28 April 2013

സ്കൂളുകളില്‍ ബ്ളോഗും ട്വിറ്ററും ഒന്നും ഇല്ലേ !


കുട്ടികളെ കുറിച്ചല്ല; അദ്ധ്യാപകരെക്കുറിച്ചാണ്`.ടി. മേഖലയില്‍ ആശങ്കയുള്ളത്. അതില്‍ സീനിയര്‍ ജൂനിയര്‍ / മാഷ് ടീച്ചര്‍ ഭേദങ്ങളുമില്ല. കുട്ടികളെ കുറിച്ചേ അല്ല.
അതു പറയാന്‍ കാരണം ഒരു മാതിരിപ്പെട്ട കുട്ടികളൊക്കെ ഫേസ്ബുക്കിലും ബ്ളോഗിടത്തിലും കയറി പയറ്റുന്നുണ്ട്. ഇതിലുണ്ട് എന്നു പറഞ്ഞാല്‍ ഗൂഗിള്‍ +, ടാക്ക്, പിക്കാസ, ഡ്രൈവ്, വേഡ്പ്രസ്സ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നുകൂടിയാണ്`. മൊബൈലുകള്‍ ഏറ്റവും മികച്ചവയാണ്` അവര്‍ക്കു വേണ്ടത്.എസ്.എം.എസ് തുടങ്ങിയ ചെറുപ്രയോഗങ്ങളൊക്കെ വിട്ട് ആന്‍ഡ്രോയ്ഡ് ആപ്പ്ളിക്കേഷനുകളില്‍ വാട്ട്സപ്പ്, സ്കെയ്പ്പ് തുടങ്ങി ഡസന്‍ കണക്കിന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ ഒരുമാതിരിപ്പെട്ട ആധ്യാപകരൊക്കെ ഈ സംവിധാനങ്ങളില്‍ നിന്നു പുറത്താണെന്നാണോ തോന്നുന്നത്?
'ചൂണ്ടുവിരല്‍' സ്കൂളുകളെ ചുറ്റിപ്പറ്റിയുള്ള 'വിദ്യാബ്ളോഗുകളെ കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടിരിക്കുന്നു.വിദ്യാഭാസരംഗവുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളിലൂന്നിയും 'വിദ്യാബ്ളോഗുകള്‍' ഉണ്ടാക്കാവുന്നതാണ്`. ബ്ളോഗിങ്ങ് താരതമ്യേന എളുപ്പമുള്ള ഒരു സൈബര്‍ സാങ്കേതമാണ്`. ഉണ്ടാക്കലിനേക്കാള്‍ ശ്രദ്ധയും അര്‍പ്പണവും വേണ്ടത് നിത്യപരിപാലനത്തിലും പുതുക്കലിലുമാണ്`. സ്കൂളുകളില്‍ നിന്ന് എല്ലാവരുടേയും കൂട്ടായ ശ്രമം കൊണ്ടേ ഇത് സാധ്യമാകൂ. കുട്ടികള്‍ ഇത്തരം സംഗതികളില്‍ വളരെ ആവേശമുള്ളവരാണ്`. ആവേശത്തോടൊപ്പം ചെയ്യാനുള്ള ധാരണകളും അവര്‍ക്കുണ്ട്. എന്നാല്‍ മുന്നില്‍ നിന്ന് പ്രേരിപ്പിക്കേണ്ട , സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ ആവേശം നല്‍കേണ്ട അദ്ധ്യാപകരുടെ അവസ്ഥയാണ്` മുകളില്‍ ആശങ്കപ്പെട്ടത്.
സ്കൂള്‍ നടത്തിപ്പ് തൊട്ട് ദൈനംദിന പഠനം, നിലനിര്‍ണ്ണയം , രക്ഷിതാക്കാളെ ബോധവത്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും - അതും എല്‍.പി.തലം തൊട്ട് മുകളിലൊട്ട് മുഴുവന്‍ സൈബര്‍ലോക സാധ്യതകളില്‍ ഉള്‍പ്പെടുന്നതാണ്`. ഫേസ്ബുക്കില്‍, റ്റ്വിറ്ററില്‍ ഒക്കെ ഈ സാധ്യതകള്‍ ഉണ്ട്. നിരവധി സ്കൂളുകള്‍ ഇതെല്ലാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടവരൊക്കെ ഒരല്പ്പസമയം ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി നീക്കിവെക്കുമ്പോള്‍ അതുണ്ടാക്കുന്ന വികസന സാധ്യത അതിവിപുലമായിരിക്കും
1, 2, 3, 4 5

24 April 2013

അവധിക്കാല ക്ളാസുകള്‍


മെയ് തുടങ്ങുന്നതോടെ സ്കൂളുകളില്‍ അവധിക്കാല ക്ളാസുകള്‍ തുടങ്ങുകയായി.അതും പത്താം ക്ളാസുകാര്‍ക്ക്. അനൗപചാരിക ക്ളാസുകളായിട്ടാവും തുടങ്ങുക. എന്നാല്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായി പങ്കെടുക്കേണ്ടിവരുന്ന രീതിയിലാവും സംഘാടനം. അദ്ധ്യാപകരെല്ലാം ഉഷാറായി തുടങ്ങുകയായി. സംഘാടനത്തിലും നടത്തിപ്പിലും പ്രാഥമിക പരിഗണന :

