വായനാവാരത്തോടനുബന്ധിച്ച് ഒരു കുറിപ്പ്
വായന ഒരിക്കലും ഒരു ഹോബിയല്ല.അറിഞ്ഞും അറിയാതെയും ഉള്ള വായന നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഒഴിവുകാലത്ത് പ്രത്യേകിച്ചും കൂട്ടുകാരൊക്കെ ഒരൽപ്പ സമയമെങ്കിലും വായിച്ചതാണല്ലോ.. ഈ വായന ഇന്റെർനെറ്റ് ഉപയോഗിച്ചായിരുന്നെങ്കിലോ. വെറും വായനയിൽ നിൽക്കാതെ ഇത് അധികം അറിവ് ഉണ്ടാക്കുന്നതിലേക്കും അത് പങ്കുവെക്കുന്നതിലേക്കും ഒരേസമയം കടന്നുചെല്ലാവുന്ന സാധ്യതകൾ തുറക്കുമായിരുന്നു എന്ന് അറിയുക! ഇ-വായനാരസം പുതിയ മേഖലകളിലെ രസസാധ്യതകൾ പ്രയോജനപ്പെടുത്താൻ നമുക്ക് കെൽപ്പ് തരുന്നുണ്ട്!
നെറ്റിൽ വായിക്കാനുള്ള വിഭവങ്ങൾ നിരവധിയാണ് എന്നറിയാമല്ലോ. പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ എന്നിവ മലയാളത്തിലുള്ളവ മാത്രമല്ല മറ്റു ഭാഷകളിലുള്ളതും തികച്ചും സൌജന്യമായി ലഭിക്കുന്നുണ്ട്. ഓരോന്നും നിരന്തരം അപ്പ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, പഠനങ്ങൾ എന്നിവ നിറയെ ലഭിക്കുന്ന ബ്ലോഗുകൾ ആയിരക്കണക്കിനുണ്ട്.വിക്കി പീഡിയപോലുള്ള അറിവുഖനികൾ വേറേയും ഉണ്ട്. ഒരൽപ്പം തെരഞ്ഞാൽ ഇതെല്ലാം കിട്ടും. സുഖമായി നമ്മുടെ സമയാനുസൃതം വായിക്കാം.
വായനയും അതിന്റെ അനുഭൂതിയും നമ്മെ ആരും പറഞ്ഞറിയിക്കേണ്ടതില്ല. എന്നാൽ ഇ-വായന വായനയുടെ തലങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അധിക വായനാസാമഗ്രികൾ ലഭ്യമാക്കുക മാത്രമല്ല ഇതു ചെയ്യുന്നത്. വായിച്ചവ സൂക്ഷിക്കാനും വീണ്ടും അപ്പ്ഡേറ്റ് ചെയ്യുമ്പോൾ വായിക്കാനും അവസരം നൽകുന്നു. പുതിയവ ചൂണ്ടിക്കാണിക്കുന്നു. വായിച്ചവയെ കുറിച്ച് അധിക ആഴങ്ങളിൽ പോകാൻ വഴികാട്ടുന്നു. വായിച്ച പങ്കുവെക്കാനും ചർച്ച ചെയ്യാനും വഴിയൊരുക്കുന്നു.വായനയിൽ നിന്ന് എഴുത്തിലേക്ക് നമ്മെ അറിയാതെ നയിക്കുന്നു. ചർച്ചകളിലൂടെ നമ്മെ അധിക അറിവുകളിലേക്ക് നീക്കുന്നു. വായന എഴുത്തും പങ്കുവെക്കലും അറിവ് നിർമ്മാണവുമായി സ്വാഭാവികവികാസം തീർക്കുന്നു.
വായിച്ചത് സൂക്ഷിക്കുക
വാങ്ങി വായിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്നതുപോലുള്ള പ്രാരബ്ധങ്ങൾ ഇ-വായനയിലില്ല. ബ്രൌസറിന്റെ ഫേവറിറ്റുകളിൽ ലിങ്ക് സൂക്ഷിച്ചാൽ ആയതെല്ലാം നിരന്തരം അപ്പ്ഡേറ്റാവുകയും ചെയ്യും. ഇനി ഇതെല്ലാം പേജുകളായി പേരിട്ട് ഫോൾഡറുകളിൽ സൂക്ഷിക്കാനും എളുപ്പം. നമ്മുടെ കമ്പ്യൂട്ടറിൽ നല്ലൊരു ലൈബ്രറി ഒരുക്കാൻ ഒരു പ്രയാസവുമില്ല. ഉദാഹരണത്തിന്ന് അധ്യാത്മരാമായണം കിളിപ്പാട്ട് (524 പേജുകൾ) നമ്മുടെ കമ്പ്യൂട്ടറിൽ സൂക്ഷിക്കാൻ 1.54 എം.ബി സ്ഥലം മാത്രം മതി. 15 ഭാഗങ്ങളിൽ നൂറുകണക്കിന്ന് അധ്യായമുള്ള (War and Peace-Leo Tolstoy)വാർ ആൻഡ് പീസ് എന്ന വിശ്വോത്തരനോവൽ ഒരൊറ്റ ക്ലിക്കിൽ നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. പുസ്തകം മറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ നമുക്കാവശ്യമുള്ള പേജുകൾ എപ്പോൾ വേണമെങ്കിലും എടുക്കുകയും ചെയ്യാം. ഇനി ലോകപ്രസിദ്ധമായ നാച്വർ മാസികയാണെങ്കിൽ ബ്രൌസറിന്റെ ഫേവറിറ്റിൽ സൂക്ഷിച്ചാൽ മതി. ഓരോ പ്രാവശ്യവും മാസിക പുതുക്കപ്പെടുമ്പോൾ അത് സ്വയം സിംക്രണൈസ് ചെയ്ത് അപ്പ്ഡേറ്റ് ആവും.ഏറ്റവും പുതിയ മാസിക ഓരോപ്രാവശ്യവും നമുക്ക് വായിക്കാം. നൂറുകണക്കിന്ന് പത്രങ്ങൾ, ആയിരക്കണക്കിന്ന് ബ്ലോഗുകൾ തുടങ്ങിയവയൊക്കെ നമുക്കിതുപോലെ ചെയ്യാം.
അധികവായനക്ക് ചൂണ്ടിക്കാട്ടലുകൾ
ഒരു ദിനപത്രം നെറ്റ് എഡീഷനിലെ ഒരു വാർത്ത വായിക്കുന്നു എന്നിരിക്കട്ടെ. ഒരു വാർത്തയുടെ ഒപ്പം ചിത്രം, വീഡിയോ എന്നിവയും കാണാം. പത്രത്തിൽ ചിത്രങ്ങൾ ഉണ്ട്. എന്നാൽ അതിഅധികം തെളിമയോടെ നെറ്റ് പത്രത്തിൽ ചിത്രവും വീഡിയോയും ചേർക്കുന്നു. വാർത്തയുടെ ഉള്ളടക്കം പൂർണ്ണരൂപത്തിൽ നമുക്ക് ലഭിക്കുകയാണ്.വാർത്തയുടെ ആദ്യഭാഗം വായിച്ച് താല്പര്യ്മുണ്ടെകിൽ more…എന്ന ലിങ്കിൽ പോയാൽ ബാക്കി വായിക്കാം. മാത്രമല്ല, ആ വാർത്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തകളൊക്കെത്തന്നെ Related Links എന്ന രീതിയിൽ താഴെ കൊടുത്തിരിക്കും. ഓരോ വാർത്തയിലേയും പ്രധാനപ്പെട്ട വാക്കുകൾ (tag) ടാഗായി നൽകിയിരിക്കും. ടാഗുകൾ നോക്കി അധികവിവരങ്ങൾ നമുക്ക് ആർക്കെയ്വ്സിൽ കണ്ടെത്താം. ചുരുക്കത്തിൽ വിവരങ്ങളുടെ ഒരു മഹാപ്രളയം തന്നെ ഓരോ വാർത്തക്കും ലേഖനത്തിന്നും പിന്നിൽ നിലകൊള്ളുകയാണ്.ആ വാർത്ത ശ്രദ്ധിച്ച ആളുകളുടെ എണ്ണം കൂടി നമുക്ക് മനസ്സിലാക്കാം.എണ്ണക്കൂടുതൽ വാർത്തയുടെ പ്രാധാന്യത്തിന്റെ കൂടി സൂചകമാണല്ലോ.
ഇനി നാം വായിക്കുന്നത് ഒരു നോവലാണെങ്കിലോ. അധ്യായം തിരിച്ചുള്ള ലിങ്കുകൾ കൊടുത്തിരിക്കും.പദാവലി, അർഥം എന്നിവകൂടാതെ പദങ്ങളുടെ എണ്ണം (war and peace 5,60,000 ) വരെ നൽകിയിരിക്കും.എഴുത്തുകാരന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ മറ്റു കൃതികൾ, നോവൽ പഠനങ്ങൾ, ആമുഖങ്ങൾ, വിമർശനങ്ങൾ, ചർച്ചാവേദികൾ, അഭിപ്രായങ്ങൾ, സമകാലികരായ മറ്റെഴുത്തുകാർ എന്നിങ്ങനെ അനേകലിങ്കുകൾ നമുക്ക് കാണാം. ഉദാഹരണത്തിന്ന് ഈ ലിങ്ക് http://www.online-literature.com/tolstoy/war_and_peace/ നോക്കൂ.
