16 February 2015

എസ്.എസ്.എൽ.സി പരീക്ഷ 2015 മലയാളം പേപ്പർ 2



മലയാളം ഒന്നാം പേപ്പറിൽ വന്ന വ്യവഹാരരൂപങ്ങൾ പൊതുവെ ആവർത്തിക്കാതെ എല്ലാ കുട്ടികളേയും മുന്നിൽ കണ്ട് 10-11 ചോദ്യങ്ങളുമായി മലയാളം രണ്ടാം പേപ്പർ പ്രതീക്ഷിക്കാം. 2/ 4/ 6 സ്കോർ വീതമുള്ള ചോദ്യങ്ങൾ . ഒരു ചോദ്യത്തിന്ന് [ ഉപന്യാസം ] മിക്കവാറും ചോയ്സ് ഉണ്ടാവും.
ചോദ്യരൂപങ്ങൾ
  • എഡിറ്റിങ്ങ് - നല്ല ഭാഷ
  • വാങ്മയചിത്രം കുറിപ്പ്
  • സൂചനകൾ വ്യാഖ്യാനം കുറിപ്പ്
  • പ്രയോഗത്തിന്റെ ഭാവതലം കുറിപ്പ്
  • എഡിറ്റോറിയൽ
  • ജീവിതാവസ്ഥ / ജീവിത വീക്ഷണം കുറിപ്പ്
  • സാമൂഹ്യജീവിതം കുറിപ്പ്
  • പ്രസംഗം - ലഘുപന്യാസം
  • പത്രാധിപർക്ക് കത്ത്
  • കാവ്യബിംബം കുറിപ്പ്
  • മാതൃഭാഷ - ലഘുപന്യാസം
  • പ്രതികരണക്കുറിപ്പ്
  • താരതമ്യക്കുറിപ്പ്
    എന്നിങ്ങനെ വിവിധ മട്ടിലുള്ള ചോദ്യങ്ങളാണ്` ` പതിവ്.
    ഇതിനു പുറമേ കഥാപാത്രനിരൂപണം, അനുഭവക്കുറിപ്പ് തുടങ്ങിയവയും മനസ്സിലാക്കിവെക്കണം.
ചോദ്യങ്ങളുടെ ഉള്ളടക്കം
  • ഭാഷാപരമായ അറിവ് [ എഡിറ്റിങ്ങിൽ ]
  • കവിതാസ്വാദനത്തിന്റെ വിവിധ തലങ്ങൾ [ താരതമ്യം, ജീവിത നിരീക്ഷണം …]
  • കവിതകൾ, കാവ്യാത്മകമായ ഗദ്യം ആസ്വാദനം
  • പാഠങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച അറിവ്
  • വിവിധ വ്യവഹാരരൂപങ്ങൾ കൈകാര്യം ചെയ്യാനുള്ള ധാരണ
  • പാഠപുസ്തകത്തിന്ന് പുറത്തുനിന്നുള്ള ഗദ്യ - പദ്യ ഭാഗങ്ങൾ ആസ്വദിക്കാനുള്ള ശേഷി
ഇങ്ങനെ വിവിധ തലങ്ങളിൽ ചോദ്യ ഉള്ളടക്കം
ഉണ്ടാവും. പാഠപുസ്തകം നന്നായി മനസ്സിലാക്കണം. വ്യവഹാരരൂപങ്ങൾ പരിചയപ്പെടുന്ന പ്രവർത്തനങ്ങൾ ക്ളാസിൽ നിരന്തരം നടന്നിരിക്കണം .

  • എഡിറ്റിങ്ങ്
    ഭാഷപ്രയോഗത്തിൽ കുട്ടിയുടെ മികവാണ്` എഡിറ്റിങ്ങിൽ ശ്രദ്ധിക്കുന്നത്. ശരിയായ പദങ്ങൾ പ്രയോഗിക്കൽ, പദങ്ങളുടെ ഭംഗിയില്ലാത്ത ആവർത്തനം ഒഴിവാക്കൽ, പിരിച്ചെഴുതൽ , ചേർത്തെഴുതൽ, കാലസൂചനകളിലെ പൊരുത്തക്കേട് , അനാവശ്യമായ പദപ്രയോഗം , നിരർഥകങ്ങളായ പദങ്ങൾ ...എന്നിങ്ങനെ ഭാഷയുടെ സൗന്ദര്യം ഇല്ലാതാക്കുന്ന എല്ലാം തിരിച്ചറിയാനും അവ ഒഴിവാക്കാനും കുട്ടിക്ക് കഴിയണം. ക്ളാസിൽ നല്ല നിലയിൽ ഭാഷാപ്രവർത്തനം നടന്നാലേ ഇതു സാധിക്കൂ. മാത്രമല്ല, പാഠപുസ്തകത്തിനപ്പുറമുള്ള വായനയും കുറേയൊക്കെ വേണം. ക്ളാസിൽ ചെറിയ ഗ്രൂപ്പുകളുണ്ടാക്കി നിരവധി ഉദാഹരണങ്ങളിലൂടെ ഒരൽപ്പസമയം ചെലവഴിക്കാൻ അദ്ധ്യാപിക തയ്യാറായാൽ ' എഡിറ്റിങ്ങിന്റെ 2 സ്കോറ് കുട്ടിക്ക് ഉറപ്പിക്കാം.
