ജലപ്പരപ്പിലോ ആകാശപ്പരപ്പിലോ നോക്കുന്ന നാം ഉപരിപ്ലവമായ കാഴ്ചകളിൽ അഭിരമിക്കുകയാണ്. അത്രയേ നമുക്കാവശ്യമുള്ളൂ, ആവതുള്ളൂ. ‘ ആവാത്തതിങ്ങനെ നണ്ണി ചുമ്മാ , മാഴ്കൊല്ലെ എന്നൊമലുണ്ണി, എന്ന ഉപദേശം നാമറിഞ്ഞോ അറിയാതെയോ കൈവശമുണ്ട്. എന്നാൽ കാണുന്നതിനുമപ്പുറത്തേക്ക് കാണുകയും കേൾക്കുന്നതിനപ്പുറത്തേക്ക് കേൾകുകയും ഒക്കെ ചെയ്യുന്നിടത്ത് കാഴ്ചയും കേൾവിയും സ്പർശനവും രുചിയും ഗന്ധവും ഓർമ്മയും സൗന്ദര്യാത്മകമായ അനുഭവങ്ങളായി , കവിതയായി ഊറിക്കൂടുന്നു. ആവാത്തതിനിനെച്ചൊല്ലിയുള്ള കരച്ചിൽ ആവാന്മയെ മറികടക്കുന്നത് കവിതയിലൂടെയാണ്. കവിത എന്നത് ഒരു സർവനാമമായി , കലാരൂപങ്ങളുടെയൊക്കെ പര്യായം പോലെ ഉപയോഗിക്കുകയുമാണ്. ആവുന്നതുമതി എന്നു കരുതുന്ന അമ്മക്കും കുട്ടിക്കും കവിതയെഴുതാനാവില്ല. വല്ലിയിൽ നിന്ന് പൂക്കൾ പറക്കുകയോ , പൂമ്പാറ്റയെപ്പോലെ പറക്കാൻ ആഗ്രഹിക്കുകയോ ഇല്ല. ആവായ്മ മനസ്സിലാക്കൽ മനുഷ്യനെ മണ്ണിൽ സ്വസ്ഥമായി നിർത്തും . ആവായ്മയെകുറിച്ചുള്ള അസ്വസ്ഥതകളാണ് കലാസൃഷ്ടികൾക്ക് ആരൂഢം.ReadmOre
No comments:
Post a Comment