വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുകയാണ്. കളികളും കോലാഹലങ്ങളുമായി വേനലവധി എത്രപെട്ടെന്നാ തീർന്നത് അല്ലെ? ഇനി പഠനത്തിന്റെ തിരക്കേറിയ ദിവസങ്ങളാണ്. തിരക്കേറും തോറും ദിവസങ്ങൾ പറന്നുപോകും.സമയം പോരെന്നു തോന്നും. അതുകൊണ്ട് വളരെ ശക്തമായ പ്ലാനിങ്ങ്, ടയിംടേബിൾ എന്നിവ പ്രധാനമാണ്. നന്നായി പഠിച്ചിറങ്ങിയ മിടുക്കികൾക്കൊക്കെ ഇങ്ങനെയുള്ള മുങ്കരുതൽ ഉണ്ടായിരുന്നു എന്നവർ പറയുന്നുണ്ട്.
ഒരുവിദ്യാഭ്യാസവർഷം എന്നത് ക്ലാസ്മുറികളിലെ പ്രവർത്തനങ്ങൾ മാത്രമാണെന്നു വിശ്വസിക്കരുത്. പാഠപുസ്തകം പഠിക്കുകഎന്നത്ആകെപണിയുടെപകുതിപോലുംആവുന്നില്ല.സി.ഇ.പ്രവർത്തനങ്ങൾ മുഴുവനും കൂട്ടിയാലും പകുതിയേ ആവൂ.എന്നാൽ കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നത് തു മാത്രമാണ് പഠനം എന്നുമാണ്.
വിവിധ വിഷയങ്ങൾ അന്നന്നു പഠിക്കുക എന്നത് പ്രധാനപണിതന്നെ. പത്താംക്ലാസ്പോലുള്ള ക്ലാസുകളിൽ ദൈനംദിന പഠനവും വാരാന്തത്തിലെ റിവിഷനും ഒക്കെ നിർബന്ധമായും വേണം. പൊതുപരീക്ഷയുടെ വലിയൊരു കടമ്പ ഇവിടെ ഉണ്ട്. എന്നാൽ ഈ കടമ്പപോലും വളരെപണിപ്പെടാതെ തരണം ചെയ്യാൻ ഇതുമാത്രം ഒരിക്കലും പോരാ.എതുവിഷയത്തിലും അധികനിപുണത സൃഷിടിക്കുന്നത് അധിക പഠനപ്രവർത്തനങ്ങളിലൂടെ തന്നെയാണ്. ക്ലാസ് മുറിയിൽ നിന്നും കിട്ടുന്നത് ആവർത്തിക്കുകയല്ല; അധികഘടകങ്ങൾ ചേർത്ത് വിപുലീകരിക്കയും സാന്ദ്രീകരിക്കലും ആണ് ശരിക്കും ഉണ്ടാവേണ്ടത്. മാത്രമല്ല, ചെറിയക്ലാസുകൾ തൊട്ട് ഇതൊക്കെ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ അതു പത്താംക്ലാസിനെന്നല്ല ഏതു ലവലിലും പ്രയോജനം ചെയ്യും എന്നും ഉറപ്പാണ്.
ഇന്നു സ്കൂൾ കരിക്കുലം തയ്യാറാക്കുമ്പോൾ വിദഗ്ധർ ഊന്നുന്ന ഘടകങ്ങളിൽ ഒന്ന് കുട്ടി നിർമ്മിക്കുന്ന അറിവ് സാമൂഹ്യജീവിതത്തിൽ പ്രയോജനപ്പെടുത്താനുള്ള ശേഷികൂടി വികസിപ്പിക്കണമെന്നാണല്ലോ. സാമൂഹ്യപ്രശ്നങ്ങളുമായി അറിവിനെ കണ്ണിചേർക്കുകയെന്നതാണു സുപ്രധാനം. വെള്ളം വിഷയമായുള്ള ഒരു കഥ/ കവിത പഠിക്കുന്നത് കാവ്യാസ്വാദനം എന്ന ശേഷിക്കപ്പുറം ജലസംരക്ഷണം, ജലമാനേജ്മെന്റ്, ജലവിനിയോഗം തുടങ്ങിയ സമകാലിക വിഷയങ്ങളിലേക്ക് പടർന്നു കയറണം.ഭാഷാവിഷയങ്ങളിൽ മാത്രമല്ല ഈ ഘടകം സ്ഥിതിചെയ്യുന്നത്. സാമൂഹ്യശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഗണിതം തുടങ്ങിയവയിലും ‘ജലം’ കേവലം ജലമായി നിലനിൽക്കുന്നില്ല. ജലത്തിന്റെ രസതന്ത്രം ജലശുദ്ധീകരണത്തിലേക്കും ജല മാനേജ്മെ ന്റിലേക്കും എത്തിച്ചേരണം. ശുദ്ധജലലഭ്യതയുടെ അവശ്യകതയെകുറിച്ചുള്ള ചർച്ചകളിലേക്കും പ്രവർത്തനങ്ങളിലേക്കും സാമൂഹ്യശാസ്ത്ര ക്ലാസുകളിലും ജീവസാസ്ത്രക്ലാസുകളിലും ചിന്തയും പ്രവർത്തനവും വികസിക്കണം.ജലം ഒരുദാഹരണം മാത്രം.
1. നഷ്ടപ്പെടുന്ന മാനവികത..അധിനിവേശം/യുദ്ധം
2. ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങൾ
3. പരിസര/പ്രകൃതി നാശം/മലിനീകരണം
4. തേഞ്ഞുപോകുന്ന ജനാധിപത്യമൂല്യങ്ങൾ
5. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ
6. കാർഷിക/വ്യവസായ രംഗങ്ങളിലെ പിന്നോക്കാവസ്ഥ
7. തൊഴിലില്ലായ്മ
8. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ
9. ഊർജ്ജം/ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കുന്നതു
10. ആഗോളീകരണത്തിന്റെ പ്രശ്നങ്ങൾ
11. വാർദ്ധക്യത്തിനോടുള്ള അവഗണന
12. പാർശ്വവത്കരിക്കപ്പെട്ടവർ
13. സാസ്കാരികത്തനിമകൾ നശിക്കുന്നു
14. ദൃശ്യമാധ്യമങ്ങളുടെ അമിത സ്വാധീനം
ഈ പറയുന്ന വിഷയങ്ങളൊക്കെ സമൂഹത്തിൽ ചർച്ചചെയ്യപ്പെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യപ്പെടേണ്ട സംഗതികളാണ്. ഇതൊക്കെയും ക്ലാസ്മുറികളിൽ വിവിധ വിഷയങ്ങളിലായി പാഠഭാഗങ്ങളിൽ കടന്നുവരുന്നുണ്ട്.തനിക്കുചുറ്റുമുള്ള ലോകം മനസ്സിലാക്കുകയും അതിനെ കൂടുതൽ മികച്ചതാക്കാൻ വേണ്ട അറിവുകൾ നിർമ്മിക്കുകയുമാണല്ലോ കുട്ടി. ഇതേറ്റവും പ്രകടമാവുന്നത് ഭാഷാവിഷയങ്ങളിലും സാമൂഹ്യപാഠങ്ങളിലും തന്നെയാണ്.
ഇതു പൂർണ്ണാർഥത്തിൽ സാധിക്കണമെങ്കിൽ ക്ലാസ്റൂം പ്രവർത്തനങ്ങൾക്കു പുറമേ നിരവധി മണിക്കൂറുകൾ ഓരോകുട്ടിയും പണിയെടുക്കേണ്ടതുണ്ട്. വ്യക്തിപരമായ പ്രവർത്തനം മുഴുവനും സംഘപ്രവർത്തനമായി (group activity) പരിണമിപ്പിക്കേണ്ടതുണ്ട്. അധ്യാപകശാക്തീകരണപരിപാടികളിൽ മുഴുവൻ സമയം പങ്കെടുത്ത അനുഭവം തന്നെയാണു അധ്യാപികയെ ഇതിനു പ്രാപ്തയാക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് കുട്ടിയുടെ മികവ് മാത്രമല്ല അധ്യാപികയുടെ മികവ് കൂടി പ്രവർത്തനങ്ങളെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ അവശ്യമെന്നതു തന്നെ. കുട്ടിയുടെ മികച്ച വിജയം വലിയൊരുപരിധിവരെ അധ്യാപികയെ അടിസ്ഥാനമാക്കിയാകുന്നു എന്നതാണ് യാഥാർഥ്യം.