  • വാങ്മയചിത്രം
    തന്നിരിക്കുന്ന ഒരു കവിതാഭാഗത്തിലെ വാങ്മയചിത്രം എടുത്തെഴുതാനോ അതുപോലെന്ന് [ പഠിച്ചത് ] ഉദ്ധരിക്കാനോ ചോദിക്കും. ഒരു ചിത്രം തന്ന് അതുപോലെയൊന്ന് ആ കവിതയിൽ നിന്നുതന്നെ ഉദ്ധരിക്കാനാണ്` 2013 മോഡൽ പരീക്ഷക്ക് ചോദിച്ചത്. പക്ഷെ, എസ്.എസ്.എൽ.സി 2013 ൽ അതു വന്നതേ ഇല്ല. മോഡൽ എന്നൊക്കെ പറഞ്ഞാലും അതു മുഴുവൻ മോഡലാകണമെന്നില്ല എന്നു മനസ്സിലാക്കണം.
  • എഡിറ്റോറിയൽ / പത്രാധിപർക്കുള്ള കത്ത്
    പത്രപരിചയം ഭാഷാവിഷയങ്ങളിൽ [ ഏതിനും ] പരീക്ഷക്ക് ഗുണം ചെയ്യും. നിരവധി എഡിറ്റോറിയൽ / കത്ത് മാതൃകകൾ ശേഖരിച്ച് ക്ളാസിൽ ഗ്രൂപ്പുകളിൽ പരിചയപ്പെടുത്താനായ അദ്ധ്യാപികമാരുടെ കുട്ടികൾക്ക് ഈ ചോദ്യം പ്രയാസമുണ്ടാക്കില്ല. ഒരു സവിശേഷ വിഷയത്തെ കുറിച്ചാവും എഡിറ്റോറിയൽ. 2013 മോഡൽ പരീക്ഷക്ക് ' കേരളപ്പിറവി ദിനത്തിൽ മാതൃഭാഷയുടെ കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ' എഡിറ്റോറിയൽ എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ' പ്രവാസജീവിതത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് പത്രാധിപർക്ക് ഒരു കത്ത് തയ്യാറാക്കാനായിരുന്നു ചോദിച്ചത്. രണ്ടായാലും ഒരു സവിശേഷ വിഷയത്തെക്കുറിച്ച് ആയിരിക്കും. അതാകട്ടെ പഠിക്കാനുള്ള പാഠഭാഗങ്ങളെ മുൻനിർത്തിയുമായിരിക്കും. ' എന്റെ ഭാഷ, ആടുജീവിതം, ബ്ര്ഹ്മാലയം തുറക്കപ്പെട്ടു , എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ തുടങ്ങിയ പാഠഭാഗങ്ങളെ ആസ്പദിച്ച് ഈ ചോദ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. വളരെ കൃത്യമായ ചില സാമൂഹ്യപ്രശ്നങ്ങളാണല്ലോ ഇതിലൊക്കെ ഉള്ളടങ്ങിയിട്ടുള്ളത്. കത്തായാലും എഡിറ്റോറിയലായാലും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലൂന്നിയായിരുക്കും പ്രവർത്തനം ഉണ്ടാവുക.
  • പ്രസംഗം
    2013 ലെ പരീക്ഷക്ക് ' പത്താം ക്ളാസിലെ യാത്രയയപ്പു സമ്മേളനത്തിൽ സ്നേഹബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ച് [ സൂചനകൾ ഉണ്ട് ] ഒരു പ്രസംഗം തയ്യാറാക്കാനാണ്` ആവശ്യപ്പെട്ടത്. പ്രസംഗത്തിന്റെ വ്യവഹാര ഘടന പ്രധാനമാണ്`. പാഠപുസ്തകത്തിൽ സൂചനകളുള്ള , സാമൂഹ്യമായ പ്രസക്തിയുള്ള ഒരു വിഷയത്തേക്കുറിച്ചേ പ്രസംഗം എഴുതാൻ പറയൂ. പ്രകൃതിസംരക്ഷണം, മാതൃഭാഷ, സ്നേഹബന്ധങ്ങൾ, പ്രവാസജീവിതം എന്നിവയിലൂന്നിയുള്ള ഒരു പ്രസംഗം ....
