എസ്.വി.രാമനുണ്ണി, സുജനിക
പ്രളയത്തിന്റെ പ്രശ്നങ്ങൾ
വെള്ളം സുലഭമായിടത്ത് പ്രളയം കുഴപ്പം തന്നെ. വെള്ളം ദുർലഭമായിടത്തോ ? അതും ഗുണം ചെയ്യില്ല. അതാണ് ‘എല്ലാം പാകത്തിന്ന്’ എന്ന തത്വം. പാകം അളവ് മാത്രമല്ല, നൈരന്തര്യം കൂടിയാണ്.പ്രയോജനപ്പെടുത്താൻ വേണ്ട ശ്രദ്ധ സാധിക്കലാണ്.
‘എന്റെ മരം’ വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും കൂടി ചെയ്ത ഒരുജ്വല പഠനപ്രവർത്തന മായിരുന്നു. അധ്യാപനത്തിന്റെ സകല സാധ്യതകളും ഉൾപ്പെട്ട പ്രോജക്ട്. വിഷയപരമായും, പ്രയോഗപരമായും, മൂല്യനിർണ്ണയപരമായും പ്രസക്തിയേറെ. ജൂലായ് മാസത്തിൽ കൈപ്പുസ്തകം കിട്ടിയപ്പോൾ അധ്യാപികയും കുട്ടിയും ആഹ്ലാദപ്പെട്ടു. ഇതു ചെയ്യാം…ചെയ്യണം….നന്ന്…അഭിനന്ദിക്കാം.ദിവസങ്ങൾ കഴിഞ്ഞതോടെ ദൈനംദിന തിരക്കുകൾക്കിടയിൽ ‘എന്റെ മരം’ വേലിക്കരികിലേക്ക് നീങ്ങിയിരുന്നു. പിന്നെ ആരും ഒന്നും ചോദിച്ചില്ല,ഒരിക്കൽ ആരോ എന്തോ ഒന്നു ചോദിച്ചു: ടീച്ചറേ, മരം പരിപാടി നടക്കുന്നില്ലേ…ഉവ്വ്…അത്രന്നെ. ചെയ്തതൊന്നും എവിടെയും കണക്കാക്കപ്പെട്ടും ഇല്ല. പിന്നെ എന്തൊക്കെയോ തിരക്കുകൾ കൂടി വന്നു….കുട്ടികൾ ഡയറി ഇടയ്ക്ക് കൊണ്ടുവന്നിരുന്നു.ആദ്യമൊക്കെ നോക്കി അഭിപ്രായം പറഞ്ഞു. പ്രോത്സാഹിപ്പിച്ചു.പിന്നെ കുട്ടികൾക്കും തിരക്കായി…വളർന്ന മരം പിന്നെ ‘ഇരുന്നു’.
അടുത്തകൊല്ലം ശാസ്ത്രവർഷാചരണം. ലിറ്റിൽ സയന്റിസ്റ്റ്. അതി ഗംഭീര പ്രോജക്ട്. ഉഷാറായി എല്ലാവരും. ട്രയിനിങ്ങ്. അപ്പോഴേ കല്ലുകടിച്ചു: കുറേ ചിത്രങ്ങൾ പണം മുടക്കി ഉണ്ടാക്കിയത് ടീച്ചർമാർക്ക് കൊടുത്തു. ഇനി അതു സ്കൂളിൽ കൊണ്ടുപോയി ലാമിനേറ്റ് ചെയ്തു ചുമരിൽ തൂക്കണം. ടീച്ചർമാർക്ക് സന്തോഷമായി. നല്ല സാധനം. ബി ആർ സി യിൽ എത്ര ഭംഗിയായി ലാമിനേറ്റ് ചെയ്തു പ്രദർശിപ്പിച്ചിരുന്നു. ഇതു പോലെ സ്കൂളിലും വേണം..സ്കൂളിൽ വന്നപ്പൊൾ യാഥാർഥ്യം മറിച്ചായി.3500 രൂപയെങ്കിലും വേണം ലാമിനേറ്റ് ചെയ്യാൻ.ഹെഡ്മാസ്റ്റർ കൈമലർത്തി. ബി ആർ സി ക്ക് പണം കയ്യിലുണ്ട്. സ്കൂളിൽ അത്യാവശ്യങ്ങൾക്കില്ല, പിന്നല്ലേ ചിത്രം ലാമിനേറ്റ് ചെയ്യൽ. പിന്നെ ആവാം. എ.ഇ.ഒ നോക്കാൻ വരും. ബി ആർ സി നോക്കൻ വരും…ആ..അപ്പോഴേക്കും ആവാം…പിന്നെ ആരും വന്നില്ല…ഒന്നും കാര്യമായി ഉണ്ടായില്ല. ചെറിയ ചെറിയ പ്രവർത്തനങ്ങൾ ഒക്കെ ചെയ്തു..ഉദ്ഘാടനം ഗംഭീരമാക്കി.പത്രവാർത്ത നന്നാക്കി. സിറ്റി ചാനലുകാർ അന്നു വന്നിരുന്നു. (100 രൂപ അവർക്ക് സയൻസ്ക്ലബ്ബ് ഫണ്ടിൽ നിന്നു ഓട്ടോ ചാർജ് കൊടുത്തു.എന്നാലും അവർ നമുക്ക് വേണ്ടി വന്നല്ലോ!) അപ്പോഴേക്കും ലിറ്റിൽ സയന്റിസ്റ്റ് ക്വിസ്സായി..മത്സരങ്ങളായി..പരിപാടികളായി…മീറ്റിങ്ങുകളായി…ഔദ്യോഗിക യോഗങ്ങളായി..എഛ് എം കോൺഫരൻസിൽ അജണ്ടകളായി….അതൊക്കെ നടന്നു…സ്കൂളിൽ മറ്റു തിരക്കുകളിൽ കുട്ടിക്ക് കാര്യമായൊന്നും ഉണ്ടായില്ല. സൂര്യഗ്രഹണം ഗംഭീരമായി. സബ്ജില്ലയിൽ നിന്നു ഒന്നോരണ്ടോ കുട്ടികളെ എന്തിനോ തിരഞ്ഞെടുത്തു എന്നു ടീച്ചറോട് ആരോ എന്നോ പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എന്തു കിട്ടിയെന്നു ആരും പറഞ്ഞും കേട്ടില്ല.
പിന്നെ, ഈ തിരക്കുകൾക്കിടയിൽ ‘തെളിമ’ ഉഷാറായി വന്നു. മീറ്റിങ്ങുകൾ, ടയിനിങ്ങുകൾ,അതിമനോഹരമായ ഒരു പുസ്തകവും. ബി ആർ സി.മീറ്റിങ്ങ് വിളിച്ചിരുന്നു.‘തെളിമ’ സംഭവം എന്തെന്നറിയാത്ത ഹേഡ്മാഷ് തിരക്കൊഴിഞ്ഞ ഒരു മാഷിനെ മീറ്റിങ്ങിനു വിട്ടു. മൂപ്പർ മീറ്റിങ്ങ് കഴിഞ്ഞുവന്നു. എന്തേ അവിടെ ഉണ്ടായത്? ഒഹ്ഹ് …ബുക്ക് വരും. ബുക്ക് വന്നുവെന്ന് അറിഞ്ഞപ്പോൾ പോയി കെട്ടിക്കൊണ്ടുവന്നു. സ്കൂളിൽ വെച്ചു. പിന്നെ ഒന്നും ഉണ്ടായില്ല. അതിനേക്കാൾ വലിയ തിരക്കുകൾ വന്നും നടന്നും കൊണ്ടിരുന്നു. ഈ കെട്ടു മറന്നു. അതിനിടക്ക് ചില ക്വിസ്സ് പരിപാടികൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിങ്ങനെ ഒരായിരം സംഗതികൾ. അതിനൊക്കെ കുട്ടികളേയും കൂട്ടി പ്പോകാൻ പാടുപെട്ട ഹേഡ്മാഷും ടീച്ചർമാരും…ഒക്കെ കൂടി പ്രളയം…
ഇതു ഒരു സൂചനയാണ്. പണം ചെലവഴിച്ച്, വേണ്ടത്ര പ്രചാരണം കൊടുത്ത് വളരെ അർഥ സമ്പൂർണ്ണമായ പരിപാടികൾ തന്നെയെങ്കിലും നമ്മുടെ സാധാരണ സ്കൂളുകളിൽ ഇതൊന്നും കുട്ടിക്ക് വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് വന്നാലോ? അപൂർവം സ്കൂളുകളിൽ സംഗതികൾ നന്നായി നടന്നു കാണും എന്നു മറക്കുന്നില്ല. പൊതുവെ കാണുന്ന നില സൂചിപ്പിച്ചതാണ്. ഇതു വിലയിരുത്താറായില്ലേ? കാര്യങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കാറായില്ലേ? എന്തു പോം വഴി?
1 comment:
സ്കൂളിൽ നടക്കുന്നതും നടക്കേണ്ടതുമായ പ്രവർത്തനങ്ങൾ എല്ലാവരും അറിയുകയും,എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്താൽ കാര്യങ്ങൾ ഭംഗിയാവും.
Post a Comment