വായന പങ്കുവെക്കൽ കൂടിയാണ്
ഏതൊരു വായനയുടെയും സ്വാഭാവികമായ തുടർച്ച വായനാനുഭവം മറ്റുള്ളവരുമായി പങ്കുവെക്കലാകുന്നു.പ്രതികരണം അനുകൂലമോ പ്രതികൂലമോ എന്ന ഒരു വകതിരിവും ഇല്ലാതെ നെറ്റ് വായനയിൽ ഇത് സാധിക്കാം. ഒരു വാർത്തയോ ലേഖനമോ കഥയോ കവിതയോ വായിച്ച ഉടൻ തന്നെ അതിനെകുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താൻ കമന്റ്ബോക്സ് താഴെ ഉണ്ടാവും. തന്റെ കമന്റ് രേഖപ്പെടുത്താനും മറ്റുള്ളവരുടെ കമന്റ് കാണാനും ഇവിടെ സാധിക്കും. മാത്രമല്ല; ഈ വായനാ സാമഗ്രി ഷെയർ ചെയ്യാൻ 40തിലധികം ഇടങ്ങൾ താഴെ കാണാം. റ്റ്വിറ്റർ, ഫേസ്ബുക്ക്, ഓർക്കുട്ട്,ബ്ലോഗ്,വേർഡ്പ്രസ്സ് തുടങ്ങി പ്രസിദ്ധങ്ങളായ ഷെയറിടങ്ങൾ നമുക്ക് ലഭ്യമാണ്. നാം ഷെയർ ചെയ്ത ഇനം മറ്റെത്രപേർ ഷെയർ ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും. നമ്മുടെ വായനാമൂല്യം വിലയിരുത്തൽ കൂടിയാണിത്. ഈ ഷെയറിടങ്ങളിൽ ഉള്ള നമ്മുടെ എക്കൌണ്ടുകളിൽ മറ്റുള്ളവർ ഷെയർ ചെയ്തത് നമുക്ക് കാണം. താൽപ്പര്യത്തിന്നനുസരിച്ച് അവിടങ്ങളിൽ പോകാം.പലപ്പോഴും തികച്ചും പുതുമയുള്ളതും അത്യാവശ്യമുള്ളതുമായ വായനാ സാമഗ്രികൾ നമ്മുടെ മുന്നിൽ അനായാസം ലഭിക്കുകയാണിതിലൂടെ.
റ്റ്വിറ്റർ, ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയ ഷെയറിടങ്ങൾ നമുക്ക് വായിക്കാനുള്ള പ്രധാനപ്പെട്ടവയുടെ സൂചനകളും ലിങ്കുകളും നൽകുന്നുമുണ്ട് എന്നർഥം. എൻ.റാം, ബി.ആർ.പി.ഭാസ്കർ, മാധ്യമം,ഗാർഡിയൻ തുടങ്ങിയ റ്റ്വിറ്റർ സുഹൃത്തുക്കൾ വിലപിടിച്ച വായനാ സാമഗ്രികൾ നമുക്ക് കാണിച്ചുതരുന്നുണ്ട്.നാം അവരെ ഫോളോ ചെയ്താൽ മാത്രം മതി. റ്റ്വീറ്റുകളും റീറ്റ്വീറ്റുകളും ഒക്കെയായി ഇതിന്റെ സാധ്യതകൾ വലരെ വിപുലമാണ്.മലയാളത്തിലെ മിക്ക എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഇന്ന് റ്റ്വിറ്ററിലും ഫേസ്ബുക്കിലും സജീവമാണ്. ‘ആടുജീവിതം’ വായിച്ച ഉടനെ ബന്യാമിനെ നമുക്ക് റ്റ്വിറ്ററിലും ഫേസ്ബുക്കിലും കോണ്ടാക്ട് ചെയ്യാം…അനുമോദിക്കാം…സംസാരിക്കാം…അഭിപ്രായം പങ്കുവെക്കാം. കവിത വായിച്ച ഉടനെ എൻ.ഗോപീകൃഷ്ണനെയും പി.പി.രാമചന്ദ്രനേയും നമുക്ക് ബന്ധപ്പെടാം. നല്ലൊരാസ്വാദനക്കുറിപ്പോ വിമർശനക്കുറിപ്പോ എഴുതി നിസ്സങ്കോചം നമ്മുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. വായിക്കാനും പ്രതികരിക്കാനും അവിടേയും ആളുകൾ കാത്തുനിൽപ്പുണ്ട്!
ഈ സാധ്യതകൾ കേവലം പ്രിന്റ് മീഡിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവർക്ക് ഒരിക്കലും സാധ്യമാകുന്നില്ല. അതുകൊണ്ടാണ് ഇ-വായന പ്രധാനമാകുന്നത്. വായന അറിവുൽപ്പാദനവും പങ്കുവെക്കലും കൂടിയാവുന്നത്. വായന ഒരൊഴിവ്കാല നേരമ്പോക്കല്ല; മറിച്ച് അർഥപൂർണ്ണമായ ജീവിതം തന്നെയാണ്.നാം ജീവിക്കുന്ന ലോകവുമായി സമഗ്രമായി തൊട്ടുരുമ്മി നിൽക്കുകയാണ്.