  • പ്രതികരണം / താരതമ്യം
    പ്രതികരണക്കുറിപ്പ്, താരതമ്യക്കുറിപ്പ്, ഔചിത്യക്കുറിപ്പ്, വിലയിരുത്തൽകുറിപ്പ്, അനുഭവക്കുറിപ്പ്, വിശകലനക്കുറിപ്പ് തുടങ്ങിയവയൊക്കെ ക്ളാസിൽ ചർച്ചചെയ്തവയും പഠിച്ചവയും തന്നെയായിരിക്കും. എല്ലാ പാഠങ്ങളിൽ നിന്നും ഈ ചോദ്യങ്ങൾ ഉണ്ടാവാം. അതുകൊണ്ടുതന്നെ എല്ലാ പാഠങ്ങളും ഈയൊരു പരിശോധനക്ക് വിധേയമാക്കി ലിസ്റ്റ് ചെയ്താൽ പ്രയോജനം ചെയ്യും. എല്ലാ സാധ്യതകളും പരിഗണിക്കണം. പൊതു ധാരണ വന്നുകഴിഞ്ഞാൽ പിന്നെ നന്നായി എഴുതാൻ പ്രയാസമുണ്ടാവില്ല. ഒന്നോ രണ്ടോ ഖണ്ഡികളിൽ ഒതുങ്ങുന്ന തരത്തിൽ വേണം എഴുതാൻ. അനാവശ്യമായ നീട്ടിവലിക്കലുകൾ ഒരുക്കലും അരുത്. വേണ്ടതുമാത്രം എഴുതാനുള്ള ശീലം സമയം ക്രമീകരിക്കാനും ഉത്തരങ്ങളെ മികച്ചതാക്കാനും സഹായിക്കും.
  • കഥാപാത്രനിരൂപണം
    കവിത, കഥ എന്നിവയിലൊക്കെ വരുന്ന കഥാപാത്രങ്ങളുടെ സ്വഭാവ നിരൂപണം മനസ്സിലാക്കിവെക്കുന്നത് പരീക്ഷക്ക് ഗുണം ചെയ്യും. കഥാപാത്രങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അവരുടെ സ്വഭാവ സവിശേഷതകൾ കുറിച്ചുവെക്കാ‌‌ൻ ചെറുഗ്രൂപ്പുകളിൽ പ്രവർത്തനമാക്കുകയും ചെയ്താൽ വളരെ കുറച്ചു സമയം കൊണ്ട് ഇതു പൂർത്തിയാക്കം.കതാപാത്രത്തിന്റെ സ്വഭാവം എന്നത് അയാളുടെ ദൈനം ദിന പ്രവർത്തനങ്ങൾ നിരീക്ഷിച്ചിട്ടാണ്`. താൻ മുഖാമുഖം നേരിടുന്ന ജീവിതസന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നാതാണ്` കഥാപാത്രസ്വഭാവം. ഓരോ സന്ദർഭങ്ങളേയും മനസ്സിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും പ്രതികരിക്കുന്നതും എങ്ങനെയെന്ന് രേഖീയമായി കുറിച്ചുവെക്കുകയേ വേണ്ടൂ. അതു അങ്ങനെത്തന്നെയാണോ പ്രതികരിക്കേണ്ടിയിരുന്നതെന്ന് യുക്തിപൂർവം നിരീക്ഷിക്കുകകൂടി ചെയ്താൽ മുഴുവൻ സ്കോറും ലഭിക്കും. കഥാപാത്രത്തിന്റെ ജീവിതം , സാമൂഹ്യസാംസ്കാരിക സവിശേഷതകൾ,ചുറ്റുപാടുകൾ എന്നിവയൊക്കെ കണക്കിലെടുത്താലേ ' യുക്തിപൂർവം ' എന്ന വാക്കിന്ന് അർഥമുളവാകൂ.
  • ഉപന്യാസം
    ഉപന്യാസരചന [ 100 വാക്കിൽ കവിയാതെയാവും ചോദിക്കുക ] പരിചിതമായ വ്യവഹാരമാണ്`. പക്ഷെ, പലപ്പോഴും സംഭവിക്കുന്നത് ഇത്രയും എഴുതാനുള്ള മടി സ്കോറ് കുറയ്ക്കും എന്നാന്` അനുഭവം. പാഠപുസ്തക്ത്തിൽ നിന്നു പുറത്തുള്ള ഒരു കഥ/ കവിത/ ഉപന്യാസ ഭാഗം തന്നുകൊണ്ടായിരിക്കും ഈ ചോദ്യം. ഉത്തരത്തിൽ ഉണ്ടാവേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ തന്നിരിക്കും. നല്ലൊരു ആമുഖത്തോടെ വിഷയങ്ങൾ [ സൂചനകൾ ] അടുക്കിവെച്ച് 4-5 ഖണ്ഡികകളിലായി എഴുതണം. ആമുഖം പോലെ നല്ലൊരു ഉപസംഹാരം വേണം. ഉചിതമായ ഒരു ശീർഷകം മറക്കരുത്. ഉപസംഹാരം തുടർചർച്ചകൾക്കും ചിന്തകൾക്കും പറ്റുന്ന രീതിയിൽ തുറന്നഘടന ഉള്ളതാവണം. ജനാധിപത്യ കാഴ്ചപ്പാട് ഉത്തരമെഴുത്തിലും ഉണ്ടാവുന്നത് പ്രധാനമാണ്`. ലളിതമായ വാക്യങ്ങളിൽ, നീട്ടിവലിച്ചിലുകളില്ലാതെ നന്നായി എഴുതണം. അതാവും മികച്ച സ്കോറിനുള്ള ശ്രമം.

No comments: