17 January 2010

കൊച്ചു കൊച്ചു കാര്യങ്ങൾതന്നെ 2


അറിവടയാളം

‘കണ്ടാലൊട്ടറിയുന്നതു ചിലർ..’

അതാരാ പോകുന്നത്? ഒരു കാർപ്പെന്റർ, മൂത്താശാരി.
അതാരാ? ഒരു ഡ്രൈവർ, ഒരു പോലിസ്സുകാരൻ,ഒരു തപാൽക്കാരൻ, വീട്ടമ്മ,പാൽക്കാരി..
അതാരാ?
ഒരു സ്കൂൾ കുട്ടി. വിദ്യാർഥിഎന്നു തിരിച്ചറിയാൻ കഴിയുമോ?
പ്രായം കൊണ്ട് ‘കുട്ടി’ എന്നറിയാം. വിദ്യാർഥിയെന്നറിയാൻ കഴിയുമോ?മാഷിനെ കണ്ടാലറിയുമോ? ടീച്ചറെ കണ്ടാലറിയുമോ?
നമ്മുടെ സ്വത്വം നമ്മുടെ രൂപഭാവങ്ങളിൽ അലിഞ്ഞുചേരുമ്പോഴാണിത് സംഭവിക്കുന്നത്. അധ്യാപകന്റെ സ്വത്വം അവനിൽ സ്വാഭാവികമായി ലയിച്ചുകിടക്കും. കുട്ടികളെ സ്നേഹിക്കുന്ന, പഠിപ്പിക്കുന്ന, അതിന്നായി സ്വയം പഠിക്കുന്ന, സ്നേഹസമ്പന്നനായ ഒരു വ്യക്തി ആവണമല്ലോ അധ്യാപകൻ-അധ്യാപിക?ഇതു അവരിൽ പ്രകടമാവാതെ പോകുന്നതെന്തുകൊണ്ട്?
പുതിയ കാര്യങ്ങൾ മനസ്സിലക്കാൻ ആഗ്രഹിക്കുന്ന, പഠിച്ചറിഞ്ഞസംഗതികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന, തെറ്റുകൾ തിരുത്തുന്ന, സ്വയം കണ്ടെത്തുന്ന ഒരു സ്വത്വം ആണല്ലോ വിദ്യാർഥിക്ക് ഉണ്ടാവേണ്ടത്?ഇതു അവനിൽ-അവളിൽ പ്രകടമാകതെ പോകുന്നതെന്തുകൊണ്ട്?
ഇതിന്നുള്ള ഒരു കാരണം വിദ്യാർഥിയുടെ, അധ്യാപകരുടെ സ്വത്വം ‘അറിവ്’ മായ ബന്ധപ്പെട്ട ഒന്നല്ലാതയതുകൊണ്ടാണോ? കയ്യിൽ ഒരു പുസ്തകമോ, ദിനപത്രമോ, വാരികയോ പോക്കറ്റിൽ ഒരു പേനയോ ഇല്ലാത്ത വിദ്യാർഥിയും അധ്യാപകനും എങ്ങനെ തിരിച്ചറിയപ്പെടും? മൂത്താശാരിയുടെ കയ്യിൽ ഒരു ഉളിയും മുഴക്കോലും ഇല്ലാതെ അയാളെ നാം കാണില്ല. പോക്കറ്റിൽ ഒരു ടേപ്പെങ്കിലും കാണും. ചെവിക്കുറ്റിയിൽ ഒരു കുറ്റിപ്പെൻസിൽ തിരുകിയിരിക്കും. നമ്മുടെ ആശാമ്മാരുടെ കയ്യിൽ മൊബൈൽ കാണും. അതിപ്പോ എല്ലാർക്കും ഉള്ളതും ആണല്ലോ!
വിദ്യാർഥി സ്കൂൾ യൂണിഫോം കൊണ്ട് തിരിച്ചറിപ്പെടുന്നവനാകരുത്. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഏറ്റിനടക്കുന്ന സഞ്ചികൊണ്ടും മാത്രമാകരുത്.അറിവടയാളം കൊണ്ട് തിരിച്ചറിയപ്പെടണം. കയ്യിൽ ഒരു പുസ്തകമോമറ്റോ. സംഭാഷണം കേട്ടാലറിയണം; പ്രവൃത്തികണ്ടാലറിയണം. അതെ അവൻ-അവൾ ഒരു സ്കൂൾ കുട്ടി. മിടുക്കൻ-മിടുക്കി. ബുദ്ധിയുണ്ട്. അറിവുണ്ട്.


3 comments:

Sapna Anu B.George said...

സ്വത്വം ‘അറിവ്’ ?? what does this mean??

സുജനിക said...

വിദ്യാർഥിയുടെ ‘സ്വത്വം’ ‘തനിമ’എന്നത് ‘അറിവ്’ ആണല്ലോ. നന്ദി.

Anonymous said...

ആഗ്രഹം : അതെ ബ്രഹ്മത്തെ ആചരിക്കുന്നവനാകണം (ബ്രഹ്മചാരി) വിദ്യാര്‍ത്ഥി. നോക്കിലും വാക്കിലും എന്നു വേണ്ട ചിന്തയില്‍ വരെ വിദ്യ അര്‍ത്ഥിക്കുന്നവനാണ് (വിദ്യാര്‍ത്ഥി)താനെന്ന ബോധം അവനുണ്ടാകണം.

ആവലാതി :പക്ഷെ രാമനുണ്ണി മാഷേ, ഇങ്ങനെയൊരാളെ ഇനി നമുക്ക് കണികാണാനാകുമോ?