09 August 2010

സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?

Published in Madhyamam 'Velicham"



ചില കർക്കടക ഓർമ്മകൾ. എല്ലാം പഴമ.എല്ലാം ശാസ്ത്രീയമെന്നോ അനുകരണീയമെന്നോ ഉള്ള സൂചനയിതിലില്ല. വെറ്തെ ചില അറിവുകൾ. ചേറിക്കൊഴിച്ച് പതിർകളയാം.കളയണം. ഇതു ആമുഖം.

ഋതു

നമ്മുടെ കാലാവസ്ഥയിൽ ഋതുസ്വരൂപം വർഷം, വസന്തം, ശരത്ത്, ഗ്രീഷ്മം എന്നിങ്ങനെയാണ്. ഹേമന്തം, ശിശിരംഎന്നിങ്ങനെ ഷഡൃതുക്കൾ പൂർണ്ണരൂപത്തിൽ നമുക്കനുഭവവേദ്യമല്ല. കർക്കടകം വർഷർത്തുവാണ്. പെരുമഴക്കാലം. തിരുവാതിര തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേല.അധികമഴയിൽ കൃഷിപ്പണിപോലും അവധിയിൽ. എല്ലാരും വീട്ടിനകത്ത് ഒതുങ്ങിക്കൂടുന്നു. പണ്ട്, കേരളീയന്റെ വെക്കേഷൻകാലം.കന്നുകാലികൾ പോലും തൊഴുത്തിൽ നിന്നിറങ്ങില്ല. പക്ഷികളടക്കം കൂടുകളിൽ ഒതുങ്ങിക്കൂടും.നിളയിൽ നിറവെള്ളം.എല്ലാ തോടുകളും പുഴകളും തെളിനീരാൽ നിറയും. കുളങ്ങളിൽ തെളിവെള്ളവും കുളവാഴയും പൂത്തുലയും.കുണ്ടൻകിണറുകളിൽനിന്ന് വെള്ളം കൊട്ടക്കോരികൊണ്ട് കൈനീട്ടി
മുക്കിയെടുക്കാം.വളപ്പിൽ സകല കുണ്ടിലും കുഴിയിലും വെള്ളക്കെട്ട്. ഭൂമിമുഴുവൻ വെള്ളമൊലിച്ച് കഴുകി വൃത്തിയാക്കപ്പെടും. മുറ്റങ്ങളിൽ ഉറവപൊട്ടും.ഒരിക്കലുംകത്താത്ത ഈറൻ വിറകും ഉണങ്ങാനാവാതെ കരിമ്പനപിടിച്ച തുണികളുമായി അമ്മമാർ വീട്ടിനകത്ത് പെടാപ്പാട്.മഴയിൽ നനഞ്ഞ് അകത്തേക്ക് വെള്ളം കയറ്റുന്ന പൊന്നോമനകൾക്ക് എന്നും എപ്പോഴും അമ്മയുടെ ശകാരം.കിടക്കയിലും പായിലും ഒരിക്കലും ഈർപ്പം വിട്ടുമാറില്ല. വീട്ടിനകത്ത് ‘ചോരാത്ത ഒരു സ്ഥലോല്ല്യാ‘ എന്നു മുത്തശ്ശിയുടെ പായാരം.ദശപുഷ്പങ്ങൾ സമ്പൂർണ്ണമായി പൂത്തുലയും.
കള്ളക്കർക്കടകം എന്നു ഋതുവിന്ന് ശകാരപ്പേരും!!




