17 June 2021

വായനാദിനം - വാരം

 

വായനാദിനം - വാരം

പി.എൻ. പണിക്കർ

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO]ആണ്. [ wiki mal]


വായന ഒഴിവുസമയ വിനോദമല്ല


നിങ്ങൾ ഒഴിവുസമയം ചെലവഴിക്കുന്നതെങ്ങനെ? നിങ്ങളുടെ ഒഴിവുസമയ വിനോദം എന്ത്? എന്താണ് നിങ്ങളുടെ ` ഹോബി [ hobby] ?

ക്ളാസിൽ ഇപ്പോഴും അദ്ധ്യാപിക ചോദിക്കുന്ന ഒരു ചോദ്യമാണിത്.

കുട്ടികള്ക്ക് ഉത്തരം പറയാൻ ഒരു പ്രയാസവുമില്ല ഇന്നേവരെ.

ടി. വി. കാണൽ, സിനിമ, പന്തുകളി, ക്രിക്കറ്റ്, വായന, ചിത്രം വരയ്ക്കൽ , പാചകം , അടുക്കളത്തോട്ടം , ചാറ്റിങ്ങ് , ഇന്റെര്നെറ്റ്, വിക്കിപീഡിയ, സ്റ്റാമ്പ് ശേഖരണം, ...... ഉത്തരം റെഡിയാണ്`.


ഒരാൾ ആഹ്ളാദത്തിനുവേണ്ടി ഒഴിവുസമയങ്ങളിൽ സ്ഥിരമായി ചെയ്യുന്ന പ്രവൃത്തിയാണ്` ഹോബി. മേല്പ്പറഞ്ഞതൊക്കെ 'ഹോബിയാണെങ്കിലും വായന ഇക്കൂട്ടത്തിൽ നിന്ന് മാറ്റേണ്ടകാലം സ്കൂൾ കുട്ടികളുടെ കാര്യത്തിൽ അതിക്രമിച്ചിരിക്കുന്നു എന്നു തീർച്ച .


പ്രവർത്തനാധിഷ്ഠിതമായ ക്ളാസ്‌‌മുറിയിൽ നടക്കുന്ന അറിവ് നിർമ്മാണം കുട്ടിയുടെ മുൻകയ്യിലാണ്` നടക്കുന്നത്. അദ്ധ്യാപിക മെന്ററുടെ [mentor]റോളിൽ ഒപ്പം ഉണ്ട് . ഏതുവിഷയവും ഏതുപാഠവും രൂപീകരിച്ചിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്`. അതുകൊണ്ട് ഓരോ പ്രവർത്തനങ്ങളും പാഠപുസ്തകത്തിനപ്പുറത്തേക്ക് നീളുന്നുണ്ട്. ആ നീളം കുട്ടിയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്`. അനുഭവങ്ങളാകട്ടെ നേരനുഭവങ്ങൾ മാത്രമല്ല. നേരനുഭവങ്ങളേക്കാൾ കുട്ടിക്കും [ മുതിർന്നവർക്കും ] വായനാനുഭവങ്ങളാണ്` അധികം എപ്പോഴും.


പാഠപുസ്തകത്തിനപ്പുറത്തേക്ക് അവശ്യം നീളുന്ന പ്രവർത്തനമാണ്` വായന. അധികവായനയല്ല ; അവശ്യവായനയാണ്`. പാഠപുസ്തകങ്ങൾ ഇതിനെ ' അധികവായനക്ക് ' എന്നു കുറിയ്ക്കും. അധികവായനക്ക് എന്നു സൂചിപ്പിച്ചവകൂടി വായിച്ചാലേ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിൽ ചെയ്യാനാവൂ. കഥാപാത്രനിരൂപണം, ആസ്വാദനക്കുറിപ്പ്, താരതമ്യക്കുറിപ്പ്, കവിയുടെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മനസ്സിലാക്കിയെഴുതൽ തുടങ്ങി സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവക്കും , എല്ലാ വിഷയങ്ങൾക്കും ഈ 'അധികവായന ' ആവശ്യമാണ്`.


വായന , ജ്ഞാനവൃത്തിയാണ്`, ഉള്ളടക്കം സംഗ്രഹിക്കലാണ്`, ഭാഷ ഉൾക്കൊള്ളലാണ് , വിവരങ്ങളും ആശയങ്ങളും പങ്കുവെക്കലാണ്`.


അപ്പോൾ ഇത് കാണിക്കുന്നത് വായന പഠനപ്രവർത്തനമാണ്` എന്നാണ്`. ഒഴിവുസമയ വിനോദമോ അധികവായനയോ അല്ല. വേണമെങ്കിൽ വായിക്കാമെന്ന സൗജന്യം ഇല്ല. വായിച്ചേ തീരൂ. കഥകൾ, കവിതകൾ, നോവലുകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ, ശാസ്ത്രലേഖനങ്ങൾ, ചരിത്രകൃതികൾ, ദാർശനിക ഗ്രൻഥങ്ങൾ , നിരവധി വിഭാഗത്തിൽ പെട്ട ഉപന്യാസങ്ങൾ, ദിനപത്രങ്ങൾ, വാരികകൾ .... അങ്ങനെ. അതാണ്` പഠനം. ക്ളാസിൽ നിന്നു കിട്ടുന്നതും ഇങ്ങനെവായിച്ചുകിട്ടുന്നതും ഒക്കെ ക്ളാസിൽ പങ്കുവെക്കാനും വികസിപ്പിക്കാനും വ്യക്തത വരുത്താനും ക്ളാസിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.


അറിവ് സൃഷ്ടിക്കുന്നതിലെ പ്രക്രിയയാണ്` വായന. ഒഴിവുസമയ വിനോദമല്ല അറിവ് നിർമ്മാണം. കുട്ടിയുടെ നിത്യജീവിതത്തിന്റെ സുപ്രധാനമായ ഘടകമാണിത്. ക്ളാസ്റൂം പ്രവർത്തനങ്ങളുമായി ഒട്ടിച്ചേർന്നതാണ്`. പഠനമികവിന്ന് അവശ്യമാണ്`. പഠനപ്രക്രിയയുടെ ഭാഗമാണ്`. ഒഴിവുസമയത്തല്ലാത്തപ്പോഴൊക്കെ നടക്കുന്ന പഠനപ്രക്രിയകളിൽ വായന ഉണ്ട്. കുട്ടിയുടെ / മുതിർന്നവരുടേയും ജീവിതം ഒരിക്കലും ഹോബിയല്ലല്ലോ.

വായനാവാരം ക്ളാസ്‌‌ മുറിയില്‍


വായനാദിനവും തുടര്‍ന്നുള്ള വായനാ വാരവും സ്കൂളിലെ ഒരു പൊതുപരിപാടി എന്നനിലയില്‍ ഒരു വിധം നന്നായി നടക്കുനുണ്ടാവും. ഇതില്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് [ ചിലതോ മുഴുവനുമായോ] നടപ്പാക്കിക്കാണും.ഈ കോവിഡ് സാഹചര്യത്തിൽ സവിശേഷമായും. മിക്കതും ഓൺലയിനിൽ ആവാമല്ലോ


വയനാദിനാചരണം- പൊതുയോഗം

  • [ അസംബ്ലിയില്‍ / ഹാളില്‍] [വിശിഷ്ടാതിഥിയുടെ സാന്നിദ്ധ്യം- പ്രസംഗം]

  • വായനാദിനം - പുസ്തകവായന- പുസ്തകം പരിചയപ്പെടുത്തൽ

  • വായനാദിന- വാര മത്സരങ്ങള്‍ [ ക്വിസ്സ്, ഉപന്യാസം, സശബ്ദ വായന..]

