എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ വരികയാണ്. അതില്‍ സുപ്രധാനമായ ഒന്നാണ് നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നത്. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. ഐ.ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് സമയം ശരിയായി വിനിയോഗിക്കാന്‍ നല്‍കുന്ന പരിശീലനത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നു. ഏറ്റവും അറിയാവുന്നത് ആദ്യം, അതിനെത്ര സമയം എന്നിങ്ങനെ.സമയഘടകത്തിന്റെ നിയന്ത്രണം
കുട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
കുട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
കുട്ടിക്ക് സമയനിഷ്ഠ ഉണ്ടെങ്കിലും അധ്യാപകന്‍ ഇതെത്രമാത്രം പാലിക്കുന്നു എന്നാരും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല. പരീക്ഷാമുറിയുടെ നിയന്ത്രണം അധ്യാപകനായതുകൊണ്ട് സമയനിഷ്ഠ കുട്ടിയുടെ മാത്രം വിഷയമായി ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയും സമയത്തിന്റെ കാര്യത്തില്‍ പരാതി ഉള്ളവരുമാകുന്നു.കഴിഞ്ഞ പരീക്ഷയെകുറിച്ച് പരാതിപ്പെട്ടിട്ടെന്തുകാര്യം എന്ന മട്ടില്‍ ഇതൊക്കെയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ബാലശാപങ്ങള്‍ അപരിഹാര്യങ്ങളായി നിലകൊള്ളുന്നു.
പഠിക്കുന്ന കുട്ടിക്ക് എല്ലാ പരീക്ഷയും ഗൌരവമുള്ളതുതന്നെ. നന്നായി പഠിച്ച് ജയിക്കാനുള്ള മോഹവുമായാണ് എല്ലാ കുട്ടിയും പരീക്ഷാ ഹാളില്‍ എത്തുന്നത്. (അലസന്മാരെകുറിച്ച് നാം ചര്‍ച്ചചെയ്യേണ്ടതില്ലല്ലോ) എന്നാല്‍ അധ്യാപകര്‍ മിക്കവരും പരീക്ഷാഡ്യൂട്ടി ഒരു സൊല്ലയായാണ് കാണുന്നത്.പരീക്ഷ കഴിഞ്ഞുള്ള പേപ്പര്‍ നോക്കല്‍ ഇതിലും വലിയ ബുദ്ധിമുട്ടാണ് പലര്‍ക്കും.എന്നാല്‍ എസ്.എസ്.എല്‍.സി. പേപ്പര്‍ വാല്യുവേഷന്‍ സുഖം. അതിനോടിപ്പിടിച്ചെത്തും. സറണ്ടര്‍ ലീവെന്ന സൌഭാഗ്യം ആകര്‍ഷണം. സ്കൂള്‍ പരീക്ഷാഡ്യൂട്ടിയില്ലെന്ന അറിവ് എപ്പോഴും അധ്യാപകന്ന് സ്വര്‍ഗ്ഗം കിട്ടുന്നപോലെയാണല്ലോ. എന്നാല്‍ അധ്യാപകന്റെ പരീക്ഷാദ്വേഷം കുട്ടിയെ ബാധിക്കുന്നു എന്നാണ് നാം അറിയേണ്ടത്.
ഒരിക്കല്‍ നമ്മുടെ പരീക്ഷാ കമ്മീഷണര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ ഒരു ചോദ്യം ചോദിച്ചു: എസ്.എസ്.എല്‍.സി. പരീക്ഷക്ക് എപ്പോഴാ ഫസ്റ്റ് ബെല്ല് അടിക്കുക?
ഉത്തരങ്ങള്‍: 1.45/ 1.30/ 1.00/ 1.35/
എപ്പോഴാ സെക്കന്റ് ബെല്ല്?
ഉത്തരങ്ങള്‍: 1.30/1.45/ 1.40….
പരീക്ഷ തുടങ്ങുന്ന ബെല്ല്?
1.30/ 1.45/ 1.50/
ഒരുറപ്പില്ലാത്ത ഉത്തരങ്ങള്‍!
കുട്ടി എപ്പോള്‍ പരീക്ഷ എഴുത്ത് അവസാനിപ്പിക്കണം?
5 മിനുട്ടിന്റെ വാര്‍ണിങ്ങ് ബെല്ല് കേട്ടാല്‍ (എല്ലാരും വ്യക്തമായി തന്നെ പറഞ്ഞു!). എഴുത്തു നിര്‍ത്തി തുന്നിക്കെട്ടണം.
ഇതിത്ര വിശദമാക്കുന്നത് പരീക്ഷാ സമയത്തെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എത്രമാത്രം ബാലിശമാണെന്നുതന്നെയല്ലേ? ഈ യൊരു ചര്‍ച്ച നമ്മുടെ അധ്യാപകരുടെ ഇടയില്‍ നടക്കണം. ധാരണകള്‍ ശിശുകേന്ദ്രീകൃതമാക്കണം.
