17 June 2010

സദ്യ-ക്ഷണിതാക്കളും സർവാണിയും


ഇനി സ്കൂളുകളിൽ തിരക്കുള്ള നാളുകളാണ്. വൈവിധ്യമുള്ള നൂറുകണക്കിന്ന് പഠനപ്രവർത്തനങ്ങൾ. ദിനാഘോഷങ്ങളും ദിനാചരണങ്ങളും ഉദ്ഘാടനങ്ങളും. ഇതിന്റെയൊക്കെ സദ്ഫലം എല്ലാ കുട്ടിക്കും ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?ഈ അലോചനയല്ലേ ആദ്യം നടക്കേണ്ടത് ?


പ്രശസ്ത മലയാളം ബ്ലോഗർ വി.കെ ആദർശ് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചെയ്ത ഒരു റ്റ്വീറ്റിൽലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗവും സെമിനാറും ഒന്നും അല്ലാതെ വെറെന്തു ചെയ്യാൻ കഴിയുമെന്ന്അന്വേഷിച്ചിരുന്നു. ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ സംഗതികളിൽ വളരെ ശ്രദ്ധാലുവായ ആദർശിന്റെ ഈ റ്റ്വീറ്റ് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിപ്പിച്ചു.

ദിനാചരണങ്ങളും പൊതുപരിപാടികളും ഇന്ന് സ്കൂളുകളിൽ ധാരാളമായുണ്ട്. കുട്ടികൾക്ക് അധികപഠനാനുഭവങ്ങൾ കൊടുക്കുക എന്നതാണിന്റെ ലക്ഷ്യം.ഒരുപാട് അധ്യാപകാധ്വാനവും അധ്യയനദിനങ്ങളും പണവും ഇതിന്നായി വിനിയോഗിക്കുന്നു. എന്നാൽ ആത്യന്തികമായി ഇതിന്റെയൊക്കെ അനുഭവഗുണം എത്ര കുട്ടികൾക്ക് കിട്ടുന്നുണ്ട് എന്നൊരു കണക്ക് ആരും നോക്കിയിട്ടില്ല. ഇതിനെയൊന്നും ഒരിക്കലും ശ്രദ്ധിക്കാത്ത അധ്യാപകർ (ന്യൂനപക്ഷമാണെങ്കിലും എല്ലാ സ്കൂളിലും ഇവരുണ്ട് !) ! ഒരു ദിവസം പഠനം മുടങ്ങി എന്നാക്ഷേപിക്കയും ചെയ്യും. ഇതിലെത്രമാത്രം വാസ്തവമുണ്ട്?
ഒരനുഭവം നോക്കാം. കഴിഞ്ഞവർഷം ഒരു ക്വിസ്സ് പരിപാടി ഉദ്ഘാടനം ചെയ്യാൻ എന്നെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാൻ എത്തിയിരിക്കുന്നത് 20-22 പേർ. ഉത്ഘാടനപ്രസംഗത്തിനിടയ്ക്ക് ഞാനവരോട് ചോദിച്ചു. ഇക്കൊല്ലം ഇതെത്രാമത്തെ പരിപാടിയിലാ നിങ്ങൾ പങ്കെടുക്കുന്നത്? ശരാശരി 5 പരിപാടികളിൽ ഇവർ ഇക്കൊല്ലം പങ്കെടുത്തു കഴിഞ്ഞു. ഇനി നാളെ ജില്ലാതല മത്സരം നടക്കുന്നു. അതിലും പോകണമെന്നാണു മോഹം !. നന്നായി എന്നേ തോന്നിയുള്ളൂ. മിടുക്കികൾമിടുക്കന്മാർ.. അതിലൊരുകുട്ടി 18 പരിപാടികളിൽ ഇക്കൊല്ലം പങ്കെടുത്തു കഴിഞ്ഞു. 15-16 മത്സരങ്ങളിൽ പങ്കെടുത്തവർ ഉണ്ട് !. കേമന്മാർ തന്നെ!.
പക്ഷെ, ഒരധ്യാപകനെന്ന നിലക്ക് നോക്കിയാൽ ഇതിൽ കേവല സന്തോഷം ഇല്ല. ഒരു പരിപാടിയിലും പങ്കെടുക്കാത്ത നൂറുകണക്കിന്ന് കുട്ടികൾ നമ്മുടെ സാധാരണ വിദ്യാലയങ്ങളിൽ ഉണ്ടല്ലോ. ഒരു പരിപാടിപോലും അറിഞ്ഞിട്ടില്ലാത്തവരും ധാരാളം. കുട്ടികൾക്ക് അധിക അനുഭവങ്ങൾ ലഭിക്കണമെന്ന ലക്ഷ്യത്തോടെ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വഴി കണ്ടോ! ഇതിനാരു കാരണക്കാർ ?
പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിലെ വൈകല്യമാണിവിടെ ഉയർന്നു വരുന്നത്. ഏതൊരു പരിപാടിയിലും എല്ലാകുട്ടിക്കും പങ്കാളിത്തം വേണമെന്ന പ്ലാനിങ്ങ് ഉണ്ടാവുന്നില്ല. ക്ലാസിലെ ഭിന്ന നിലവാരക്കാരായ കുട്ടികളെ കണക്കാക്കുന്നില്ല. ക്വിസ് ഹാളിലേക്കും ഉപന്യാസ രചനാ ഹാളിലേക്കും ഇവരെ കടത്തിവിടുകപോലും ഇല്ല.പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ശല്യം ഉണ്ടാക്കും !  [വാതിൽക്കൽ കാവൽക്കാരായി (വളണ്ടിയേർസ്!) ഇവർ ഉണ്ടാകും !] പ്രവേശനം ഇല്ലെന്ന അനുഭവം മാത്രം ലഭിക്കും !. ശരിക്കും സർക്കാർ ഇതാണോ ദിനാചരണങ്ങളിലൂടെയും മറ്റും പരികൽപ്പനം ചെയ്യുന്നത്?
            ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം. സ്കൂളുകളിൽ അസ്സലായി ആചരിക്കണം.രണ്ടു തരത്തിലെങ്കിലും ഇതു പ്ലാൻ ചെയ്യാം.
പ്ലാൻ ഒന്ന്
പ്ലാൻ രണ്ട്
രാവിലെ സ്കൂൾ അസംബ്ലി
രാവിലെ വന്ന ഉടനെ എല്ലാ കുട്ടികളും ഓരോ പോസ്റ്റർ തയ്യാറാക്കി (അധ്യാപകരുടെ സാന്നിധ്യത്തിൽ) അവിടവിടെ  പതിക്കുന്നു
പ്രത്യേകമായി ക്ഷണിച്ചുവരുത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനെ ആദരിക്കൽ, അദ്ദേഹത്തിന്റെ ഉജ്വലമായ ഒരു പ്രസംഗം.
ഒന്നു രണ്ട് സയൻസ് മാഷമ്മാരുടെ പ്രസംഗങ്ങൾ.
കുട്ടികൾ ക്ലാസ് മുറിയിൽ- ഓരോ ക്ലാസിലും എല്ലാ കുട്ടിയും പങ്കെടുക്കുന്ന വ്യത്യസ്ത പരിപാടികൾ മുങ്കൂട്ടി പ്ലാൻ ചെയ്തത് : മുദ്രാഗീത രചനആലാപനം, വീഡിയോ പ്രദർശനം, ഉപന്യാസ രചന , പരിസ്ഥിതി കവിതകൾ -കവിയരങ്ങ്, ചിത്ര രചന, ഇന്റെർനെറ്റിൽ ഗ്രീൻ പ്രസ്ഥനങ്ങളെ കുറിച്ചുള്ള വിവരശേഖരണം,ഗ്രീൻ നാടകം ……
നന്നായി പാടുന്ന 5-6 കുട്ടികൾ അവതരിപ്പിക്കുന്ന പരിസര-ഗാനങ്ങൾ
പരിസര ശുചീകരണം.
അസംബ്ലിക്ക് ശേഷം ക്വിസ്സ് മത്സരം-സമ്മാനം
ഓരോ ക്ലാസിനും ഓരോ വൃക്ഷം
ഉപന്യാസരചന മത്സരം-സമ്മാനം
വൃക്ഷത്തൈകൾ വിതരണം
എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം
കുട്ടികൾ അവരവരുടെ ക്ലാസിൽ നടന്ന പരിപാടികളുടെ റിപ്പോർട്ട്/ മറ്റുക്ലാസുകളിൽ നടന്നവയെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ ശേഖരം സ്വന്തം നോട്ട്ബുക്കിൽ എഴുതുന്നു/ ശേഖരിക്കുന്നു
അധ്യാപകൻ (അതു മലയാളം മാഷാവും!) തയ്യാറാക്കിയ അസ്സലൊരു റിപ്പോർട്ടും ഹെഡ്മാസ്റ്റർ വിശിഷ്ടാതിഥിയെ ആദരിക്കുന്ന ഒരു കളർ ചിത്രം പിറ്റേന്ന് പത്രത്തിൽ.
എല്ലാ അധ്യാപകരുടെയും സാന്നിധ്യം (പ്ലാൻ ചെയ്ത്) എല്ലായിടത്തും.


സാധാരണ നാം പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും വിജയിപ്പിക്കുന്നതും പ്ലാൻ ഒന്ന് ആവാം. അധ്യാപകരെ സംബന്ധിച്ചിടത്തോളം എളുപ്പവും പരിചിതവും വിജയിപ്പിക്കാവുന്നതുമാണത്. എന്നാൽ പ്ലാൻ രണ്ടിൽ പറയുന്നതുപോലാണെങ്കിൽ മുഴുവൻ കുട്ടികൾക്കും മുഴുവൻ അധ്യാപകർക്കും പങ്കാളിത്തം ഉണ്ടാവില്ലേ ?. ആദ്യപ്ലാനിൽ കുട്ടികൾ വെറും കേൾവിക്കാരോ കാഴ്ച്ചക്കാരോ മാത്രമണ്. മിടുക്കന്മരായ ചില കുട്ടികൾ മാത്രം നേരിട്ട് പങ്കെടുക്കും. രണ്ടാം പ്ലാനിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുമെന്നുമാത്രമല്ല നടക്കുന്ന പ്രവർത്തനങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. അവിടെ എല്ലാരും കാഴ്ച്ചക്കാരും പങ്കാളികളുമാണ്.
വാർഷികാസൂത്രണം ചെയ്യുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ ഇതിനൊക്കെ തുടർച്ചയും വളർച്ചയും ഉണ്ടാക്കാം. ഉൽപ്പന്നങ്ങൾ നന്നായി തുടർന്നും പ്രയോജനപ്പെടുത്താം. ഉപന്യാസങ്ങൾ എല്ലാം സമാഹരിച്ചാൽ വർഷാവസാനം ആയിരക്കണക്കിന്ന് ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമാഹാരം ഉണ്ടാക്കാം. ഒരു തരത്തിൽ നല്ലൊരു ഡൊക്യുമെന്റേഷൻ കൂടിയാണത്. ഡൊക്യുമെന്റേഷൻ മാത്രമല്ല, ഓരോ അവസരങ്ങളിൽ കുട്ടികൾ സൃഷ്ടിക്കുന്ന ഉൽപ്പന്നങ്ങൾ-പോസ്റ്റർ, മുദ്രാഗീതം,കഥ, കവിത, ഉപന്യാസം, കത്ത്, ലഘുലേഖഎല്ലാം തന്നെ യഥോചിതം പഠനസാമഗ്രികളുമായി മാറുന്നു. അധ്യാപകന്റെ ബോധ്യം ആണിതിൽ പ്രധാനം. അധ്യാപകന്റെ ഇടപെടൽ ശേഷിയും ആസൂത്രണവും ആണിതിന്റെ അടിസ്ഥാനം.ഒരിക്കൽ കുട്ടി നിർമ്മിച്ച ഒരു ഉൽപ്പന്നം പിന്നീടൊരിക്കലും തിരിഞ്ഞുനോക്കാറില്ല.(സി..ക്ക് മാർക്കിടാൻ ഉണ്ടേ!) പിന്നീടൊരിക്കലും അതു പഠനോപകരണമോ പഠന സാമഗ്രിയോ ആവുന്നില്ല. പിന്നീടൊരിക്കലും അതിൽ തിരുത്തലോ മെച്ചപ്പെടുത്തലോ നടക്കുന്നില്ല.
            അസൂത്രണം ചെയ്ത് നടപ്പാക്കുന്ന എത്ര ചെറിയ പഠനപ്രവർത്തനമായാലും അതിന്റെ പ്രാഥമികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ നടന്നുകഴിഞ്ഞാൽമഴതോർന്നാൽ മരം പെയ്യും പോലെതുടർ സാധ്യതകൾ ഉണ്ടാവും. ഭാഷാ വിഷയങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര-ശാസ്ത്ര വിഷയങ്ങൾക്കും തിരിച്ചും ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ അനവധിയാണ്. സമഗ്രത എന്നൊക്കെ പറയുന്നത് യാഥാർഥ്യമാകുന്നത് ഇതൊക്കെ നടക്കുമ്പോഴാണ്. അല്ലാതെ കുറച്ചുകുട്ടികൾക്ക്മാത്രം പങ്കാളിത്തമുള്ള കുറച്ചു പരിപാടികൾ ഗംഭീരമാക്കുന്നതിലല്ല.ബാക്കികുട്ടികൾ സർവാണികളുമല്ല.


3 comments:

വി.കെ. നിസാര്‍ said...

നന്നായി മാഷേ,
ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍, ഓരോ ക്ലാസില്‍ നിന്നും 'ഏറ്റവും പഠിക്കുന്ന'രണ്ടുപേര്‍ മാത്രം മതിയെന്ന അനൗണ്‍സ്മെന്റ് കേട്ട് നിരാശബാധിച്ച് ചടഞ്ഞിരിക്കുന്ന മിടുക്കന്‍/മിടുക്കികളെ കുറേ കണ്ടിട്ടുണ്ട്...

Anonymous said...

സമയോചിതമായ പോസ്റ്റ്. സ്ഥിരം ചടങ്ങുകളുള്ള ഒരുപാട് ദിനാചരണങ്ങള്‍ ഇനിയുമുണ്ട്. ഗാന്ധിജയന്തി, കേരളപ്പിറവി... ഉറക്കെ ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെ... നല്ലൊരു ചര്‍ച്ചാ സാധ്യതയുണ്ട്.

Ramadas said...

സര്‍വ്വാണികളുടെ പക്ഷത്തു നിന്നും സംസാരിക്കാന്‍ കുറച്ചു മാഷന്‍മ്മാരെങ്കിലും ഉണ്ടല്ലോ എന്നതാണ് ഒരു സമാധാനം
സംഗതി നന്നായിട്ടുണ്ട് രാമനുണ്ണി മാഷേ ....