26 May 2020

rhithu online stories

കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ

പുസ്തകങ്ങളിൽ എഴുതി വച്ച കഥകൾ നമ്മൾ ഒറ്റയടിക്ക് വായിച്ചു പോവുകയാണ് പതിവ്. അങ്ങനെ ഒരു വായനയേ സാധ്യമാകൂ
എന്നാൽ, കഥകളിൽ വായനക്കാരുടെ മനസ്സിൽ ചോദ്യമുണർത്തുന്ന പല ഇടങ്ങൾ കാണാം. നാടോടിക്കഥകളിലും പഞ്ചതന്ത്ര കഥകളിലും പലതരത്തിലുള്ള ചൊൽക്കഥകളിലും ഒളിച്ചിരിക്കുന്ന സാധ്യതകൾ കുട്ടികൾക്കു മുന്നിൽ തുറന്നിടാൻ കഥകളുടെ ഡിജിറ്റൽ അവതരണങ്ങൾക്ക് സാധിക്കും.

കഥയുടെ ചില പ്രത്യേകസന്ധികളിൽ ചിന്തയെ വഴിതിരിച്ചു വിട്ട് കുട്ടികളുടെ ഭാവനയ്ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള അവസരം ഉണ്ടാക്കാം. സർഗ്ഗാത്മകചിന്ത പോഷിപ്പിക്കാൻ വഴിമാറ്റ (Twist) ങ്ങൾ സഹായിക്കും.

'എന്തുകൊണ്ട് അങ്ങനെയായി?' എന്ന ചോദ്യം വിമർശനാത്മക വായനയുടെ തുടക്കമാണ്. കഥ വായിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ മനസ്സിലുണ്ടാകാറുണ്ട്. എന്നാൽ എഴുതിവച്ച പാഠത്തെ പിൻതുടരലാണ് ഏക വഴി എന്നു വരുമ്പോൾ ചോദ്യത്തിനുള്ള സാധ്യത അടക്കിവെയ്ക്കേണ്ടിവരുന്നു. ഇവിടെ കുട്ടിയുടെ ഇടപെടലിനുള്ള ഇടങ്ങൾ കുറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കഥയുടെ ഡിജിറ്റൽ രൂപങ്ങൾക്ക് ഒരളവുവരെ കഴിയും.

വായനക്കാരുടെ സ്വാതന്ത്ര്യം കഥയെഴുതിയ ആളുടെ ചിന്തയും വഴികളും പിന്തുടരുക എന്നതിനപ്പുറമാണ്. സ്വാതന്ത്ര്യത്തെ അംഗീകരിക്കുവാനും വായിക്കുന്ന കഥയിൽ നിന്ന് (എഴുത്തുകാരൻ ഉദ്ദേശിക്കാത്ത) കഥകൾ രൂപപ്പെടുത്താനും സാധിക്കും. ഇങ്ങനെ വായനയെ രചനയുമായി ഇണക്കിച്ചേർക്കുവാനുള്ള സാധ്യതകളെ ഡിജിറ്റൽ രൂപങ്ങൾ കൂടുതൽ പിന്തുണയ്ക്കും.

വിമര്‍ശനാത്മക വായന, സര്‍ഗ്ഗാത്മക വായന, വായനക്കാരന്റെ സ്വാതന്ത്ര്യം, സ്വതന്ത്രചിന്ത എന്നീ ഘടകങ്ങളിൽ കഥയുടെ ഡിജിറ്റൽ രൂപങ്ങൾ സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഘടകങ്ങൾ മനസ്സിൽ കണ്ട് ഞങ്ങള്‍ രൂപപ്പെടുത്തിയ കുട്ടികള്‍ക്കായുള്ള ചില കഥകള്‍ ഋതുവിന്റെ വെബ്സൈറ്റിലൂടെ ഓരോന്നായി പ്രസിദ്ധീകരിക്കുകയാണ്. വായിച്ചു പ്രതികരിക്കുക


https://rhithu.com/istories/

17 May 2020

school@home

സ്ക്കൂള്‍ @ ഹോം - പ്രൈമറിവിദ്യാഭ്യാസത്തിന് ഒരു ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തന മാതൃക