ഒരുക്കം-സംക്രാന്തി

സ്ഥലകാലപരിണാമത്തിൽ ജീവജാലങ്ങളെല്ലാം അതിജീവനത്തിന്നായുള്ള ഒരുക്കം നേരത്തെ തുടങ്ങുന്നു. കാലാകാലങ്ങളായുള്ള അനുഭവജ്ഞാനം ഇതിന്ന് ശാസ്ത്രീയത നൽകുന്നു. മഴക്കാലത്തിന്നു മുൻപ് പുരമേച്ചിലും, വിറകു ശേഖരണവും തൊട്ട് ഇതു കാണാം. കാക്കകൾ പോലും കൂടുകെട്ടി വർഷം കാക്കുന്നു.പഴയ ഹിന്ദു തറവാടുകളിലെ കർക്കടകമാസ ഒരുക്കം ഇങ്ങനെയൊക്കെയായിരുന്നു.
സംക്രാന്തി: മിഥുനമാസം കർക്കടകത്തിലേക്ക് സംക്രമിക്കുന്ന സമയ സന്ധിയാണ് സംക്രാന്തി. കർക്കടക സംക്രാന്തി. നാട്ടിൻപുറങ്ങളിലൊക്കെ ഇന്നും സംക്രാന്തിപ്പണി പതിവാണ്.വീടൊക്കെ അടിച്ചു വൃത്തിയാക്കി മുറ്റത്തെ കാടൊക്കെ വെട്ടിക്കളഞ്ഞ് എല്ലായിടവും വെടിപ്പാക്കിവെക്കും. വൃത്തിയും വെടിപ്പും സംക്രാന്തിപ്പണിയിലൂടെ സവിശേഷമായി സൃഷ്ടിക്കും.
കർക്കിടകം ഒന്നാം തീയതിക്ക് തലേന്നാൾ സന്ധ്യക്ക് ‘ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിവെക്കും’.’ചേട്ട പുറത്ത്; ശീവോതി അകത്ത്’ എന്ന് ഉറക്കെ ഉരുക്കഴിച്ച് ചവറും കുറ്റിച്ചൂലും കീറമുറവും വീട്ടിന്ന് പുറത്തേക്ക് ഏറിയും. തിരിച്ചുവന്ന് മച്ചിൽ ശ്രീഭഗവതിയെ കുടിവെക്കും. മച്ചിൽ കർക്കടം മുഴുവൻ ഭഗവതി ഉണ്ടാവും. നിലവിളക്കും വെള്ളവും അഷ്ടമംഗല്യവും ആണ് ഭഗവതി സങ്കൽപ്പം. മുത്തശ്ശിമാരാണ് ഇതു മിക്കയിടത്തും ചെയ്യുന്നത്. പുരപ്പുറത്ത് കാരണവർ ‘വെളിയും വേരും കുത്തും’.
ദശപുഷ്പങ്ങൾ: കഞ്ഞുണ്ണി, ഉഴിഞ്ഞ, ചെറൂള, കറുക, മുക്കുറ്റി, മോക്ഷമി, നിലപ്പന, പൂവാംകുരുന്നില, തിരുതാളി, കൃഷ്ണക്രാന്തി

അഷ്ടമംഗല്യം: അരി, നെല്ല്, വിളക്ക്, ജലം,അലക്കിയ പുടവ, വാൽക്കണ്ണാടി, കണ്മഷി, ചന്ദനച്ചെപ്പ്
വെളിയും വേരും: ദശപുഷ്പങ്ങൾ താളിലയിൽ പൊതിഞ്ഞത്.

ആചരണം-രാമായണം
ഇന്നു കർക്കടകമാസത്തിലെ ആചരണങ്ങളിൽ രാമായണം വായനയാണ് പ്രധാനം.രാമായണമാസം എന്നു വരെ പേർ ഇതിന്നുണ്ട്. ജോലിത്തിരക്കൊഴിഞ്ഞ ഒരു അവധിക്കാല പരിവേഷം കർക്കടമാസത്തിന്നുണ്ടല്ലോ. അപ്പോൾ ഭക്തിക്കും വായനക്കും സൌകര്യവുമുണ്ട് എന്നതും ശരിയാകാം. ഒന്നാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി (ചില വർഷങ്ങളിൽ കർക്കടകത്തിന്ന് 32 ദിവസവും വരും-പഞ്ചാംഗം നോക്കുക) തുടർച്ചയായി അധ്യാത്മരാമായണം കിളിപ്പാട്ട് വായന നടക്കും. സ്ത്രീ പുരുഷ ഭേദമില്ലാതെ വീടുകളിൽ രാമായണം വായന ഉണ്ടായിരുന്നു.ആദ്യകാല വിദ്യാഭ്യാസം പോലും ഇതിന്നനുസൃതമായിരുന്നു. ‘രാമായണം കൂട്ടിവായിക്കാറായി, എന്നാണ് അന്നത്തെ ഡിഗ്രി! നിലത്തെഴുത്തശാന്മാർ ഊറ്റം കൊണ്ടിരുന്നത് എന്റെ ‘കുട്ടികൾക്ക്’ രാമായണം വായിക്കാറായി’ എന്നാണ്. ഒരു സവിശേഷ ഈണത്തോടെ കിളിപ്പാട്ട് വായിച്ചിരുന്നു.