  • വായനാക്കുറിപ്പുകള്‍ തയ്യാറാക്കല്‍

  • ലൈബ്രറി മെമ്പര്‍ഷിപ്പ്, ലൈബ്രറി സന്ദര്‍ശനം

  • വായനാവാരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/ കുറിപ്പുകള്‍ എന്നിവ പത്രപംക്തികളില്‍ വരുന്നത് ശേഖരിക്കലും വായിക്കലും

  • സ്കൂൾ തുറന്നാൽ ക്ളാസ് മുറികളില്‍ ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ആരംഭിക്കല്‍


ക്ളാസ് മുറികളില്‍ ലൈബ്രറി വിതരണം നടപ്പാക്കുന്നത് സംബന്ധിച്ച് -


അദ്ധ്യാപകര്‍ കൂട്ടായി ചെയ്യേണ്ടത്:[എസ് ആർ ജി ]


ഒരു ക്ളാസില്‍ അവനവന്‍ കൈകാര്യം ചെയ്യാനുള്ള വിഷയത്തില്‍ [ ക്ളാസ് നിലവാരം നോക്കി] അധികവായനക്കു വേണ്ട പുസ്തകങ്ങള്‍ തീരുമാനിക്കുക. ഒരു വര്‍ഷം മുഴുവന്‍ മുന്നില്‍ കണ്ട് പ്ളാന്‍ ചെയ്യണം. അതുതന്നെ

) ഉള്ളടക്കം കൂടുതല്‍ മനസ്സിലാക്കാനുള്ള പുസ്തകങ്ങള്‍

) ഉള്ളടക്കത്തോട് അധിക ജിജ്ഞാസ ഉളവാക്കുന്ന കൃതികള്‍.

] മിടുക്കരായ കുട്ടികളെ ഉദ്ദേശിച്ച് ഉള്ളടക്കത്തില്‍ നിന്നും പുറത്തേക്ക് വഴികാണിക്കുന്ന കൃതികള്‍.

എല്ലാ വിഷയങ്ങളിലും ഈയൊരു ലിസ്റ്റ് തയ്യാറായാല്‍ [ ഇതെല്ലാം എവിടെനിന്ന് സംഘടിപ്പിക്കാമെന്നുകൂടി തീരുമാനിച്ച്] ആ ക്ളാസില്‍ പോകുന്ന മുഴുവന്‍ പേരും കൂടിയിരുന്ന് ലിസ്റ്റ് ക്രമീകരിച്ച് വെക്കണം. ലിസ്റ്റ് - പുസ്തകങ്ങള്‍ , മാസികകള്‍, ലേഖനങ്ങള്‍, ഇന്റെര്‍നെറ്റ് മെറ്റീരിയല്‍, സി.ഡി കള്‍, ഡി.വി.ഡി.കള്‍... എന്നിങ്ങനെ വൈവിദ്ധ്യമുള്ളതാകാം. ഓരോന്നിന്റേയും ലഭ്യത, അതുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സമയം [ പാഠം തുടങ്ങുന്നതിന്ന് മുന്‍പ് , ഇടയ്ക്ക്, ഒടുക്കം, മറ്റു സമയം... ആര്‍ക്കെല്ലാം - ഏതേതല്ലാം..] എന്നിവ തീരുമാനിക്കണം. എല്ലാവരും കൂടിയിരുന്ന് അലോചിച്ചാല്‍ പലതും ആവര്‍ത്തനം കൂടാതെ ചെയ്യാം. ഒരു വായനാ സാമഗ്രി തന്നെ പല വിഷയക്കാര്‍ക്ക് പലമട്ടില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.


അദ്ധ്യാപകന്‍ ചെയ്യേണ്ടത് :


)

ഇന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഒരദ്ധ്യാപകനില്‍ [ ക്ളാസ് മാഷ്, മലയാളം മാഷ്.... ] ഊന്നിയാണ്`. ലൈബ്രറി മലയാളം മാഷടെ ഒരേര്‍പ്പാടാണ് പലപ്പോഴും. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും വായനാ സാമഗ്രികള്‍ ഉണ്ടെന്ന് മുകളില്‍ കണ്ടല്ലോ. അതുകൊണ്ടുതന്നെ ലൈബ്രറി ഒരദ്ധ്യാപകന്റെ മാത്രം ചുമതലയാവുന്നില്ല. എല്ലാവരുടേയും മേല്‍നോട്ടം ഇതിലുണ്ടാവണം.

വായനാ സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള റജിസ്റ്റര്‍ ഉണ്ടാകുന്നതോടെ കാര്യങ്ങള്‍ എളുപ്പത്തിലാവും. ഒരു കുട്ടിക്ക് ഒരു പേജ് എന്ന നിലക്ക് ഈ റജിസ്റ്റര്‍ ഉണ്ടാക്കിവെക്കാം. ആ റജിസ്റ്ററില്‍ വിഷയം , പുസ്തകം, തീയതി എന്നിങ്ങനെയുള്ള വിവരങ്ങളും വേണം. കുട്ടികളുടെ ഒരു ചെറിയ ഗ്രൂപ്പിന്ന് ഈ ചുമതല നല്കാം. മുഴുവന്‍ അദ്ധ്യാപകരുടേയും മേല്‍നോട്ടവും വേണം.

)

തന്റെ വിഷയം കൈകാര്യം ചെയ്യുന്നതിന്ന് ആവശ്യമായ വായനാസാമഗ്രികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കല്‍ തന്നെയാണ് ആദ്യ ചുമതല. എല്ലാ കുട്ടികള്‍ക്കും ആയതെല്ലാം കിട്ടിയെന്ന് ഉറപ്പാക്കണം.

)

വായനാ സാമഗ്രി ഒരു ഒഴിവ് സമയ വിനോദത്തിന്ന് നല്കുന്നതല്ല. പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ തന്നെയാണിവ. അപ്പോള്‍ അദ്ധ്യാപകന്‍ ഇതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറക്കണം. ആയത് കുട്ടികള്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കി മൂല്യനിര്‍ണ്ണയം ചെയ്യുകയും വേണം. ക്ളാസ് മുറിയില്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം, അതിനു നല്‍കുന്ന വായനാ സാമഗ്രി, അതിന്റെ ലഭ്യത- ചിലപ്പോള്‍ ഒരു കോപ്പിയേ കാണൂ... കുട്ടികള്‍ 45 ഉണ്ടാവും..- അപ്പോള്‍ എല്ലാവര്‍ക്കും വായിക്കാനുള്ള ഏര്‍പ്പാട് - ഗ്രൂപ്പ്- വലിയ ഗ്രൂപ്പ്... അതിന് നല്‍കുന്ന സമയം... എന്നിങ്ങനെ ആ പ്രവര്‍ത്തനം സമയബന്ധിതമാക്കേണ്ടതുണ്ട്. ഉല്പ്പന്നം : വായനാക്കുറിപ്പ്, പ്രസംഗം, കാലക്രമം കാണിക്കുന്ന പട്ടിക, ജീവചരിത്രക്കുറിപ്പ്, രസകരങ്ങളായ ചില സന്‍ദര്‍ഭങ്ങള്‍ കുറിച്ചുവെക്കല്‍, സെമിനാര്‍ പ്രബന്ധം.... എന്നിങ്ങനെ പലതാകുമല്ലോ.


കുട്ടികള്‍ക്ക് നല്‍കാവുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍


)

തന്റെ പാഠപുസ്തകങ്ങളില്‍ പലയിടങ്ങളിലായി പറഞ്ഞിട്ടുള്ള അധികവായനക്കുള്ള സാമഗ്രികള്‍ ലിസ്റ്റ് ചെയ്യല്‍. ആദ്യം ഒറ്റക്കും പിന്നെ ഗ്രൂപ്പായും ഇതു നിര്‍വഹിക്കാം. മറ്റു ഗ്രൂപ്പുകളുമായി ഒത്തുനോക്കാം. അദ്ധ്യാപകരുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ പൂര്‍ണ്ണമാക്കാം.


)

പ്രാദേശികമായി പലകാലങ്ങളിലായി ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ ചെറുതും വലുതുമായ സാഹിത്യകാരന്‍മാരെ കണ്ടെത്തി രേഖപ്പെടുത്തുന്ന പരിപാടി ഗ്രൂപ്പായി ചെയ്യണം. സര്‍ഗ്ഗത്മക രചനകള്‍ ചെയ്തവര്‍, ശാസ്ത്രസംബന്ധിയായ രചനകള്‍ നിര്‍വഹിച്ചവര്‍,പത്രപ്രവര്‍ത്തകര്‍, ചരിത്രകാരന്‍മാര്‍.... എന്നിങ്ങനെ ഏതൊരു പ്രദേശത്തും ഇവരുണ്ട്. അതു രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ വളരെ വലിയൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടി നിര്‍വഹിക്കുകയാണ്` എന്നും ഓര്‍ക്കണം.


)

വായനാക്കുറിപ്പുകള്‍, കയ്യെഴുത്തു പ്രതികള്‍ [ മാതൃകകള്‍ ശേഖരിക്കല്‍], കവിതാഭാഗങ്ങള്‍ [ വായിച്ചു രസിച്ചവ] എഴുതിസൂക്ഷിക്കല്‍, ഡയറിക്കുറിപ്പുകള്‍... തുടങ്ങിയുള്ള പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് സ്വയമേവ ചെയ്യാം. ഇതെല്ലാം തുടര്‍ന്നുള്ള ക്ളാസുകളില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

ലൈബ്രറിയും വായനയും വിദ്യാഭ്യാസകാലത്തെ വളരെ ശക്തവും അനേകമുഖങ്ങളുള്ള സര്‍ഗത്മക പ്രവര്‍ത്തനവും തന്നെയാണ്`. വിദ്യാഭ്യാസകാലത്തു ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങളൊക്കെ തുടര്‍ച്ചയുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അദ്ധ്യാപകരാന്`. അതെല്ലാ സൂക്ഷിച്ചുവെക്കാനും തുടര്‍ന്ന് പ്രയോജനപ്പെടുത്താനും അദ്ധ്യാപകര്‍ മുന്‍കയ്യെടുക്കണം. കുട്ടി എട്ടാം ക്ളാസില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്തുള്ളല്‍ വിഷയവുമായി ബന്ധപ്പെട്ടെഴുതിയ ഉപന്യാസം ഒമ്പതിലും പത്തിലും ഒക്കെ പ്രയോജനപ്പെടുത്തണം. ഇപ്പോള്‍ സംഭവിക്കുന്നത് വളരെ പരിതാപകരമായ സംഗതികളാണ്`. ഒരിക്കല്‍ എഴുതിയത് കുട്ടികളാരും സൂക്ഷിക്കുന്നില്ല. കാരണം വീണ്ടുമത് ഒരദ്ധ്യാപകനും പ്രയോജനപ്പെടുത്തുന്നില്ല. ഓരോ ക്ളാസിലും ആദ്യം മുതല്‍ മാഷ് നമ്പ്യാരെപ്പറ്റി എഴുതിക്കയാണ്`. എട്ടില്‍ ചെയ്തതിന്റെ ഉയര്‍ന്ന തലം പത്തില്‍ ചെയ്യാന്‍ കുട്ടിക്കാവുന്നില്ല. കുട്ടി എട്ടിലെ ഓര്‍മ്മയില്‍ അതുതന്നെ പകര്‍ത്തുന്നു. ഫുള്‍ സ്കോറും കിട്ടുന്നു. തുടര്‍ച്ചകള്‍ സൂക്ഷിക്കാനുള്ള ബാധ്യത പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്തുമ്പോള്‍ അദ്ധ്യാപകന്‍ ഏറ്റെടുക്കണം. ഒരിക്കല്‍ തയ്യാറാക്കിഅയത് - പഠിച്ചത് സംരക്ഷിക്കാന്‍ , വീണ്ടും പ്രയോജനപ്പെടുത്താന്‍ കുട്ടിയെ പരിശീലിപ്പിക്കണം.

തുടര്‍ച്ചയറ്റ കുട്ടി എന്നും ഒന്നാം ക്ളാസിലെ കുട്ടിയാകുന്നു.

ഇനിയും പ്രവർത്തനങ്ങൾ


1. വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതിനായി സ്കൂൾ തല യോഗം - പ്രഭാഷണം - ഏറെ സവിശേഷതകളുള്ള പുസ്തകം പരിചയപ്പെടുത്തൽ


2. ലൈബ്രറി കാണൽ - സ്കൂൾ ലൈബ്രറിയോ അടുത്തുള്ള ഒരു വായനശാലയോ കാണൽ.[ വിവിധ ഇനം പുസ്തകങ്ങൾ, വിവിധ ഭാഷാപുസ്തകങ്ങൾ , പത്രമാസികകൾ, പുസ്തകം അടുക്കിവെക്കുന്ന രീതി, വായനാഇടങ്ങൾ , മാധ്യമങ്ങൾ - പത്രം - പുസ്തകം - മോണിറ്റർ - - ബുക്ക്റീഡേർസ് … എന്നിവ പരിചയപ്പെടണം.]


3. വീട്ടിൽ ഒരു കുഞ്ഞു ലൈബ്രറി ആരംഭിക്കൽ [ വീട്ടിലുള്ള പുസ്തകങ്ങൾ അടുക്കി ഒതുക്കി വെക്കൽ, ലിസ്റ്റ് തയ്യാറാക്കൽ മെല്ലെമെല്ലെ വികസിപ്പിക്കാനുള്ള ആലോചനകൾ ] [ സാധ്യതയുള്ളവർക്ക് സ്വന്തം മൊബൈലിൽ / ടാബിൽ … ഒരു വായനശാല ആരംഭിക്കൽ / നെറ്റ് - ഇ ബുക്ക്സ് ഇ ബുക്ക് റീഡർ എന്നിവ ഡൗൺലോഡ് ചെയ്ത് പരിചയിക്കൽ ]

4. സ്കൂൾ അസ്ംബ്ലി കഴിഞ്ഞാൽ [ ഓൺലയിൻ അസംബ്ളി ] 10 മിനുട്ട് ശ്രാവ്യവായന [ സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസിലോ സൗകര്യമുള്ള ഇടങ്ങളിലോ മാറിയിരുന്നു ഒറ്റക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കൽ . ഒരു ദിവസം ആദ്യം 3-4 പേജിൽ തുടങ്ങി പിന്നെ പിന്നെ വായനാവേഗം കൂടുന്നത് കാണാം . വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒറ്റവരിക്കുറിപ്പുകൾ വായനാ കാർഡിൽ എഴുതൽ ] വർഷം മുഴുവൻ ഇടതടവില്ലാത്ത 10 മിനുട്ട് വായന .


5. Readathon [ മാരത്തോൺ വായന ] ഓരോക്ലാസിലും ഒരു ദിവസം [ ശനി / ഞായർ ദിവസങ്ങളിൽ സ്പെഷൽക്ളാസ്പോലെ - ഓണ്ലയിനിലും ആലോചിക്കാം ] വായന. ഒരു പുസ്തകം തെരഞ്ഞെടുക്കുക. 200 > പേജ് നോവൽ / കഥാസമാഹാരം / കവിതാസമാഹാരം … രാവിലെ 9.30 - 10.30 / 10.40 - 11.40 / 11.50 - 12.50 / 1.40 - 2.40 / 2.50 - 3.50 വരെ ഈ പുസ്തകം തുടർചയായി വായിച്ചു തീർക്കുക. ഉറക്കെവായിക്കണം. വായിക്കുംപോലെ വായിക്കണം. കഴിവനുസരിച്ച് എല്ലാവരും ഊഴം വെച്ച് വായിക്കണം . എല്ലാവരും നന്നായി ശ്രദ്ധിക്കണം. ഉദ്ഘാടനം സമാപനം ഒന്നും വേണ്ട. വെറും വായന. നോട്ട് വേണ്ട . ചോദ്യം ചോദിക്കേണ്ട.ചുമതലയുള്ള അദ്ധ്യാപിക ആവേശം പകരണം. ആവശ്യമെങ്കിൽ കൊല്ലത്തിൽ ഒന്നോ രണ്ടൊ പ്രാവശ്യം കൂടി ആവാം.

6.പുസ്തകങ്ങൾ മാറ്റിയെഴുതൽ : കഥകൾ …. കുട്ടിക്ക് മനസ്സിലാവുന്ന മട്ടിലേക്ക് മാറ്റിയെഴുതൽ , സംഭവങ്ങൾ മാറ്റിയെഴുതൽ, കഥാവസാനം മാറ്റിയെഴുതൽ, പ്രാദേശികഭാഷയിലേക്ക് മാറ്റിയെഴുതൽ, വ്യവഹാരം മാറ്റിയെഴുതൽ , ഭാഷ മാറ്റിയെഴുതൽ , ഘടന മാറ്റിയെഴുതൽ , സ്ഥാനം മാറ്റിയെഴുതൽ കഥാപാത്രങ്ങളെ [ സ്ത്രീ പുരുഷൻ ] മാറ്റിയെഴുതൽ - മാറ്റിയെഴുതിയവയുടെ അവതരണം ചർച… [ ഒരു ഭാഷാ എക്സർസൈസ് എന്ന മട്ടിൽ - കോപ്പിറയ്റ്റ് മുതലായ സങ്കീർണ്ണ ചിന്തകൾ തൽക്കാലം വേണ്ട ]


7.വായനാപ്രതിജ്ഞ: ഓരോരുത്തരും [ കുട്ടിയും മാഷും ] ദിവസവും 4 പേജെങ്കിലും വായിച്ചിരിക്കുമെന്ന പ്രതിജ്ഞ സ്വയം എടുക്കണം. എന്തെങ്കിലും - പഠിക്കാനും പഠിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നവയാകരുത് - അധികവായനയായി വരണം . ശ്രദ്ധാപൂർവം വായിക്കണം.


8. വായിച്ചത് പങ്കുവെക്കൽ : നാം വായിച്ചവയെ കുറിച്ച് സംസാരിക്കാൻ - കൂട്ടുകാരോട് വർത്തമാനം പറയാൻ ശ്രമിക്കണം. ഉള്ളടക്കം / കഥ , ഉള്ളിൽതട്ടിയ സൻദർഭങ്ങൾ / കഥാപാത്രങ്ങൾ / ആശയങ്ങൾ / പ്രയോഗങ്ങൾ / എഴുത്തുകാരൻ… എന്തുമാവാം. നമ്മൾ പറഞ്ഞ്തീരുന്നതോടെ കൂട്ടുകാരന്ന് അത് വായിക്കാൻ തോന്നണം.


9.വീണ്ടും വായന : [ മുതിർന്നവർ പണ്ട് വായിച്ചവ വീണ്ടും തേടിപ്പിടിച്ച് വായിക്കും] വീണ്ടൂം വായിക്കുമ്പോൾ ആദ്യവായനയിൽ നിന്നു കിട്ടിയതിനേക്കാൾ ആസ്വാദ്യത തീർച്ചയായും ലഭിക്കും. പരീക്ഷിച്ചുനോക്കൂ.


എഴുതിയത് വായിക്കരുത്

വായിച്ചത് എഴുതരുത്

എഴുതിവായിക്കണം

വായിച്ച് എഴുതണം





7 comments:

Unknown said...

നല്ല ആശയങ്ങൾ മാഷേ

Aswathynishanth said...

സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ പറ്റുന്ന ആശയങ്ങൾ സർ 👌👍

praveena���� said...

നമുക്ക് ചെയ്യാൻ സാധിക്കുന്ന ചെറിയ വലിയ ആശയമാണ് sir 🤝

Arun Peringode said...

വളരെ മികച്ച ആശയങ്ങൾ

Thoovalsparsham - Smina Ashiq said...

നമുക്ക് പ്രാവർത്തികമാക്കാൻ പറ്റുന്ന മികച്ച ആശയങ്ങൾ 👍

ഷൈജു.എ.എച്ച് said...


അഭിനന്ദനങ്ങൾ...
വളരെ സന്തോഷം തോന്നി ഇവിടെ എത്തുവാൻ കഴിഞ്ഞതിൽ.
വായന ഒരു വിനോദമല്ല , ഒരു ശീലമാണ്.
ആശംസകളോടെ...

Sumaira Jalal said...

I like the idea you mentioned here and your imagination is brilliant Victorian Age Characteristics read online