27 December 2015

കേരളപ്പിറവി - വീണ്ടും ഒരു പിറന്നാൾ


പഴമ സീരീസ്

കേരളപ്പിറവി - വീണ്ടും ഒരു പിറന്നാൾ

നവംബർ ഒന്ന് . വീണ്ടും ഒരു കേരളപ്പിറവി ദിനം . പിറവിദിനങ്ങൾ പിറന്നാളുകളാണ്`. ഓരോ പിറന്നാളും ജീവിതത്തിലെ ആഘോഷദിനങ്ങളാണ്`. ആഘോഷങ്ങൾ കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഓർമ്മകളും വരും കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്`. അത് ആളിന്റെയായാലും സ്ഥാപനത്തിന്റെയായാലും രാജ്യത്തിന്റെയായാലും. അതുകൊണ്ടുതന്നെ പിറന്നാളുകൾ ആഘോഷിക്കുന്നത് ലോകമെമ്പാടും ഒരു സാംസ്കാരിക ഘടകമാണ്. കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് നവീകരിക്കപ്പെടുന്ന ഒരു സാംസ്കാരിക രൂപം എന്ന നിലയിൽ നമുക്കിതിനെ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലത്തേതെങ്കിലും നമുക്കറിയണമല്ലോ. ഇന്നത്തെ പിറന്നാളാഘോഷങ്ങൾ ഇവിടെ വിവരിക്കേണ്ടതില്ല. നാമത് ചെയ്തുകൊണ്ടിരിക്കുന്നു. നേരനുഭവങ്ങൾ നമുക്കുണ്ട്. പഴയകാലത്തെക്കുറിച്ച് - കേരളപ്പിറവികാലത്തെ പിറന്നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ അന്വേഷിച്ചുനോക്കൂ. ഓരോ വിഭാഗങ്ങളുടേയും ഓരോ പ്രദേശങ്ങളിലേയും രീതികളിലെ വ്യത്യസ്തത അന്വേഷിക്കുന്നത് സാംസ്കാരികപഠനമെന്ന നിലയിൽ കൗതുകകരമാണ്`. 50 വർഷം മുമ്പ് എനിക്കുണ്ടായ പിറന്നാളനുഭവങ്ങൾ ഇങ്ങനെയാണ്`.

പുതുതലമുറയുടെ പിറന്നാൾ
ബെർത്ത് ഡേ [ ബി. ഡെ]
----------
മലയാളമാസം നാൾ വെച്ച് ഒന്ന് / രണ്ട്
ഇത് അവധി ദിവസമല്ലെങ്കിൽ അതിനനുസരിച്ച് ഒന്ന്
ഇംഗ്ളീഷ് തീയതി വെച്ച് ഒന്ന്
സ്കൂൾ സർട്ടിഫിക്കറ്റിൽ കൊടുത്ത ഡി.ബി വെച്ച് ഒന്ന്
ഫേസ്‌‌ബുക്ക് പോലുള്ള ഇടങ്ങളിൽ കൊടുത്ത ഡി.ബി വെച്ച് ഒന്ന്
ഇതിന്റെയൊക്കെ ആഘോഷരീതികളിൽ വ്യത്യാസമുണ്ട് , പങ്കെടുക്കുന്ന ആളുകളിൽ വ്യത്യാസമുണ്ട്, വിഭവങ്ങളിൽ വ്യത്യാസമുണ്ട് .... എന്തായാലും എല്ലാറ്റിനും ചെലവുമുണ്ട് .......

കേരളപ്പിറവിക്കാലത്ത് വള്ളുവനാടൻ പിറന്നാളുകൾ

പ്രധാനമായും 6 പിറന്നാളുകളാണ്` ആചരിക്കുന്നത് .
  • 28 -ം ദിവസ പിറന്നാൾ [ ഇരുപത്തെട്ട് ]
  • മാസപ്പിറന്നാൾ
  • ആട്ടപ്പിറന്നാൾ
  • ഷഷ്ഠിപൂർത്തി [ 60-ം പിറന്നാൾ ]
  • 80 -ം പിറന്നാൾ
  • ശതാബ്ദി [ 84 -ം പിറന്നാൾ ]

പിറന്നാൾ എന്ന്?
ജനിച്ച നാൾക്കണക്കിനാണ്` പിറന്നാൾ കൊണ്ടാടുന്നത്. ജനിച്ച മാസം, നാൾ എന്നിവയാണ്` അടിസ്ഥാനം. ജനനത്തീയതി കേരളരീതിയല്ല. മേടമാസത്തിൽ അശ്വതിനാൾ . അടുത്ത മേടത്തിൽ അശ്വതി അടുത്തത്. മാസത്തിൽ 30-31-32 ദിവസവും 27 നാളും എന്ന കണക്കിൽ ഒരു മാസത്തിൽ ത്തന്നെ ഒരു നാൾ രണ്ടുപ്രാവശ്യം വരും. മേടം ഒന്നിനു അശ്വതിയാണെങ്കിൽ ആമാസം 28 നു വീണ്ടും അശ്വതി വരും. അപ്പോൾ ആദ്യ അശ്വതി വെറും വഴിപാടായും 28 ലെ അശ്വതി ഗംഭീര സദ്യയോടെയും ആഘോഷിക്കും. അപ്പോഴാണ്` ഒരു വയസ്സു പ്രായം കൂടിയെന്ന് കണക്കാക്കുന്നത്.

പ്രധാനപിറന്നാളുകൾ മേല്പ്പറഞ്ഞ 6 എണ്ണമാണ്`. അതിൽ ആദ്യ രണ്ടെണ്ണം കുട്ടികളുടെ മാത്രമാണ്` . ഇരുപത്തിയെട്ട് പ്രസവിച്ച് 28-ം ദിവസം. മാസപ്പിറന്നാൾ ഓരോ മാസവും ജനിച്ച നാളിൽ. 8-10 വയസ്സാവുന്നതുവരെ ഇത് ആചരിക്കും. പിന്നെ ആട്ടപ്പിറന്നാളുകൾ മാത്രം .60-ം വയാസിൽ ഷഷ്ഠിപൂർത്തിപ്പിറന്നാളും 84 -ം വയസ്സിൽ ശതാബ്ദി പിറന്നാളും ഉഷാറാക്കും. ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട കണക്കാണ്` 84 നു. ഭാഗ്യവൻമാർ തന്നെ.

ഇരുപത്തെട്ട്

ജനിച്ച് 28 -ം ദിവസം ആദ്യ പിറന്നാൾ ആഘോഷിക്കും. ജനിച്ച നാൾ [അശ്വതി ... ] തൊട്ട് അടുത്ത അശ്വതി [ അത് 28 നോ 29 നോ ആവും ചിലപ്പോൾ ] ക്ക് പിറന്നാളാഘോഷിക്കും. ഈ രണ്ടു തരത്തിലും കുട്ടിയുടെ ഇരുപത്തെട്ട് കണക്കാക്കും. അന്ന് സദ്യയോടുകൂടിയ ആചാരാഘോഷങ്ങൾ ഉണ്ട്. രാവിലെ അമ്മയും കുട്ടിയും കുളിച്ച് പ്രാർഥനയോടെ കത്തിച്ചുവെച്ച നിലവിളക്കിനുമുമ്പിൽ നാക്കിലയിൽ സദ്യ വിളമ്പി ഭക്ഷണം കഴിക്കും. മുതിർന്നവർ സദ്യ വിളമ്പിക്കൊടുക്കും. അമ്മയുടെ മടിയിൽ വെക്കും കുട്ടിയെ. കുട്ടിക്ക് സദ്യയില്ല. [ കുട്ടിക്ക് ചോറുകൊടുക്കുന്നത് 5- 6 മാസം കഴിഞ്ഞിട്ടേ ഉള്ളൂ. അതിനു വേറേ ചടങ്ങുകൾ ആണ്`. ] അമ്മ ഊണു കഴിക്കും. അതിനു മുമ്പ് പ്രാ‌‌ർഥനയോടെ കുട്ടിയെ കണ്ണെഴുതിക്കും. നെറ്റിയിൽ വലതുഭാഗത്ത് [ നടുക്ക് അല്ല ] കരിപ്പൊട്ട് തൊടുവിക്കും. വയമ്പ് കൊടുക്കും. [ വയമ്പ് സ്വർണ്ണം എന്നിവ ചാണയിൽ ഉരച്ച് അതിൽ വെണ്ണ ചേർത്ത് ഇലയിൽ എടുക്കുന്നതാണ്` 'വയമ്പ്' ]
ഇരുപത്തിയെട്ടിന്ന് കുട്ടിയുടെ കാത് കുത്തും. കരിവളയിടുവിക്കും. അരയിൽ ചരട് കെട്ടും. തള യിടുവിക്കും കാലിൽ. ഇതൊക്കെ ആഘോഷമെന്നതിനേക്കാൾ ആചാരപൂർവമായ സംഗതികളാണ്`. സദ്യ പതിവുപോലെ കേമമാക്കും. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിക്കും. സ്ത്രീകളുടെ പങ്കാളിത്തമാണ്` മികച്ചു നിൽക്കുക.

എല്ലാ മാസവും ജനിച്ചനാൾ [ അശ്വതി..... ] വരും. അന്ന് മാസപ്പിറന്നാൾ. അതിനു ആഘോഷമൊന്നും ഇല്ല. പ്രാർഥന, കുളിച്ച് ക്ഷേത്രദർശനം , വഴിപാട് തുടങ്ങിയവ മാത്രമേ ഉള്ളൂ.

ആട്ടപ്പിറന്നാൾ

കൊല്ലം തികയുമ്പോഴാണ്` ആട്ടപ്പിറന്നാൾ ആഘോഷിക്കുക. 1956 മേടം - അശ്വതി യിൽ ജനിച്ചാൽ 1957 മേടം - അശ്വതി പിറന്നാൾ . മേടം ഒന്നാം തീയതിയോ രണ്ടാന്തീയതിയോ ഒക്കെയാണ്` അശ്വതിയെങ്കിൽ ആ മാസം തന്നെ ഒന്നുകൂടെ [28 നോ 29നോ ഒക്കെ ] രും ഈ നാൾ. അപ്പോൾ അന്നാണ്` പിറന്നാൾ. ഒരു വയസ്സ് പ്രായം കൂടും.
അതിരാവിലെ കുളിച്ച് അതത് വിഭാഗം ജനങ്ങളുടെ സാമ്പ്രദായിക ചടങ്ങുകളോടെ പിറന്നാളാഘോഷിക്കും. പ്രത്യേക വഴിപാടുകൾ, കുളിച്ച് കുറിയിട്ട് പുതുവസ്ത്രത്തോടെ [ ചിലപ്പൊൾ അലക്കിയതുമാകാം ] പിറന്നാൾക്കാരൻ / ക്കാരി ഉഷാറായിരിക്കും. ഉച്ചക്ക് സദ്യ.

നിലത്ത് പലകയിട്ടിരുന്നു നാക്കിലയിലാണ്` ഭക്ഷണം. കണ്ണെഴുതി കുറിയിട്ട് ദശപുഷ്പം ചൂടിയിരിക്കും പിറന്നാൾക്കാരൻ. മുമ്പിൽ വിളക്ക് നിറതിരിയിട്ടു കത്തിക്കും. ഈശ്വരസങ്കൽപ്പം. വിളക്കിനു മുമ്പിലും നാക്കിലയിട്ട് സദ്യ വിളമ്പും ഒരു ചടങ്ങായി. ആ ഇലയിലെ വിഭവങ്ങൾ പിറന്നാൾക്കാരന്റെ / കാരിയുടെ ഊണുകഴിഞ്ഞാൽ വയറ്റാട്ടിക്ക് അവകാശപ്പെട്ടതാണ്`. പിറന്നാളുള്ളയാൾ ഉണ്ണുന്നതിന്റെ വലതുഭാഗത്ത് ഇരുന്നുണ്ണുക പിറന്നാൾകാരന്റെ വളരെ വേണ്ടപ്പെട്ട ബന്ധുവാണ്`. സമപ്രായക്കാരാവും ഇത് മിക്കപ്പോഴും. അമ്മ കുളിച്ച് അലക്കിയതുടുത്ത് ദശപുഷ്പം ചൂടി ആദ്യം വിളക്കത്ത് വിളമ്പും. പിന്നെയാണ്` പിറന്നാൾക്കാരന്ന് വിളമ്പുക. വിശദമായ സദ്യയാണ്`. ഉപസ്തരണം [ നെയ്യ് ] വിളമ്പണം. ഊണുകഴിഞ്ഞ് ഒരൽപ്പം ചോറ് ഇലയിൽ അവശേഷമായിയിട്ടേ എണിക്കാവൂ.

കുടുംബത്തിൽ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ഒക്കെ സദ്യക്ക് ഉണ്ടാവും. അതുകൊണ്ടുതന്നെ സദ്യ നന്നേ മോശമാവില്ല. പണിക്കാരും മറ്റുമായി നാലാള്` പുറത്തുമുണ്ടാവും ഉണ്ണാൻ. എല്ലാവർക്കും പിശുക്കില്ലാതെ വിളമ്പും.

ഷഷ്ഠിപൂർത്തി
60-ം പിറന്നാൾ വലിയ സദ്യയാണ്`. എല്ലാവരേയും ക്ഷണിക്കും. കുടുംബക്കാരും വേണ്ടപ്പെട്ടവരുമൊക്കെ തലേ ദിവസം തന്നെ എത്തും. തലേദിവസം തന്നെ എത്താനായിരിക്കും ക്ഷണം. “ അന്നേ ദിവസം രാവിലെ കുളിപ്പാൻ തക്കവണ്ണം എത്തിച്ചേരാൻ താൽപര്യം " എന്നായിരിക്കും ക്ഷണക്കത്തിൽ കുറിക്കുക. കുളിക്കാൻ തക്കവണ്ണം എത്തിച്ചേരണമെന്നുണ്ടെങ്കിൽ പണ്ട് തലേ ദിവസം തന്നെ എത്തിച്ചേരണമല്ലോ ! ഇന്നത്തേതുപോലെ സദ്യ കഴിഞ്ഞാൽ ഉടനെ തിരിച്ചുപോകില്ല. അന്നു വൈകുന്നേരമോ പിറ്റേ ദിവസമോ ഒക്കെ തിരക്കും തരവും പോലെ മെല്ലേ മാത്രമേ പോകൂ.

രാവിലെ കുളി, കുറി, വഴിപാട് പശുദ്ദാനം എന്നിവ ഷഷ്ഠിപൂർത്തിക്ക് ഉണ്ട്. പുതുവസ്ത്രം സദ്യ എന്നിവയും . നിലവിളക്കിനുമുമ്പിൽ നാക്കിലയിട്ടിരുന്നു ഊണുകഴിക്കും. പരക്കെ സദ്യക്ക് ക്ഷണം ഉണ്ടാവും. കൈകൊട്ടിക്കളി, കച്ചേരി , കഥകളി തുടങ്ങിയവയും ചില തറവാടുകളിൽ ഉണ്ടാവും.

ശതാബ്ദി [ 84-ം പിറന്നാൾ ]

80-ം പിറന്നാൾ ചെറിയതോതിൽ ആഘോഷിക്കും. 84 കേമമാക്കും. പണ്ടൊക്കെ 84 ൽ എത്തുന്നവർ വളരെ കുറവായിരുന്നു. അതുകൊണ്ട് 60 ആണ്` ഗംഭീരമാക്കുക. 1000 പൂർണ്ണചന്ദ്രനെ കണ്ടയാളാണ്` 84 കാരൻ / കാരി. അതാണ്` 84 ന്റെ സവിശേഷത. അതി ഭാഗ്യവാൻ . ചടങ്ങുകളും സദ്യയും ഒക്കെ മുൻപറഞ്ഞപോലെത്തന്നെ.

സദ്യ
പിറന്നാൾ സദ്യ , കല്യാണസ്സദ്യ, അടിയന്തിരസ്സദ്യ , ചോറൂണ്` സദ്യ എല്ലാം ചെറിയ ചെറിയ വ്യത്യാസങ്ങളുള്ളവയാണ്`. ചതുർവിധ വിഭങ്ങളാണ്` സദ്യ. ഖാദ്യം [ കടിച്ച് തിന്നുന്നത് ] പേയം [ കുടിക്കുന്നത് ] , ലേഹ്യം [ നക്കിത്തിന്നുന്നത് ] ധൂപം [ പുകയ്ക്കുന്നത് ] എന്നിവ. ഷഡ്‌‌രസങ്ങളും ഉണ്ടാവും. എരിവ്, പുളി, കയ്പ്പ്, ചവർപ്, മധുരം, ഉപ്പ്. സദ്യ 3 ഘട്ടങ്ങളാണ്`. സദ്യ ഉണ്ടാക്കൽ, സദ്യ വിളമ്പൽ, സദ്യ ഉണ്ണൽ. നാല്` കറി [ കാളൻ, ഓലൻ, എലിശേരി, പുളിശേരി ] , നാല്` ഉപ്പിലിട്ടത് [ ഇഞ്ചിത്തൈര്`, പുളിയിഞ്ചി, മാങ്ങ, നാരങ്ങ ] , നാല്` വറവ് [ കായ, ചേന, ശർക്കരഉപ്പേരി, മുളക് ] , നാല്` പായസം [ പാൽ, അരി, പഴം, ചെറുപയർ ] എന്നിവയോടുകൂടിയതാണ്` സദ്യ.

നിലത്ത് പലകയിട്ട് ചമ്രം പഠിഞ്ഞിരുന്നാണ്` ഊണ്`. നാക്കിലയിൽ വിഭവങ്ങൾ വിളമ്പുന്നു. നെയ്യും പരിപ്പും ചേർത്ത ആദ്യ കോഴ്സ് . പിന്നെ കറികൾ കൂട്ടി. പിന്നെ രസം പപ്പടം , പിന്നെ പായസം . പിന്നെ തയിർ കൂട്ടി . അഞ്ച് കോഴ്സാണ്` ഊണു`. ഊണു കഴിഞ്ഞാൽ ചുക്കുവെള്ളം, മുറുക്കാൻ എന്നിവയും.

ചടങ്ങുകൾ
ആദ്യം കുളി. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കണം. എണ്ണ തേക്കരുത്. അലക്കിയ മുണ്ട് / വസ്ത്രം വേണം. അലക്കിയത് ഉടുക്കുക എന്നാണ്` ചടങ്ങ് . വഴിപാടുകൾ ചെയ്യും. 60-80-84 പിറന്നാളുകൾക്ക് 'പശുദ്ദാനം ' ചെയ്യും. കറവയുള്ള പശു അതിന്റെ കുട്ടി എന്നിവയെ മഹാബ്രാഹ്മണർക്ക് ദാനം ചെയ്യും. കൊമ്പും കുളമ്പും സ്വർണ്ണം കെട്ടിച്ച പതിനായിരം പശുക്കളെ ദാനം ചെയ്ത പുരാണ കഥാപാത്രങ്ങളുണ്ട്. പിറന്നാളിന്ന് മാത്രമല്ല പശുദ്ദാനം. വിശേഷാവസരങ്ങളിലൊക്കെ പണ്ട് പണമുള്ളവർ പതിവാണ്`. പാപപരിഹാരാർഥം ആണിത് . പിന്നെ പിന്നെ ഒരു പശു എന്നായി. പിന്നീട് നാലേകാൽ പണം [ ഏകദേശം 25 പൈസ ] മായി ദാനം. ചടങ്ങായി.

10- 10.30 ആവുമ്പോൾ ഊണ്`. സദ്യ. നാക്കിലയിൽ വേണം. ഇരിക്കാൻ പലക വേണം. മുന്നിൽ നിലവിളക്ക് വേണം. വേണ്ടപ്പെട്ടയാൾ വലതുഭാഗത്ത് ഇരിക്കണം . ആദ്യം വിളക്കത്ത് നാക്കിലയിട്ട് വിളമ്പും. പിന്നെ വലത്ത് വിളമ്പും. അമ്മയാണ്` വിളമ്പുക. മുടി കോതിക്കെട്ടി ദശപുഷ്പം ചൂടി കണ്ണെഴുതി വിളമ്പണം. എല്ലാം വിളമ്പിക്കഴിഞ്ഞേ ഉണ്ണാൻ തുടങ്ങാവൂ. എല്ലാം തുടച്ച് കഴിക്കരുത്. ഉച്ചിഷ്ഠം ഒരൽപ്പം ഇലത്തലപ്പത്ത് ഉണ്ടാവണം.

60-80-84 പിറന്നാളുകൾക്ക് വേണ്ടപ്പെട്ടവർ സമ്മാനങ്ങൾ നൽകും. തുളസിമാല, രുദ്രാക്ഷമാല, കോടിമുണ്ട് എന്നിങ്ങനെ. 28 നും ആട്ടപ്പിറന്നാളിനും മോതിരം തള വള അരഞ്ഞാൺ മാല പാവുമുണ്ട് എന്നിവയും. സാധാരണ പിറന്നാളുകൾക്ക് സമ്മാനം പതിവില്ല. ദൂരസ്ഥലത്തുള്ളവർ പോലും പിറന്നാളിന്ന് വീട്ടിലെത്തും. അഛനമ്മമാരുടെ ശ്രാർദ്ധം, പിറന്നാൾ, തട്ടകത്ത് കാവിലെ ഉത്സവം, ഓണം വിഷു തിരുവാതിര എന്നീ വിശേഷങ്ങൾക്ക് നിർബന്ധമായി ലീവെടുത്ത് വീട്ടിലെത്തും.

പഴമ അന്വേഷിക്കുന്നത് പഠനമാണ്`. ഒരു പാട് സങ്കൽപ്പങ്ങൾ, രീതികൾ, നിബന്ധനകൾ, അലിഖിത നിയമങ്ങൾ, സംസ്കാരവിശേഷങ്ങൾ എന്നിവ മനസ്സിലാക്കാനാവും. പഠിക്കാനാവും. അതൊക്കെ ഇന്ന് പകർത്താനല്ല. മനസ്സിലാക്കാൻ. പകർത്താൻ എളുപ്പമല്ല. അതാവശ്യവുമില്ല. കാലം മാറുന്നതോടെ എല്ലാം മാറുന്നു. മാറ്റം മുന്നോട്ടാണ്`. മാറ്റത്തിന്റെ കാരണം കാലവും.

No comments: