കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ
പുസ്തകങ്ങളിൽ എഴുതി വച്ച കഥകൾ നമ്മൾ ഒറ്റയടിക്ക് വായിച്ചു പോവുകയാണ് പതിവ്. അങ്ങനെ ഒരു വായനയേ സാധ്യമാകൂ.
എന്നാൽ, കഥകളിൽ വായനക്കാരുടെ മനസ്സിൽ ചോദ്യമുണർത്തുന്ന പല ഇടങ്ങൾ കാണാം. നാടോടിക്കഥകളിലും പഞ്ചതന്ത്ര കഥകളിലും പലതരത്തിലുള്ള ചൊൽക്കഥകളിലും ഒളിച്ചിരിക്കുന്ന ഈ സാധ്യതകൾ കുട്ടികൾക്കു മുന്നിൽ തുറന്നിടാൻ കഥകളുടെ ഡിജിറ്റൽ അവതരണങ്ങൾക്ക് സാധിക്കും.
കഥയുടെ ചില പ്രത്യേകസന്ധികളിൽ ചിന്തയെ വഴിതിരിച്ചു വിട്ട് കുട്ടികളുടെ ഭാവനയ്ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള അവസരം ഉണ്ടാക്കാം. സർഗ്ഗാത്മകചിന്ത പോഷിപ്പിക്കാൻ ഈ വഴിമാറ്റ (Twist) ങ്ങൾ സഹായിക്കും.
'എന്തുകൊണ്ട് അങ്ങനെയായി?' എന്ന ചോദ്യം വിമർശനാത്മക വായനയുടെ തുടക്കമാണ്. കഥ വായിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ മനസ്സിലുണ്ടാകാറുണ്ട്. എന്നാൽ എഴുതിവച്ച പാഠത്തെ പിൻതുടരലാണ് ഏക വഴി എന്നു വരുമ്പോൾ ചോദ്യത്തിനുള്ള സാധ്യത അടക്കിവെയ്ക്കേണ്ടിവരുന്നു. ഇവിടെ കുട്ടിയുടെ ഇടപെടലിനുള്ള ഇടങ്ങൾ കുറയുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കഥയുടെ ഡിജിറ്റൽ രൂപങ്ങൾക്ക് ഒരളവുവരെ കഴിയും.
വായനക്കാരുടെ സ്വാതന്ത്ര്യം കഥയെഴുതിയ ആളുടെ ചിന്തയും വഴികളും പിന്തുടരുക എന്നതിനപ്പുറമാണ്. ഈ സ്വാതന്ത്ര്യത്തെ അംഗീകരിക്കുവാനും വായിക്കുന്ന കഥയിൽ നിന്ന് (എഴുത്തുകാരൻ ഉദ്ദേശിക്കാത്ത) കഥകൾ രൂപപ്പെടുത്താനും സാധിക്കും. ഇങ്ങനെ വായനയെ രചനയുമായി ഇണക്കിച്ചേർക്കുവാനുള്ള സാധ്യതകളെ ഡിജിറ്റൽ രൂപങ്ങൾ കൂടുതൽ പിന്തുണയ്ക്കും.
വിമര്‍ശനാത്മക വായന, സര്‍ഗ്ഗാത്മക വായന, വായനക്കാരന്റെ സ്വാതന്ത്ര്യം, സ്വതന്ത്രചിന്ത എന്നീ ഘടകങ്ങളിൽ കഥയുടെ ഡിജിറ്റൽ രൂപങ്ങൾ സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഈ ഘടകങ്ങൾ മനസ്സിൽ കണ്ട് ഞങ്ങള്‍ രൂപപ്പെടുത്തിയ കുട്ടികള്‍ക്കായുള്ള ചില കഥകള്‍ ഋതുവിന്റെ വെബ്സൈറ്റിലൂടെ ഓരോന്നായി പ്രസിദ്ധീകരിക്കുകയാണ്. വായിച്ചു പ്രതികരിക്കുക.
https://rhithu.com/istories/
No comments:
Post a Comment