1.45 നാണ് പരീക്ഷ തുടങ്ങുന്നത്. 1.45 നു മുന്‍പ് അധ്യാപകന്‍ പരീക്ഷാഹാളില്‍ എത്തിയിരിക്കണം. ഈ തീരുമാനത്തില്‍ നിന്നു തുടങ്ങണം. 1.45 ആവുമ്പോഴേക്ക് കുട്ടികളുടെ ഹാള്‍ടിക്കറ്റ് പരിശോധന, മെയിന്‍ ആന്‍സര്‍ ഷീറ്റില്‍ വേണ്ട എന്‍റ്റ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കല്‍, അറ്റന്‍ഡന്‍സ് വാങ്ങല്‍ (വൈകി വരുന്നവരുടെ കാര്യം അല്ലേ) തുടങ്ങിയ സംഗതികള്‍ പൂര്‍ത്തിയാക്കണം. എല്ലാ ഒരുക്കങ്ങളും തീര്‍ത്ത് 1.45 നു സെക്കന്റ് ബെല്ല് അടിക്കുന്നതോടെ കുട്ടിക്ക് ചോദ്യപ്പേപ്പര്‍ നലകണം. ഇനി 15 മിനുട്ട് കൂള്‍ ഓഫ് സമയം. 2 മണിക്ക് മൂന്നാം ബെല്ല്. പരീക്ഷ എഴുതാന്‍ തുടങ്ങിയിരിക്കണം. പിന്നീട് ഓരോ അര മണിക്കൂറിന്നും ബെല്ല്. പരീക്ഷാ സമയം അവസാനിക്കുന്നതിന്ന് 5 മിനുട്ട് മുന്‍പ് വാണിങ്ങ്ബെല്ല്…ലോങ്ങ്ബെല്ല്.
1.45 മുതല്‍ പരീക്ഷ കഴിയുന്നതുവരെയുള്ള സമയം പൂര്‍ണ്ണമായും കുട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ ഇടപെടാനും മറ്റുകാര്യങ്ങള്‍ ചെയ്യിക്കാനും അധ്യാപകന്ന് യാതൊരവകാശവുമില്ല. കുട്ടിക്കാവശ്യമുള്ള അധികപേപ്പര്‍ അവള്‍ക്കടുത്തുചെന്ന് നല്‍കണം. (പലപ്പോഴും കുട്ടികള്‍ മാഷിന്റെ അടുത്തെക്ക് ചെന്ന് പേപ്പര്‍ വാങ്ങുന്നത് പതിവാണ്. ഇതു കുട്ടിയോട് ചെയ്യുന്ന ദ്രോഹമാണ് എന്നാരുപറയാന്‍?) ഓരോ അരമണിക്കൂര്‍ ബെല്ലും കുട്ടി ശ്രദ്ധിക്കുന്നുണ്ട്. 5 മിനുട്ട് മുന്‍പുള്ള വാണിങ്ങ്ബെല്‍ കുട്ടിക്കാണ്. സമയം തീര്‍ന്നാല്‍ ലോങ്ങ്ബെല്ല് ഉണ്ട്. അതുവരെ കുട്ടിക്ക് എഴുതാം. പിന്നീട് ഉത്തരം എഴുതാന്‍ സമ്മതിക്കരുത്. പക്ഷെ , അതുവരെ എഴുതാം. ഇനി പേജ്നമ്പറിട്ട് തുന്നിക്കെട്ടി വാങ്ങാം.
നമ്മുടെ ആളുകള്‍ പലപ്പോഴും 5 മിനുട്ടിന്റെ ബെല്ല് കേട്ടാല്‍ ‘ആള്‍ സ്റ്റാന്‍ഡപ്പ് ‘ എന്ന ഓര്‍ഡര്‍ കൊടുത്ത് എഴുത്ത് നിര്‍ത്തിക്കുന്നു. സമയം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്നതും പതിവ്. ങ്ങാ ഇനി അത്രയൊക്കെ മതി…നിര്‍ത്തിന്‍…എന്ന പരിഭ്രമം മാഷേ ആവേശിക്കുന്നു. കുട്ടി എന്നും നിസ്സഹായ. എഴുത്തു നിര്‍ത്തി പേപ്പര്‍ നല്‍കും. ലോങ്ങ്ബെല്ല് അടിക്കുമ്പോഴേക്ക് എല്ലാം വാങ്ങി എണ്ണി ശരിയാക്കി ഓഫീസില്‍ എത്തിയിരിക്കും നമ്മുടെ കര്‍ത്തവ്യ നിരതന്‍.ഹേഡ്മാഷക്കും ഇതൊക്കെ ഒന്നു കെട്ടിവെച്ചു ശരിയാക്കി വേണമല്ലോ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍.
നവമ്പര്‍ 1 നു ആരംഭിക്കുന്ന പരീക്ഷ മുതല്‍ നാം ഈ സമയക്രമം പാലിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പ്രദായികരീതികള്‍ മാറിയേ തീരൂ എന്നു എല്ലാവരും തീരുമാനിക്കണം. പരീക്ഷ കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ്. നമുക്കത് വിരസമായ ഒരധ്യായവും. പക്ഷെ, പരീക്ഷ കുട്ടിക്കാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കല്ല. ഇന്ന് രക്ഷിതാക്കള്‍ക്കും ഈ കഥയൊക്കെ അറിയാം. ചര്‍ച്ചകളും അനുഭവങ്ങള്‍ കൈമാറലും നടക്കട്ടെ.
No comments:
Post a Comment