  • എസ്.എസ്.എല്‍.സി.ക്കാരാണ്` .... കാര്യങ്ങള്‍ നേരത്തെ തുടങ്ങണം
  • പാഠം തീര്‍ക്കാന്‍ പറ്റിയ സമയം ഇതാണ്`. സ്കൂള്‍ തുറന്നാല്‍ ഒക്കെ തെരക്കായി . ഒന്നിനും സമയമില്ല
  • പാഠം നേരത്തേ തീര്‍ത്തുകൊടുത്താല്‍ പഠിക്കേണ്ടവര്‍ക്ക് നേരത്തേ പഠിക്കാന്‍ തുടങ്ങാം
  • റിവിഷന്ന് ധാരാളം സമയം കിട്ടും
ഒമ്പതാം ക്ളാസില്‍ നിന്ന് ജയിച്ച മിടുക്കരാണിവിടെ ഇരിക്കുന്നത്. ഇവരെ അടുത്തറിയുന്നതിനുള്ള ഒരു സാവകാശം പോലും നാം ആലോചിക്കാറില്ല.
  • മുന്നിലിരിക്കുന്ന എല്ലാ കുട്ടികളും ഒരേപോലെ മിടുക്കരാണോ
  • ഗണിതം, ഭാഷ എന്നിവയില്‍ ആര്‍ക്കെങ്കിലും പിന്നാക്കാവസ്ഥ ഉണ്ടോ
  • പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വല്ലതും ചെയ്യേണ്ടതുണ്ടോ
  • പരിഹാരബോധനം മുന്‍ക്ളാസുകളില്‍ വേണ്ടത്ര നടന്നുകാണുമോ
  • എത്രപേര്‍ക്ക് പാഠങ്ങള്‍ follow ചെയ്യാന്‍ പ്രയാസങ്ങളുണ്ട്
  • എന്തൊക്കെയാണ് പ്രയാസങ്ങള്‍
  • ആത്മവിശ്വാസം, വിജയിക്കാനുള്ള ത്വര എന്നിവ കുട്ടികളില്‍ ഇപ്പോഴേ ഉണ്ടാക്കേണ്ടതുണ്ടോ
  • രക്ഷിതാക്കളെ ബോധവത്ക്കരിക്കേണ്ടതുണ്ടോ
  • കൗന്‍സലിങ്ങ് പോലുള്ള സംഗതികള്‍ [കുട്ടിക്കും രക്ഷിതാവിനും അധ്യാപകനും ] വേണമോ
  • TAG , SAG തുടങ്ങിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതില്ലേ
  • ഓരോകുട്ടിയുടേയും നിലനിര്‍ണ്ണയം സാധ്യമാക്കുന്നതെങ്ങനെ
ഇക്കാര്യങ്ങളില്‍ ഒരാലോചന പലപ്പോഴും വൈകിയാണ്` നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് ഇക്കൊല്ലമെങ്കിലും വെക്കേഷന്‍ ക്ളാസുകള്‍ ഇങ്ങനെ തുടങ്ങിയാലോ
  • ഒരോ കുട്ടിയുടേയും നിലവാരം കൃത്യതയോടെ രേഖപ്പെടുത്തുക
  • പിന്നാക്കക്കാരായ കുട്ടികളുടെ പരിഹാരബോധനത്തില്‍ തുടങ്ങുക
  • SAG [student adopted group] TAG [teacher adopted group] എന്നിവ പ്രവര്‍ത്തനക്ഷമമാക്കുക
  • കുട്ടികളില്‍ ആത്മവിശ്വാസവും [മികവുകള്‍ ബോധ്യപ്പെടുത്തിക്കൊണ്ടും പോരായ്മകള്‍ പരിഹരിക്കാനുള്ള പരിപാടികള്‍ നിശ്ചയിച്ചുകൊണ്ടും ] ജയിക്കാനുള്ള അഭിലാഷവും ആദ്യമേ ഉണ്ടാക്കുക
  • രക്ഷിതാക്കള്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്തുക
  • ഒരോ വിഷയങ്ങളിലും പഠിക്കാനുള്ള സംഗതികള്‍ , അതുകള്‍ സാധ്യമാക്കുന്ന പദ്ധതികള്‍-തന്ത്രങ്ങള്‍ , സമയക്രമം എന്നിവ കുട്ടികളുമായി ചര്‍ചചെയ്ത് അവരെ ബോധ്യപ്പെടുത്തുക
  • ഇക്കല്ലത്തെ വിജയ ലക്ഷ്യം മുന്‍ കൂട്ടി നിശ്ചയിക്കുക. ഇതില്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്ക് കൃത്യമായി രേഖപ്പെടുത്തുക

ശരിക്കാലോചിച്ചാല്‍ പഠനം തുടങ്ങുന്നതിന്ന് മുന്പ് 15 ദിവസം ഇതിനായി ഉപയോഗിക്കണം. മെയ് മാസ ക്ളാസുകള്‍ ഇതിനായിരിക്കണം . ചെയ്യുന്ന പണിക്ക് ബലപ്പെട്ട ഒരടിത്തറ ആദ്യമേ ഒരുക്കാനുണ്ട്. അതില്ലാത്തതാണ്` മിക്കപ്പോഴും കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നതും.