കോവിഡുകാലത്തെ രോഗാതുരമായ സാമൂഹ്യസാഹചര്യങ്ങൾ ലോകമൊട്ടാകെ സ്കൂളുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു . കേരളത്തിൽ പുതിയൊരു വിദ്യാലയവർഷം ആരംഭിക്കേണ്ട ജൂൺ മാസത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാന്‍ കഴിയുമോ എന്നു തീര്‍ച്ചയായിട്ടില്ല. അടുത്ത ചില മാസങ്ങളിൽ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വന്നേയ്ക്കാം . ഈ വീട്ടിലിരിപ്പുകാലത്ത് അവരുടെ പ്രവർത്തന ശേഷിയും സർഗ്ഗാത്മകതയും വറ്റിപ്പോകാതിരിക്കാൻ പുതിയൊരു പഠനസാഹചര്യവും പഠനരീതിയും കണ്ടെത്തിയേ തീരൂ .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുമായി ഒത്തുചേർന്നുകൊണ്ടും കൊറോണക്കാലത്തെ വിദൂരവിദ്യാഭ്യാസവിനിമയ പ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ടുമാണ് ഈ അന്വേഷണം . ഓൺലൈൻ പഠനസാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയും തിട്ടപ്പെടുത്തുകയും ചെയ്ത് അതിലൂടെ പൊതുവിദ്യാഭ്യാസമേഖലയെ സുശക്തമാക്കുന്നതിനായുള്ള തനത് പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. .

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രൈമറി തലത്തില്‍

ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന പഠനത്തെയാണ് ഓൺലൈന്‍ വിദ്യാഭ്യാസം  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൂര്‍ണ്ണമായും ഇന്റര്‍നെറ്റിലൂടെയുള്ളതും ഭാഗികമായിട്ടുള്ളതുമായ  വിവിധ രീതികള്‍ പ്രയോഗത്തിലുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഉപരിപഠനത്തിന്റെയും skill development-ന്റെയും മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ലോകത്തെമ്പാടും വളരെ സ്വീകാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ ഭാഗികമായിട്ടാണെങ്കില്‍പ്പോലും വിദൂരപഠനരീതികള്‍ അവലംബിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രൈമറിതലത്തില്‍ വിദൂരപഠനത്തിന്റെ രീതിശാസ്ത്രം എന്തായിരിക്കണം? ഇന്റര്‍നെറ്റിലൂടെ എന്തൊക്കെയാണ് വിനിമയം ചെയ്യേണ്ടത്? മുന്‍കൂട്ടി തയ്യാറാക്കിയ വിഡിയോ ക്ലാസുകളും  'പവര്‍ പോയിന്റ് ‘(!) പ്രസന്റേഷനുകളും പി.ഡി.എഫ്.വര്‍ക്ക് ഷീറ്റുകളും മുതിര്‍ന്ന പഠിതാക്കള്‍ക്ക്  ഉപയോഗിച്ചിട്ടുണ്ട്  എന്നതുകൊണ്ട് 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ആ രീതി മതിയാകുമെന്നാണോ? ഓണ്‍ലൈന്‍ രീതികളവലംബിക്കുമ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് പഴയരീതികള്‍ മതിയാകുമോ?

അതേ സമയം സ്ക്കൂളല്ലാത്ത മറ്റുമാര്‍ഗ്ഗങ്ങളിലൂടെയുള്ള പഠനത്തിന്റെ അവസരങ്ങളും സൗകര്യങ്ങളും സന്നദ്ധതയും എല്ലാവര്‍ക്കുമില്ല എന്ന അലട്ടുന്ന അടിസ്ഥാനപ്രശ്നത്തെ അവഗണിക്കാനുമാവില്ല . വീട്ടില്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉണ്ടാകുന്നതു  കൊണ്ടുമാത്രം ഓണ്‍ലൈന്‍ പഠനത്തിനു കുട്ടി തയ്യാറായി എന്നു പരിഗണിക്കാനാവില്ല. സ്കൂളുകളേ ‘സ്മാര്‍ട്ട് ‘ആയിട്ടുള്ളൂ, വീടുകള്‍ ഇപ്പോഴും സാധാരണവീടുകള്‍തന്നെയാണ്.

പ്രൈമറി തലത്തില്‍ എന്തൊക്കെ പരിഗണിക്കണം?

ഓണ്‍ലൈന്‍ പഠനരീതികള്‍ അവലംബിക്കുന്നതിനെപ്പറ്റി പല ചിന്തകളും ഇടപെടലുകളും പല കോണുകളില്‍ നിന്നായി നടക്കുകയും ചിലതൊക്കെ നടപ്പാക്കുന്ന ശ്രമം ആരംഭിക്കുകയും ചെയ്യുന്ന  ഈ അവസരത്തില്‍ നിശ്ചയമായും പരിഗണിച്ചിരിക്കേണ്ട ചില കാര്യങ്ങളെ ആവര്‍ത്തിച്ചു സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രൈമറിതലത്തില്‍ നടപ്പിലാക്കുന്ന ഏതു വിദൂരവിദ്യാഭ്യാസ സംവിധാനവും -
    • നിലവിലെ ശരാശരി ടീച്ചര്‍ക്കും ഇതിലൂടെ മാറാന്‍ സാധിക്കുന്നതരത്തില്‍  രൂപകല്പന ചെയ്തതാവണം .
    • രക്ഷിതാക്കളൂടെ താല്പര്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതാകണം.
    • വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കുന്ന  ഇന്ററാക്ടീവ് ആയ പ്രവര്‍ത്തനശൃംഖലക്കായിരിക്കണം പ്രാധാന്യം .
    • ഉത്പന്നങ്ങളേക്കാള്‍ പ്രക്രിയകളെ ലക്ഷ്യം വെക്കുകയും വിലയിരുത്തുകയും  ചെയ്യുന്ന  രീതിയുണ്ടാവുകയും അദ്ധ്യാപകര്‍ പരിശീലിക്കുകയും വേണം.
    • അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്ന രീതിയായിരിക്കണം .
    • കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയും സാമൂഹിക ബന്ധങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരിക്കണം .
    • കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം .
    • അദ്ധ്യാപികയുടെ ഇടപെടലുകളോടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെത്തിക്കാൻ സാധിക്കണം  . അതേസമയം ടീച്ചര്‍ എന്നതില്‍നിന്നും ഒരു മെന്റര്‍ (mentor) എന്ന രീതിയിലേക്കു മാറാന്‍ അദ്ധ്യാപകര്‍ക്കു സൗകര്യമൊരുക്കുകയും വേണം.
    • കുട്ടികള്‍ക്കു പ്രതികരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം .
    • കുട്ടി എപ്പോഴും ചലന സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു . കുട്ടിക്ക് കാണിയായി അല്ലെങ്കില്‍ ശ്രോതാവായി മാത്രം ഇരിക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കേണ്ടതുണ്ട്.
    • ഓരോ രക്ഷിതാവുമായും ആശയ വിനിമയ സാധ്യത ഉണ്ടാകണം.
   
സംഘമായി നടക്കാനും കളിക്കാനും പ്രവർത്തിക്കാനുമുള്ള സ്കൂളിലെ സ്വാതന്ത്ര്യം വീട്ടിലുണ്ടാവില്ല . വീട്ടിൽ സാധ്യമായ ഗ്രൂപ്പ് കുട്ടിയും അമ്മയും അച്ഛനും മറ്റംഗങ്ങളും ഉൾപ്പെടുന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അവരെക്കൂടി കുട്ടിയുടെ പഠന പ്രവർത്തനങ്ങളിൽ കേൾവിക്കാരും നിരീക്ഷകരും പങ്കാളികളുമായി, ചിലപ്പോൾ വിലയിരുത്തുന്നവരുമായി സഹകരിപ്പിക്കണം. ഇത് കുട്ടിയുടെ ആത്മവിശ്വാസവും രക്ഷിതാവിന്റെ സംതൃപ്തിയും വർദ്ധിപ്പിക്കും. ഓൺ ലൈൻ പഠനത്തെ ഇങ്ങനെയും മാറ്റിയെടുക്കേണ്ടതുണ്ട് .

പുതിയ സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്നതും  അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ  വികേന്ദ്രീകൃത സംവിധാനങ്ങളുണ്ടാവുകയാണ് വേണ്ടത്.

ഒരു മാതൃക

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രൈമറിതലത്തിലെ അധ്യാപനത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയും വ്യക്തമായ കാഴ്ചപ്പാടോടെ ചില രീതികള്‍ ആവിഷ്കരിക്കുകയും ചെയ്ത ഞങ്ങളുടെ കൂട്ടായ്മ (SSWEET-Society, Seeking the Ways of Effective Educational Trends) മേല്‍സൂചിപ്പിച്ചവയുടെ അടിസ്ഥാനത്തില്‍  ചെറിയ ചില മാതൃകകള്‍ രൂപപ്പെടുത്തി പങ്കിടാന്‍ ശ്രമിക്കുകയാണ് .
നാലാം ക്ലാസിലെ പരിസരപഠനത്തിലെആദ്യപാഠത്തിനുവേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തനനിര്‍ദ്ദേശമാതൃകകള്‍ 'ഋതു' വിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട് . നേരിട്ടുള്ള ലിങ്കുകള്‍ താഴെക്കൊടുക്കുന്നു .

https://rhithu.com/testing/ivevsu1/

സ്വീറ്റ് രൂപപ്പെടുത്തിയ ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലേക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റമായ  LEMS പ്രക്രിയാധിഷ്ഠിത ക്ലാസ് റൂം പഠനത്തിന് വളരെ പ്രയോജനകരമായി മാറിയതാണ്. ഓണ്‍ലൈന്‍ പഠനത്തിനു യോജിച്ചരീതിയില്‍ LEMS പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്.
മോഡല്‍ മൊഡ്യൂള്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും പിന്തുണയാവശ്യമുണ്ടെങ്കില്‍ ഈ പോസ്റ്റിനു കമന്റ് ആയിട്ടോ, ഫോണിലൂടെയോ വാട്സ് ആപ്പിലൂടെയോ സ്വീറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.

SSWEET
Society, Seeking the Ways of Effective Educational Trends
പാലക്കാട്.
85478 51061, 94955 72802, 94003 17972, 94951 73035