തിയുടെ വാക്കുകൾ ഇതിലൊന്നാണ്. “നന്നായി മോനേ! വല്ലോം കിട്ടിയാൽ നിന്റെ തള്ളക്ക് കൊണ്ടുകൊടുക്ക്. അവളെത്ര പാടുപെട്ടാ നിന്നെ വളർത്തുന്നത്. നിനക്കും ഏഴെട്ടുവയസ്സായില്ലേ? അതൊക്കെ അറിയാറില്ലേ?”
മറ്റൊന്ന് അമ്മയുടെ ഒരു നിരീക്ഷണമാണ്: “ മറ്റുള്ളവർക്കൊക്കെ ആകാം. അവരൊക്കെ ഉള്ളടത്തെയാ. നീനീയേ..നീ വഴിമറിയയുടെ മോനാ.അപ്പനില്ലാത്ത കൊച്ചാ.”
തത്വചിന്ത ഉരുവംകൊള്ളുന്നത് ഓരോരുത്തരുടേയും ജീവിതാനുഭവങ്ങളുടേയും ജീവിതാപഗ്രഥന സാമഗ്രികളുടേയും ബലം കൊണ്ടു മാത്രമാണ്. അതുകൊണ്ടുതന്നെ അതു എത്രമാത്രം ശരിയെന്നോ തെറ്റെന്നോ സ്ഥാപിക്കുന്നതിൽ വലിയ അർഥമില്ല. എന്നാൽ സാമൂഹ്യമായ ഒരു തലം ഇതിലുള്ളതുകൊണ്ട് എല്ലാ തത്വങ്ങളും പരസ്പരം സമന്വയിക്കുന്നു എന്നതാണ് നാം കാണുന്നത്. എലിച്ചേടത്തിയുടേയും അമ്മയുടേയും ഫിലോസഫി പാരസ്പര്യമുള്ളതാണ്. നമ്മുടെ സ്ഥിതി നാം തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന തത്വം. അത്കൊണ്ടുതന്നെയാണ് എത്രയോ ആഗ്രഹിച്ച ഷർട്ട് വാങ്ങിക്കാതെ മകൻ പാത്രവും അരിയും വാങ്ങുന്നത്. കഥയുടെ പൊതു തത്വചിന്തയായി ഇതു മാറുന്നു.

നാലാം വായന
യുക്തിയുടേയും കാര്യകാരണ നിരൂപണങ്ങളുടേയും വായനയാണു ഇവിടെ നടക്കുക. കഥാപാത്രസ്വഭാവം തുടങ്ങിയ സകലമാന സംഗതികളും ഇപ്പോൾ നാം ആലോചിക്കും. നിത്യജീവിതപ്രയാസങ്ങൾക്കിടയിൽ നിൽക്കുന്ന ഒരമ്മയും മകനും കഥാപാത്രങ്ങൾ. അവരെ താൽക്കാലികമായി ജോലിചെയ്യിച്ച് സഹായിക്കുന്ന നല്ലവനായ ഒരു കച്ചവടക്കാരൻ. ഇതിൽ അമ്മയും മകനും തന്നെ പ്രധാനം. കച്ചവടക്കാരൻ ഒരു പശ്ചാത്തലം മാത്രം.
കഥാപാത്രങ്ങളുടെ ഇടയിലുള്ളത് ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങൾ മാത്രം. അതും ഭക്ഷണം എന്ന പരമപ്രധാനമായ ആവശ്യത്തിൽ കുടുങ്ങിക്കിടക്കുന്നു. മകന്റെ ആവശ്യങ്ങൾ- വസ്ത്രം, വിദ്യാഭ്യാസം എന്നിവക്ക് യാതൊരു പ്രാധാന്യവും അമ്മക്ക് നൽകാനാവുന്നില്ല. ജീവിതത്തിലെ പ്രാരബ്ധങ്ങൾ കൊണ്ടുതന്നെയാണിത് എന്നു സമാധാനിക്കാം.
മകൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പണിപ്പെടുകയാണ്. ആർക്കും ആവശ്യങ്ങൾ നിറവേറ്റാൻ പണം വേണം. പണം ഉണ്ടാക്കാൻ അധ്വാനിക്കണം- തൊഴിൽ. (തൊഴിൽ ജീവിതത്തിലെ മറ്റൊരു പ്രാഥമികാവശ്യമാണല്ലോ) പെരുന്നാൾ ദിനത്തിൽ അവൻ ലോട്ടറി ടിക്കറ്റ് വിറ്റ് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. `50  കിട്ടുകയും ചെയ്യുന്നു. പെരുന്നാൾ ദിനം എല്ലാർക്കും അവധി-വിശ്രമം ദിനമാണല്ലോ. പെരുന്നാൾ കൂടൽ വിനോദം. തൊഴിൽ-അവധി-വിനോദം തുടങ്ങിയ പ്രാഥമികാവശ്യങ്ങൾ കൂടിക്കുഴയുന്നത് നോക്കുക! സങ്കീർണ്ണമായ സാമൂഹ്യാവസ്ഥയല്ലാതെ മറ്റെന്താണിത്?
കിട്ടിയ പണം തന്റെ ആവശ്യത്തിന്ന് - വിദ്യാഭ്യാസം, വസ്ത്രം- ഉപയോഗിക്കാൻ തീരുമാനിക്കുന്നെങ്കിലും അവസാനം അമ്മയുടെ ആവശ്യം നിറവേറ്റാൻ -പട്ടി തട്ടിമറിച്ചാലും ഉടയാത്ത ഒരു കഞ്ഞിക്കലം- അലുമിനീയപ്പാത്രം വാങ്ങാൻ തീരുമാനിക്കുന്നു മകൻ. യുക്തിപൂർവം ബാക്കി രൂപക്ക് അരിയും വാങ്ങി അമ്മയെ ഏൽപ്പിക്കുന്നു. `50  കിട്ടുകയും അതു യുക്തിപൂർവം (?) ചെലവാക്കുകയും ചെയ്യുന്നിടത്തോളം സമയംകുട്ടി‘ ‘വലിയ ആളായിമാറിപ്പോകുന്നു. വീണ്ടും അമ്മയുടെ മുന്നിലെത്തുമ്പൊൾകുട്ടിയും’‘ ഈ കഥാപാത്ര വികാസം നമ്മെ വായനയിലേക്ക് കുറേകൂടി അടുപ്പിക്കും.
അഞ്ചാം വായന
ഇനിയും വായിക്കുമ്പൊൾ കുറേകൂടി വിമർശനാത്മകമായി നാം ആസ്വദിക്കുകയാണ്.ഇവിടെ നാം കഥയിലെ തത്വചിന്തയും കഥാപാത്രസ്വഭാവവും ഒക്കെ വിമർശനാത്മകമായി പരിശോധിക്കും. അപ്പോൾ `50  ഷർട്ടിന്ന് ചെലവാക്കണമായിരുന്നോ അതോ പാത്രത്തിന്ന് ചെലവാക്കണമായിരുന്നോ  എന്നൊക്കെ തർക്കിക്കും. ഏഴെട്ടു വയസ്സായ കുട്ടിക്ക് എത്രത്തോളം വീട്ടുകാര്യങ്ങൾ വിലയിരുത്താനാവും (എലിച്ചേട്ടത്തിയുടെ ഉപദേശം) എന്നു ചർച്ച കയറിവരും. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം, തൊഴിൽ, വിനോദം തുടങ്ങിയ സംഗതികളിൽ മുൻഗണന കഥാകാരൻ നൽകുന്നുവെന്ന ചർച്ച നടക്കും.
സാമ്പത്തികാവശത മാറ്റാൻ ലോട്ടറിയടിച്ചാലേ പറ്റൂ എന്ന സാമാന്യ ചിന്ത കഥാകാരൻ ആവർത്തിക്കുന്നു. `50  കിട്ടാൻ കുട്ടിക്ക് ലോട്ടറി തന്നെ (വിൽപ്പനയും ലോട്ടറി അടിക്കലും) ആശ്രയമാകുന്നു. ഇതൊരു തെറ്റായ സാമ്പത്തികസന്ദേശം നൽകുന്നു. ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പണം വേണം. ഇതു നേടുന്നത് അധ്വാനം കൊണ്ടു- തൊഴിലെടുത്ത് മാത്രമാണ്. തൊഴിലെടുക്കാൻ പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസം തന്നെ. വിദ്യാഭ്യാസം നേടിയ ജനതക്ക് തൊഴിലിടങ്ങൾ ഉണ്ടാക്കുന്നത് രാഷ്ട്രീയമായ ഇഛാശക്തിയാണ്. ഈ രീതിയിൽ പോകുന്ന ഒരു ചർച്ചാരേഖ തുടർ വായനകളിൽ തീർച്ചയയും ഉണ്ടാവും.
അതുകൊണ്ടുതന്നെ ഓരോ കഥാ വായനയും ഏറ്റവും നൂതനമാകുന്നു. ഓരോന്നും ആസ്വാദ്യമാകുന്നു.






1 comment:

മേഘമല്‍ഹാര്‍(സുധീര്‍) said...

വളരെ നല്ല പോസ്റ്റ്‌