25 May 2015

ഭാഷാപാചകം


എന്തിനും അതിന്റേതായ ഒരു ഭാഷ ഉണ്ട്. ആ ഭാഷ നന്നായി ഉപയോഗിച്ചാൽ " അപ്പോ, ഒരു ഭാഷയിലായി ട്ടോ" ന്ന് പ്രശംസിക്കും. നന്നായി ഉപയോഗിച്ചില്ല എന്നു തോന്നിയാൽ ' ഛെ , ഒരു ഭാഷയില്ല, ന്നോ ഛെ അതൊരു ഭാഷയിലായില്ല ട്ടോ " ന്നോ വിമർശിക്കും. മലയാളത്തിന്റെ ഭാഷാബോധമാണിത്. ഭാഷയുടെ പരിമിതികൾ മറികടക്കാനുള്ള ഒരു വഴിയായി ഒന്നിനെ പലതലങ്ങളിൽ പ്രയോഗിച്ച് അർഥമുണ്ടാക്കുന്ന വിദ്യയാണിത്.
ഭാഷയുടെ പ്രാഥമികമായ ഒരു സ്വഭാവ വിശേഷമാണിത്. ഒരു ക്ളിപ്ത സമൂഹവുമായുള്ള വെറും കരാറാണ്` ഭാഷ ഏതും. അടയാളങ്ങളുടെ അർഥം ഇന്നതാണെന്ന കരാർ. ഈ കരാർ പാലിക്കുന്നിടത്തോളം ഭാഷ വിനിമയക്ഷമമായിരിക്കും. കരാറ് തകരുന്നതോടെ വിനിമയക്ഷമത ഇല്ലാതാകും. കരാർ തകർക്കുന്നത് സമൂഹത്തിനകത്തുനിന്നോ പുറത്തുനിന്നോ ആകാം. അതൊക്കെ ഭാഷാശാസ്ത്രജ്ഞനമാരുടെ ചർച്ചകളിൽ ഉരുത്തിരിയുന്നത്.
അടുക്കള - പാചകം എന്നിവയുമായി ബന്ധപ്പെട്ട ഒരു ഭാഷയുണ്ട്. കാവ്യാത്മകമായ ഒരു ഭാഷ എന്നുതന്നെ പറയാം. പാചകം 64 കലകളിൽ ഉൾപ്പെട്ട ഒന്നാണ്`. അതുകൊണ്ട് ആ കലയുടെ ഭാഷയും കലാത്മകമൂല്യമുള്ളതായിരിക്കും. മാനവികമായ സകല വ്യവഹാരമേഖലകളിലും ഇത്തരത്തിലുള്ള ഭാഷാരൂപങ്ങളുണ്ട്. .ടി.മേഖലിയിൽ പണിയെടുക്കുന്നവരുടെ ഭാഷ , ഡൈവർമാരുടെ ഭാഷ, ഡോക്ടർമാരുടെ ഭാഷ, അധികാരികളുടെ ഭാഷ അങ്ങനെ... പാചകമേഖലയിലെ വ്യവഹാരരൂപങ്ങൾ ചിലത് നോക്കൂ.

അന്റെ 'തേങ്ങരയ്ക്കല്`' ന്നോട് വേണ്ട !
ഒരു 'പുളീഞ്ചി ച്ചിരി '!

മണ്ടേല്` ' മൊളകരയ്ക്ക്യാ ?
''പാ(ല്‍)ച്ചായച്ചിരി' !
കണ്ണോണ്ട് 'കടുക് വറക്കാ !
' ദേഷ്യം 'മൂപ്പിക്യാ'
'വെള്ളം [അടുപ്പീന്ന് ] വാങ്ങിവെക്യാ ' !
'അരച്ചതന്നെ അരക്യാ' ?
ആപരിപ്പ് ഇവിടെ വേവില്ല !
താളിന്ന് മഞ്ഞളരക്ക്യാ?
കണ്ണില്` എണ്ണയൊഴിച്ച് …
ഉപ്പോളം വര്വോ ഉപ്പിലിട്ടത് ?
അറ്റകൈക്ക് ഉപ്പ് തേക്കില്ല !
പപ്പടം പോലെ കാച്ച്യെടുക്കാ !!
ഇഞ്ചിക്കുത്ത് കുത്തും !
ചവിട്ടി ചമ്മന്തിയാക്കും !
എണ്ണയില്‍ മുക്കി പ്പൊരിക്കും !
ചട്ടി ചൂടായിക്കിടക്ക്വാ!
പലഹാരം മൂക്കിക്കേറ്റാല്യാ !
അപ്പം തിന്നാമതി, കുഴി എണ്ണണ്ടാ!,
അടുപ്പിൻ കല്ലു പോലെ മൂന്നെണ്ണം,
കുമ്പളങ്ങ കെട്ടാ കൂട്ടാൻ വെക്കാം,
കുരുത്തം കെട്ടാൽ ഒന്നിനും പറ്റില്ല !
അന്വേഷിച്ചാൽ ഇനിയും ഈ ലിസ്റ്റ് നീട്ടാം . “അന്റെ തേങ്ങരക്കല്` ന്നോട് വേണ്ടാ...” ന്ന് പറയുന്നിടത്ത് തേങ്ങയരയ്ക്കൽ എന്ന അടുക്കളപ്രവർത്തനവുമായി ഒരു ബന്ധവും ഇല്ല. ' മെക്കിട്ട് കയറൽ, അനാവശ്യസംഭാഷണം, അനുചിതപ്രവൃത്തി , ബുദ്ധിശൂന്യമായ ഇടപെടൽ, തുടങ്ങിയ സൂചനകളാണിവിടെ പ്രകാശിതമാവുന്നത്. എന്നാൽ അടുക്കളയിൽ ' തേങ്ങയരയ്ക്ക' ലാകട്ടെ അവശ്യവും ഉചിതവും തന്നെയാണുതാനും. അടുക്കളയിൽ നിന്ന് പുറത്തുകടന്നപ്പോൾ വിപരീതാർഥം കൈവരിക്കുന്നു.
അന്ന് എന്നും നാളികേരം അരച്ചുകൂട്ടിയ കറി - സാമ്പാർ, കാളൻ, അവിയൽ, എരിശ്ശേരി, മീൻകറി - നിത്യേന പതിവില്ല. ഒരു പടുകറി , തറവാട്ടുപുളി , അരച്ചുകൂട്ടാത്ത കൂട്ടാൻ അത്രേ നിത്യമുള്ളൂ. നാളികേരം വീട്ടിലില്ലാത്തതുകൊണ്ടൊന്നുമല്ല. പതിവില്ല. ആവശ്യമില്ല എന്നായിരുന്നു രീതി. തേങ്ങ അരച്ചുകൂട്ടിയ കറി വിശേഷഭക്ഷണമായാണ്` പരിഗണിക്കപ്പെട്ടത്. സാധാരണ ദിവസങ്ങളിൽ വിശേഷപ്പെട്ടതൊന്നും ഇല്ല. വിശേഷങ്ങളിൽ സാധാരണയും പോരാ. വിശേഷദിവസങ്ങളിൽ ഭക്ഷണം, വസ്ത്രം, നിത്യവൃത്തികൾ ഒക്കെ സവിശേഷമാണ്`. അതായത് സവിശേഷ സന്ദർഭങ്ങളിലെ ' തേങ്ങയരച്ചുള്ള ' കറികൾ ഉള്ളൂ. പതിവിലില്ലാത്തത്. സാധാരണമട്ട് അല്ലാത്തത്. സാധാരണമട്ട് അല്ലാത്ത പെരുമാറ്റം അലോസരമുണ്ടാക്കും. സാധാരണരീതികൾ പെരുമാറ്റത്തിൽ അംഗീകരിക്കാവുന്നതും പരിചിതവുമാണ്`. അതല്ലാതെ വരുന്ന പെരുമാറ്റം, സംഭാഷണം, പ്രവൃത്തികൾ ' തേങ്ങയരയ്ക്കലായി മാറുകയാണ്`. നോക്കൂ ഭാഷയുടെ സ്വയം രൂപപ്പെടുത്തുന്ന അർഥസാധ്യതകൾ .

No comments: