25 May 2015

ഉപമകളും ഉദാഹരണങ്ങളും


വസ്തുസ്ഥിതികഥനങ്ങൾ, വാദമുഖങ്ങൾ എന്നിവ ഉറപ്പിച്ചും തെളിച്ചും നിലനിർത്താൻ വ്യവഹാരത്തിൽ പ്രയോജനപ്പെടുത്തുന്ന ഘടകങ്ങളാണ്` ഉപമകളും ഉദാഹരണങ്ങളും. നിത്യജീവിതത്തിലെ സാധാരണവും സവിശേഷവുമായ സംഭാഷണ സന്ദർഭങ്ങളിലൊക്കെ ധാരാളം ഉപമകളും ഉദാഹരണങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും കഥകളും ഉപയോഗിച്ചുവരുന്നു. സരസവും ശ്രദ്ധേയവുമാവണം തന്റെ മൊഴിയെന്ന നിശ്ചയത്തിൽ വക്താവ് ' പുട്ടിൽ തേങ്ങയെന്നപോലെ ഇവ പ്രയോഗിക്കുന്നു. എന്നാൽ പലപ്പോഴും ഈ പ്രയോഗസാമർഥ്യം ഉദ്ദേശിക്കാത്ത ഫലങ്ങളിലേക്ക് വക്താവിനേയും ശ്രോതാവിനേയും കൊണ്ടുപോകുന്നു എന്നു ആരും കാണുന്നില്ല .
സമൂഹത്തിൽ ധനികരും ദരിദ്രരും ഉണ്ട്. ധനികർ നിരന്തരം കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന അവസ്ഥയും നാം ചുറ്റും കാണുന്നു. ധനിക ദരിദ്ര വ്യത്യാസം പ്രത്യക്ഷവും കാലങ്ങളായി നിലനിൽക്കുന്നതുമാണ്`. ധനം ജീവിതാവശ്യങ്ങൾക്കാണല്ലോ. മനുഷ്യൻ എന്ന നിലയിൽ നിലനിന്നുപോകാൻ അവരുടെ പ്രാഥമികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടണം. അതിന്ന് പണം വേണം. പണമുണ്ടാകുന്നത്
അദ്ധ്വാനത്തിലൂടെയാണ്`. അദ്ധ്വാനത്തിലൂടെ മാത്രമേ സാധാരണനിലയിൽ ധനം ഉണ്ടാകുന്നുള്ളൂ. അസാധാരണനിലയിലുള്ള ധന സംബാദനമാണ്` ചൂഷണം. അദ്ധ്വാനം ചൂഷണം ചെയ്യലാണത്. നേരിട്ട് ധനം ചൂഷണം ചെയ്യുന്നത് നിയമത്തിന്റെ മുന്നിൽ തെറ്റാണ`. അതുകൊണ്ട് അദ്ധ്വാനത്തെ ചൂഷണം ചെയ്യലാണ്` എളുപ്പം. അദ്ധ്വാനം ചൂഷണം ചെയ്യാൻ മൂലധനം വേണം. മൂലധനം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന അദ്ധ്വാനത്തിനായുള്ള സവിശേഷ ഇടങ്ങൾ വേണം. ധനികനേ അതു സാധാരണനിലയിൽ സാധ്യമാകൂ. അതായത് ഫലപ്രദമായ, ആസൂത്രിതമായ ചൂഷണത്തിനുള്ള സാധ്യത അവർക്കേ ഉള്ളൂ. അതു നിരന്തരം സമൂഹത്തിൽ നടക്കുന്നു. അതുകൊണ്ടുതന്നെ ധനികർ കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാര്യകാരണങ്ങളിൽ , പരിഹാരസാധ്യതകളിൽ ഒക്കെ തർക്കങ്ങളുണ്ടെങ്കിലും ഫലത്തിൽ - ധനിക ദരിദ്ര വ്യത്യാസം - തർക്കമില്ല.
ശരിയായ തർക്കങ്ങളിൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് സ്വമതം സ്ഥാപിക്കാൻ ശ്രമിക്കുന്നിടത്താണ്` അനൗചിത്യം കടന്നുകൂടുന്നത്. ധനികരും ദരിദ്രരും സമൂഹത്തിന്റെ സ്വാഭാവികതയും അനിവാര്യതയുമാണ്` എന്നു സ്ഥാപിക്കാൻ പ്രകൃതിയിൽ ' ഒക്കെ നിരപ്പാണോ? കുന്നും കുഴിയും ഇല്ലേ? ഒരു കുന്നുണ്ടെങ്കിൽ ഒരു കുഴിയും ഇല്ലേ? ' തുടങ്ങിയ ചൂണ്ടിക്കാണിക്കലുകൾ, ഉദാഹരിക്കലുകൾ അനുചിതമാവുകയാണ്`. പല തലങ്ങളിൽ പരിശോധിക്കുമ്പോഴും ഇതിലെ അപാകം നമുക്ക് പിടിക്കും.
1. ധനിക ദരിദ്ര പ്രശ്നം ഒരു സാമ്പത്തിക ശാസ്ത്ര പരിസരത്തിലാണ്` പ്രവർത്തിക്കുന്നത്. ഒപ്പം ഒരു സാമൂഹ്യശാസ്ത്ര സംഗതിയുമാണ്`. മൂലധനം, സാമ്പത്തിക മാനേജ്മെന്റ്, സാമൂഹ്യവ്യവസ്ഥ, തുടങ്ങിയ പരിപ്രേക്ഷ്യങ്ങളിൽ നില നിൽക്കുന്ന പ്രശ്നപരിസരം. ഇതിനാകട്ടെ നിരവധി ശാസ്ത്ര മുഖങ്ങളും സംവാദതലങ്ങളും ഉണ്ടുതാനും. പക്ഷെ, അതിലൊന്നും പെടുന്നതാകുന്നില്ല ഉദാഹരണം.
ഉദാഹരണം കൃത്യമായും പ്രകൃതിശാസ്ത്രം , ഭൂശാസ്ത്രം, കാലാവഥാ ശാസ്ത്രം എന്നിവയുമായി ചേരുന്നതാണ്`. കുന്നും കുഴിയും ഉണ്ടാവുന്നതും ഉണ്ടായതും നിലനിൽക്കുന്നതും [ ജെ.സി.ബി യുടെ ഇക്കാലത്ത്] നിലനിൽക്കാതിരിക്കുന്നതും ഒക്കെ ഈ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ നൽകുന്നവയാണ്`. ധനിക ദരിദ്ര പ്രശ്നം സാമ്പത്തിക ശാസ്ത്രവും കുന്നും കുഴിയും ഭൂശാസ്ത്രവുമാണ്`. തികച്ചും വ്യത്യസ്ഥമായ ശാസ്ത്രമണ്ഡലങ്ങൾ. സാമ്പത്തികശാസ്ത്രത്തിന്ന് ഭൂശാസ്ത്രം കൊണ്ട് കാര്യകാരണ സമർഥനം സംവാദമണ്ഡലത്തിൽ ഒരിക്കലും അനുവദനീയമല്ല. ഇത് സാമാന്യ ബുദ്ധിയും സാമാന്യ നിയമവുമാണ്`. പക്ഷെ, നമ്മുടെ വ്യവഹാരങ്ങളിൽ ഇതും കടന്ന് .....
കയ്യിലെ അഞ്ചു വിരലും ഒരു പോലെയാണോ? വലിപ്പച്ചെറുപ്പമില്ലേ? അതുപോലെയാണ്` ധനികരും ദരിദ്രരും. എന്നു വരെ പറഞ്ഞു കയറും. ഇക്കണോമിക്സിന്ന് ഫിസിയോളജികൊണ്ട് ഉദാഹരണം പറയൽ. 5 ചക്കയും 3 മാങ്ങയും കൂടിയാൽ എത്ര എന്നു ചോദിക്കാൻ പടില്ല എന്നു പറയുകയും ഈ തരത്തിലുള്ള യുക്തികൾ പറയുകയും ചെയ്യും. സാമ്പത്തിക ശാസ്ത്രത്തിന്ന് അതിന്റെ യുക്തിയും ശരീരശാസ്ത്രത്തിന്ന് അതിന്റെ യുക്തിയും ആകുന്നു. ഇതൊരു പ്രാഥമിക പാഠമാണ്`. വ്യത്യസ്ത സ്കൂളുകൾ. ഭിന്ന സ്കൂളുകൾ ഒന്നിപ്പിക്കുന്ന വിദ്യ അശാസ്ത്രീയവും കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ
പപ്പടം വട്ടത്തിലായതുകൊണ്ടാവാം
പയ്യിന്റെ പാലു വെളുത്തതായി
എന്നു നിശ്ചയിക്കുന്നത്. മാഷ് വ്യത്യസ്ത സ്കൂളുകളുടെ യുക്തികളെ വേർതിരിച്ചു കാണാത്തതിനെ കാവ്യാത്മകമായി പരിഹസിക്കുകയാണ്`.

2. കൈവിരലുകൾ 5 ഉം 5 തരത്തിലാണ്`. ഒന്നും ഒരുപോലെയല്ല. അതായത് വ്യത്യസ്തകൾ ഉണ്ട്. പ്രകൃതിനിയമമാണ്`. അതുപോലെ ധനികരും ദരിദ്രരും പ്രകൃതിയിലുണ്ട്. നോക്കൂ: ശരീരശാസ്ത്രപരമായി 5 വിരലും 5 തരത്തിൽത്തന്നെ. അങ്ങനെയായാലേ ശരീരമാകൂ. കയ്യാകൂ. കൈവിരലാകൂ. അഞ്ചും ഒരേപോലെയായിരുന്നെങ്കിൽ കൈവിരലിന്റേയും അങ്ങനെ കയ്യിന്റേയും പ്രയോജനം ശരീരത്തിന്ന് ലഭിക്കില്ല. പരിണാമത്തിന്റെ ശാസ്ത്രമാണത്. പക്ഷെ, ധനികരും ദരിദ്രരും പ്രകൃതിനിയമമല്ല. വേണമെന്നു നിശ്ചയിച്ചാൽ മനുഷ്യന്ന് മാറ്റാനാവാത്തതുമല്ല. സമൂഹത്തിന്റെ സുസ്ഥിതിക്ക് മാറിയേ പറ്റൂതാനും. കുറച്ചുപേരുടെ സുസ്ഥിതിക്ക് ദരിദ്രർ വേണം. ധനികരുടെ സുഖവാഴ്ച്ചക്ക് ദരിദ്രൻ വേണം. യജമാനന്ന് അടിമ വേണം. അടിമക്ക് യജമാനൻ ആവശ്യമില്ല. അധികാരത്തിന്ന് കീഴ്മേൽ വേണം. സമൂഹത്തിന്റെ മുഴുവൻ സുഖവും സന്തോഷവും ആണ്` ലക്ഷ്യമെങ്കിൽ ഈ വ്യത്യാസങ്ങൾ ആവശ്യമില്ല. ആവശ്യമില്ല എന്നല്ല അനാവശ്യവുമാണ്`. കൈവിരലുകൾ വ്യത്യസ്തങ്ങളാവുന്നത് ശരീരത്തിന്ന് ആവശ്യമാണ്`. ശരീരങ്ങൾ - മനുഷ്യർ സുഘടിതമായി ചേരുമ്പോഴാണ്` സമൂഹം ഉണ്ടാകുന്നത്. സമൂഹത്തിൽ ഏവരും ആഗ്രഹിക്കുന്നത് നല്ല ജീവിതമാണ്`. വ്യത്യാസങ്ങളല്ല; സുഘടിതമായ കെട്ടുറപ്പും സമാധാനവുമാണ്`. അതുണ്ടാവുന്നത് ഇന്നു നമ്മൾ വികസിപ്പിച്ചെടുത്ത ജനാധിപത്യത്തിലും ഭാവിയിൽ ഇനി ഒരു പക്ഷെ, അതിനേക്കാൾ മികച്ച ഒരു സംവിധാനത്തിലും ആണ്`. പുതിയ സാമൂഹ്യഘടനകൾ കരുപ്പിടിപ്പിക്കുന്നവനാണല്ലോ മനുഷ്യൻ. അതുണ്ടാക്കാനുള്ള സംവാദങ്ങൾ വേണം. തന്റെ പക്ഷം സ്ഥാപിക്കാനുള്ള യുക്തിപൂർവമായ ഉദാഹരണങ്ങളും .

No comments: