26 September 2015

നിളയിൽ ഒഴുകിപ്പരന്ന കവിത - കളിയഛൻ



കളിയഛൻ : സിനിമ : സംവിധാനം ഫറൂക്ക് അബ്ദുറഹ്മാൻ





മുഖവുര

ഞാനീ നിളയെ ആലിംഗനം ചെയ്യുന്നു : അമ്മയായി, ഭാര്യയായി, കാമുകിയായി, കൂട്ടുകാരിയായി , ഗുരുവായി
ഞാനീ നിളയിൽ നീരാടുന്നു : പാപമോചനത്തിനായി , ദുഖമോചനത്തിനായി , അലൗകികാനന്ദത്തിനായി
ഞാനീ നിളയിൽ കളിക്കുന്നു : അരങ്ങാക്കി, അണിയറയാക്കി, സദസ്സാക്കി , ചിലപ്പോൾ സർവതേജസ്സോടെയും ചിലപ്പോൾ അടർന്ന ചുട്ടിയോടെയും ഈ നദിയിൽ യാഗാവസാനം ചിതിപോലെ ഗരുഡനായി പറന്നുയരാൻ
ഞാനീ നിളയെ ധ്യാനിക്കുന്നു : എനിക്കായി, പ്രിയപ്പെട്ടവർക്കായി, വളർത്തിയവർക്കായി , ഗുരുവിനായി
ഞാനീ നിളയെ അറിയുന്നു: എനിക്ക് എന്നെയെന്നപോലെ ഒഴുക്കായി, ചുഴിയായി, മലരികളായി, പൂത്തതടങ്ങളായി, കവിതയായി

നദികൊണ്ട കഥകളിവേഷം

ഇങ്ങനെ മുഖവുരായി പറയാൻ ഒരൊറ്റ കുഞ്ഞിരാമനേ ആവൂ. കളിയഛന്റെ പ്രിയ ശിഷ്യനായ കുഞ്ഞിരാമന്ന് . നാട്ടുകാരുടെ പ്രിയകലാകാരനായ കുഞ്ഞിരാമനേ ആവൂ . അത്രയാണ്` കളിയഛനിലെ കുഞ്ഞിക്ക് നിളാനദി.
കളിയഛനിലെ നിത്യസാന്നിദ്ധ്യമാണ്` ഭാരതപ്പുഴ. വഴിതെറ്റിവന്ന് വീണ കുഞ്ഞിയെ നദികടത്തിയാണ്` അമ്മാമൻ വഴിയിലേക്ക് കൂട്ടുന്നത്. പലനിരയിലും ഒഴുക്ക് നിന്നുപോയ നദി കച്ചയും മെഴുക്കും വാങ്ങുമ്പോൾ ദീപാവലികളാൽ പ്രകാശിച്ച് ഒഴുകുന്ന പശ്ചാത്തല ദൃശ്യം വിവരണാതീതമാണ്`.
കണ്ണും മെയ്യും ഉറച്ച കുഞ്ഞിരാമൻ നദികടക്കുമ്പോൾ [തോണിക്കാരനോട് ] പറയുന്ന കവിത അവനും നദിക്കും ഉൾക്കൊള്ളാനാവുന്നു.

പാപനാശിനി , പറക നീ , മന്ദം
തരളം തിരവചസ്സുകളാലെയെന്‍ കാതില്‍
ദമിപ്പിപ്പൂ നീയെന്‍ മാനസം
മൗനശില്പ്പ്പം ചാര്‍ത്തിയെന്മേലില്‍
അണിയറയ്ക്കുള്ളില്‍ , അരങ്ങത്തും
സര്‍വദമനേ, നിത്യേ , നിളേ‌!
ദാനമീ ജന്മം സുകൃതാല്‍
സ്തന്യമേകി വളര്‍ത്തിയോളല്ലോ
നീളും വഴിക്കണ്ണായ് മുന്‍നടക്കൂന്നൂ
ജഗന്മാതേ, നിത്യേ , നിളേ !
ദയിത നീ , ഞാനോ കാമുകന്‍
അലയുകയല്ലോ സഹചരീ,
തരിക താവക ലസിത രാഗം
സുലോക സുഭഗേ, നിത്യേ, നിളേ!

പുഴക്കരയിലെ നിരങ്കുശമായ ജീവിതം ഏതുകലാകാരനും വളർച്ചയ്ക്കുള്ള ഈർപ്പം നൽകുന്നു. സാമ്പ്രദായിക സാമൂഹ്യസങ്കൽപ്പങ്ങളിൽ ഉൾക്കൊള്ളിക്കാനാവാത്തതെങ്കിലും കലാകാരന്ന്, കവിക്ക് ഉർവരമായ നദീതടം നിത്യമോഹനീയമാണ്`.വിവാഹവാർത്ത സ്വീകരിക്കുന്ന കുഞ്ഞി കെട്ടും ഭാണ്ഡവുമായി നദി വിലങ്ങുന്ന ദൃശ്യം , പുതിയൊരു ജീവിതം വെച്ചുപിടിപ്പിക്കാനുള്ള നിലവും ജലവുമായി സ്വീകരിക്കുന്നു.
ചിങ്ങം ഒന്നിന്ന് നിശ്ചയിച്ച കല്യാണം മറന്ന കുറ്റബോധത്തോടെ മുങ്ങിച്ചാവാനുള്ള ഇടമായി തേടുന്നതും നിളയെയാണ്`. കുറ്റബോധവും പാപബോധവും ഒക്കെ കഴുകിക്കളയാൻ ഇതിനേക്കാളധികം പുണ്യം പേരുന്ന നദി കുഞ്ഞിരാമനില്ല എന്നാണല്ലോ ദൃശ്യം.
കാടുപിടിച്ചനദി പശ്ചാത്തലമായി ഇഛക്കൊത്ത് വേഷം കെട്ടി നടക്കാനുള്ള വാശിക്ക് പശ്ചാത്തലമൊരുക്കുന്നു. കാട് വളരുന്നത് മനസ്സിലല്ല, നദിയിലും നദീതടങ്ങളിലുമാവുന്ന പ്രകൃതി സാന്നിദ്ധ്യം . കാമുകി പരിത്യജിച്ചപ്പോഴും അഭയം നൽക്കുന്നതും ആശ്വസിപ്പിക്കുന്നതും നിളയാണ്`. കാമുകിയായി നിത്യസാന്നിദ്ധ്യമായി താനുള്ളപ്പോൾ വിഷാദിക്കുന്നതെതിനെന്ന് ധർമ്മോപദേശം നൽകാൻ കെൽപ്പുള്ളവളായി. ഉള്ളിലും പുറത്തും വ്യാപരിക്കുന്ന ദേവപ്രവാഹമായി.
ശുദ്ധനായി കുളിച്ചുകയറി വീണ്ടും ചേറിൽ ചവിട്ടേണ്ടിവരുന്ന ഉപമ കേമദ്രുമയോഗത്തിന്റെ ജാതകഫലമായിരിക്കും. അവിടെയും കൊട്ടിയടക്കപ്പെടുന്ന വാതിൽ തുറക്കുന്നത് നദീപ്രവാഹത്തിലേക്ക് തന്നെ . ഇതുവരെ കടന്നതിൽ നിന്ന് വിപരീതദിശയിൽ നദിമുറിച്ച് കടന്ന് കുഞ്ഞിരാമൻ ആദികിരാതത്തിൽ ലയിക്കുന്ന അവസാന ഖണ്ഡം അനുപമമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു കളിയഛൻ .

നിള തീർത്ത കഥ

നിളാനദിയുടെ ഭിന്നഭാവങ്ങൾ തിരിച്ചറിയാനായിരുന്നില്ലെങ്കിൽ കളിയഛൻ എന്ന സിനിമയും കുഞ്ഞിരാമനെന്ന കഥകളി വേഷക്കാരനും ഉണ്ടാകുമായിരുന്നില്ല. നദീസ്മരണയില്ലെങ്കിൽ , നദിയോടും [ തിരിച്ചും ] ഉള്ളഴിഞ്ഞ സ്നേഹ വിശ്വാസങ്ങൾ ഇല്ലായിരുന്നെങ്കിൽ കുഞ്ഞിരാമന്റെ ഉദാത്തമായ ജീവിതവും ഇല്ല. നിളാസംസ്കാരത്തിന്റെ തേജസ്സാണ് / ഭാഗ്യമാണ്` / ആശിർവാദമാണ്` ` ' പാപനാശിനി , പറക നീ , മന്ദം തരളം തിരവചസ്സുകളാലെയെന്‍ കാതില്‍ - എന്ന ഗാനം / കവിത [?] എഴുതാൻ തീരുമാനിച്ച് നേരേ ലാപ്പിൽ 10-12 മിനുട്ട്കൊണ്ട് കവിത വാർന്നുവീഴുകയായിരുന്നു. ഒരു മാറ്റമോ തിരുത്തലോ പിന്നെ സാധ്യമായില്ല. ആലാപനവും ദൃശ്യവത്‌‌ക്കരണവും നിളയുടെ ഒഴുക്കുപോലെ അനായാസമായി എന്ന് അനുഭവം സംവിധായകൻ പങ്കുവെച്ചപ്പോഴാണ്` നദീവേഗതയും സൗന്ദര്യവും കലയെ സ്വാധീനിക്കുന്ന ബലതന്ത്രം ഒന്നുകൂടി ബോധ്യപ്പെട്ടത്.
പ്രണതോസ്തു നിളാനദിം