23 June 2014

വായനതന്നെ ജീവിതം


പുസ്തകം വായിക്കുക എന്നു പറഞ്ഞാല്‍ മറ്റൊരു ജീവിതം മനസ്സിലാക്കുക എന്നാണ്`. ഓരോ പുസ്തകവും - അത് കഥ, നോവല്‍, കവിത , ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം... എന്തുമാകട്ടെ ഒരു ജീവിതമാണ് അതിലെ ഉള്ളടക്കം. നമ്മുടെ ജീവിതത്തേക്കാള്‍ വിസ്മയകരമായ ഒരു ജീവിതം പുസ്തകത്തില്‍ വായിക്കുകയാണ്`. വായനയില്‍ നാമൊരു പുതിയ ജീവിതം മനസ്സിലാക്കുന്നു. ലോകത്ത് ഇങ്ങനെയും ഒരു ജീവിതമുണ്ടെന്ന്. അതു നമ്മുടെ ജീവിതത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കാനും മനസ്സിലാക്കാനും പരിണമിപ്പിക്കാനും സഹായം ചെയ്യുന്നു. ലോകത്തെ വിശാലമായി ഉള്‍ക്കൊള്ളാന്‍, മനസ്സിലാക്കാന്‍ , വ്യാഖ്യാനിക്കാന്‍ പരിണമിപ്പിക്കാന്‍... ഒക്കെ സഹായം നല്‍കുന്നു. വായിച്ചാല്‍ വളരും എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണല്ലോ.

0
എഴുതിത്തെളിയൽ
വായിച്ച്‌ കലങ്ങൽ
എഴുത്തും വായനയും എന്നാണ്` ജോടീ. എഴുതിയതാണ്` വായിക്കുന്നത്. എഴുതിയതൊക്കെയും വായിക്കാനാവില്ല. തെരഞ്ഞെടുത്ത് വായിക്കണം. നല്ലത് വായിക്കണം. എഴുതും തോറും എഴുത്ത് നന്നാവും . എഴുതി തെളിയുക എന്നാണ്` പറയുക. അങ്ങനെ എഴുതിയെഴുതി ഏറ്റവും നല്ലത് എഴുതും. അത് ആ എഴുത്തുകാരന്റെ മാസ്റ്റര്‍പീസ്സ് ആണെന്ന് വിലയിരുത്തും. വായിക്കുന്നവരാണ്` വിലയിരുത്തുക. എഴുത്തുകാരന്‍ വിലയിരുത്തുമ്പോള്‍ അത് പൂര്‍ണ്ണമാവില്ല. എല്ലാ വായനക്കാരും കൂടിച്ചേര്‍ന്ന് അതു പൂര്‍ണ്ണമാക്കും. അനേക കാലങ്ങളില്‍ അനേക സ്ഥലങ്ങളില്‍ അനേകമാളുകളില്‍ വായന നടക്കുന്നു. ഒരേ ആള്‍ തന്നെ ഒരേ പുസ്തകം പല തവണ വായിക്കുന്നതും അത്ഭുതമല്ല.

എഴുതി തെളിയുകയാണ്`ങ്കില്‍ വായിച്ച് കലങ്ങുകയാണ്`. ഓരോ വായനയും വായനക്കാരന്ന് വ്യത്യസ്ത കഥ [ ഉള്ളടക്കം ] നല്‍കുന്നു.

08 June 2014

മരപ്പാഠങ്ങള്‍


മരം നല്ലൊരു പാഠ പുസ്തകമാണ്`. വൃക്ഷവത്ക്കരണയജ്ഞം ഒരു ചടങ്ങല്ല. നന്നായി ഉപയോഗിച്ചാല്‍ പഠനം അനായാസമാക്കുന്ന ഒരു പ്രവര്‍ത്തനം .

ദശകൂപ സമാവാപി
ദശവാപീ സമോ ഹ്രദഃ
ദശഹ്രദ സമപുത്രേ
ദശപുത്ര സമോ ദ്രുമ: ”
ശാര്‍ങ്ങ്ധരന്റെ വൃക്ഷായുര്‍വേദത്തിലെ തരുമഹിമയിലെ വരികളാണിവ. പത്ത്‌ കിണറുകള്‍ക്ക്‌ തുല്യമാണ്‌ ഒരു കുളം. പത്ത്‌ കുളങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു തടാകം. പത്ത്‌ തടാകങ്ങള്‍ക്ക്‌ തുല്യമാണ്‌ ഒരു പുത്രന്‍. പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമാണ്‌ ഒരു മരം. ഒരു വൃക്ഷത്തെ പത്ത്‌ പുത്രന്മാര്‍ക്ക്‌ തുല്യമായി കണ്ട്‌ ആരാധിച്ച പൂര്‍വികര്‍ പരിസ്ഥിതിയെ എന്നും മാനിച്ച്‌ സംരക്ഷിച്ചുപോന്നിരുന്നു.

സ്കൂളും മരവുമായി പണ്ടേ നമുക്ക് ബന്ധമുണ്ട് . വിദ്യാലയങ്ങളില്‍ സര്‍വകലാശാലകളില്‍ ഒക്കെത്തന്നെ മരങ്ങള്‍ പണ്ടുമുതലേ [ ഇന്നും ] സംരക്ഷിക്കപ്പെടുന്നു. പഴയ ഋഷിവാടങ്ങള്‍ ഗുരുകുലങ്ങള്‍ മുഴുവന്‍ മരച്ചോട്ടിലാണ്`... പ്രധാനപ്പെട്ട എല്ലാ അറിവും ബോധോദയവും വൃക്ഷച്ചുവട്ടില്‍ വെച്ചാണ്` സംഭവിച്ചത്. ഔപചാരികവും അനൗപചാരികവുമായ പുറം ക്ളാസുകള്‍ ഇന്നും മരച്ചുവട്ടിലാണ്`സജീവമാകുന്നത് . ക്ലാസുകള്‍ മാത്രമല്ല ജീവിതം തന്നെ - പ്രണയം വിരഹം ബന്ധങ്ങളുടെ കണ്ണിചേരല്‍ തീര്‍ഥയാത്ര ഒക്കെ - മരച്ചുവടുകളില്‍ തിടം വെച്ച് വളരുന്നു എന്നു കാണാം.

സാക്ഷിയാണ്` മരം. പ്രായേണ മനുഷ്യായുസ്സിനെ കവച്ചുവെക്കുന്ന ജീവദൈര്‍ഘ്യം കാരണമാവുന്നു. മരം ഒരു കേവല ജീവനല്ല. ഒരു ആവാസമാണ്`... നാനാതരം ജീവജാലങ്ങള്‍, ചുവട്ടിലും തടിയിലും കൊമ്പിലും ചില്ലയിലും ഇലയിലും പൂവിലും കായിലും ഒക്കെ നിറയെ.... താഴെ മനുഷ്യര്‍, മറ്റു ജന്തുക്കള്‍... … തികഞ്ഞ ഒരു ആവാസ വ്യവസ്ഥ. അതുകൊണ്ടുതന്നെ സാക്ഷി മാത്രമല്ല, സൃഷ്ടിയും സ്ഥിതിയും കൂടി നിര്‍വഹിക്കുന്ന മരം. ഒരു മരവും വെറും മരം അല്ല.

മരഭാഷ

മരങ്ങള്‍ നിശ്ശബ്ദരാണെങ്കിലും ഭാഷാശൂന്യരല്ല. മരത്തിന്ന് ...