ആചരണം-ഔഷധക്കഞ്ഞി

കർക്കടക ആചരണങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന് ഔഷക്കഞ്ഞി കുടിക്കലാണ്. മുതിർന്നവർ ശരീര സുഖത്തിന്നു വേണ്ടിയിത് ചെയ്തുപോന്നു. മനസ്സിന്റെ സുഖത്തിന്ന് വായനയും ശരീരസുഖത്തിന്ന് മരുന്നു കഞ്ഞിയും.മരുന്നുകൾ ഇതൊക്കെയാണ്. (പ്രാദേശികമായി ചില മാറ്റങ്ങൾ ഉണ്ട്)
1. മല്ലി
2. വിഴാലരി
3. പുന്നയരി
4. കുടകപ്പാലയരി
5. കർകോകിലരി
6. ജീരകം
7. പെരുംജീരകം
8. അയമോദകം
9. ഉലുവ
10. ആശാലി
11. പുത്തരിച്ചുണ്ടവേര്‌
12. വരട്ടുമഞ്ഞൾ
13. കടുക്
14. ചുക്ക്
15. ശതകുപ്പ
16. നറുനീണ്ടിക്കിഴങ്ങ്
17. കരിംജീരകം
18. ഏലം
19. തക്കോലം
20. കറയാമ്പൂ
21. ജാതിക്ക
ഈ മരുന്നുകൾ അരച്ച് ഒരു പിടി അരിയും ചേർത്ത് കഞ്ഞിവെച്ച് 7 ദിവസം രാവിലെ കഴിക്കണം.ശരീരസുഖത്തിന്ന് ഇതു നന്നെന്ന് പ്രസിദ്ധം.
മനുഷ്യന്ന് മാത്രമല്ല കന്നുകാലികൾക്കും കർക്കടത്തിൽ മരുന്നു കൊടുക്കും. പണിയെടുക്കാനുള്ള പോത്തിനും മൂരിക്കും മരുന്നു കൊടുക്കും. ഇതിൽ കോഴിയാണു പ്രധാന മരുന്നു. കൂടെ ശതകുപ്പ, ഇന്തുപ്പ് തുടങ്ങിയ മരുന്നുകളും. ഇടിച്ച് ഉരുളയാക്കി കൊടുക്കും.നല്ലെണ്ണതേച്ചു കുളിപ്പിക്കും. പിന്നെ വിശ്രമം നൽകും.
ആചരണം-പത്തിലക്കറി
കർക്കടകത്തിൽ പത്തിലക്കറി നിർബന്ധമായും കഴിച്ചിരുന്നു. മുരിങ്ങ്, ചീര, കടുങ്ങൽ, തഴുതാമ, കുമ്പളം, താള്, തകര, പയറ്, മത്തൻ, മണിത്തക്കാളി എന്നിവയാണ് പത്തില. (പേരിനും ഇനത്തിലും പ്രാദേശികഭേദങ്ങൾ കാണും) തുടർച്ചയായി പത്തുദിവസങ്ങളിൽ ഓരോന്നായി കഴിക്കുന്നതാണ് പതിവ്.
അനുഭവം-ഓർമ്മ-ചൊല്ലുകൾ
കള്ളക്കർക്കടകം: യാതൊരു പണീം തൊരോം ഇല്ലാത്തകാലം. അതുകൊണ്ടുതന്നെ കയ്യിൽ പണമുണ്ടാവില്ല. ദാരിദ്ര്യം കർക്കടകത്തിന്റെ കൂടപ്പിറപ്പ്.
കർക്കടക്കള്ളനകത്തോ പുറത്തോ? : തിരിമുറിയാത്ത മഴയാണ് സാധാരണയായി കർക്കടകത്തിൽ. ചില കാലത്ത് ഒരൊറ്റത്തുള്ളി മഴയും ഉണ്ടായില്ലെന്നും വരും. അപ്പോൾ കാരണവന്മാർ ചോദിക്കും: അകത്തോ പുറത്തോ?
കർക്കടകത്തിൽ ചേന കട്ടെങ്കിലും തിന്നണം: മേടമാസത്തിൽ വെളുത്ത വാവിന്നാൾ ചേന നടും. കർക്കടകത്തിൽ പറിക്കും. പറിക്കണം. ഔഷധഗുണം കൊണ്ടാകാം ഈ ചൊല്ല്.
കർക്കടകകഞ്ഞി: കർക്കടകത്തിൽ 7 ദിവസം ഔഷധക്കഞ്ഞി നേരത്തെ പറഞ്ഞു. ദാരിദ്ര്യം അതിന്റെ സമസ്തരൂപത്തിലും തെളിയുന്ന കാലമാണ് കർക്കടം. സമ്പന്നർ ഉച്ചക്ക് വീടുകളിൽ കഞ്ഞിപാർച്ച നടത്തും.
കർക്കടകത്തിൽഔഷധസേവ: സുഖചികിത്സയുടേയും ഔഷധസേവയുടേയും കാലമാണ് കർക്കടകം.സമ്പന്നരുടെ ചില വിനോദങ്ങൾ!
കർക്കടക ബലി : കർക്കടകത്തിലെ കറുത്തവാവിന്ന് പിതൃക്കൾക്ക് ബലിയിടാറുണ്ട്. പുണ്യനദികളിൽ ഈ ദിവസം നല്ല തിരക്കാവും.
കർക്കടക്കൂര്: കർക്കടത്തിൽ വിരിയുന്ന തേങ്ങ നന്നേ ചെറുതാവും. ഇതിനെ കർക്കടക്കൂര് എന്നു വിളിക്കും!
സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?
കർക്കടകമാസത്തിലെ രീതികളും ആചരണങ്ങളും ഒന്നും അറിയുകയോ പാലിക്കുകയോ ചെയ്യാത്ത ആളുകൾ പണ്ടും ഉണ്ടായിരുന്നു. അവരെ കളിയാക്കാൻ ഉപയോഗിച്ച ചൊല്ലാണ് : കാട്ടുകോഴിക്കെന്തു സംക്രാന്തി?

3 comments:

chithrakaran:ചിത്രകാരന്‍ said...

"സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?"
ഹഹഹഹ.......

ആമുഖത്തിലെ മുങ്കൂര്‍ ജാമ്യാപേക്ഷ കണ്ടു.
ഭേഷായിരിക്കുന്നു !!! നെല്ലും പതിരും വേര്‍ത്തിരിക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കില്‍ ബഹുജനം ഈ കാക്കത്തൊള്ളായിരം കടദാസുകളൊക്കെ അരച്ചുകലക്കിക്കുടിച്ച് വൃകോദരമാരായി അജീര്‍ണ്ണം പിടിച്ച്
മന്ദബുദ്ധി പരുവമായി .... നമ്മുടെ ചീഞ്ഞ സവര്‍ണ്ണ വേശ്യാ/നപുംസക സാംസ്ക്കാരികതയേയും രാഷ്ട്രീയത്തേയും കഴുതപോലെ
താങ്ങി നടക്കുമായിരുന്നോ ശ്രീമാന്‍ രാമനുണ്ണി ?????

ഈ പാവം കാട്ടുകോഴികള്‍ക്ക് വിവരം വെക്കാന്‍
വല്ല കടദാസും വായിച്ച് പ്രബുദ്ധരാകാം എന്നു നിരീച്ച്,
വായന തോടങ്ങ്യാല്‍... ദാ വരുന്നു... ചേറണം കൊഴിക്കണം,പാറ്റണം, കല്ലുപെറുക്കണം, പതിരു കളയണം... കുറുഞ്ചാത്തനെ പിടിക്കണം... കോലോത്തെ തംബ്രാന്റെ പത്തായത്തില്‍ വെളഞ്ഞ നെല്ലാണ്... സ്വര്‍ണ്ണോം,വെള്ളീം നാണ്യങ്ങളായി കിട്ട്യാല്‍ കല്ലും പതിരുമായി വലിച്ചെറിയരുത്, പിടുങ്ങുകയുമരുത്... കോലോത്തെത്തി താണുകേണ് ക്ഷമാപണത്തോടെ തിരിച്ചേല്‍പ്പിച്ച്
മര്യാദക്ക് നടന്നോണം.....ഹഹഹ !!!

എന്താണു രാമനുണ്ണി ഇതൊക്കെ ???....
ചിത്രകാരന്‍ പ്രിന്റു മീഡിയ കലക്കി കുടിക്കാറില്ല.
വല്ലപ്പഴും കണ്ടാലൊന്നു നോക്കും... ഊരിലെ പഞ്ഞമറിയാന്‍ ഉണ്യേ നോക്കുന്നപോലെ :)
അതോണ്ടറിയാത്തോണ്ട് ചോദിക്ക്യാ.... ഇങ്ങനെക്കെണോ നിങ്ങള് പണ്ടാരിപ്പണി ചെയ്ത്
പണ്ടാരമടങ്ങുന്നത് ???

ലജ്ജാകരമാണ് രാമനുണ്ണി !!!
ബുദ്ധിജീവി നാട്ട്യത്തിലുള്ള ഈ കുശിനിപ്പണി.
കുശിനിപ്പണിക്കുമില്ലേ ഒരു അന്തസ്സ് ????
വീട്ടില്‍ അരീം കറീം തുണീം വാങ്ങാന്‍ ഗതിയില്ലാത്തോണ്ട് മാധ്യമങ്ങളില്‍ അരിവെപ്പുമായി
കഴിഞ്ഞുകൂടുന്നു എന്നങ്ങ്ട് തൊറന്നു പറഞ്ഞാല്‍
കുശിനിപ്പണിയുടെ അന്തസ്സെങ്കിലും കീപ് അപ് ചെയ്യാം.തംബ്രാന്റെ അംബ്രാളായി സമാധാനിക്കാം. ഇത് അതൂം ല്ലാ.... ന്നാ ബുജീന്റെ
കസേരേലേ ഇരിക്കൂള്ളു !!!!
മഹാ പാതകമാണേ... താങ്കള്‍ വര്‍ത്തമാനത്തോട്
ചെയ്തുകൊണ്ടിരിക്കുന്നത്.മലയാളികളോടും !!!

ബ്രാഹ്മണ്യത്തിന്റെ നികൃഷ്ട (ഗൂഢ)ചൂഷണ ഭാഷയായിരുന്ന സംസ്കൃത ഭാഷയിലാണോ താങ്കള്‍ ലേഖനത്തിന്റെ തലക്കെട്ടായ "സംക്രാന്തിരസ്തു കിമു കാനനകുക്കുടസ്യ?" വീശിയിരിക്കുന്നത് ?????
ആരെ കണ്ണില്‍ പൊടിടാനാത് ? ആരുടെ ബഹുമാനാണ് ഇനിയും ഊറ്റിയെട്ക്കാം‌ള്ളത് ?

പച്ച മലയാളത്തില്‍ കോയിക്കെന്ത് ചങ്കരാന്തി ന്ന് ചോയ്ചാ പോരെ ശ്രീമാന്‍ രാമനുണ്ണ്യേ ??!!!
അതല്ലേ, അതിന്റെ ഒര് ഇത് !

ചിത്രകാരന്റെ ഓണാശംസകള്‍ ...!!!
(ചെറ്റ വാമനന്റെ കേറോഫിലുള്ള ഓണല്ലാ ട്ടോ...
ബുദ്ധ ദര്‍ശനത്തെ ചവിട്ടിത്താഴ്ത്തിയതിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായിള്ള ഓണം !!!.... :)

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
sreenadh said...

രാമനുണ്ണിയുടെ നല്ല പോസ്റ്റില്‍ ഒരു കഞ്ഞി ചിത്രകാരന്‍ വന്ന് അപ്പിയിട്ടല്ലോ...സാരമില്ല, പോട്ടെ. ബഹുജനം പലവിധം...!