അതുകൊണ്ടുതന്നെ ക്ലാസ്റൂം പ്രവർത്തനങ്ങൾക്ക് പുറമേ കുട്ടി പത്രവായന, മറ്റുപുസ്തകങ്ങളുടെ വായന, സാമൂഹ്യപ്രവർത്തനങ്ങൾ, വായനശാല-ക്ലബ്ബ് പ്രവർത്തനങ്ങൾ , കലാസാംസ്കാരിക പരിപാടികൾ, സ്കൂളിനകത്തും പുറത്തുമുള്ള സാമൂഹ്യസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ഇടപെടേണ്ടതുണ്ട്. അധികവായനയും അധികസാമൂഹ്യബന്ധങ്ങളും മാത്രമാണിതൊക്കെ സധിപ്പിക്കുന്നത്. വെറും പുസ്തകപ്പുഴുവായി കഴിയുന്നകുട്ടിക്ക് വിദ്യാഭ്യാസം ലക്ഷ്യംവെക്കുന്ന ഉയരങ്ങളിൽ ഒരിക്കലും എത്തിച്ചേരാൻ കഴിയില്ല. സി.ഇ.പ്രവർത്തനങ്ങളുടെ ഭാഗമായി ഏതുവിഷയത്തിലും നടക്കുന്ന സെമിനാറുകളിലും പ്രോജക്ടുകളിലും അസന്മെന്റുകളിലും ഉന്നത നിലവാരം കൈവരിക്കാൻ ഈ അധികപ്രവർത്തനങ്ങൾ ഉണ്ടായേ പറ്റൂ.
ഇത് മുൻകൂട്ടി അറിയുകയും സമയബന്ധിതമായി ഇടപെടുകയും ചെയ്യാനുള്ള സമയക്രമം കുട്ടി നിശ്ചയിക്കേണ്ടിയിരിക്കുന്നു. സ്കൂൾ തുറന്ന ഉടനെ നടക്കുന്ന പരിസര ദിനാചരണം(ലോക പരിസ്ഥിതി ദിനം) (ജൂൺ 5) തൊട്ട് ഇതു തുടങ്ങുന്നു. സ്കൂളിലെ നോട്ടിസ്കിട്ടി അറിഞ്ഞൊക്കെ വരുമ്പോഴേക്കും ദിനാചരണങ്ങൾ പലതും വെറും ചടങ്ങായി മാറിപ്പോകും.പരിസരദിനം കഴിഞ്ഞാൽ പിന്നെ വായനാദിനം (ജൂൺ 19) ലോക ജനസംഖ്യാ ദിനം (ജൂലായ് 11) ചാന്ദ്രദിനം (ജൂലായ് 21) ഹിരോഷിമ ദിനം ….തുടങ്ങി നിരവധി ദിനാചരണങ്ങൾ വരുന്നുണ്ട്. സ്കൂൾ തുറക്കുന്നതോടെ ദിനാചരണങ്ങൾ ഒക്കെയും കൃത്യമായി കുറിച്ചുവെച്ച ഒരു ചുമർപത്രം ഉണ്ടാക്കുന്നത് നന്ന്.ഇതൊടൊപ്പം, സ്വാതന്ത്ര്യദിനം, ഓണാഘോഷം,ഗാന്ധിജയന്തി തുടങ്ങിയവയും ഉണ്ട്. ഓരോ ദിനാചാരണവും ഒരുകൂട്ടം പ്രവർത്തനങ്ങളുടെ ഒരു പാക്കേജ് ആണല്ലോ. നോട്ടിസ്, ചുമർപത്രം, പോസ്റ്റർ, മീറ്റിങ്ങ്, പ്രസംഗം, ചർച്ചകൾ, സെമിനാറുകൾ,റിപ്പോർട്ടുകൾ, മത്സരങ്ങൾ…എന്നിങ്ങനെ.
ഇതൊക്കെ ഭാഷ, സാമൂഹ്യശാസ്ത്രം, ഗണിതം, മറ്റുശാസ്ത്രവിഷയങ്ങൾ എന്നിവയുടെ പഠനവുമായി നേരിട്ട് ബന്ധപ്പെടുന്നവതന്നെ. ഈ തിരിച്ചറിവാണ് അധ്യാപിക ക്ലാസിൽ ചർച്ചചെയ്യേണ്ടത്. പഠനവുമായി കണ്ണി ചേർക്കേണ്ടത്. പരിസരദിനത്തിൽ ഒരു തൈ നടുമ്പൊൾ അതിൽ കവിതയും കഥയും വനശാസ്ത്രവും ഗണിതവും പ്രകൃതിസൌന്ദര്യവും ഒക്കെ ഇടകലരുകയാണല്ലോ.
ഇതിലൊക്കെ ആവുന്നത്ര പങ്കെടുക്കുമ്പോഴാണ് കുട്ടിക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നത്. സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രമേള, അസംബ്ലി, പാർലമെന്റ്….തുടങ്ങിയ പരിപാടികളിലൊക്കെ സജീവമായി ഇടപെടേണ്ടതുണ്ട്. നമുക്ക് കഴിയുന്നതോതിൽ ഇതിലൊക്കെ പങ്കെടുക്കുമ്പോഴാണ് പുത്തൻ അനുഭവങ്ങൾ സ്വീകരിക്കുകയും നാമറിയാതെ നാം വളരുകയും ചെയ്യുന്നത്. ഈവർഷം പങ്കെടുത്തതിനേക്കാൾ മികവാർന്നരീതിയിൽ തുടർവർഷങ്ങളിൽ നമുക്ക് പങ്കെടുക്കാൻ കഴിയുന്നത്.
ഇതു സാധിക്കണമെങ്കിൽ ഈ സംഗതികളെ കുറിച്ച് നേരത്തേ അറിയണം. തയ്യാറെടുപ്പുകൾ ഉണ്ടാവണം. തുടർ പ്രവർത്തനങ്ങൾ ഉണ്ടാവണം. അനുഭവങ്ങൾ ക്രോഡീകരിക്കണം. അതിനാണ് അധികപ്രവർത്തനങ്ങളുടെ ഒരു കലണ്ടർ സ്കൂൾതുറക്കുന്നതോടെ ഉണ്ടാക്കണമെന്ന് സൂചിപ്പിച്ചത്. ഇതിന്നായി ഒരൽപ്പസമയം ചെലവഴിക്കുന്നത് ഒരിക്കലും നഷ്ടമാവില്ല.അധ്യാപികയുടെ സഹായത്തോടെ ഓരോക്ലാസിന്റേയും പരിമിതികൾക്കകത്തു നിന്നുകൊണ്ട്- അതിൽ നിന്നും കൂടുതൽ ഉയരത്തേക്ക് ലക്ഷ്യം വെച്ച്- അസൂത്രണം നടക്കണം. അതു കാര്യപ്രാപ്തിയോടെ നടപ്പാക്കണം.
യഥാർഥ പഠനം നടക്കുന്നത് ക്ലാസ്മുറികളിൽ അധ്യാപികയുടെ മുന്നിൽ വെച്ചു മാത്രമല്ല. ഇതുപോലുള്ള പുറമ്പണികളിലാണ്. ഇതു അസൂത്രിതവും ശരിയായ ദിശയിലാക്കാനുമുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ക്ലാസ്മുറികളിൽ ഉണ്ടാവുന്നത്. അതായത് സ്കൂൾ തുറക്കുന്നത് ക്ലാസ് മുറികളിലേക്കുമാത്രമല്ല; മറിച്ച് നാം ജീവിക്കുന്ന ഈ ലോകത്തിലേക്ക് തന്നെയാണ്.
2 comments:
ജൂൺ ഒന്നിനു മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്. അഭിപ്പ്രായം പറയുമല്ലോ.
ഒരു ബിഎഡ് ട്രയിനി എന്ന നിലയ്‌ക്ക് എനിക്ക് വ്യക്തിപരമായി ഏറെ പ്രചോദനം നല്‍കുകയും, എന്റെ സുഹൃത്തുക്കളോട് ഇതെ കുറിച്ച് പറയാനും ഉതകുന്ന നല്ല ലേഖനമാണിത്. എസ് വി രാമനുണ്ണിക്ക് ഭാവുകങ്ങള്‍ നേരുന്നു. ഇനിയും ഇതുപോലോത്ത നല്ല ലേഖനങ്ങള്‍ വരട്ടെ...
കൂടാതെ ഇത്തരം ലേഖനങ്ങളില്‍ ഉദാരഹരണങ്ങള്‍,മോഡലുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ ഒന്നുകൂടി ഗംഭീരമാകുമെന്നാണ് എന്റെ വിശ്വാസം
അക്‌ബറലി ചാരങ്കാവ്
9745582385
Post a Comment